UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

ആനന്ദം വാഗ്ദാനം ചെയ്തതെന്തൊ, അതാണ് ആ രണ്ടു മണിക്കൂര്‍

അപര്‍ണ്ണ

ഒരു പുതുമുഖ സംവിധായകന്‍ കുറെ പുതുമുഖങ്ങളെ വച്ചെടുത്ത സിനിമ എന്ന കൗതുകമുണ്ടായിരുന്നു ആനന്ദനത്തിന്. നിരവധി രംഗങ്ങളില്‍ സ്വയം പരീക്ഷിച്ചു വിജയിച്ച വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മാതാവിന്റെ റോള്‍ ഏറ്റെടുത്ത സിനിമ കൂടിയാണിത്. ഒരു കുട്ടിച്ചോദ്യം പോലുള്ള ഷോര്‍ട്ട് സിനിമകളുടെ സംവിധായകനും നിരവധി ഹിറ്റ് സിനിമകളുടെ അസ്സിസ്റ്റന്റും ഒക്കെയാണ് ആനന്ദത്തിന്റെ സംവിധായകന്‍ ഗണേഷ് രാജ്. തട്ടത്തിന്‍ മറയത്തില്‍ ആയിഷയെ സൂം ചെയ്യാന്‍ വന്ന കാമറമാനായി ഓണ്‍സ്‌ക്രീനിലും നമ്മള്‍ ഗണേഷ് രാജിനെ കണ്ടിട്ടുണ്ട്. കൗമാരവും ആഘോഷങ്ങളും ക്യാമ്പസും യാത്രയും നിറഞ്ഞ ആനന്ദത്തിന്റെ ട്രെയിലര്‍ സംസാര വിഷയമായിരുന്നു.

കുപ്പി (ഉണ്ണികൃഷ്ണന്‍), അക്ഷയ്, വരുണ്‍, ഗൗതം, ദേവിക, ദിയ, ദര്‍ശന ഈ ചങ്ങാതിക്കൂട്ടമാണ് ആനന്ദത്തെ നയിക്കുന്നത്. വിശാഖ്, തോമസ്, അരുണ്‍, റോഷന്‍, ആന്‍, സിദ്ധി, അനാര്‍ക്കലി തുടങ്ങിയ പുതുമുഖങ്ങളാണ് ഈ റോളുകള്‍ കൈകാര്യം ചെയ്യുന്നത്. ഇവരടങ്ങുന്ന ഒരു എഞ്ചിനീയറിങ് കോളേജ് ക്ലാസ്സിന്റെ ആദ്യത്തെ ഇന്‍ഡസ്ട്രിയല്‍ വിസിറ്റും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും ഒക്കെയാണ് ആനന്ദത്തിന്റെ കഥാഗതിയെ നയിക്കുന്നത്. തിരക്കുള്ള ക്ലാസ്സ്‌റൂം ജോലികളില്‍ നിന്നും ഒരു മാറ്റത്തിന് വേണ്ടിയാണ് ഇവര്‍ ആ യാത്രയെ കാത്തിരിക്കുന്നത്. വ്യവസായ ശാലകളുടെ പ്രവര്‍ത്തങ്ങള്‍ പഠിക്കുക എന്നതിനൊപ്പം ആകെ കിട്ടുന്ന വിനോദയാത്ര എന്ന ആകര്‍ഷണമാണ് ഇത്തരം യാത്രകള്‍ക്കുള്ളത്. നാല് ദിവസം കൊണ്ട് ഇവര്‍ നടത്തിയ യാത്രയാണ് ആനന്ദം.

 

മിക്ക കോളേജ് യാത്രകളിലേയും പോലെ സൗഹൃദവും പ്രണയവും തമാശകളും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയാണ് ആനന്ദത്തിലെ യാത്രയിലും നിറഞ്ഞു നില്‍ക്കുന്നത്. കോളേജ് യാത്രകള്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന കുറെ ഇഴയടുപ്പങ്ങളെ കൂട്ടിക്കെട്ടിയ ഒരു പാക്കേജ്. ഒരേ സമയം കോളേജ് സിനിമയും പിക്‌നിക് സിനിമയും (റോഡ് മൂവിയില്‍ നിന്നും ഈ ഗാനത്തിന് വ്യതാസമുണ്ട്) ആണ് ആനന്ദം. രണ്ടു ദശാബ്ദത്തിലേറെയായി മലയാളത്തില്‍ ഒരു പിക്‌നിക് സിനിമ ഇറങ്ങിയിട്ട്. യാത്രയാണ് ഭാഗികമായെങ്കിലും അങ്ങനെ അടയാളപ്പെട്ട, ഓര്‍മയില്‍ നില്‍ക്കുന്ന ഒരു സിനിമ. റസ്റ്റ് ഹൌസ് പോലുള്ള ചില ആദ്യ കല സിനിമകളും ഉണ്ട്. ഈയടുത്തിറങ്ങിയ നമസ്‌തേ ബാലി ആ ഗണത്തില്‍ പരാജയപ്പെട്ട ഒരു പരീക്ഷണമാണ്. ക്യാമ്പസും യാത്രകളും വരുന്ന സിനിമകള്‍ മറ്റു ഇന്ത്യന്‍ ഭാഷകളില്‍ വരാറുണ്ട്. കല്ലൂരിയും ഹാപ്പി ഡേയ്‌സും എല്ലാം ഉദാഹരണങ്ങളാണ്. ഇവയെ കൂട്ടിച്ചേര്‍ത്ത് വിജയിച്ച ഒരു പരീക്ഷണമാണ് ആനന്ദം.
സിനിമയുടെ ഒരു ലക്ഷ്യസ്ഥാനമായ ഹംപി മലയാളികള്‍ അധികം അനുഭവിച്ചിട്ടില്ലാത്ത ഒരു കാഴ്ചയാണ്. അധികം പ്രചാരം നേടിയിട്ടില്ലാത്ത, എന്നാല്‍ എത്തിപ്പെടാന്‍ പറ്റുന്ന ഒരു ഇടമാണ് ഹംപി. അതുകൊണ്ടു തന്നെ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഇടുക്കിക്കും ചാര്‍ളിക്ക് ശേഷം മീശപ്പുലിമലയ്ക്കും കിട്ടിയ പ്രചാരം ഹംപിക്കും കിട്ടാന്‍ സാധ്യതയുണ്ട്. മലയാളി യുവാക്കളുടെ അടുത്ത സോഷ്യല്‍ മീഡിയ സെല്‍ഫി ഡെസ്റ്റിനേഷന്‍ ആയി ഹംപി മാറാന്‍ മതി.

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളാണ് ഒരു കാലത്ത് മലയാള കോളേജ് സിനിമകളെ സജീവമാക്കിയിരുന്നത്, 80-കള്‍ മുതല്‍ ഹിറ്റായ സിനിമകള്‍ അത്തരം കോളേജുകളുടെ പശ്ചാത്തലത്തില്‍ നിര്‍മിച്ചവയാണ്. സര്‍വകലാശാല, യുവജനോത്സവം, സുഖമോ ദേവി, നിറം, നമ്മള്‍, ക്ലാസ്സ്‌മേറ്റ്‌സ് തുടങ്ങി തട്ടിന്‍ മറയത്ത് പോലുള്ള സിനിമകള്‍ രാഷ്ട്രീയവും സമരവും കലാമേളകളുമുള്ള, സജീവതയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ പശ്ചാത്തലമാക്കിയവയാണ്.

 

 

എന്നാല്‍ കുറച്ചു കാലമായി സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജുകളിലേക്ക് ചെറുതായെങ്കിലും മലയാള സിനിമ കാഴ്ചകളെ പറിച്ചു നട്ടിട്ടുണ്ട്. ഒരു വടക്കന്‍ സെല്‍ഫി, ഹാപ്പി വെഡിംഗ് തുടങ്ങിയ സിനിമകള്‍ ഉദാഹരണങ്ങളാണ്. കേരത്തിനു പുറത്തുമകത്തുമുള്ള കോളേജുകളില്‍ വലിയ പണം കൊടുത്ത് മലയാളി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വിവിധ തരം എഞ്ചിനീറിംഗ് ബിരുദങ്ങള്‍ തേടി അലഞ്ഞു. സെമസ്റ്ററാനന്തര, സ്വാശ്രയവത്കരണാന്തര ഉന്നത വിദ്യാഭ്യാസ കാലം കൂടിയാണത്. കോളേജിന്റെ സാമൂഹ്യ, രാഷ്ട്രീയ അന്തരീക്ഷം മുഴുവനായി മാറി. റാഗിംഗ് പോലുള്ള ക്രൈമുകള്‍ വീണ്ടും തലപൊക്കി. ക്യാമ്പസ് രാഷ്ട്രീയ അനുഭവങ്ങളുടെ അഭാവം സാമൂഹ്യമായ അറിവില്ലായ്മയെ കൂടുതലാക്കി. ഇത്തരം മാറ്റങ്ങള്‍ക്കു ശേഷമുള്ള കേരളത്തിലെ ഒരു ക്യാമ്പസ്സിന്റെ റിയലിസ്റ്റിക്കായ അവതരണമാണ് ആനന്ദം.

ഒരു പ്രായത്തെ അതിന്റെ എല്ലാ ആനന്ദത്തോടെയും, പരിമിതികളോടെയും അതായിത്തന്നെ കാണികള്‍ക്കു വിട്ടു നല്‍കുന്നുണ്ട് സിനിമ. ബാലിശത്വങ്ങള്‍ക്കും പാകതകള്‍ക്കും ഇടയിലുള്ള ഒരു പ്രായമാണത്. മുഖംമൂടികള്‍ ഇല്ലാതാവുമ്പോഴാണ് യഥാര്‍ത്ഥ ബന്ധങ്ങള്‍ തുടങ്ങുന്നതെന്നും ഭീതിയും ധൈര്യവും എല്ലാം സ്വയം ഉണ്ടാക്കുന്നതാണെന്നും ഒക്കെ വളരെ ലളിതമായി സിനിമ പറയുന്നുണ്ട്. നറേറ്ററുടെ തിരഞ്ഞെടുപ്പും അവതരണവും കാണാന്‍ രസമുണ്ട്. സര്‍പ്രൈസുകള്‍ മാത്രം പ്രവചിക്കാന്‍ പറ്റുന്നവയാണോ എന്ന് സംശയമുണ്ട്. ഇതിനു മുന്നേ ക്യാമറ കാണാത്ത പുതുമുഖങ്ങളാണ് മുഴുവനായും സിനിമയെ നയിക്കുന്നത്. അവരില്‍ ആരും ഒരു നിമിഷം പോലും മടുപ്പിച്ചില്ല. അമിതാഭിനയമോ അതിമിതത്വമോ ഒറ്റ രംഗത്തിനു പോലുമില്ല. ഫ്രെയിമുകള്‍ക്കും സംഭാഷണങ്ങള്‍ക്കും സ്വാഭാവികമായ ഒഴുക്കുണ്ട്, അനവസരത്തില്‍ വലിഞ്ഞു കേറുന്ന പാട്ടുകളോ തമാശകളോ ഇല്ല. ഇതിന് പുതുമുഖ സംവിധായകന്‍ എന്ന രീതിയില്‍ ഗണേഷ് കയ്യടി അര്‍ഹിക്കുന്നു.

 

രണ്ടു മണിക്കൂറോളമേ ആനന്ദത്തിനു നീളമുള്ളൂ. ഇതിനിടയില്‍ ഒരേ താളത്തില്‍ ഒരു യാത്രയുടെ മൂഡ് സിനിമയില്‍ ഉടനീളം നിലനിര്‍ത്തുന്നു. യാത്ര, സൗഹൃദം, ക്യാമ്പസ്, പ്രണയം ഇതൊക്കെ ചേര്‍ന്നുള്ള സിനിമകള്‍ എല്ലാക്കാലത്തും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. എന്ത് തരുമെന്ന് വാഗ്ദാനം ചെയ്‌തോ നൂറു ശതമാനം അത് നല്‍കുന്ന ഒരു ഫീല്‍ ഗുഡ് സിനിമയായി ആനന്ദം ആനന്ദിപ്പിക്കുന്നു എന്ന് ലളിതമായി സംഗ്രഹിക്കാം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍