UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

സ്വാമി സംവിദാനന്ദ്

ന്യൂസ് അപ്ഡേറ്റ്സ്

ഇഫിജനിയ ഇന്‍ ഔലീസ് അഥവാ പെണ്ണെന്ന നിരന്തരം മുങ്ങുന്ന സങ്കടക്കപ്പല്‍

ചിക്കാഗോയിലെ ഒരു തണുപ്പു പുതച്ച രാത്രിയില്‍ എന്നെയും വഹിച്ച് കര്‍ത്താജിയുടെ (എതിരന്‍ കതിരവന്‍) വാഹനം അദ്ദേഹം പഠിപ്പിച്ചിരുന്ന യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ പ്രശസ്തമായ കോര്‍ട്ട് തീയറ്റര്‍ ലക്ഷ്യമാക്കി കുതിക്കുന്നു. ഒരു കുംഭം-മീനം മാസത്തില്‍ മാത്രം 48 നാടകങ്ങള്‍ കണ്ട കഥകള്‍; നാടക ഭ്രാന്ത് അദ്ദേഹത്തോട് യാത്രയില്‍ വിവരിക്കുന്നു. കാളിദാസ കലാകേന്ദ്രവും ഓച്ചിറ നിളയും പൂഞ്ഞാര്‍ നവധാരയും സ്‌റ്റേജ് ഇന്‍ഡ്യയും രംഗചേതനയും സാരഥി തീയറ്റേഴ്‌സും ആലുവ ശാരികയും രാജന്‍ പി ദേവിന്റെ ചേര്‍ത്തല സരികയും എസ് എല്‍ പുരം സൂര്യസോമയും എം എസ് തൃപ്പുണിത്തുറയുടെ നാടകവും അടക്കം കേരളത്തിലെ ഒട്ടുമിക്ക പ്രഫഷണല്‍ നാടകട്രൂപ്പുകളെയും അഭിനേതാക്കളേയും ആരാധിച്ചിരുന്ന ഒരു പയ്യന്‍ നാടകം കണ്ട് വെളുത്ത രാവുകളുടെ കഥ അദ്ദേഹത്തെ പറഞ്ഞു കേള്‍പ്പിച്ചു വീരസ്യമണിഞ്ഞിരുന്നതിനിടയില്‍ ഓര്‍മ്മകള്‍ പലതങ്ങനെ തികട്ടി വന്നു.

 

ഒരു നാടകം തന്നെ പലവട്ടം കണ്ട് കണ്ട് അതിലെ ഒരു കവിത കാണാപ്പാഠമായി മാറിയിരുന്നു; ‘കൊലമരച്ചോട്ടില്‍ നിന്നൊരു കവി വരുന്നു, കാലഘടികാരമലറുന്നു, മുലചുരന്നൊഴുകിയൊരു കടലിരമ്പുന്നു, ഒരു നേര്‍ത്ത തേങ്ങലായമ്മ കരയുന്നു’ എന്നു തുടങ്ങുന്ന വരികള്‍. അതിലും പിന്നിലേക്ക് പോയാല്‍ സാമുവല്‍ എലിയറ്റിന്റെ ഗോദോയെ കാത്ത് എന്ന നാടകത്തിലെ ചുവന്ന റിബണ്‍ തലയില്‍ കെട്ടിയ കുട്ടി ‘ഗോദോ സാര്‍ വരില്ലെന്ന് പറഞ്ഞു’ എന്ന ഒറ്റ ഡയലോഗ് പറയുന്ന കുട്ടിയായ് എന്നെ ഓര്‍ത്തെടുക്കാം. സഫ്ദര്‍ ഹാഷ്മിയുടെ കഥ പറയുന്ന ജനുവരി ഒരു ഓര്‍മ്മയും, ഒരു പാമ്പ് നാടകവും, തീന്‍ മേശയിലെ ദുരന്തവും, കലിപതി ചൗക്കിലെ ചെക്ക് പോസ്റ്റും, ചുനരിയും ഒക്കെ തികട്ടി വന്നിരുന്നു. കഥകളുടെ പ്രാവാഹത്തിനിടയില്‍ അല്പം വൈകിയെന്ന പോലെ ഞങ്ങള്‍ തീയറ്ററില്‍ പ്രവേശിച്ചു. ലേഖകനു നേരം തെറ്റി കിട്ടിയ ലോക നാടകവേദിയിലെ, അനിതര- അസാധാരണമായ ഒരു നാടകം. ഔലീസിലെ രാജകുമാരിയായ ഇഫിജിനിയായുടെ കഥ. ഇഫിജനിയ ഇന്‍ ഔലീസ്. ഈ ഗ്രീക്ക് നാടകം കേവലം ഒരു രാജകുമാരിയുടെ കഥമാത്രമല്ല എക്കാലത്തെയും പെണ്ണിന്റെ കഥയാണ്; ഏത് യുദ്ധവും തുടങ്ങാനും ഒടുങ്ങാനും ഇരയാക്കപെടുന്ന പെണ്ണിന്റെ ദൈന്യത്തിന്റെ കഥ.

 

 

കോര്‍ട്ട് തീയറ്ററിന്റെ രംഗസംവിധാനങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയായിരുന്നു. നാല്പതിലധികം വിവിധതരം സ്‌പോട്ട് ലൈറ്റുകള്‍ എണ്ണിത്തീരും മുന്നെ സ്‌റ്റേജിനു മുന്നിലെ കയര്‍ കൂമ്പാരത്തില്‍ നിന്നിരുന്ന മനുഷ്യന്‍ കൈയ്യിലിരുന്ന ബള്‍ബ് താഴെയെറിയുന്നു. എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. തീര്‍ച്ചയായും അല്പം ഫിറ്റായ ഏതോ ടെക്‌നീഷ്യന്‍ എന്നു കരുതി കാഴ്ച്ചകളെ ചുറ്റുമിരിക്കുന്ന കാണികളിലേക്കും രംഗ സംജ്ജീകരണങ്ങളിലേക്കും മേയാന്‍ വിട്ടു. നാടകം തുടങ്ങാന്‍ അല്പം സമയം ബാക്കിയുണ്ടല്ലൊ. സ്‌റ്റേജിനു വെളിയില്‍ നിലത്തിരുന്ന് കുത്തിക്കുറിച്ചിരുന്നയാള്‍ അല്പം ഒച്ചത്തില്‍ അവ്യക്തമായ് എന്തോ പറഞ്ഞ് എഴുന്നേറ്റു. സ്‌റ്റേജില്‍ കയറി വീണ്ടും നിലത്തെത്തി കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. കൃത്യം എട്ട് മണിയായപ്പോള്‍ ഏതുള്‍വിളിയിലാണെന്നറിയില്ല, സ്‌റ്റേജിലേക്ക് ഒരു തുടര്‍ച്ചയെന്നോണം കയറിയയാള്‍ ആദ്യ ഡയലോഗ്. അതെ അത് മറ്റാരുമല്ല വിശ്വപ്രസിദ്ധ ഗ്രീക്ക് കഥയിലെ അഗമേമ്‌നന്‍ ആണ് സംസാരിച്ച് തുടങ്ങിയത്. അവിശ്വസനീയമായ മെയ്യടക്കത്തില്‍, ശബ്ദ കോലാഹലങ്ങളില്ലാതെ നാടകം തുടങ്ങേണ്ടതിനും എത്രയോ മുന്നേ മുതല്‍ കഥാപാത്രം അഭിനയം ആരംഭിച്ചിരുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഞാന്‍, അന്‍പത്തഞ്ചാം വയസ്സില്‍ മനസ്സിനും ശരീരത്തിനും മുറിവേറ്റവള്‍
ആണാണോ പെണ്ണിന്റെ ഉടമ?
ഞങ്ങള്‍ തെരഞ്ഞെടുക്കാത്ത ഒരു യുദ്ധം
പെണ്‍കുട്ടികള്‍ എടുക്കുന്ന സെല്‍ഫികള്‍
പുരുഷന്റെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ എങ്ങനെയൊക്കെ പെരുമാറും?

 മകളെ കാറ്റിന്റെ ദേവതയ്ക്കായി ബലികൊടുക്കാനുള്ള ആത്മ സംഘര്‍ഷങ്ങളില്‍ കല്ല്യാണത്തിനെന്ന് കള്ളം പറഞ്ഞ് കത്തെഴുതി കൊടുത്ത് വിളിച്ചിരുന്നു. ഒത്തിരി ആലോചിച്ചപ്പോള്‍ അത് വേണ്ട എന്ന് തോന്നി. വരേണ്ട എന്നുള്ള സന്ദേശം എഴുതുന്നതിന്റെ ആത്മ സംഘര്‍ഷങ്ങളാണ് നമ്മളാദ്യം കണ്ടത്. പതിവ് നാടക വേദികളില്‍ നിന്നും വിഭിന്നമായ സ്‌റ്റേജില്‍, മുന്നില്‍ താഴെ സദസ്സിലെ കയര്‍ കൂമ്പാരത്തിനടയിലെ വെളിച്ചത്തില്‍ സ്വന്തം ഭാര്യയ്ക്ക് , തന്റെ മകളെ ബലികൊടുക്കാന്‍ കൊണ്ടു വരേണ്ട എന്ന കത്തെഴുതുന്നതിന്റെ മന:സംഘര്‍ഷങ്ങളിലേക്ക് ആദ്യമെ നടന്നു കയറുകയായിരുന്നു. ഒരിക്കല്‍ കൂടി ഞാനാ സ്‌റ്റേജിലേക്ക് അമ്പരന്ന് നോക്കി എമ്പാടും കയര്‍ കൂമ്പാരങ്ങള്‍. സ്‌റ്റേജില്‍ നിന്നും മുന്നിലേക്കാണ് അവയില്‍ പലതും നീണ്ടുനിവര്‍ന്നു കിടക്കുന്നത്. അതെ, കയര്‍ കൂമ്പാരങ്ങള്‍. കെട്ടിയിടാന്‍ മാത്രം ആത്മസംഘര്‍ഷങ്ങളനുഭവിക്കുന്നതിന്റെ ഒരു പരിച്ഛേദം കൂടിയാണ്. തീര്‍ച്ചയായും കാറ്റിന്റെ ദേവതയെ സന്തോഷിപ്പിക്കിണ്ടതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? രാജാവിന്. രാജാവെന്നാല്‍ ദേവതകള്‍ക്ക് വിധേയനും. ലോകത്തിലെ എല്ലാ ദേവതകളും നഴ്‌സറിക്കുട്ടികളാണ്. അനങ്ങിയാല്‍ പിണങ്ങിക്കളയും. ഒരുറക്കം കൊണ്ട് കുട്ടികളുടെ പിണക്കം തീരും. ദേവതകളൊക്കെ അക്കാര്യത്തില്‍ അമ്പേ പരാജിതാരാണ്.

 

 

യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ ശരാശരി മനുഷ്യന്റെ ഏഴയലത്ത് നില്ക്കാവുന്ന ബുദ്ധിയും യുക്തിയും നിരാമയത്വവുമുള്ള ഒറ്റദേവതയെയും ലോകത്തിലെ ഒരു സ്ഥലത്തും കണ്ടുമുട്ടാന്‍ സാധിക്കില്ല. അപ്പോള്‍ പിന്നെ യുദ്ധക്കൊതിയന്മാരായ ഗ്രീക്കുകാരുടെ കാര്യം പറയുകയും വേണ്ട. ചിന്തകളെ അപ്പാടെ നടന്റെ നടനവൈഭവം കവര്‍ന്നെടുക്കുന്ന കാഴ്ച്ചയാണ് പിന്നീട് കാണുന്നത്. ഒരു സാങ്കല്പിക യാനത്തില്‍ ഭാര്യയായ ക്ലൈസ്റ്റെംനെസ്ട്രയും അതിസുന്ദരിയായ മകളും മുലകുടിക്കുന്ന സഹോദരനും രംഗത്തെത്തുന്നു. അതിനു മുന്നേ നീലയും വയലറ്റും വസ്ത്രങ്ങള്‍ ധരിച്ച കോറസ് വൃന്ദങ്ങളെ പറ്റി പറയാന്‍ വിട്ടു. സംവിധായകന്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്ത ഗ്രീക്ക് വസ്ത്ര വിധാനവും ലോകത്തിലെ സ്ത്രീകളെ പ്രധിനിധികരിച്ച് കറുത്തവര്‍ഗ്ഗകാരിയും ഏഷ്യക്കാരിയും ഒക്കെ ഒരേതാളത്തില്‍ വ്യത്യസ്ത അനുപാതങ്ങളില്‍ ആടിത്തിമിര്‍ക്കുന്നു. അതിസുന്ദരമായ് പാടുന്നു. പണ്ട് കാലങ്ങളില്‍ മലയാള നാടകവേദിയില്‍ പാപ്പുക്കുട്ടി ഭാഗവതരും മറ്റും പാടി അഭിനയിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഹോ ഇത് അതിസുന്ദരമായ നാദലാവണ്യം, കോറസായ് അഭിനയിച്ചവരിലെ കറുത്ത സുന്ദരിയില്‍ നിന്നും പ്രവഹിക്കുന്നത് നാദഗംഗതന്നെയായിരുന്നു. ഒരു കഥയ്ക്കുള്ളിലെ കഥയെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടാണ് നാടകം വികസിക്കുന്നത്. ഓരോ കഥാപാത്രങ്ങളും അവനവന്റെ വേഷത്തിന്റെ ശരിതെറ്റുകളെ വീണ്ടും വീണ്ടും ഊന്നി പറയുന്നു ചരിത്രാഖ്യയികളിലെ നിരന്തര വിഡ്ഡീത്തങ്ങളുടെ തുടര്‍ച്ചയെന്നു പറയാം. ഗ്രീക്ക് പടക്കപ്പലുകള്‍ക്ക് കുതിച്ച് പായാനുള്ള ബലിയായി തന്റെ മകളെ കാറ്റിന്റെ ദേവതയ്ക്ക് നല്കണം. ഒരു പക്ഷേ ഇഫിജനിയ എന്ന സിനിമ കണ്ടവര്‍ക്ക് കാറ്റില്ലാതെ കടല്ക്കരയില്‍ തങ്ങി വിശപ്പും ദാഹവും കൊണ്ട് കലഹിക്കാനൊരുങ്ങുന്ന പട്ടാളക്കാരുടെ ദൈന്യത മനസ്സിലാവും.

 

പക്ഷെ നാടകത്തിന്റെ രംഗപടത്തില്‍ അഗമേമ്‌നന്‍  നിരന്തരം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഭാര്യയാലും മകളാലും കാണികളായും കഥപാത്രങ്ങളാലും വേഷാന്തരം ചെയ്യുന്ന കോറസ്സാലും. മരുമകനെന്നു തെറ്റിദ്ധരിപ്പിച്ച അകിലിസിനാലും. മകളെയും ഭാര്യയെയും പ്രലോഭിച്ചെത്തിക്കുന്നത് ഗ്രീക്ക് പടയാളിയായ അകിലിസിനു മകളെ വിവാഹം കഴിച്ചു കൊടുക്കാം എന്നു കളവുപറഞ്ഞാണ്. അകിലിസിന്റെയും അവനവന്റെ തന്നെയും ചോദ്യങ്ങളില്‍ കുടുങ്ങി ട്രോയില്‍ നിന്നും കടത്തപെട്ട സഹോദരഭാര്യയും ലോകത്തിലെ ഏറ്റവും സുന്ദരിയുമായ ഹെലനുവേണ്ടിയാണ് ഗ്രീക്ക് പടയാളികള്‍ കപ്പലുകള്‍ തയ്യാറാക്കി കാത്തിരിക്കുന്നത്. തടസ്സം കാറ്റാണ്. അതെ ഇവിടെ അതിഭയാനകമായ ഒരു കറുത്ത പരിഹാസം കാറ്റിന്റെ രൂപത്തില്‍ അലയുന്നുണ്ട്. എല്ലാവരും നിരന്തരം ചോദിക്കുന്നുണ്ട്. ചോദ്യം ചോദിച്ച് ഞെട്ടിച്ചത് ഇഫിജനിയയുടെ അമ്മയും റാണിയുമായ  ക്ലൈസ്റ്റെംനെസ്ട്രയാണ്. ഹോ! അതൊരു ഒന്നൊന്നര ചോദ്യമായിരുന്നു. ‘നിങ്ങളെന്നെ കണ്ട് മോഹിച്ച്, എന്റെ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും എന്റെ കണ്മുന്നിലിട്ട് കൊന്നിട്ട് എന്നെ സ്വന്തമാക്കിയിട്ടും ഞാന്‍ ഇന്നും നിങ്ങളുടെ അനുസരണയുള്ള ഭാര്യയാണ്: (പിന്നീട് പുള്ളിക്കാരത്തി അദ്ദേഹത്തെ കൊല്ലുന്നു എന്ന ഉപകഥ നാടകത്തിലല്ലാതെ വായിച്ചപ്പോഴാണ് തൃപ്തിയായത്) നാടകത്തിലൊരിടത്ത് ‘ആ വേശ്യയ്ക്ക് വേണ്ടി (ഹെലന്‍ എന്ന ലോകത്തിലെ ഏറ്റവും സുന്ദരിയ്ക്ക്, അത് തന്റെ സഹോദരി കൂടിയാണ്) തന്റെ മകളെ കുരുതി കൊടുക്കു’ന്നതില്‍ പരിതപിക്കുമ്പോള്‍ മകള്‍ സത്യം തിരിച്ചറിയുന്നുണ്ട്. കിഴവനും തന്റെ അനുസരണയുള്ളവനുമായ വേലക്കാരനോട് അഗമേമ്നന്‍ പറയുന്നുണ്ട്, ‘സഹോദര ഗ്രീക്കിന്റെ രക്ഷയ്ക്കായി രക്തം ചിന്തിയെ പറ്റൂ, മറ്റു വഴികളില്ല’ എന്ന്.

 

 

എന്തായാലും അടിമുടി ചിന്തകളെ മാറ്റിമറിക്കുന്ന ജീവിതത്തിന്റെ കപ്പല്‍ ഒടുവില്‍ കാറ്റിന്റെ ദേവത കനിഞ്ഞ് ഭൂലോക സുന്ദരിയെ തിരികെ എത്തിക്കാന്‍ പുറപ്പെടുമ്പോള്‍ വേദിക്ക് വെളിയിലെ അലസമായ് കിടന്ന കയറുകള്‍ കപ്പല്‍ നങ്കൂരമിട്ട കയറുകള്‍ ആയിരുന്നെന്ന്‍ മനസിലാകും. അവ വലിഞ്ഞു മുറുകുന്ന ദൃശ്യത്തോടെയാണ് നാടകം അവസാനിക്കുന്നത്. തീര്‍ച്ചയായും നാടകത്തെയും കാണികളെയും ഇടവിട്ട് നോക്കിക്കൊണ്ടിരുന്ന ആര്‍ത്തിക്കാരനായ ഒരു കാണി എന്ന നിലയില്‍ ഇഫിജനിയയുടെ ഒരു ചോദ്യത്തില്‍ മുലകുടിമാറാത്ത തന്റെ സഹോദരനും താനും അച്ഛനോട് ചോദിക്കുന്ന ഒരു ചോദ്യത്തില്‍ കാണികളില്‍ വലിയൊരു പങ്കും കണ്ണു തുടയ്ക്കുന്നത് കാണാമായിരുന്നു. മനുഷ്യബലിയെന്ന പമ്പര വിഡ്ഡിത്തത്തെ നഴ്‌സറി സ്‌കൂള്‍ നിലവാരം മാത്രമുള്ള ലോകത്തിലെ എല്ലാ മതദൈവങ്ങളും ആവശ്യപെട്ടിട്ടുണ്ട് എന്ന സത്യത്തെ വെറുത്ത് കൊണ്ട് ഈ നാടകം ഒരു ചോദ്യം മുന്നിലേയ്ക്ക് വെയ്ക്കുന്നുണ്ട്. അറിഞ്ഞു കൊണ്ട് കൊല്ലപെടാന്‍, ലോകത്തിനു വേണ്ടി മരിക്കാന്‍ എന്നും നിരന്തരം അബലയായ സ്ത്രീ സമൂഹം ഉണ്ടായതെന്തുകൊണ്ട് എന്ന എന്നും പ്രസക്തമാകുന്ന ചോദ്യം. അത് ഇഫിജനിയായാലും കൊല്ലാതെ കൊല്ലപ്പെടുന്ന ഇറോം ശര്‍മ്മിളയായാലും അവസാനിക്കാത്ത നിരകളില്‍ സ്ത്രീ സമൂഹം മാത്രം എന്ന പ്രസക്തമായ ചോദ്യം മുന്നില്‍ വെച്ചാണ് മാര്‍ക്ക് എല്‍ മൊന്റഗ്മറി (അഗമെമ്‌നോന്‍), സാന്ദ്ര മാര്‍ക്കോസ് (ക്ലൈസ്റ്റെംനെസ്ട്ര) ആന്‍ഡ്രിയ ബറോണ്‍ (ഇഫിജനി) തുടങ്ങിയവര്‍ സ്‌റ്റേജിലും സദസ്സിലുമായ് മത്സരിച്ചഭിനയിച്ച മനുഷ്യ മന:സംഘര്‍ഷങ്ങളുടെ, പുരുഷ ഉടമ്പടികളുടെ മഹാകാവ്യത്തെ, പഴയൊരു കഥയുടെ പുതിയൊരു രംഗഭാഷ്യത്തെ ജനതയിലേക്ക് നീറുന്നൊരു തീപ്പന്തമായ് വലിച്ചെറിഞ്ഞാണ് ഈ നാടകം കാണികളുടെ ഹൃദയത്തിലൂടെ തുടര്‍യാത്ര തുടരുന്നത്.

 

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍