UPDATES

സ്വാമി സംവിദാനന്ദ്

കാഴ്ചപ്പാട്

നദിയൊഴുകും വഴി

സ്വാമി സംവിദാനന്ദ്

സദാചാരക്കാരേ, നിങ്ങളില്ലാതാക്കിയത് അനീഷ് എന്ന പ്രതിഭയെയാണ്

ചാക്യാർകൂത്തിൽ സംസ്ഥാന പ്രതിഭ; ഒരു കടുംബം പടപൊരുതിയുണ്ടാക്കിയവൻ

ചികിത്സയുടെ ഭാഗമായ് സഞ്ചരിക്കാൻ വയ്യാത്തകൊണ്ട് താമസിച്ചിരുന്ന അടുത്തേക്ക് തന്നെ ഷൂട്ടിങ്ങിന്റെ പ്രവർത്തകരെ   വിളിക്കേണ്ടി വന്നു. ഒരു ഷോട്ട് എടുക്കാൻ അഴീക്കൽ കടപ്പുറത്ത് പോവണമായിരുന്നു. എനിക്ക് മുൻപേ ലൊക്കേഷൻ സെലക്ട് ചെയ്യാൻ നാലഞ്ച് ഷൂട്ടിങ്ങ് പ്രവർത്തകർ അങ്ങോട്ട് പോകാനൊരുങ്ങി. എല്ലാവരും ചെറിയ പ്രായക്കാരായത് കൊണ്ട് എങ്ങോട്ട് പോയാലും ശ്രദ്ധിക്കണം. അവിടെയാണ്‌ കഴിഞ്ഞ ദിവസം സദാചാര പോലീസാക്രമണം ഉണ്ടായത് എന്നു പറയേണ്ടി വന്നു. സത്യത്തിൽ അത്രയും പറഞ്ഞശേഷമാണ്‌ ആലോചിച്ചത് എന്തുകൊണ്ട് അങ്ങനെ അവരോട് പറയാൻ തോന്നി എന്ന്. തീർച്ചയായും എല്ലാവരും ന്യൂജെൻ കുട്ടികൾ, അവരവിടെ ആഹ്ളാദിച്ച് നടന്നാൽ ആർക്കൊക്കെ എങ്ങനെയൊക്കെ വികാരം വ്രണപ്പെടും എന്നറിയില്ല എന്നത് കൊണ്ട് മാത്രമായിരുന്നു.

ആയുർവേദ ചികിത്സയുടെ ഭാഗമായി എല്ലാ ദിവസവും ട്രീറ്റ്മെന്റ് ഉണ്ടായിരുന്നു. ഒരു മണിക്കൂറിനു മുകളിൽ സമയം വരും തിരുമ്മാൻ. തിരുമ്മുകാർ തമ്മിൽ സംസാരിക്കുമ്പോൾ ചിലപ്പോൾ ഞാൻ കണ്ണടച്ച് കിടക്കുകയാകും, ചിലപ്പോൾ ഉറങ്ങിയും പോകും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അവരുടെ സംസാരം കേട്ടിരുന്നു. അത് കൊണ്ട് മാത്രമാണ്‌ ആ കുട്ടികൾക്ക് ആ പ്രദേശത്തെക്കുറിച്ച് ഒരു മുന്നൊറിയിപ്പ് കൊടുത്തത്.

ആദ്യ ദിവസം അവർ തമ്മിൽ സംസാരിച്ചത് അവിടെ ഒരു ചെക്കനേം പെണ്ണിനേം നാട്ടുകാർ അടിച്ചതിന്റെയും അതിന്റെ ചിത്രങ്ങൾ വാട്സാപ്പിൽ ഇട്ടതിന്റെയും അതിന്റെ ക്ളിപ്പ് എല്ലാവർക്കും അയച്ച് കൊടുത്തതിന്റെയും അവിടെ നിറയെ പ്രണയക്കാരുടെ ബഹളമാണ്‌ എന്നൊക്കെയുള്ള കാര്യങ്ങളായിരുന്നു.

അനീഷ് മരിച്ച ശേഷം ഇന്നലെ നടന്ന അവരുടെ സംസാരത്തിൽ നാട്ടുകാരായ കുട്ടികളുടെ ഹീറോയിസത്തെക്കുറിച്ചുള്ള പരിവേഷമൊക്കെ പോയി പകരം പ്രാദേശികരായ ചിലർ ഒരു മറയിൽ ഇരുന്ന് മദ്യപിക്കുന്നതിന്‌ അടുത്ത് മൂത്രമൊഴിക്കാൻ ചെന്ന പെൺകുട്ടിയെ പറ്റി ആദ്യമായി പറഞ്ഞ് കേൾക്കുന്നു. ഉപദ്രവിച്ച ചെറുപ്പക്കാരൊക്കെ, “ഡീസെന്റ് പയ്യമ്മരാ, അല്പം കുടിച്ചത് കൊണ്ടാവും സംഭവം കൈവിട്ട് പോയ”തെന്നാണ്‌ അവർ തമ്മിലുള്ള സംസാരം.

ഇന്ന് ഉചകഴിഞ്ഞാണ്‌, അട്ടപ്പാടിയിൽ അനീഷിന്റെ വീട്ടിലേക്ക് പോകുന്ന പ്രമോദ് ജി എന്ന പ്രിയ മിത്രമാണ്‌ ആ ഞെട്ടിക്കുന്ന വിവരം പറഞ്ഞത്. സദാചാര ആക്രമണത്തിന്റെ ഇര പ്രിയപ്പെട്ട ഒരു കുട്ടിയാണ്‌. അവൻ വെറും സാധാരണ കുട്ടിയല്ല. ഒരിക്കൽ മാത്രമെ കണ്ടിട്ടുള്ളു എങ്കിലും 100 ശതമാനം ഉറപ്പിച്ച് പറയാം, താണ്ടി വന്ന ദുരിതക്കയങ്ങളെയൊക്കെ നിഷ്പ്രഭമാക്കി കണ്ടുമുട്ടുന്ന ഏതൊരാൾക്കും സന്തോഷം തോന്നും വണ്ണം പെരുമാറുന്ന, സമപ്രായക്കാർക്ക് ആരാധന തോന്നിക്കുന്ന ആളായിരുന്നു. ചാക്യർ കൂത്തിൽ സംസ്ഥാന പ്രതിഭയായിരുന്നു.

അനീഷ് ഒത്തിരി ദുരിതം നീന്തിക്കയറിവന്നതാണ്‌. അഞ്ചാംക്ളാസ്സിലേക്ക് എത്തുന്ന പ്രായത്തിൽ അവനും സഹോദരനും അമ്മയും അഭയം തേടി ഒരു സ്ഥാപനത്തിൽ എത്തിയതാണ്‌. അവിടെ നിന്നാണ്‌ അവന്റെ പഠനവും കലാപ്രവർത്തനവും ഒക്കെ മികച്ച തരത്തിലാവുന്നത്. ചാക്യാർ കൂത്തിലടക്കം കലാ മേഖലയിൽ വലിയ ഉയരങ്ങൾ താണ്ടേണ്ടിയിരുന്നവൻ. ഏതു വേദിയിൽ കയറിയാലും തമാശയും ഹാസ്യവും കൊണ്ട് മുഴുവൻ പേരേയും കൈയിലെടുക്കാൻ കഴിവുണ്ടായിരുന്നവൻ

തീർത്തും കെട്ടുപോകുമായിരുന്ന ഒരു ജീവിതത്തെ, അമ്മയും സഹോദരനും അടങ്ങുന്ന ഒരു കുഞ്ഞ് കുടുംബത്തെ അവന്റെയും സഹോദരന്റെയും കഠിനാദ്ധ്വാനവും പരിശ്രമവും മൂലം പച്ചപിടിപ്പിച്ച് വരുന്ന സമയം. ഞാൻ ആദ്യമായും അവസാനമായും അവനെ കാണുന്നത് കഴിഞ്ഞ ക്രിസ്തുമസ്സ് അവധിക്കാണ്‌. അട്ടപ്പാടി ആദിവാസി ഊരുകളിലെ വിദ്യാർത്ഥികളെ അവധിക്കായി വീട്ടിലേക്ക് വിട്ടാൽ എല്ലാവരും തിരികെ എത്തില്ല. അതൊക്കെയുള്ളത് കൊണ്ട് ഊരുകൾ വഴി കുട്ടികളുടെ വീടും തേടി പോകാൻ നില്ക്കുമ്പോഴാണ്‌ അവൻ ഒരു ബൈക്കിൽ എത്തിച്ചേരുന്നത്. തലേദിവസം ഉറങ്ങാതെ വണ്ടിയോടിച്ചിരുന്നത് കൊണ്ട് ക്ഷീണം ഉണ്ടായിരുന്നു. അതൊക്കെ മനസ്സിലാക്കി അവൻ ഞങ്ങളെ സഹായിച്ചു.

നമ്മൾ വിചാരിക്കുന്നതിലും അധികമായി പ്രവർത്തിക്കാൻ ഉള്ള അവന്റെ കഴിവ് കണ്ട് പ്രമോദ് ജീയാണ്‌ പറഞ്ഞത്, അവന്‌ ബുദ്ധികൂടുതലാണ്‌; നമ്മൾ മനസ്സിൽ കാണുന്നത് കൂടി കണ്ടെ അവൻ പ്രവർത്തിക്കൂ.

ഭവാനി പുഴയിൽ കുളിച്ച ശേഷം തൊട്ടടുത്തൊരു ചെറിയ കടയിൽ നിന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, അഞ്ചാം ക്ളാസ്സുമുതൽ അവനോടടുത്ത് പെരുമാറുന്ന അദ്ദേഹം ഇപ്പോൾ കിട്ടുന്ന ശമ്പളം എങ്ങനെ ചിലവഴിക്കണം എന്നൊക്കെ പറഞ്ഞു കൊടുത്തു.

ഇത്രയും നാൾ കഷ്ടപ്പെട്ട അമ്മയെ ജോലിക്ക് വിടാതെ വീട്ടിൽ നിർത്താൻ തുടങ്ങിയിട്ട് അധികമായിട്ടില്ല.

സത്യത്തിൽ ഈ മരണം ആ കുടുംബത്തെ എങ്ങനെ എരിച്ചുകളയും എന്നതിലുപരി അവനെങ്ങനെ മരിക്കാൻ തോന്നി എന്നതായിരുന്നു എന്റെ സംശയം. കാരണം എല്ലാവർക്കും കൗൺസിൽ ചെയ്യാൻ നടക്കുന്ന ഒരു യുവാവ് ഇത്ര ചെറിയ സംഭവത്തിൽ ആത്മഹത്യ ചെയ്യുമോ?

അവന്റെ സങ്കടം മുഴുവൻ ആ പെൺകുട്ടിയുടെ മാനം പോയി എന്നതിലായിരുന്നു. എന്ത് ചെയ്താലും അതിജീവിക്കാനുള്ള കരുത്തുള്ള ഒരാളായിരുന്നു അവൻ. ഏത് സ്റ്റേജിലും എത്രപേരെയും നിഷ്പ്രയാസം പിടിച്ചിരുത്താൻ കഴിവുള്ള ഒരു ചെറുപ്പക്കാരൻ.

തീർച്ചയായും വലിയ സ്വപ്നങ്ങൾ കാണാൻ മാത്രം ഒന്നും കയ്യിലില്ലാതിരുന്നിട്ടു കൂടി സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനം കിട്ടുന്ന ഒരു പ്രതിഭയാവുന്നത് അവന്റെ കഴിവും സ്ഥിരോത്സാഹവും കൂടിച്ചേർന്നിട്ടാണ്‌. ഒത്തിരി സ്വപ്നങ്ങൾ കാണുന്ന ഒരാളെ നിഷ്പ്രയാസം കൊന്നൊടുക്കാൻ സദാചാരക്കാർക്കായി.

മൂത്രമൊഴിക്കാൻ പോയ ഒരു പെൺകുട്ടിയെയും കൂടെയുണ്ടായിരുന്ന ആൺകുട്ടിയെയും ഉപ്രദ്രവിക്കുകയും അത് വാട്സാപ്പിലിട്ട് ഒരാളുടെ ജീവനെടുക്കാൻ ആ സദാചാരക്കാർക്ക് സാധിച്ചു.

ഏത് നിമിഷവും അക്രമിക്കാനൊരുങ്ങുന്ന ഒരു സദാചാര മന:സ്ഥിതി കേരളീയർക്കുണ്ട്. ഇത് വെറുതെ ഉണ്ടാവുന്നതല്ല. ഏതെങ്കിലും സംഘടിത മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ അതിപ്രസരമുള്ള സ്ഥലത്താണ്‌ ഇത് കൂടുതലായ് കാണപ്പെടുന്നത്.

രാജ് മോഹൻ ഉണ്ണിത്താനൊപ്പം മുഖം മറച്ചിരുന്ന സ്ത്രീ മുതൽ യൂണിവേഴ്സിറ്റി കോളേജിൽ ആക്രമിക്കപ്പെട്ടവർ വരെ സദാചാര മനസ്കരുടെ ഇരകളാണ്‌.

ഒറ്റപ്പെട്ട ഏരിയകളിൽ മാത്രം കൊല്ലപ്പെട്ടിരുന്ന മനുഷ്യരെ എല്ലാസ്ഥലത്തേക്കും വളർത്താൻ ഈ കാലത്ത് കഴിയുന്നത് വാട്സപ്പ് പോലുള്ളവയുടെ സഹായത്താലാവും.

ഒരു പെണ്ണും ആണും ചേർന്നിരുന്നാൽ, സ്ത്രീയും പുരുഷനും ഉമ്മവച്ചാലോ ലൈംഗിക ബന്ധത്തിലേർപ്പെട്ടാലോ ഇടിഞ്ഞുപോകുന്ന ലോകത്ത് പട്ടാപകൽ വെട്ടിയും കുത്തിയും കൊന്നാലും ആക്രമിച്ചാലും ഒരു പ്രശ്നവും വരാത്തത് തിരിച്ചടികിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്‌.

ആൾകൂട്ടത്തിന്റെ മന:ശാസ്ത്രം എത്ര സദാചാരക്കാരെയും ജാരക്കാരനാക്കും എന്നതിന്‌ എത്ര ഉദാഹരണങ്ങളുണ്ട്. നാദപുരത്ത് പണ്ട് ഒരു ലഹളക്കാലത്ത് ഒരു സ്ത്രീയെ ഉപദ്രവിച്ചതിന്‌ മുന്നിൽ നിന്നത് അവിടുത്തെ ഒരു സ്കൂൾ ഹെഡ്മാഷാണെന്ന ഞെട്ടിക്കുന്ന വിവരം പോലെയുള്ള ഒന്നാണ്‌ ആൾകൂട്ടമനശ്ശാസ്ത്രം. തനിക്ക് ആസ്വദിക്കാൻ പറ്റാത്തത് കാണിക്കുന്ന ഒരുത്തനെ കൈയ്യിൽ കിട്ടിയാൽ തന്റെ ഉള്ളിലുള്ള സകല കാമവും ക്രോധത്തിന്‌ കൈമാറ്റി ഒരു രാക്ഷസ ഭാവം വരുന്നു.

അഴീക്കലെ പെൺകുട്ടിയെ ആക്രമിക്കുന്നതിനിടയിൽ ആ കുട്ടിയുടെ നെഞ്ചിൽ തൊടുന്ന കൈകളിൽ ഒക്കെ രാഖി കാണാമായിരുന്നു. തീർച്ചയായും രാഖി പോലെ തന്നെ തൊപ്പി കാണുന്ന ചില ചിത്രങ്ങൾ യൂട്യുബിൽ ഉണ്ട്.

പ്രണയിക്കുന്നവരെ കൊല്ലാനുള്ളതാണെങ്കിൽ ലോകത്തിൽ വളരെ കുറച്ച് പേരേ അവശേഷിക്കൂ. അവിഹിതം ചെയ്തവരൊക്കെ കൊല്ലപ്പെടാനുള്ളതാണെങ്കിൽ ആദ്യം കൊല്ലപ്പെടുക ‘സദാജാര’പുരുഷന്മാർ തന്നെയാവും.

അനീഷ് എന്ന മിടുക്കനായ കുട്ടിയെപോലും ഈ ലോകത്ത് നിന്ന് തോല്പിച്ചയക്കാൻ മാത്രമുള്ള കരുത്തുള്ള നിന്റെയൊക്കെ ഊള സദാചാരം വരുന്നത് തീർച്ചയായും ജനിപ്പിച്ചവരുടെ കുറ്റം കൊണ്ട് തന്നെയാണ്‌. എന്നുവെച്ചാൽ ജനിപ്പിച്ചു എന്നതൊഴിച്ചാൽ എങ്ങനെ ജീവിക്കണം, മറ്റൊരാളെ സ്നേഹത്തോടെ ജീവിക്കാൻ അനുവദിച്ച് മാതൃക കാണിക്കാനറിയാത്തവർ വളർത്തിയത് കൊണ്ടുണ്ടായതാണ്‌.

ഇവരൊക്കെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇരകളാണ്‌. ഒപ്പം ലോകത്തെ കൂടുതൽ ഇരുട്ടിലേക്ക് തള്ളിവിടുന്ന പിശാചുക്കളും.

ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഈ നെറികെട്ട കാലത്ത് ജീവിക്കുന്നതിൽ അർത്ഥവുമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

സ്വാമി സംവിദാനന്ദ്

സ്വാമി സംവിദാനന്ദ്

ഹരിദ്വാര്‍ അഭേദഗംഗാമയ്യാ ആശ്രമത്തിന്റെ മഹന്ത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ്, കാശി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ദൈവത്തോറ്റം, അഭയാര്‍ത്ഥിപ്പൂക്കള്‍ എന്നീ രണ്ട് ചൊല്‍ക്കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞുതാമര എന്ന പേരില്‍ 2006 മുതല്‍ കവിതാ ബ്ളോഗ് ഉണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍