UPDATES

സിനിമ

ലിജോ ജോസ് പെല്ലിശ്ശേരി നല്ല ഒന്നാന്തരം ഒരു കാമുകനാണ്

ഇത്രയും കഥമസാലക്കൂട്ടു പിടിച്ച ഭക്ഷണം സിനിമയിൽ അധികം നമ്മൾ കണ്ടിട്ടുണ്ടാവില്ല.

ഒരറപ്പുണ്ടാക്കി വെറുപ്പിച്ച ശേഷം കാര്യത്തിലേക്കു കടക്കുക എന്നതാണ് ഈ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ലൈൻ. ആമേൻ എന്ന ബ്യൂട്ടിഫുൾ… ബ്യൂട്ടിഫുൾ മൂവി എന്തിനാണ് ആ മലപ്പൊതിയിൽനിന്നു തുടങ്ങിയത് എന്നാലോചിച്ചു നോക്കിയേ! അങ്കമാലി ഡയറീസിൽ ഓക്കാനം വരുന്ന ഒരുപാട് പന്നി രംഗങ്ങളുണ്ട്. രണ്ടു സിനിമകളിലും ഉണ്ടാകുന്ന ആ അറപ്പ് പ്രേക്ഷകൻ എന്ന നിലയിൽ നമ്മുടെ ചില ഇൻഹിബിഷൻസിനെ പൊട്ടിച്ചു കളയുന്നുവെന്നാണു തോന്നുന്നത്. അതങ്ങ് കടന്നുകിട്ടിയാൽ നമുക്ക് സിനിമ കൂടുതൽ ആസ്വാദ്യകരമായി തോന്നുണ്ടാകണം.

ആമേനിലും അങ്കമാലിയിലും ഭക്ഷണം വളരെ വലിയൊരു leitmotif ആയും പ്രവർത്തിക്കുന്നുണ്ട്. ആമേനിലെ കള്ളുഷാപ്പ്, എറിഞ്ഞു കളയുന്ന അപ്പം അങ്ങനെ… എന്തിനേറെ, ചിക്കൻ കറിയെടുത്താണല്ലോ ശോശന്ന ഗുണ്ടകളുടെ തലയ്ക്കൊഴിക്കുന്നത്. മകരന്ദ് ദേശ്പാണ്ഡെയുടെ ക്യാരക്ടറെ റജിസ്റ്റര്‍ ചെയ്യുന്നതു തന്നെ ട്യൂബ് ലൈറ്റ് കടിച്ചു പൊട്ടിച്ചു തിന്നുന്നതിലൂടെയാണ്.

അങ്കമാലിയിൽ അതിലേറെയുണ്ട് ഈ ഫുഡ് അഡിക്ഷൻ. മലമ്പാമ്പിന്റെ ഇറച്ചി തിന്നുന്ന സീൻ മുതൽ ആദ്യം കപ്പയും മുട്ടയും ചേർത്തു കുഴച്ചതും പിന്നീട് കപ്പയും ബീഫും കുഴച്ചതുമായ പ്രണയം വരെ. ഇത്രയും കഥമസാലക്കൂട്ടു പിടിച്ച ഭക്ഷണം സിനിമയിൽ അധികം നമ്മൾ കണ്ടിട്ടുണ്ടാവില്ല.

അറപ്പുണ്ടാക്കൽ, ഭക്ഷണപ്രിയം, പൊതുവേയുള്ള ഒരുതരം റഫ്നസ്‍ ഇതൊക്കെയുണ്ടെങ്കിലും ലിജോ ജോസ് നല്ല ഒന്നാന്തരം ഒരു കാമുകനാണെന്നാണ് എനിക്കു തോന്നുന്നതെന്നു പറയാനാണ് പറഞ്ഞുതുടങ്ങിയത്. ആമേൻ, ഡബിൾ ബാരലിൽ കാമുകിയുടെ മൃതദേഹം കുഴിച്ചുമൂടാൻ പോകുന്ന കാമുകന്റെ ആ സെഗ്മെന്റ്, ഇപ്പോൾ അങ്കമാലി ഡയറീസിലെ പെപ്പെയുടെ പല പ്രണയങ്ങൾ.

പലപല പ്രണയസിനിമകൾ നമ്മൾ മലയാളത്തിൽ കണ്ടിട്ടുണ്ടെങ്കിലും ലിജോയുടെ സിനിമകളിലെ പ്രണയം പോലെ തീവ്രമായി അനുഭവിപ്പിക്കുന്നവ കുറവാണെന്നാണ് എന്റെയൊരു അനുഭവം.

ലിജോ സിനിമകളൊന്നും വെറും പ്രണയസിനിമകളല്ല. അതിൽ വേറെ കഥയുണ്ട്, അനുഭവങ്ങളുണ്ട്, കഥാപാത്രങ്ങളുണ്ട്. പക്ഷേ, പ്രണയത്തിന്റെ ആ സ്ട്രീമാണ് അതിൽ ഏറ്റവും സുന്ദരമായതും ഏറ്റവും മിഴിവേറിയതും എന്നാണ് എനിക്കു തോന്നുന്നത്. അവയിൽ ശരിക്കും കവിതയുണ്ട്. നല്ല ഫസ്റ്റ് ക്ലാസ് പ്രണയിയാണ് ഈ താടിക്കാരൻ!

(നോം ആലുവ യുസി കോളജിൽ എംഎയ്ക്കു പഠിക്കുമ്പോൾ(?) കക്ഷി പ്രീഡിഗ്രിക്കുണ്ട്. അന്നു പക്ഷേ വെറും കണ്ടുപരിചയം മാത്രേയുള്ളൂ. അന്നേ ‘പ്രശസ്ത’ കാമുകനായിരുന്ന നോം അവനെ തിരിച്ചറിഞ്ഞില്ലല്ലോ എന്നാണൊരു സങ്കടം!)

(ടോണി ജോസ് ഫേസ്ബുക്കില്‍ എഴുതിയത്)

 

ടോണി ജോസ് കെ

ടോണി ജോസ് കെ

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍