UPDATES

സിനിമാ വാര്‍ത്തകള്‍

അങ്കമാലി ഡയറീസ് പ്രദര്‍ശിപ്പിക്കുന്നില്ല; ഹോള്‍ഡ് ഓവറാക്കാനുള്ള ശ്രമമോ, ഫെഡറേഷന്‍ മാഫിയയുടെ കളിയോ?

സിനിമ പ്രദര്‍ശിപ്പിക്കാത്തതിനെതിരേ ശക്തമായ പ്രതിഷേധവുമായി രൂപേഷ് പീതാംബരന്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിനെ ചുറ്റി പുതിയൊരു വിവാദം. ഇത്തവണ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ വിസമ്മതിക്കുന്നു എന്നതാണു കാരണം. തൃശൂര്‍ ഗിരിജ തിയേറ്ററില്‍ അങ്കമാലി ഡയറീസ് പ്രദര്‍ശിപ്പിക്കാന്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്നാണു പരാതി. സിനിമ കാണാന്‍ വരുന്നവര്‍ക്കു മുന്നില്‍ തിയേറ്ററിന്റെ അടഞ്ഞ ഗേറ്റാണു കാണുന്നതെന്നും സിനിമ ഹോള്‍ഡ് ഓവറാക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും വാര്‍ത്തകളും വരുന്നു.

ഈ സംഭവത്തില്‍ പ്രതിഷേധിച്ചു നടനും സംവിധായകനുമായ രൂപേഷ് പിതാംബരന്‍ രംഗത്തു വന്നിരുന്നു. അങ്കമാലി ഡയറീസിനൊപ്പം റിലീസ് ചെയ്ത ഒരു മെക്‌സിക്കന്‍ അപരാതയിലെ പ്രധാന നടന്മാരില്‍ ഒരാള്‍ കൂടിയാണു രൂപേഷ്. ഗേറ്റ് പൂട്ടികിടക്കുന്ന ഗിരിജ തിയേറ്ററിനു മുന്നില്‍ സിനിമ കാണാന്‍ എത്തിയവര്‍ കൂടി നില്‍ക്കുന്ന ഒരു ചിത്രത്തിനൊപ്പം രൂപേഷ് ഫെയ്‌സ്ബുക്കില്‍ ഒറു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. പ്രേക്ഷകനു മുന്നില്‍ ഗേറ്റ് തുറന്നുകൊടുക്കാനും സിനിമ ഹോള്‍ഡ് ഓവറാക്കാന്‍ മനപൂര്‍വം ശ്രമിക്കുകയാണെങ്കില്‍ മലയാള സിനിമാലോകം ശക്തമായി പ്രതികരിക്കുമെന്നും ഇനിയൊരിക്കലും നീയൊന്നും പടം കളിക്കില്ലെന്നുമാണ് രൂപേഷ് എഴുതിയിരിക്കുന്നത്. ഈ വിവരം പരമാവധി എല്ലാവരും ഷെയര്‍ ചെയ്യാനും ആഹ്വാനം ഉണ്ട്.

അതേസമയം തിയേറ്റര്‍ ഉടമയുടെ ഈ കാര്യത്തിലുള്ള വിശദീകരണം മറ്റൊന്നാണ്. തിയേറ്റര്‍ ഉടമകളുടെ പുതിയ അസോസിയേഷന്‍ തീരുമാനപ്രകാരം തൃശൂര്‍ ഗിരിജയിലാണ് അങ്കമാലി ഡയറീസ് പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാംദാസ് എന്ന തിയേറ്ററിലും ഇതേ സിനിമ പ്രദര്‍ശിപ്പിച്ചു. അസോസിയേഷന്‍ തീരുമാനത്തിനെതിരായ നടപടിയാണിത്. അവരുടെ തന്നെ രവികൃഷ്ണ എന്ന തിയേറ്ററില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മാത്രമായിരുന്നു അനുവാദം. എന്നാല്‍ അതെല്ലാം അവര്‍ തെറ്റിച്ചു. മാന്യതയുടെ ഭാഷയില്‍ ഈ വിഷയം ഞങ്ങള്‍ അവരുമായി സംസാരിച്ചിരുന്നതാണ്. എന്നാല്‍ അവര്‍ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായില്ല. തൃശൂര്‍ ഗിരിജയെ തകര്‍ക്കുകയെന്നതാണോ അവരുടെ ലക്ഷ്യം? ഈ സംഭവം കാണിക്കുന്നത് ഫെഡറേഷന്‍ മാഫിയയുടെ തനിനിറമാണ്. പുതിയ അസോസിയേഷന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ഞങ്ങളെ പോലുള്ള തിയേറ്ററുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. മാധ്യമങ്ങളെയും ഇതിനായി കൂട്ടുപിടിക്കുകയാണ്. ഒരു സ്ത്രീയോട് ഇത്തരത്തില്‍ മത്സരത്തിനു വരാന്‍ അവര്‍ക്കു ലജ്ജ തോന്നുന്നില്ലേ? ഈ മാഫിയക്കാരെ കൊണ്ട് വളരെയേറെ ബുദ്ധിമുട്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. പക്ഷേ എനിക്കൊപ്പം നില്‍ക്കുന്ന തൃശൂരിലെ ജനങ്ങളെ കൈവിടാന്‍ ഞാന്‍ തയ്യാറാവുകയുമില്ല; തൃശൂര്‍ ഗിരിജയുടെ ഉടമയായ ഡോ. ഗിരിജ കെപി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍