UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആശുപത്രി മാഫിയ, ക്വട്ടേഷന്‍ പോലീസ്; തിരുവനന്തപുരം എസ് പി ഫോര്‍ട്ട് ഹോസ്പിറ്റലിലും ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലും നടന്നത്

Avatar

വി ഉണ്ണികൃഷ്ണന്‍

അത്യാസന്ന ചികിത്സയില്‍ കഴിയുന്ന സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ഒരിക്കലെങ്കിലും ബ്ലഡ് ഡോണേഴ്സ്  കേരളയില്‍ ബന്ധപ്പെടാത്തവര്‍ കുറവായിരിക്കും. രക്തം ലഭിക്കാന്‍ പ്രയാസമുള്ളപ്പോള്‍ നമ്മള്‍ ആദ്യം ഡയല്‍ ചെയ്യുന്ന നമ്പര്‍ അവരുടേതാകും. പ്രതിഫലേച്ഛയില്ലാതെ സേവന മനോഭാവത്തോടു കൂടി നില്‍ക്കുന്നവരാണ് ഇതില്‍ അംഗമായവര്‍. അത്തരത്തില്‍ തിരുവനന്തപുരത്തുകാര്‍ എപ്പോഴും ബന്ധപ്പെടാറുള്ള ഒരാളാണ് അനീഷ്‌ പോത്തന്‍കോട്. ആവശ്യക്കാര്‍ക്ക് പറഞ്ഞ സമയത്ത് രക്തമെത്തിക്കാന്‍ പലപ്പോഴും രാപ്പകല്‍ നെട്ടോട്ടത്തിലായിരിക്കും ഈ ചെറുപ്പക്കാരന്‍.

മൂന്നു ദിവസമായി അനീഷ്‌ മെഡിക്കല്‍ കോളേജില്‍ തന്നെയുണ്ട്. ഇത്തവണ രക്തദാനത്തിനല്ല അനീഷ്‌ അവിടെയെത്തിയത്. രക്തം ആവശ്യമുള്ളവര്‍ക്ക് സഹായിയായി, ദാനത്തിനു സന്നദ്ധരായവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ട് വാര്‍ഡുകളില്‍ നിന്നും വാര്‍ഡുകളിലേക്ക് പോകുന്ന അനീഷ്‌ ഇപ്പോള്‍ എഴുന്നേല്‍ക്കാനാവാതെ 18ാം വാര്‍ഡിലെ 46-ആം ബെഡ്ഡില്‍ കിടക്കുകയാണ്. ഇയാളെ അവിടെയെത്തിച്ചത് തിരുവനന്തപുരം ഫോര്‍ട്ട്‌ പോലീസ് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദ്ദനവും. തിരുവനന്തപുരം എസ്പി ഫോര്‍ട്ട്‌ ഹോസ്പിറ്റലിലെ പകല്‍ക്കൊള്ള വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പ്രതികാരമാണ് നീതിപാലകര്‍ കൂലിത്തല്ലുകാരുടെ കുപ്പായമണിഞ്ഞ് നടപ്പിലാക്കിയത്.

2015 ജൂണ്‍ ആറാം തീയതിയാണ് അനീഷിന്റെ സുഹൃത്ത് വിനീഷിനെ അപകടത്തെത്തുടര്‍ന്ന് തലസ്ഥാനത്തെ തന്നെ പ്രശസ്തമായ എസ്പി ഫോര്‍ട്ടില്‍ പ്രവേശിപ്പിക്കുന്നത്. മുറിവില്‍ പുരണ്ട മണ്ണും അഴുക്കുകളും നീക്കുക എന്ന പ്രാഥമിക കാര്യങ്ങള്‍പോലും കാര്യക്ഷമമായി നിര്‍വ്വഹിക്കാഞ്ഞ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണം മജ്ജയില്‍ അണുബാധയുണ്ടായി എന്ന് ഇവരുടെ സുഹൃത്ത് പറയുന്നു. അന്നു തന്നെ ഓപ്പറേഷന് തയ്യാറാവണം എന്ന് വിനീഷിനോടും കൂടെയുള്ളവരോടും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. വിനീഷിന്റെ കാല്‍ മുറിച്ച് മാറ്റല്‍ മാത്രമേ ഇനി നിവൃത്തിയുള്ളൂ എന്നും ആശുപത്രി അറിയിച്ചു. അതിനു താല്പര്യം പ്രകടിപ്പിക്കാതിരുന്ന അനീഷും കൂട്ടുകാരും സുഹൃത്തിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാം എന്നുള്ള തീരുമാനത്തിലെത്തി.

രോഗിയുടെയും ബന്ധുക്കളുടെയും തീരുമാനം അറിഞ്ഞ അന്ന് രാത്രി തന്നെ ആശുപത്രിയിലെത്തിയ അസ്ഥിരോഗ വിഭാഗം തലവന്‍ ഡോക്ടര്‍ ചെറിയാന്‍ എംതോമസ്‌ പിറ്റേന്ന് തന്നെ ശാസ്ത്രക്രിയ നടത്തുമെന്ന് അറിയിച്ചതായി അനീഷ്‌ പറയുന്നു. 

പിറ്റേ ദിവസം രാവിലെ നടത്താമെന്ന് തീരുമാനിച്ച ശാസ്ത്രക്രിയ വൈകിട്ടായിട്ടും നടന്നില്ല. ഇതിനിടയില്‍ മുറിവ് ക്ലീന്‍ ചെയ്യേണ്ടിവരും എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അതിനുശേഷമാണ് കാലുമുറിച്ചു മാറ്റുകയല്ലാതെ മറ്റൊരു വഴിയും ഇതിനില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. കൂടെ വേറെ ഏതാശുപത്രിയില്‍ കൊണ്ടുപോയാലും ഇതുതന്നെ മാര്‍ഗ്ഗം എന്നുള്ള ഉപദേശവും. അതുവരെയുള്ള ചികിത്സാച്ചെലവ്‌ 2,70,000 രൂപയുടെ ബില്ലും അതോടൊപ്പം നല്‍കി. അതില്‍ ശാസ്ത്രക്രിയ നടന്നതായും ഓപ്പറേഷന്‍ ചാര്‍ജ്ജ് എന്നതില്‍ 1,53,500 രൂപ ചെലവ് വന്നതായും പറയുന്നു. രണ്ടു ലക്ഷം രൂപയും ബാക്കിത്തുകയ്ക്കുള്ള പ്രോമിസറി നോട്ടും അനീഷ്‌ കൌണ്ടറില്‍ നല്‍കി. അപ്പോള്‍ ആശുപത്രി അധികൃതരുടെ മറുപടി മറ്റൊന്നായിരുന്നു. മിച്ചമുള്ള തുക നല്‍കുന്നതുവരെ പണയപ്പണ്ടമായി വിനീഷ് എസ്പി ഫോര്‍ട്ടില്‍ കിടക്കണം. അതുവരെയുള്ള ചാര്‍ജ്ജ് ഈടാക്കില്ല എന്നുള്ള ഓഫറും. ഇതിനിടയില്‍  എപ്പോഴോ മുറിവ് പരിശോധിച്ചപ്പോള്‍ കാലില്‍ കമ്പി ഇട്ടതായി കണ്ടെത്തി, അതും വളരെ അശ്രദ്ധമായി. എല്ലാത്തിനും ശേഷം പണമടച്ച് വിനീഷിനെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

തുടര്‍ന്ന് വിനീഷിനെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്തു തന്നെ നഷ്ടപ്പെട്ട കാല്‍വിരലുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പറ്റിയില്ല എന്നുള്ളതൊഴിച്ചാല്‍ വിനീഷ് പൂര്‍ണ്ണ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. ശേഷം അയാളെയും കൂട്ടി എസ്പി ഫോര്‍ട്ട്‌ ആശുപത്രിയിലെത്തിയ അനീഷ്‌ സംഭവത്തെക്കുറിച്ച് മാനേജ്മെന്റിനോട് സംസാരിക്കുകയും നഷ്ടപരിഹാരമാവശ്യപ്പെടുകയും ചെയ്തു. ഇവരോട് സിഇഒ ഡോ. അശോകന്‍, പബ്ലിക് റിലേഷന്‍ മാനേജര്‍ ശിവന്‍ പിള്ള എന്നിവര്‍ സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലായിരുന്നു. കൊണ്ടും കൊടുത്തുമാണ് ഇവിടം വരെയെത്തിയത്. ഇക്കാര്യം പുറത്തറിഞ്ഞാല്‍ അതിന്‍റെ പ്രത്യാഘാതം രൂക്ഷമായിരിക്കും എന്നുള്ള ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍ ചര്ച്ചയ്ക്കെന്ന പേരില്‍ ഇവര്‍ ഇടയ്ക്കിടെ അനീഷിനെയും  കൂട്ടരെയും ആശുപത്രിയില്‍ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

ഇതിനിടെ തനിക്കോ തന്റെ കുടുംബത്തിനോ എന്തെങ്കിലും അപായമുണ്ടാവുകയാണെങ്കില്‍ അതിനു കാരണക്കാര്‍ എസ്പി ഫോര്‍ട്ട്‌ മാനെജ്മെന്റ് ആയിരിക്കും എന്നു കാണിച്ച് അനീഷ്‌ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടു. ഫേസ്ബുക്കിലെ സുഹൃത്തുക്കളെ ഇക്കാര്യമറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റ് അനീഷിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയ്ക്കായി ഹൈടെക് സെല്ലിലെ ഡിവൈഎസ്പി വിനയകുമാര്‍ രണ്ടു കൂട്ടരെയും വിളിപ്പിക്കുകയും കേസ് പിന്‍വലിക്കാന്‍ ധാരണയാവുകയും ചെയ്തു.

പിന്നീടാണ് അനീഷിനെ ആശുപത്രിക്കിടക്കയിലെത്തിച്ച സംഭവമുണ്ടായത്. മാര്‍ച്ച് ഒന്നാം തീയതി രാവിലെ 9.22 ന് അനീഷിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. സുധീഷ്‌ കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു അങ്ങേ തലയ്ക്കല്‍. എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്‌ സ്റ്റേഷനില്‍ ഹാജരാവണം എന്നായിരുന്നു നിര്‍ദ്ദേശം.

അന്ന് അഞ്ചുമണിയോടെ സ്റ്റേഷനില്‍ എത്തിയ അനീഷിനെയും സുഹൃത്ത്  വിനീഷിനെയും കാത്തിരുന്നത് ആശുപത്രി അധികൃതരും ചില പോലീസുകാരുമായിരുന്നു.

‘കണ്ടപാടെ മൊബൈല്‍ ഫോണ്‍ എടുക്കെടാ എന്നു ചോദിച്ചുകൊണ്ടായിരുന്നു അടി തുടങ്ങിയത്. ഫോണ്‍ നല്‍കാന്‍ വിമുഖത കാട്ടുകയും അനുരഞ്ജനത്തിനല്ലേ വിളിച്ചത്, പ്രതിയല്ലല്ലോ എന്നു മറുപടി നല്‍കുകയും ചെയ്തപ്പോള്‍ മര്‍ദ്ദനത്തിന്റെ രീതിയും മാറി. സിഐ മനോജ്‌ കുമാറിന്റെയും ഷാജിമോന്‍ എന്ന പോലീസുകാരന്റെയും നേതൃത്വത്തില്‍ പത്തോളം പോലീസുകാര്‍ എന്നെയും വിനീഷിനെയും  തല്ലിച്ചതച്ചു. എന്റെ തലയ്ക്കും കഴുത്തിലും ബൂട്ടിട്ടു ചവിട്ടുകയും ക്രൂരമായ രീതിയില്‍ മര്‍ദ്ദിക്കുകയും ചെയ്തു. കാലിന്റെ പ്രശ്നം പരിഹരിക്കാന്‍ നാളുകള്‍ ആശുപത്രിയില്‍ കിടന്നിട്ടു വന്ന വിനീഷിനും കിട്ടി ഉരുട്ടിക്കൊലയ്ക്ക് പേരുകേട്ട സ്റ്റേഷനില്‍ നിന്നും മനുഷ്യത്വമില്ലാത്ത രീതിയിലുള്ള മര്‍ദ്ദനം. എല്ലാറ്റിനും സാക്ഷിയായി ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും അവിടെയുണ്ടായിരുന്നു.’- അനീഷ്‌ പറഞ്ഞു.

രണ്ടുപേരുടെയും ശരീരത്തില്‍ ഇപ്പോഴും മര്‍ദ്ദനത്തിന്റെ അടയാളങ്ങള്‍ കരുവാളിച്ചു കിടക്കുന്നത് കാണാം. 

അന്നു രാത്രി 11 മണിയോടെയാണ് ഇവര്‍ രണ്ടുപേരും സ്റ്റേഷന്റെ വെളിയില്‍ എത്തുന്നത്. മൊബൈല്‍ അപ്പോഴും തിരികെ നല്‍കിയിരുന്നില്ല. പിറ്റേ ദിവസം എട്ട് മണിയോടെ മൊബൈല്‍ തിരികെ വാങ്ങി വീട്ടിലേക്കു വരുന്ന വഴി ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ആവുകയായിരുന്നു. തലയ്ക്കേറ്റ അടിയുടെ ആഘാതം വിട്ടുമാറാത്ത അവസ്ഥയിലാണ് അനീഷ്‌ ഇപ്പോഴും.

എസ്പി ഫോര്‍ട്ട്‌ ആശുപത്രി പബ്ലിക് റിലേഷന്‍ മാനേജര്‍ ശിവന്‍ പിള്ള ഇക്കാര്യം നിഷേധിക്കുന്നു. സുഹൃത്തിന്റെ വിഷയത്തില്‍ അനീഷ്‌ നഷ്ടപരിഹാരം ആവശ്യപ്പെടിരുന്നു എന്നും തങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു എന്നും ശിവന് പിള്ള പറയുന്നു. തുടര്‍ന്ന്‍ നടന്ന സംഭവങ്ങള്‍ മാനേജ്മെന്റ് ഇടപെട്ടിട്ടില്ല എന്നുമാണ് ആശുപത്രിയുടെ വാദം. 

ഇതിനെതിരെ ഒരു പ്രതിഷേധ കൂട്ടായ്മക്കൊരുങ്ങുകയാണ് അനീഷിന്റെ സുഹൃത്തുക്കള്‍. മാര്‍ച്ച് ആറ് ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് സെക്രട്ടേറിയറ്റ് പടിക്കല്‍ ഇവര്‍ ഒത്തുകൂടും. കൂടുതല്‍ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കൂട്ടായ്മയുടെ തീരുമാനം.  

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍