UPDATES

സിനിമ

ചരിത്രത്തില്‍ ചവിട്ടി നിന്നുള്ള കരണത്തടികള്‍; ആന്ദ്രെ വൈദയുടെ അവസാന ചിത്രത്തിലൂടെ

തൊണ്ണൂറാമത്തെ വയസ്സില്‍ ജന്മനാടിന്റെ ചരിത്രം തീക്ഷ്ണമായി കോറിയിട്ടു കടന്നുപോയ ആന്ദ്രെ വൈദ, ഇതിലും മികച്ചൊരു ഹോമേജ് നിങ്ങള്‍ക്ക് സിനിമയ്ക്ക് നല്‍കാനാവില്ല

ലോകസിനിമയുടെ തിരനോട്ടങ്ങളെപ്പോഴും ആവേശത്തോടെ ഓര്‍ത്തെടുക്കുന്നൊരു പേരാണ് ആന്ദ്രെ വൈദ ( Andrzej Wajda) .പോളിഷ് ജനതയെ സിനിമയെന്ന മാധ്യമവുമായി നിരന്തര ഭാഷണത്തിലേര്‍പ്പെടുത്തിയ വൈദയുടെ സിനിമകള്‍ വിപ്ലവകരമായ ചങ്കിടിപ്പുകളായിരുന്നു. ചരിത്രത്തിനും വര്‍ത്തമാനത്തിനുമിടയില്‍ അറ്റുനിക്കുന്നൊരു ചങ്ങലകണ്ണി പോലെ അവ കാലഭേദമന്യേ രാഷ്ട്രീയ- സാമൂഹിക ദേശങ്ങളിലൂടെ അതിവര്‍ത്തിക്കുന്നു.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ എവെരിതിംഗ് ഫോര്‍ സെയിലാണ് (Everything is for Sale) ആദ്യമായി കണ്ട വൈദ പടം. കാഴ്ചക്കാരന് പൂരിപ്പിക്കാനെന്നോണം പലതും ബാക്കി വെക്കുന്ന വൈദ വൈഭവം അന്നേ രസിച്ചിരുന്നു.പിന്നീട് കണ്ടയോരോ സിനിമയിലും വൈദയുടെതായ അടയാളങ്ങള്‍ പ്രകടമായിരുന്നു. ഒടുവില്‍ ചെയ്ത / കണ്ട ആഫ്ടര്‍ ഇമേജ് ( Afterimage) വരെ അത് തുടിച്ചു നില്‍ക്കുന്നുമുണ്ട്.

വൈദയ്ക്ക് സിനിമാ കേവല സര്‍ഗ്ഗ ആവിഷ്കാരങ്ങള്‍ മാത്രമായിരുന്നില്ല. തീ പിടിച്ച നിലപാടുകളുടെ ആര്‍ജവത്തോടെയുള്ള പ്രഖ്യാപനങ്ങളായിരുന്നു. രാഷ്ട്രീയ – സാമൂഹ്യവ്യതിയാനങ്ങളോടുള്ള ഉറച്ച പ്രതിഷേധങ്ങളായിരുന്നു. കാലത്തിനു നേരെ സിനിമയെ ഇത്രമേല്‍ മൂര്‍ച്ചയുള്ള ആയുധമായി ഉപയോഗിച്ചവര്‍ കുറവാണ്. പോളീഷ് സമൂഹത്തിന്‍റെ മാറുന്ന അരക്ഷിതാവസ്ഥകളുടെ ടൈംലൈന്‍ എന്നൊക്കെ വിശേഷിപ്പിക്കത്തക്കവിധമാണ് വൈദ സിനിമകളെ പ്രതിഫലിപ്പിച്ചത്. ഭരണകൂടങ്ങളെയും , പ്രത്യയശാസ്ത്രങ്ങളെയും തീവ്രമായി വെല്ലുവിളിച്ചും , നട്ടെല്ല് വളയ്ക്കാതെ വിമര്‍ശിച്ചും ഒരു സമാന്തരരാഷ്ട്രീയ ജീവിതത്തിന്‍റെ ആവിശ്യകതയിലെക്കൊരു ജനതയെ വിളിച്ചു കയറ്റി കൊണ്ടിരുന്നു.

എഴുപതുകളായിരുന്നു വൈദയുടെ ക്ഷുഭിതകാലം. ലോകത്തിന്‍റെയെല്ലാ അതിരുകളിലും വിപ്ലവത്തിന്‍റെ വാള്‍ത്തല തിളങ്ങി നിന്നിരുന്ന ആ കാലത്തെ വൈദ ആവിഷ്കരിച്ചത് സിനിമയെന്ന രാഷ്ട്രീയ ഭൂപടത്തിന്‍റെ ഓരോ അതിരിലും കൊടികളുയര്‍ത്തി കൊണ്ടാണ്. ഒരു രാഷ്ട്രീയ താത്പര്യത്തിനും അടിമപ്പെടാതെ വൈദ ഭരണകൂട ഭീകരതകളെ പ്രതിക്കൂട്ടില്‍ കയറ്റി വിസ്തരിച്ചുകൊണ്ടിരുന്നു. ലോകമഹായുദ്ധത്തിനു ശേഷം മാറി മാറി വന്ന അധികാര കേന്ദ്രങ്ങളെ വൈദ പുരികമുയര്‍ത്തി ചൊടിപ്പിച്ചു കൊണ്ടേയിരുന്നു. The Promised Land (1975) പോലുള്ള സിനിമകള്‍ കെട്ടിചമയ്ക്കപ്പെട്ട സ്റ്റാലിനിസ്റ്റ് ചരിത്രത്തിനുള്ള കരണത്തടിയായിരുന്നു.

പറഞ്ഞുപോകുന്ന രാഷ്ട്രീയത്തിനൊപ്പം സിനിമയുടെ കലാസാധ്യതകളെയും അദ്ദേഹം കൂര്‍പ്പിച്ചു കൊണ്ടിരുന്നു. സിമ്പോളിസത്തിന്‍റെ വിനിമയ സാധ്യതകള്‍ കൈവിട്ടുപോവാതെയാവിഷ്കരിക്കുന്നതില്‍ വൈദയ്ക്ക് പ്രത്യേക വഴക്കമുണ്ടായിരുന്നു. വൈകാരി ഘടകങ്ങളെ വേണ്ടവിധത്തില്‍ അലിയിച്ചു നിര്‍ത്തി കാഴ്ചക്കാരന്റെയുള്ളില്‍ ശാന്തമായ ഭൂകമ്പങ്ങള്‍ക്ക് തീവെക്കാനുമയാള്‍ക്ക് ഗൂഡതാത്പര്യമുണ്ടായിരുന്നു. ഒടുവില്‍ പുറത്തിറങ്ങിയ ആഫ്ടര്‍ ഇമേജിലും അത് അനുഭവവേദ്യമാണ്.

ലോകമെല്ലാക്കാലത്തും ഒരേ നിലയില്‍ ഒഴുകി നിറയുന്ന ആവര്‍ത്തനങ്ങളുടെ സങ്കേതമാണെന്നും, ചരിത്രത്തിന്‍റെ മുറിവുകള്‍ വര്‍ത്തമാനത്തിന്‍റെ ദിശാസൂചികളായിരിക്കണമെന്നും വൈദ സംവദിച്ചു കൊണ്ടിരുന്നു. നിലവിലെ പോളീഷ് രാഷ്ട്രീയസാഹചര്യത്തില്‍ ഇടതുപക്ഷത്തിന്‍റെ ക്രൂരമായ ഭരണചരിത്രം ഓര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് പോലുമൊരു രാഷ്ട്രീയപ്രവര്‍ത്തനമാണ് . തൊണ്ണൂറാമത്തെ വയസില്‍ തന്‍റെ ഒടുവിലത്തെ സിനിമയിലും വൈദ നിഷ്ഠയോടെ തന്‍റെ രാഷ്ട്രീയനിലപാട് കോര്‍ത്തുവെച്ചിരിക്കുന്നു.

കലയും കമ്യൂണിസവും പലകാലത്തും വിരുദ്ധദേശങ്ങളിലെ ഇരയും വേട്ടക്കാരനുമായിരുന്നു. ചരിത്രത്തിന്‍റെ അരികുകളിലൊക്കെയും തകര്‍ത്തെറിയപ്പെട്ടവരുടെയും, ഉള്‍വലിഞ്ഞടിഞ്ഞു പോയവരുടെയും അവശിഷ്ടങ്ങളനവധിയാണ്. ചിത്രകലയെ തുടര്‍ച്ചകളിലേക്ക് തള്ളിയിടാതെ അതിരുകളെ അട്ടിമറിക്കാന്‍ ആസ്വദിച്ചായാസപ്പെടുന്ന ചിത്രകാരനാണ് വ്ലാഡ്ഷോ സ്ട്രെമിന്‍സ്കി. ലോകമഹായുദ്ധത്തിലൊരു കൈയും,കാലും നഷ്ട്ടപ്പെട്ടിട്ടും ആര്‍ജവത്തോടെ ക്യാന്‍വാസില്‍ സ്വയമാവിഷ്കരിക്കപ്പെടുന്നൊരാള്‍.

സ്റ്റാലിനിസ്റ്റ് കാലം സോഷ്യല്‍ റിയലിസത്തിന്‍റെ പ്രത്യയശാസ്ത്രങ്ങളടിച്ചേല്‍പ്പിച്ചു തുടങ്ങുമ്പോള്‍ ഭരണകൂടത്തിന്‍റെ മുഴക്കങ്ങള്‍ക്കൊത്ത് വഴി തിരിച്ചു വിടാനാവുന്നതല്ല കലയെന്നു പ്രഖ്യാപിക്കുന്ന സ്ട്രെമിന്‍സ്കി. ശേഷം ആ പ്രതിരോധസ്വരത്തിന്‍റെ വിനിമയങ്ങളെയെല്ലാം ബ്യൂറോക്രസി ഒന്നൊന്നായി അടച്ചൊതുക്കുന്നു. അയാള്‍ തെളിഞ്ഞോഴുകിയിരുന്ന വഴികളിലെല്ലാം അധികാരം അനീതിയുടെ വേലികളുയര്‍ത്തി കെട്ടുന്നു , കാല്‍ചുവട്ടിലെ മണ്ണറുത്തു മാറ്റപ്പെടുമ്പോഴും അയാള്‍ക്ക് ദിശ തെറ്റുന്നില്ല. ദിവസവേതനത്തിന് സ്റ്റാലിന്‍റെ ചിത്രങ്ങള്‍ വരയ്ക്കുമ്പോഴും അവരുടെ രാഷ്ട്രീയത്തിനു മുന്നില്‍ കഴുത്തു കുനിക്കുന്നില്ല.

എതിര്‍ത്തു നില്‍ക്കുന്നവനെ അടപടലം തൂത്തുമാറ്റുന്ന ഇടതുപക്ഷ രീതിശാസ്ത്രം തൊഴിലില്‍ നിന്നും , നിലനില്‍പ്പില്‍ നിന്നുമയാളെ നിരന്തരം പുറത്താക്കുന്നു. തുടരെ വേട്ടയാടപ്പെടുമ്പോഴും ഒരിക്കല്‍ പോലുമയാള്‍ ഇരയുടെ ദുര്‍ബലതയിലേക്ക് കയറിവരുന്നുമില്ല. അസന്തുലിതമായ ഭാവങ്ങളും , അസാധാരണപെരുമാറ്റങ്ങളും കൊണ്ടൊരു കലാകാരന്റെതായ അസ്വസ്ഥസ്വഭാവത്തിലൂടെയും വ്രെന്‍സ്കി കൗതുകമുണ്ടാക്കുന്നുണ്ട്.

വ്രെന്‍സ്കിയുടെ മകള്‍ നിക്ക ഏറ്റവും ശക്തമായ സ്ത്രീ സാന്നിധ്യമാണ്. നിക്കയിലൂടെ കടന്നു വരുന്ന/പോകുന്ന കാഴ്ചകള്‍ ഉള്ളിലെവിടെയെങ്കിലുമൊക്കെ വിള്ളലുണ്ടാക്കിയേക്കും.നിക്കയുടെ കണ്ണിലൂടെ മാത്രം കണ്ടു തീര്‍ക്കേണ്ടി വരുന്നൊരു ചിത്രമാണിത് അഥവാ കാഴ്ചക്കാരനെ സിനിമയില്‍ കുരുക്കിയിടുന്ന കെണിയാണ്‌ നിക്ക.

തൊണ്ണൂറുകാരന്‍ സംവിധാനം ചെയ്ത സിനിമയാണിതെന്നു ആരെങ്കിലും കൗതുകത്തോടെ പറയുമ്പോള്‍ മാത്രമങ്ങനെ ആലോചിക്കേണ്ടിയിരിക്കുന്നു. സിനിമയോടുള്ള അഭിനിവേശം എങ്ങനെ പ്രായത്തിനോ , കാലത്തിനോ പിടിച്ചിരുത്താനാവുന്നതുമല്ല. തൊണ്ണൂറാമത്തെ വയസ്സില്‍ ജന്മനാടിന്റെ ചരിത്രം തീക്ഷ്ണമായി കോറിയിട്ടു കടന്നുപോയ ആന്ദ്രെ വൈദ, ഇതിലും മികച്ചൊരു ഹോമേജ് നിങ്ങള്‍ക്ക് സിനിമയ്ക്ക് നല്‍കാനാവില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അയ്യപ്പന്‍ മൂലശ്ശേരീല്‍

അയ്യപ്പന്‍ മൂലശ്ശേരീല്‍

മാന്നാനം കെഇ കോളേജില്‍ വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍