UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

ആൻമരിയയുടെ കലിപ്പ് ജീവിതം

അപര്‍ണ്ണ

മിഥുൻ മാനുവൽ തോമസിന്റെ കന്നി ചിത്രമായ ‘ആട് ഒരു ഭീകര ജീവിയാണ്’ ഒരുപാട് നന്നായി ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. ആടിനെ ഇഷ്ടപ്പെട്ടവരും വെറുത്തവരും അത് വലിയ ചർച്ച ആക്കി. ആടിന് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ‘ആന്മരിയ കലിപ്പിലാണ്’ ആദ്യ അറിയിപ്പ് മുതൽ സ്വാഭാവികമായും വാർത്ത ആയി. ഇന്ത്യൻ സിനിമയിലെ വലിയ മാർക്കറ്റുള്ള ബാലതാരം ബേബി സാറാ ആണ് ടൈറ്റിൽ കഥാപാത്രം ആകുന്നത്. ആട് സിനിമയുടെ തുടർച്ച ആണെന്നും അല്ലെന്നും ഉള്ള ഊഹങ്ങളും ദുൽഖർ സൽമാൻ നടത്തിയ മാർക്കറ്റിങ്ങും ഓൺലൈൻ ചർച്ചകളിൽ ആന്മരിയയെ സജീവമാക്കി.

ആന്മരിയ എന്ന നാലാം ക്ലാസ്സുകാരിയിലൂടെയാണ് സിനിമ വികസിക്കുന്നത്. റെഡ് ക്രോസ്സ് വളണ്ടിയർ ഡോക്ടർ റോയിയുടെയും  (സൈജു കുറുപ്പ്) നഗരത്തിലെ പ്രധാന ഡോക്ടർ ട്രീസ്സയുടെയും (ലിയോണ) ഏക മകൾ ആണ് ആന്മരിയ. നഗരത്തിലെ വലിയ സ്ക്കൂളിലെ മിടുക്കിയായ വിദ്യാർഥിനി ആണ് അവൾ. സ്പോർട്സിൽ താത്പര്യമുള്ള ആന്മരിയയുടെ വലിയ സ്വപ്നം ഹൈ-ജമ്പർ ആകുക, മെഡൽ നേടി അച്ഛനെ പോലെ ആകുക എന്നൊക്കെയാണ്. അച്ഛനും അമ്മയും തമ്മിലുള്ള ആശയ സംഘർഷങ്ങളും അച്ഛന്റെ അസാന്നിധ്യവും ആന്മരിയയെ വിഷമിപ്പിക്കുന്നുണ്ട്. സ്പോർട്സ് സ്വപ്‌നങ്ങൾ കൊണ്ട് നടക്കുമ്പോഴാണ് സ്കൂളിലെ കായികാധ്യാപകനുമായി ആന്മരിയ പ്രശ്നത്തിലാകുന്നത്. ഈ കുഴപ്പങ്ങളെ ആന്മരിയ നേരിടുന്നതും അതിനിടയിൽ അവൾ പരിചയപ്പെടുന്ന കൊച്ചു കൊച്ചു തട്ടിപ്പുമായി ജീവിക്കുന്ന പൂമ്പാറ്റ ഗിരീഷും (സണ്ണി വെയ്ൻ) അവർക്കിടയിൽ ഉടലെടുക്കുന്ന ആത്മ ബന്ധവും ഒക്കെയാണ് സിനിമ. 

കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന അല്ലെങ്കിൽ കുട്ടികളെ പ്രധാന കാണികൾ ആയി ഉദ്ദേശിക്കുന്ന സിനിമകൾ ചിലപ്പോൾ മൈ ഡിയർ കുട്ടിച്ചാത്തൻ, ഓ ഫാബി, പൂക്കാലം വരവായ്, മാളൂട്ടി, കിങ്ങിണി, ഫിലിപ്സ് ആൻഡ് മങ്കിപെൻ പോലുള്ള  വലിയ ഹിറ്റുകൾ ആവും. മറ്റു ചിലപ്പോൾ മാൽഗുഡി ഡേയ്സ്, സ്‌കൂൾ ബസ് പോലെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത സിനിമകൾ ആവും. കുമ്മാട്ടി, മഞ്ചാടിക്കുരു, ഒറ്റാൽ ഒക്കെ പോലെ നിരൂപക ശ്രദ്ധ നേടിയ സിനിമകളും ഉണ്ട്. കുട്ടികളെ വലിയവരെ പോലെ സംസാരിപ്പിക്കുന്ന പ്രവർത്തിപ്പിക്കുന്ന സിനിമകൾ ആയിരുന്നു ട്രിവാൻഡ്രം ലോഡ്‌ജും മങ്കിപ്പെന്നും. പക്ഷെ ആന്മരിയയുടെ കുട്ടികലിപ്പുകൾ പ്രായത്തിനു ചേരുന്ന വിധത്തിൽ തന്നെ ഉള്ളവയായിരുന്നു. ഒരു നാലാം ക്ലാസ്സുകാരിയുടെ ചിന്തകളുടെ ഭാരമേ സംവിധായകൻ അവൾക്ക് കൊടുക്കുന്നുള്ളു എന്നത് അഭിനന്ദനാർഹമാണ്. അതേ സമയം ആന്മരിയ കടന്നു പോകുന്ന പല പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും മലയാള സിനിമയോളം തന്നെ പഴക്കം ചെന്നവ ആണ്. 

രണ്ടു തരത്തിൽ വൈകാരിക അരക്ഷിതത്വം അനുഭവിക്കുന്ന ആളാണ് ആന്മരിയ. വീട്ടിലെ അച്ഛന്റെയും അമ്മയുടെയും വഴക്കുകളും അച്ഛന്റെ അസാന്നിധ്യവും എല്ലാം ചേർന്ന അരക്ഷിതത്വം ആണ് അതിലൊന്ന്. ”കുട്ടികൾക്ക് വേണ്ടി ഒന്നിച്ചു ജീവിച്ചൂടെ” എന്നുപദേശിക്കുന്ന ആൾ അടക്കം മലയാള സിനിമയുടെ നിയത നിർവചനങ്ങളിൽ നിന്നും അണുവിട മുന്നോട്ടു നീങ്ങിയിട്ടില്ല ഈ സിനിമയും. ആന്മരിയയ്ക്ക് ഐ ഫോൺ ഉണ്ട് പക്ഷേ അച്ഛന്റെ  സാന്നിധ്യം ഇല്ല എന്നതാണ് വിഷമം. ഈ അവസ്ഥയിൽ അവൾ പറയുന്ന ഡയലോഗുകളെല്ലാം ഇന്ത്യൻ സിനിമയിലെ പല കുട്ടികളും പലവുരു ഒരേ പോലെ പറഞ്ഞതാണ്. ആന്മരിയ അതുപോലെ കോപ്പി അടിക്കുന്നു എന്ന് മാത്രം. 

സ്‌കൂളിലെ അധ്യാപകൻ സഹപ്രവർത്തകർക്ക് നേരെയും വിദ്യാർഥിനികൾക്ക് നേരെയും നടത്തുന്ന ലൈംഗിക ചൂഷണങ്ങളെ പറ്റി അവ്യക്ത സൂചനകളുണ്ട് സിനിമയില്‍.  ആന്മരിയ അതിൽ അസ്വസ്ഥ ആകുന്നു, പ്രധാനാധ്യാപകനോട് പറയുന്നു. അമ്മയോട് പറയാൻ ശ്രമിക്കുന്നു. പക്ഷെ ഇത് ഒരു പത്തു വയസുകാരിയിൽ ഉണ്ടാക്കിയേക്കാവുന്ന സംഘർഷങ്ങളെ സിനിമ കാണാതെ പോകുന്നു അല്ലെങ്കിൽ വളരെ മൃദു ആയി സ്പർശിച്ചു പോകുന്നു. ആന്മരിയയും അധ്യാപകനും തമ്മിലുള്ള ആത്മസംഘർഷം ആക്കി അതിനെ ചുരുക്കുന്നു.

കുട്ടികളുടെ സിനിമക്ക് പൊതുവെ ഉള്ള നാട്യ പ്രധാനം നഗരം ദാരിദ്രം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം മോഡൽ ഉപദേശക സ്വഭാവം ആന്മരിയയ്ക്കും ഉണ്ട്. നാഗരികമായ തിരക്കുള്ള അമ്മയുടെ കൂടെ ഫ്ലാറ്റിൽ കഴിയുന്ന മകൾ കാണുന്ന കൗതുക കാഴ്ച ആണ് ലക്ഷം വീട് കോളനിയും അവിടത്തെ പൂമ്പാറ്റ ഗിരീഷും മറ്റുള്ളവരും ഒക്കെ. അലസനായ ഗിരീഷ് ആന്മരിയയിലൂടെ പുതിയ മനുഷ്യൻ ആകുന്നതും ആന്മരിയയുടെ രക്ഷിതാക്കൾ ഇവരിൽ നിന്ന് നന്മയുടെ പാഠം പഠിക്കുന്നതും ഒക്കെ ഈ സ്വഭാവത്തിന്റെ തുടർച്ച ആണ്. ഇവർ ഒന്നിച്ചുള്ള യാത്ര അടക്കം എല്ലാം കാലപ്പഴക്കം ചെന്ന ക്ലീഷേ രീതിയിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ഗ്രാമവും നഗരവും യാതൊരു വ്യത്യാസവും ഇല്ലാതെ എല്ലാ സംവിധായകരും അവതരിപ്പിക്കുന്നത് അതിശയകരമാണ്. 

ഉപരിപ്ലവ കാഴ്ചയിൽ ആടുമായി യാതൊരു സാമ്യവും ആന്മരിയയ്ക്ക് ഇല്ല. തികച്ചും വ്യത്യസ്തമായ കഥാപരിസരവും മേക്കിങ് രീതിയും ആണ് സിനിമക്ക് ഉള്ളത്. ഒരു കുട്ടിയുടെ മാനസിക വ്യാപാരങ്ങൾ ആണ് ഇവിടെ വിഷയം. പക്ഷെ സണ്ണി വെയ്‌നിന്റെയും അജു വർഗീസിന്റെയും ഷൈൻ ടോം ചാക്കോയുടെയും ധർമജന്റെയും കാരിക്കേച്ചർ സ്വഭാവം ഉള്ള കഥാപത്രങ്ങൾ ആടിന്റെ തുടർച്ചയിൽ സൃഷ്ടിച്ചതാണ്. ക്ളോസറ്റിൽ വീണ മൊബൈൽ ഫോണിന്റേതു പോലുള്ള എസ് എം എസ് തമാശകളുടെ ദൃശ്യാവിഷ്‌കാരം പല സിനിമകളിലും കണ്ടു വരുന്ന ടെലിവിഷന്‍ സ്കിറ്റ് ഹാസ്യത്തിന്റെ തുടർച്ചയാണ്.

മാലാഖയുടെ ജൻഡർ സങ്കൽപ്പങ്ങളെ അറിഞ്ഞോ അറിയാതെയോ സിനിമ പൊളിച്ചിടുന്നുണ്ട്. ആറടി നീളക്കാരൻ  സുന്ദരൻ മാലാഖ പുതുമ ഉണ്ടാക്കുന്നു. സിദ്ദിഖ് പതിവ് പോലെ ശരീര ഭാഷ കൊണ്ടും മിതത്വം കൊണ്ടും അത്ഭുതപ്പെടുത്തി. പാട്ടിലും പശ്ചാത്തല സംഗീതത്തിലും ക്യാമറയിലും എഡിറ്റിംഗിലും നരേഷനിലും പുതുമ ഒന്നുമില്ലെങ്കിലും മടുപ്പിച്ചിട്ടില്ല. ആന്മരിയയുടെ പിറകെ നടക്കുന്ന പയ്യൻ അനവസരത്തിൽ അവളെ പ്രണയിക്കുന്നതും മറ്റും സിനിമയുടെ മൊത്തം മൂഡിനോട് ചേരാതെ പോയി

മിഥുൻ മാനുവൽ ഫാന്‍സിനും നന്മ നിറഞ്ഞ കുട്ടിക്കഥകളുടെ ആരാധകർക്കും ആന്മരിയ മറ്റൊരു ”കിടു” പടം ആവാം. കുട്ടികളെ കൊണ്ടുപോകാവുന്ന സിനിമ തിരഞ്ഞു നടക്കുന്നവരെയും ആന്മരിയ തൃപ്തിപ്പെടുത്തിയേക്കും. മറ്റുള്ളവർ കണ്ടാലും കണ്ടില്ലെങ്കിലും വലിയ ലാഭക്കണക്കുകൾ പറയാൻ ഉണ്ടാവണമെന്നില്ല, നഷ്ടക്കണക്കുകളും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍