ന്യായാലയങ്ങളുടെ മേലും ഈ ചുഴലിക്കാറ്റ് പതിക്കുന്നതായി അനുഭവപ്പെടുന്നു
ഭയാനകമായ ഒരു ചുഴലിക്കാറ്റ് രാജ്യത്തെങ്ങും വീശിയടിക്കുന്ന കാലമാണ് ഇതെന്ന് ഓര്‍മ്മിപ്പിച്ച് പ്രമുഖ സാഹിത്യകാരന്‍ ആനന്ദ്. കേന്ദ്ര സര്‍ക്കാര്‍ അഴിച്ചുവിട്ട ആ ചുഴലിക്കാറ്റ് ഓരോ സംസ്ഥാനങ്ങളിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ അനുകരിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വാസത്തിന്റെ പേരിലും വിശ്വാസമില്ലാത്തതിന്റെ പേരിലും, പ്രേമിക്കുന്നതിന്റെ പേരിലും, തമ്മില്‍ സംസാരിക്കുന്നതിന്റെ പേരിലും, വിലക്കപ്പെട്ട ഭക്ഷണം കഴിച്ചതിന്റെ പേരിലും, വസ്ത്രം ധരിച്ചതിന്റെ പേരിലും ആളുകളെ ചൂഴ്ന്ന് പിടിക്കുന്ന ഒരു ചുഴലിക്കാറ്റാണ് ഇവിടെയുള്ളത്. അതിന്റെ അനുകരണങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഓരോ സംസ്ഥാനങ്ങളിലും പ്രകടമാകുന്നത് കൂടുതല്‍ ഭീതിദമാകുന്നു. പൗരന്മാര്‍ക്ക് ആശ്രയിക്കാനുള്ള ന്യായാലയങ്ങളുടെ മേലും ഈ ചുഴലിക്കാറ്റ് പതിക്കുന്നതായി അനുഭവപ്പെടുന്നു.
പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പകരം അവരോട് അനുസരിക്കുവാനാണ് അവര്‍ ഉപദേശിക്കുന്നത്. ഹിറ്റ്‌ലറെയും മുസോളിനിയെയും ഓര്‍മ്മിപ്പിക്കും വിധം അവരോട് പാട്ടുകള്‍ പാടിയും ചെണ്ടകൊട്ടിയും നടക്കുവാനാണ് പറയുന്നത്. ഖലീല്‍ ജിബ്രാന്റെ പിറ്റി ദ നേഷന്‍ എന്ന കവിതയെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരള തലസ്ഥാനം സാക്ഷിയായത്.
നൈതികവും മാനുഷികവുമായ ചോദ്യങ്ങള്‍ ഋജുവായി ഉയര്‍ത്തുന്ന ജിഷ്ണു സംഭവം ഇപ്പോള്‍ എവിടെ എത്തി? ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നാണ് അത് ഉടലെടുത്തതെന്നത് കൂടുതല്‍ ശ്രദ്ധേയമായിരിക്കുന്നു. ജെഎന്‍യു, ഹൈദ്രാബാദ് സര്‍വകലാശാല എന്നിങ്ങനെ വഴിമുട്ടിയ കഥകളും ഇക്കാലത്തിന്റേതാണല്ലോ? ഭരണത്തിലുള്ളവരും പുറത്തുള്ളവരുമായ നേതൃവൃന്ദം, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, മാധ്യമങ്ങള്‍ എല്ലാവരും മൂലപ്രശ്‌നത്തെ കൈവെടിഞ്ഞ് അതിനെ ക്രൂരവും കപടവുമായ ആഘോഷമാക്കിയിരിക്കുന്നു.
അവസാനം കാണുന്നത് ഭരണപക്ഷം അതിനെ വിമര്‍ശിക്കുന്നവരെ മാത്രമല്ല, കൂടെ പോകാതിരിക്കുന്നവരെയും എന്തിന് വഴിയേ പോകുന്ന ഇഷ്ടമില്ലാത്ത മുഖമുള്ളവരെയും നേരിടാനുള്ള അവസരമാക്കിയിരിക്കുന്നു. സ്വപക്ഷത്തു നിന്നും മാറുന്നവരെ ഇല്ലാതാക്കുകയും പ്രയോജനമാണെങ്കില്‍ കൈവെട്ടുന്നവര്‍ക്ക് പകരം കൈനഷ്ടപ്പെടുന്നവരുടെ നേരെ രോഷം തിരിച്ചുവിടുകയും ചെയ്യുന്ന പഴയരീതി തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു. മനോരമ ദിനപത്രത്തില്‍ നോട്ടം എന്ന പക്തിയിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിക്കുന്നത്.