UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐ എ എസ് പഠനത്തിലേക്ക് എന്നെ നയിച്ചത് കാമ്പസ് രാഷ്ട്രീയ പ്രവര്‍ത്തനം

Avatar

എം കെ രാമദാസ്

”രാഷ്ട്രീയമുള്ള കാമ്പസ്സിനെ ക്രിയാത്മകമാകാനാകൂ.” സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ മുപ്പത്തിമൂന്നാം റാങ്കും സംസ്ഥാനത്ത് ഉയര്‍ന്ന റാങ്കും നേടിയ ഒ ആനന്ദ്  എന്ന ചെറുപ്പക്കാരന്റെ വാക്കുകളാണിത്.

“കഴിഞ്ഞ വര്‍ഷം സി.ഇ.ടിയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം രാഷ്ട്രീയമല്ല. അത്തരം പ്രവണതകള്‍ നേരത്തെയും ഉണ്ടായിരുന്നു. ശരിയായ വഴി തെരഞ്ഞെടുക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം സഹായിക്കും. കാമ്പസ്സില്‍ നടക്കുന്ന തെറ്റായ പ്രവണതകളെ നിയന്ത്രിക്കാന്‍ നിലവില്‍ നിയമങ്ങള്‍ യഥേഷ്ടമുണ്ട്. രാഷ്ട്രീയ നിരോധനമല്ല പരിഹാരം.”

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും 2014ലാണ് മലപ്പുറം വളാഞ്ചേരിക്കാരനായ ആനന്ദ് ഇലക്‌ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷനില്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കിയത്. എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി സിവില്‍ സര്‍വ്വീസിന് പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഐച്ഛിക വിഷയമായി ആനന്ദ് തെരഞ്ഞെടുത്തത് രാഷ്ട്രമീമാംസയാണ്. കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ആനന്ദിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു ഈ ഐശ്ചിക വിഷയ തെരഞ്ഞെടുപ്പ്. ”ഇടത് രാഷ്ട്രീയ ആഭിമുഖ്യമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനാകാന്‍ പ്രേരിപ്പിച്ചത്. സംഘടനാ പ്രവര്‍ത്തനം സാമൂഹിക പ്രവര്‍ത്തനത്തിലേയ്ക്ക് മനസ്സിനെ നയിച്ചു. സ്‌കൂള്‍, പ്ലസ്ടു പഠനകാലത്ത് നാലാളുടെ മുന്നില്‍ നിന്ന് എന്തെങ്കിലും തുറന്ന് പറയാന്‍ ലജ്ജ അനുവദിക്കുമായിരുന്നില്ല. തിരുവനന്തപുരത്ത് എത്തിയതോടെയാണ് അതിന് മാറ്റമുണ്ടായത്. പ്രസംഗം ശീലിച്ചത് സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ്.” ആനന്ദ് പറഞ്ഞു.

മലപ്പുറം വളാഞ്ചേരി തൊളവന്നൂര്‍ മാമ്പഴിക്കലത്താണ് വീട്. സ്‌പെര്‍പാട്‌സ് വ്യാപാരിയായ ജയരാജന്‍ ഉണ്ണി അച്ഛനും മാവണ്ടിയൂര്‍ ബദേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജീവശാസ്ത്ര അധ്യാപിക മിനി അമ്മയുമാണ്. വളാഞ്ചേരി എം.ഇ.എസ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ പഠനം. എന്‍ട്രസ് പരിശീലനം ലക്ഷ്യമിട്ട് പ്ലസ്ടു പഠനം തൃശൂര്‍ പാട്ടുരായ്ക്കല്‍ യു.എം.ഐ സ്‌കൂളിലായിരുന്നു. മാതാപിതാക്കളുടെ പ്രേരണയായല്ല എഞ്ചിനീയറിംഗിന് ചേര്‍ന്നത്. പ്രവേശന പരീക്ഷയില്‍ 369-ാം റാങ്ക് കിട്ടി. 

“സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നലാണ് കോളേജ് കാലത്ത് മനസ്സിലെ ചിന്ത. പഠിച്ചുകൊണ്ടിരുന്ന എഞ്ചിനീയറിംഗ് വിഷയങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകണമെന്ന താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ഐ.ടി. പ്രഫഷനും ആവര്‍ത്തിച്ചില്ല. അതുകൊണ്ടാണ് ക്യാമ്പസ് പ്ലേസ്‌മെന്റ് ഒഴിവാക്കിയത്. മനസ്സിന് തോന്നുന്നത് ചെയ്യുക എന്നതുതന്നെയായിരുന്നു തീരുമാനം. ജോലിയോടൊപ്പം സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുക എന്നതുകൂടിയായിരുന്നു ലക്ഷ്യം. ഐ.എ.എസ്സിന് തെരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും എന്‍.ജി.ഒ കളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചേനേ. ഇതുകൂടി മുന്നില്‍ കണ്ടാണ് പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കാന്‍ തീരുമാനിച്ചത്. ഈ വിഷയത്തിലുള്ള ഹയര്‍ സ്റ്റഡിയും ഉദ്ദേശിച്ചിരുന്നു.”  ആനന്ദ് പറഞ്ഞു

“ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ എത്തിച്ച് നല്‍കുന്നതില്‍ കേരളം മുന്നിലാണ്. എന്നാല്‍, നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ അങ്ങനെയല്ല. അത്തരം ഇടങ്ങളില്‍ ജനങ്ങളെ സഹായിക്കണമെന്നാണ് ആഗ്രഹം. ഗ്രാമീണരായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പാര്‍പ്പിടം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സിവില്‍ സര്‍വീസ്സിലൂടെ കഴിയുമെന്നാണ് വിശ്വാസം”. ആനന്ദ് ആഗ്രഹം വ്യക്തമാക്കി.

“ഇവിടെ കേരളത്തില്‍ ഭരണ തലത്തില്‍ രാഷ്ട്രീയ അതിപ്രസരം ഉണ്ടെന്ന അഭിപ്രായമില്ല. ജനങ്ങള്‍ക്കുവേണ്ടി നല്ല അഭിപ്രായങ്ങള്‍ നടപ്പാക്കാന്‍ കഴിയും. അങ്ങനെ ചെയ്തില്ലെങ്കില്‍ രാഷ്ട്രീയ കക്ഷികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും”, ആനന്ദ് പറഞ്ഞു.

വേറിട്ട വീക്ഷണങ്ങള്‍ അറിയാന്‍ അഴിമുഖത്തെയാണ് ഞങ്ങള്‍ ആശ്രയിക്കുന്നത്. മറ്റു മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് അഴിമുഖം. അതുകൊണ്ട് കൂട്ടുകാര്‍ക്കൊപ്പം അഴിമുഖത്തിന്റെ നിത്യ വായനക്കാരനാണെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.  

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് രാംദാസ്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍