UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആനന്ദിബെന്‍ പട്ടേല്‍: മോദിക്കും വേണ്ടാതായ മുന്‍ മുഖ്യമന്ത്രി

Avatar

അഴിമുഖം പ്രതിനിധി

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ തിങ്കളാഴ്ച്ച ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. തന്റെ ഫെയ്സ്ബുക് പുറത്തില്‍ അവര്‍ കുറിച്ചു,“മുഖ്യമന്ത്രി പദത്തില്‍ നിന്നും ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വീണ്ടും ഞാന്‍ പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചു.” അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിക്ക് ഗുജറാത്തില്‍ ഒരു പുതിയ മുഖം ആവശ്യമാണെന്നും വരുന്ന നവംബര്‍ 21-നു 75 വയസ് തികയുന്ന ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് പട്ടേല്‍.

“രണ്ടുമാസം മുമ്പ് ഈ പദവിയില്‍ നിന്നും ഒഴിവാക്കിത്തരാന്‍ ഞാന്‍ പാര്‍ട്ടി നേതൃത്വത്തോടു അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്നീ കത്തിലൂടെ ഞാനത് വീണ്ടും ആവശ്യപ്പെട്ടു. 2017-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ജനുവരിയില്‍ വൈബ്രന്റ്  ഗുജറാത്ത് പോലെ നിര്‍ണ്ണായകമായ ഒരു പരിപാടി നടത്തുകയും ചെയ്യുന്ന അവസരത്തില്‍ പുതിയ മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സമയം നല്‍കാനാണ് ഞാന്‍ രണ്ടുമാസം മുമ്പേ എന്നെ ഒഴിവാക്കിത്തരാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടത്.” മന്ത്രിമാര്‍ സ്ഥാനമൊഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്ന 75 വയസ് തനിക്ക് ഏതാണ്ട് തികഞ്ഞു എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അവരുടെ രാജി പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവര്‍ നിര്‍ണായകമായ പല തീരുമാനങ്ങളും എടുത്തിരുന്നു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വലിയ ശമ്പള വര്‍ദ്ധന, പട്ടേല്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസ് കേസുകള്‍ പിന്‍വലിക്കല്‍, പാതകളിലെ ചുങ്കപ്പിരിവ് നിര്‍ത്തല്‍, വ്യവസായ നയത്തിലെ മാറ്റങ്ങള്‍ എന്നിങ്ങനെ. രാജിവെക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായി മെഡിക്കല്‍, ദന്ത കോളേജുകളില്‍ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയ്ക്കു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൌജന്യമാക്കാനും അവര്‍ തീരുമാനമെടുത്തു.

ആനന്ദിബെന്‍ പട്ടേലിന്റെ ഉയര്‍ച്ച
ഗുജറാത്തിലെ  മെഹ്സാന ജില്ലയില്‍ ഖരോട് ഗ്രാമത്തിലാണ് 1941 നവംബര്‍ 22-നു ആനന്ദിബെന്‍ പട്ടേല്‍ ജനിച്ചത്. പിതാവ് അധ്യാപകനായിരുന്നു. പലര്‍ക്കുമറിയാത്ത കാര്യം ആനന്ദിബെനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ ഹൈസ്കൂളിലാണ് പഠിച്ചതെന്നാണ്. പിലാവിയില്‍ 1960-ല്‍ ശാസ്ത്ര ബിരുദപഠനത്തിനായി കോളേജില്‍ ചേര്‍ന്നപ്പോള്‍ ആ കോളേജിലെ ഏക പെണ്‍കുട്ടി ആനന്ദിബെന്‍ ആയിരുന്നു. കായികമത്സരങ്ങളിലെ മികവിന് അന്നവര്‍ക്ക് വീര്‍ബാല പുരസ്കാരം ലഭിച്ചു.

ഏതാണ്ട് 50 വിധവകള്‍ക്ക് തൊഴില്‍പരിശീലനം നല്കിയിരുന്ന മഹിളാ വികാസ് ഗൃഹിലാണ് അവര്‍ ആദ്യമായി അധ്യാപികയായി ചേര്‍ന്നത്. ഭര്‍ത്താവ് മഫത്ഭായ് പട്ടേലിനൊപ്പം 1965-ല്‍ അഹമ്മദാബാദിലെത്തിയ അവര്‍ ബിരുദാനന്ദര ബിരുദവും നേടി. 1970-ല്‍ മോഹിനിബാ വിദ്യാലയത്തില്‍ ശാസ്ത്ര, ഗണിതാധ്യാപികയായി ചേര്‍ന്നു. പിന്നീട് ആ സ്കൂളിന്റെ പ്രിന്‍സിപ്പലുമായി. സരസ്പൂര്‍ കോളേജില്‍ മനഃശാസ്ത്ര വിഭാഗം പ്രൊഫസറായിരുന്നു മഫത്ഭായ് പട്ടേല്‍. അവരിരുവരും നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയില്ലെങ്കിലും 1985 മുതല്‍ വേറിട്ടാണ് താമസം. രണ്ടു മക്കളുണ്ട്; സഞ്ജയ്, അനാര്‍.

1987-ല്‍ സ്കൂളില്‍ നിന്നും വിനോദയാത്ര പോയപ്പോള്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ മുങ്ങിത്താണ രണ്ടു പെണ്‍കുട്ടികളെ വെള്ളത്തില്‍ച്ചാടി രക്ഷിച്ചതിന് ശേഷമാണ് (അതിനവര്‍ക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരം കിട്ടി) പട്ടേലിന്റെ രാഷ്ട്രീയ പ്രവേശനം. പട്ടേലിന്റെ ധീരകൃത്യത്തില്‍ ആകൃഷ്ടരായ ബി ജെ പി നേതൃത്വം അവരെ പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിക്കുകയായിരുന്നു. മഹിളാ മോര്‍ച്ച അധ്യക്ഷയായി 1987-ല്‍ അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1994-ല്‍ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഹമ്മദാബാദിലെ മണ്ഡല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ 1998-ല്‍ രാജ്യസഭയില്‍ നിന്നും രാജിവെച്ചു. കേശുഭായ് പട്ടേല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി. 2002-ലും 2007-ലും മോദി ബി ജെ പിയെ നയിച്ച തെരഞ്ഞെടുപ്പുകളില്‍ അവര്‍ പടാന്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. രണ്ടാം തവണ വിദ്യാഭ്യാസ മന്ത്രിയും മൂന്നാം തവണ റവന്യൂ, റോഡ്, കെട്ടിട മന്ത്രിയുമായി. 2012-ല്‍ ആനന്ദിബെന്‍ ഘട്ലോദിയ മണ്ഡലത്തില്‍ നിന്നും മത്സരിച്ചു ജയിച്ചു. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനെ തുടര്‍ന്ന് 2014 മെയ് 22-നു ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

രാജിയുടെ കാരണങ്ങള്‍
വൈബ്രന്റ് ഗുജറാത്തിനും 2017-ഡിസംബറിലെ  തെരഞ്ഞെടുപ്പിനും പുതിയ നേതാവിനെ കണ്ടെത്താന്‍ തന്റെ വഴികാട്ടിയായ ‘നരേന്ദ്ര ഭായിക്ക്’ അവസരം നല്‍കാനാണ് ആനന്ദിബെന്‍ സ്ഥാനമൊഴിഞ്ഞതെന്ന് അവരുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. സ്വന്തം സമുദായമായ പാടീദാര്‍  സംവരണ പ്രക്ഷോഭത്തെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയാഞ്ഞതും അവരുടെ പുറത്തേക്കുള്ള പോക്കിന് ആക്കം കൂട്ടി. പാടീദാര്‍ പ്രക്ഷോഭത്തെ കൈകാര്യം ചെയ്ത രീതി പിഴച്ചത് കഴിഞ്ഞ വര്‍ഷം അവസാനം നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക്, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ കനത്ത തിരിച്ചടി നല്കിയിരുന്നു.

ഉനയില്‍ ഗോ സംരക്ഷകര്‍ ദളിതരെ മര്‍ദിച്ച സംഭവവും 2017-ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നയിക്കാനുള്ള ആനന്ദിബെന്‍ പട്ടേലിന്റെ  ശേഷിയെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തി. ഉന സംഭവത്തിന് ശേഷം ഒരു രാഷ്ട്രീയ ബാധ്യതയായി മാറിയ അവരെ സംരക്ഷിക്കുക മോദിക്കും അസാധ്യമായിരുന്നു. ഉന സംഭവത്തിലെ വീഴ്ച്ച ഉത്തര്‍ പ്രദേശില്‍ അമിത് ഷായ്ക്ക് ദളിതരുടെ യോഗം മാറ്റിവെക്കുന്നതിലേക്ക് നയിച്ച പ്രതിസന്ധി വരെ സൃഷ്ടിച്ചു.

ഗുജറാത്തിലെ ബി ജെ പിയില്‍ അന്തച്ഛിദ്രങ്ങളും രൂക്ഷമാണ്. പട്ടേല്‍ പ്രക്ഷോഭത്തിനുശേഷം സംസ്ഥാനത്തെ തന്റെ പിന്‍ഗാമിയായി മോദി തെരഞ്ഞെടുത്ത ആനന്ദിബെന്നിനെ പാര്‍ട്ടി കയ്യൊഴിഞ്ഞു. മോദിയുടെ പിന്തുണയുണ്ടായിട്ടും അവര്‍ക്ക് പാര്‍ട്ടിയില്‍ പിടിമുറുക്കാനായില്ല. ചില മന്ത്രിമാര്‍ വരെ അവര്‍ക്കെതിരെ കരുക്കള്‍ നീക്കി എന്നു കേള്‍ക്കുന്നു. അമിത് ഷായുടെ ഉത്തരവുകളാണ് അന്തിമമായി നടപ്പാക്കപ്പെടുന്നതെന്ന് പട്ടേല്‍ വിശ്വസിക്കുന്നുണ്ട്.  2014-ല്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പുതന്നെ ഷായുമായി ഒട്ടും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. അപൂര്‍വം ചില പൊതുപരിപാടികളില്‍ ഒഴിച്ചാല്‍ മോദിയുടെ ഈ രണ്ടു വിശ്വസ്തരും തമ്മില്‍ കാണുന്നതേ വിരളമായിരുന്നു.

മക്കള്‍ സ്നേഹത്തിന്റെ ആരോപണങ്ങള്‍
2015-ല്‍ ആനന്ദിബെന്‍ പട്ടേലിന്റെ മകനെതിരെ ഒരു പ്രവാസി നല്കിയ പരാതി മുക്കിക്കളഞ്ഞു. സഞ്ജയ് പട്ടേല്‍ നടത്തിയിരുന്ന അനാര്‍ റീടെയില്‍സ് എന്ന കമ്പനിക്കെതിരെ റോഷന്‍ ഷാ എന്ന പ്രവാസിയാണ് കമ്പനി രജിസ്ട്രാര്‍ക്ക് പരാതി നല്കിയത്. വര്‍ഷങ്ങളായി അടച്ചിട്ട ആനന്ദി ബെന്നിന്റെ വസതിയില്‍ നിന്നും എങ്ങനെയാണ് മകന് കച്ചവടം നടത്താന്‍ കഴിഞ്ഞതെന്ന് ഷാ സംശയം ഉന്നയിച്ചിരുന്നു.

ഒരു വര്‍ഷത്തിന് ശേഷം ഭൂമി ഇടപാടില്‍ അവര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കപ്പെട്ടു. പട്ടേലിന്റെ മകള്‍ അനാറിന്റെ വ്യാപാര പങ്കാളിക്ക് നടപടിക്രമങ്ങള്‍ മറികടന്നു ചുളുവിലക്ക് ഭൂമി നല്കി എന്നായിരുന്നു ആരോപണം. ഒരു ചതുരശ്ര മീറ്ററിന് 180 രൂപ എന്ന സര്‍ക്കാര്‍ നിശ്ചയിച്ച വില നിലനില്‍ക്കുമ്പോള്‍ 91.6% കിഴിവില്‍ 15 രൂപ നിരക്കില്‍  വൈല്‍ഡ് വുഡ്സ് എന്ന സ്ഥാപനത്തിന് 2010-ല്‍ 422 ഏക്കര്‍ നല്കിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മന്ത്രിസഭയാണ് അംഗീകാരം നല്‍കിയതെങ്കിലും ആനന്ദിബെന്‍ പട്ടേലായിരുന്നു റവന്യൂ മന്ത്രി. ഗുജറാത്ത് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച്  കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു ഒരു പൊതുതാത്പര്യ ഹര്‍ജി നല്‍കിയതിനുശേഷം ബഹളങ്ങള്‍ പതുക്കെ ശമിക്കുകയായിരുന്നു.

പുതിയ മുഖ്യമന്ത്രിക്കായുള്ള മത്സരം
നിതിന്‍ പട്ടേലും വിജയ് രുപാനിയുമാണ് സാധ്യത കല്‍പ്പിക്കുന്ന രണ്ടുപേര്‍. രണ്ടുപേര്‍ക്കും ആനന്ദിബെന്‍ പട്ടേലിനെക്കാളും വലിയ മെച്ചമൊന്നും അവകാശപ്പെടാനില്ല. നിതിന്‍ പട്ടേല്‍ കാര്യങ്ങള്‍ വൈകിക്കുന്ന, ആലോചനയില്ലാതെ സംസാരിക്കുന്ന ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ആനന്ദിബെന്‍ പട്ടേലിന്റെ പിന്തുണയും പട്ടേല്‍ സമുദായക്കാരനാണെന്ന ആനുകൂല്യവും അയാള്‍ക്കുണ്ട്. രുപാനി രാജ്കോടില്‍ നിന്നുള്ള ജൈന സമുദായാംഗമാണ്. രാജ്കോട് പട്ടേല്‍ സമുദായക്കാരുടെ ശക്തികേന്ദ്രമാണെന്നത് ശ്രദ്ധേയമാണ്. സംഘപരിവാറില്‍ ഏറെക്കാലത്തെ പരിചയമുള്ള രുപാനിക്ക് ആനന്ദിബെന്‍ പട്ടേലിന്റെ കുറവുകള്‍ പരിഹരിക്കാനാകും എന്ന് പലരും കരുതുന്നു. അമിത് ഷായുടെ പിന്തുണയും ബി ജെ പി എം എല്‍ എമാരില്‍ ഭൂരിപക്ഷ പിന്തുണയും അയാള്‍ക്കാണ്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മോദി അത്ഭുതപ്പെടുത്തുന്ന ഒരു തെരഞ്ഞെടുപ്പ് നടത്താറുണ്ട്. ഗുജറാത്ത് മാതൃകയുടെ ദേശീയപ്രാധാന്യം വെച്ചുനോക്കിയാല്‍ ഏറെ നിര്‍ണായകമായിരിക്കും ഇതെല്ലാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍