UPDATES

സയന്‍സ്/ടെക്നോളജി

കടലിനടിയിലെ ഈ നഷ്ടനഗരം പടുത്തുയര്‍ത്തിയത് മനുഷ്യനല്ല

Avatar

റേച്ചല്‍ ഫെല്‍റ്റ്മാന്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

ഗ്രീക്കിലെ ചെറുദ്വീപായ സാക്കിന്തോസില്‍ (Zakynthos) സ്നോര്‍ക്കെലിങ് നടത്തുന്ന ടൂറിസ്റ്റുകള്‍ കടല്‍ നിരപ്പിന് ഇരുപതടി താഴെ നിഗൂഢമായ ചില അവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ അത് സമുദ്രത്തിലാണ്ടു പോയ പഴയ ഏതോ നഗരമാണെന്നാണ് അവര്‍ ധരിച്ചത്. അതിന് അവരെ തെറ്റു പറയാനാവില്ല. കോബിള്‍ സ്റ്റോണുകളും ഗ്രീക്ക് മാതൃകയില്‍ കൃത്യതയോടെ നിര്‍മ്മിച്ച കല്‍ഭരണികളും എല്ലാം കണ്ടപ്പോള്‍ കലാകാരന്മാരും തത്വചിന്തകരും നിറഞ്ഞ, തിരക്കേറിയ ഒരു ചത്വരം മനസ്സില്‍ തെളിഞ്ഞു വന്നിരിക്കണം. 

ഈ ‘നഗരാവശിഷ്ടങ്ങള്‍’ കണ്ടെത്തിയതു മുതല്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ സംശയിച്ചിരുന്ന കാര്യം മറൈന്‍ ആന്‍ഡ് പെട്രോളിയം ജിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഉറപ്പിക്കുന്നു: ഇതൊരു നഗരമല്ല. എന്നാല്‍ ഇതിന്‍റെ ഉല്‍ഭവം അതിനേക്കാളും അതിശയിപ്പിക്കുന്നതാണ്. കാണുമ്പോള്‍ മനുഷ്യനിര്‍മ്മിതം എന്നു തോന്നുന്ന ഈ വസ്തുക്കള്‍ ഉണ്ടാക്കിയത് ബാക്ടീരിയയാണ്. 

ആ ഭാഗത്തെയും അവിടെ കണ്ടെത്തിയ നിര്‍മ്മിതികളെയും പഠിക്കാന്‍ മുങ്ങിത്തപ്പിയ ആര്‍ക്കിയോളജിസ്റ്റുകള്‍ ആദ്യമേ ശ്രദ്ധിച്ചത് നാണയങ്ങള്‍, മണ്‍പാത്രങ്ങളുടെ കഷണങ്ങള്‍ തുടങ്ങിയ, മനുഷ്യര്‍ ഉപയോഗിച്ചിരുന്നേക്കാവുന്ന സാധനങ്ങള്‍ ഒന്നുംതന്നെ അവിടെ കണ്ടില്ല എന്നതാണ്. ‘തൂണുകള്‍’, ‘തെരുവുകളുടെ ഭാഗങ്ങള്‍’ എന്നിങ്ങനെ തോന്നിച്ച രൂപങ്ങളുടെ ധാതുഘടന പഠിച്ച് ഇത് വിശദീകരിക്കാന്‍ അവര്‍ ശ്രമം തുടങ്ങി. മനുഷ്യരുടെ ഇടപെടല്‍ ആവശ്യമില്ലാത്ത, തികച്ചും സ്വാഭാവികമായി പ്രകൃത്യാ തന്നെ സാധിക്കുന്ന രീതിയിലാണ് ആ അവശിഷ്ടങ്ങള്‍ എല്ലാം രൂപപ്പെട്ടിട്ടുള്ളത്. 

മീഥെയ്ന്‍ വാതകത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ജീവിക്കുന്ന സൂക്ഷ്മജീവികള്‍ ഉണ്ടാക്കുന്ന ഒരു കാല്‍സ്യം ഉപോല്‍പ്പന്നമായ ഡോളമൈറ്റ് ആണ് ആ അവശിഷ്ടങ്ങളില്‍ അടങ്ങിയിരിക്കുന്ന ധാതു. മീഥെയ്ന്‍ വാതകം സ്ഥിരമായി പുറപ്പെടുവിക്കുന്ന ഒരു ഉറവിടത്തിനു ചുറ്റും ജീവിക്കുന്ന ബാക്ടീരിയകള്‍ വിസര്‍ജ്ജിക്കുന്ന കാല്‍സ്യം ഈ വാതകവുമായി പ്രതിപ്രവര്‍ത്തിച്ച് സിമന്‍റ് പോലെയുള്ള ഡോളമൈറ്റ് ഉണ്ടാകുന്നു. 

“പഴയൊരു പ്ലംബിങ് സംവിധാനത്തെ ഫോസിലാക്കി മാറ്റുന്ന ബാക്ടീരിയയാണ് ഇവ,” ഈ പഠനത്തില്‍ പങ്കാളിയായ, ഈസ്റ്റ് ആങ്ഗ്ലിയ യൂണിവേഴ്സിറ്റിയിലെ ജൂലിയന്‍ ആന്‍ഡ്രൂസ് സ്മിത്സോണിയന്‍ മാഗസിനോട് പറഞ്ഞു. പണ്ടത്തെ മനുഷ്യരുടെ ബാക്കിപത്രങ്ങള്‍ അല്ല, മറിച്ച് ഭൂഗര്‍ഭ സംവിധാനത്തിലെ പ്രശ്നങ്ങള്‍ കൊണ്ട് ഉണ്ടായ ഒരു പഴയ ഗ്യാസ് ചോര്‍ച്ചയുടെ ഫലമാണ് അവ. മീഥെയ്ന്‍ വാതകത്തിന്‍റെ പ്രവാഹങ്ങള്‍ക്കു ചുറ്റും തിങ്ങി നിറഞ്ഞ സൂക്ഷ്മജീവികള്‍ ഉണ്ടാക്കിയവയാണ് കുഴലാകൃതിയുള്ള രൂപങ്ങള്‍. ചരിഞ്ഞ പ്രവാഹങ്ങള്‍ക്കു ചുറ്റും രൂപപ്പെട്ടവയാണ് “നഗര തെരുവുകളി”ലെ സ്ലാബുകള്‍ പോലെ തോന്നിക്കുന്ന പ്രതലങ്ങള്‍. 

53 ലക്ഷം മുതല്‍ 26 ലക്ഷം വരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇവ രൂപപ്പെട്ട ‘പ്ലയസീന്‍’ (Pliocene) യുഗത്തില്‍ ആ ഭാഗങ്ങളില്‍ മീഥെയ്ന്‍ വാതക പ്രവാഹങ്ങളുണ്ടായിരുന്നിരിക്കണം. ഇന്ന് അവിടെയെങ്ങും നാച്ചുറല്‍ മീഥെയ്ന്‍ സാന്നിധ്യമില്ല. അത്യപൂര്‍വ്വമായത് എന്നു പറയാനാകാത്ത ഇത്തരം പ്രതിഭാസങ്ങള്‍ സാധാരണ പ്രകൃതി വാതകം വെള്ളത്തില്‍ കലരുന്ന, ആഴമേറിയ ഭാഗങ്ങളിലാണ് കാണപ്പെടുന്നത്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍