UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രിസഭയെ പുറത്താക്കാനല്ല; കുഞ്ഞുങ്ങളെ നോക്കാനാണ്- ഒരു അംഗനവാടി അധ്യാപിക എഴുതുന്നു

Avatar

ശൈലജ വിജയന്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അസംഘടിതമായ തൊഴില്‍മേഖലകളില്‍ ഒന്നാണ് അംഗനവാടി തൊഴില്‍മേഖല. ഒരു പ്രദേശത്തെ മുഴുവന്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുക്കാനും പോളിയോ തുള്ളി മരുന്ന് കുത്തിവയ്പ്പ് മുതല്‍ വാര്‍ധക്യകാല പെന്‍ഷന്‍ ഉറപ്പുവരുത്താന്‍ വരെയും അംഗനവാടി ജീവനക്കാര്‍ വേണം. നമ്മുടെ അമ്മമാര്‍ക്കൊരു വിശ്വാസമുണ്ട്, തന്റെ കുഞ്ഞിനെ അടുത്തുള്ള അംഗനവാടിയില്‍ ഏല്‍പ്പിച്ചാല്‍ അവര്‍ സുരക്ഷിതമായി നോക്കിക്കൊള്ളുമെന്ന്. ശരിയാണ്, ആ വിശ്വാസം ഞങ്ങള്‍ ഇതുവരെ തെറ്റിച്ചിട്ടില്ല. എന്നാല്‍ ഒരു പ്രദേശത്തെ മുഴുവന്‍ സാമുഹിക പ്രവര്‍ത്തനങ്ങളും ഒരു മടിയും കൂടാതെ ചെയ്യുന്ന അംഗനവാടിയിലെ അധ്യാപികമാരും ആയമാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ആരും അറിയാറില്ല, അറിഞ്ഞാല്‍ തന്നെ അറിഞ്ഞതായ് ഭാവിക്കാറില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ചെറിയ പാകപിഴകള്‍ വരുമ്പോള്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അവിടെ ചാടി വീഴും; എന്നിട്ടവരെ വിചാരണ ചെയ്യും, കുറ്റക്കാരാക്കും, ശ്രദ്ധയില്ലത്തവരാക്കും, പിടിപ്പുകെട്ടവരാക്കും. അതേസമയം അംഗനവാടി പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചോ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചോ അവര്‍ക്കാര്‍ക്കും അറിയാന്‍ നേരവുമില്ല താല്പര്യവുമില്ല.

ഇത്രയൊക്കെ പറയാന്‍ കാരണം, കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് അംഗനവാടി ജീവനക്കാര്‍ ചേര്‍ന്ന് ഭരണസിരാകേന്ദ്രത്തിലേക്ക് ഒരു മാര്‍ച്ച് നടത്തിയിട്ടുണ്ടായിരുന്നു. ആവശ്യങ്ങള്‍ അധികമൊന്നും ഇല്ലായിരുന്നു. വാഗ്ദാനം ചെയ്ത ശമ്പള വര്‍ദ്ധനവ് നടപ്പില്‍ വരുത്തുക, അംഗനവാടി ജീവനക്കാരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, അംഗനവാടി ജീവനക്കാര്‍ക്ക് കൃത്യമായി പെന്‍ഷന്‍ അനുവദിക്കുക. ഇവയായിരുന്നു ഞങ്ങളുടെ ആവശ്യങ്ങള്‍. 

സരിതയുടെ പിന്നാലെ ഓടിത്തളര്‍ന്ന മാധ്യമങ്ങള്‍ മുഴുവന്‍ അന്ന് സെക്രട്ടേറിയേറ്റ് പടിക്കല്‍ ഉണ്ടായിരുന്നു. അകത്തു മുഖ്യനും സാമൂഹ്യനീതി വകുപ്പ് മന്ത്രി ഉള്‍പ്പെടെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു. ആരും അറിഞ്ഞതുമില്ല, പറഞ്ഞതുമില്ല. മാധ്യങ്ങള്‍ വീണ്ടും സരിതയുടെ പിന്നാലെ ഓടി. ഒരു കൂട്ടം സ്ത്രീകള്‍ ജീവിക്കാനായി സമരം നടത്തുന്നതില്‍ എന്ത് സെന്‍സേഷണല്‍ വാര്‍ത്തയാണ് ഉള്ളത് അല്ലേ!

ഇത് മാധ്യമങ്ങള്‍ക്ക് നേരെ മാത്രമുള്ള വിമര്‍ശനമല്ല; ശരിയായ പോയിന്റിലേക്കു വരാം. 1975-ലാണ് രാജ്യത്തെ ശിശുക്കളുടെയും യുവതികളുടെയും ആരോഗ്യ പഠന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായ് ശ്രീമതി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം അംഗനവാടി പ്രോജക്ടുകള്‍ക്ക് തുടക്കമിടുന്നത്. ഗ്രാമ-നഗര ഭേദമന്യേ അംഗനവാടികള്‍ തുടങ്ങുകയും പദ്ധതി അതത് സംസ്ഥാനങ്ങളിലെ സാമൂഹ്യക്ഷേമ (ഇപ്പോള്‍ സാമൂഹ്യനീതി വകുപ്പ്) വകുപ്പുകള്‍ക്ക് കീഴില്‍ ആക്കുകയും ചെയ്തു. അത്ഭുതം എന്ന്പറയട്ടെ, സര്‍ക്കാരിന്റെ മറ്റു പദ്ധതികളെപോലെ തുടക്കത്തിലേ മുരടിക്കാതെ പദ്ധതി വളര്‍ന്നങ്ങു പോയി. ഇന്നും ആ വളര്‍ച്ച തുടരുന്നു. എന്നാല്‍ മുരടിച്ചു പോയ ഒന്നുണ്ട്, അംഗനവാടിപ്രവര്‍ത്തകരുടെ ജീവിതം! പദ്ധതി തുടങ്ങുമ്പോള്‍ 65 രൂപയായിരുന്നു ഓണറേറിയം. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം അത് വര്‍ധിച്ചു 5600 എന്ന ‘ഭീമമായ’ തുകയില്‍ എത്തിനില്‍ക്കുന്നു! ഓണറേറിയം സമ്പ്രദായം എടുത്തുകളയണം എന്നും അംഗനവാടി പ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ആക്കണം എന്നും എല്ലാ സര്‍ക്കാരുകളും മാറി മാറി വരുബോള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പറയേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു, അത് കേട്ടിട്ട് മിണ്ടാതിരിക്കുന്നത് അവരുടെ അവകാശവും.

അംഗനവാടി ജീവനക്കാര്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ 

ഒരു പഞ്ചായത്തിനു കീഴില്‍ വരുന്ന സര്‍ക്കാര്‍ വക സാമൂഹിക പ്രവര്‍ത്തങ്ങള്‍ എല്ലാം കൃത്യമായി നിര്‍വഹിക്കേണ്ട കടമ ആ പ്രദേശത്തെ അംഗനവാടി ജീവനക്കര്‍ക്കാണ്. പോളിയോ ഇമ്യൂണൈസേഷന്‍, കൗമാരപ്രായക്കര്‍ക്കയുള്ള വിവിധ തരം പദ്ധതികള്‍ നടപ്പിലാക്കല്‍, വൃദ്ധജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ നടപ്പിലാക്കല്‍ തുടങ്ങി എല്ലാ പദ്ധതികളുടെയും ‘നടപ്പിലാക്കുകാര്‍’ അംഗനവാടി ജീവനക്കാരാണ്. അതിനൊന്നും ഞങ്ങള്‍ക്കാര്‍ക്കും ബുദ്ധിമുട്ടോ പരാതിയോ ഇല്ല. സാമൂഹികനന്മ ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ ഞങ്ങളിലൂടെ ജനങ്ങളില്‍ എത്തുമ്പോള്‍ സന്തോഷവുമാണ്. എന്നാല്‍ ഈ അംഗനവാടിക്കാരിലും അമ്മയും, മകളും ഭാര്യയും ഒക്കെ ഉണ്ടെന്നു സര്‍ക്കാര്‍ മറന്നുപോകുന്നു. അംഗനവാടി തൊഴില്‍ മേഖലയില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും നിര്‍ധന, ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഈ കിട്ടുന്ന തുച്ചമായ തുക അവരുടെ പ്രാരാബ്ദങ്ങള്‍ എവിടെ തീര്‍ക്കാനാണ്? ദിനംപ്രതി അവശ്യസാധങ്ങള്‍ക്ക് വില വര്‍ധിക്കുന്നു, ജീവിത സാഹചര്യം കൂടുതല്‍ മോശമാകുന്നു. ഞങ്ങള്‍ അധികമൊന്നും ചോദിക്കുന്നില്ല, പിടിച്ചു നില്‍ക്കാനുള്ള, മറ്റുള്ളവരുടെ കുഞ്ഞുങ്ങള്‍ കരയാതെ നോക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങള്‍ കരയാതിരിക്കാന്‍ ഉള്ള വകമാത്രമാണ്. ആയമാരായി ജോലി ചെയ്യുന്നവരുടെ അവസ്ഥ അതിദയനീയമാണ്. മാസം വെറും 3500 രൂപ മാത്രമാണ് ഇവര്‍ക്ക് കിട്ടുന്നത്.

കുറെയേറെ സമരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കഴിഞ്ഞ വര്‍ഷം സാമൂഹ്യനീതിവകുപ്പു മന്ത്രി എം കെ മുനീര്‍ ഒരു ഉറപ്പു തന്നിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ 5600 ല്‍ നിന്നും ഓണറേറിയം പതിനായിരം ആക്കി ഉയര്‍ത്താമെന്ന്. എന്നാല്‍ ജനുവരി കഴിഞ്ഞു, ഫെബ്രുവരി ആയിട്ടും, സര്‍ക്കാര്‍ മാറാറായിട്ടും പറഞ്ഞ വാക്ക് പാലിക്കപ്പെട്ടില്ല. മന്ത്രി തന്ന ഉറപ്പ് പാലിക്കപ്പെട്ടു കിട്ടാനാണ് കഴിഞ്ഞയാഴ്ച മാര്‍ച്ച് നടത്തിയത്. ഈ സമരങ്ങള്‍ കൊണ്ടൊന്നും പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നില്ല. കാത്തിരിക്കുന്നത് അതിലും വലിയ വിപത്തുകളാണ്. അംഗനവാടികള്‍ കമ്പനിവത്കരിക്കപ്പെടാന്‍ പോകുകയാണ്. അപ്പോള്‍ അടുത്തടുത്തുള്ള രണ്ടു അംഗനവാടി സെന്ററുകള്‍ ഒന്നായി ചുരുക്കപ്പെടും. സ്വാഭാവികമായും ഒരു സെന്റെറില്‍ ജോലിചെയ്യുന്ന ടീച്ചറിന്റെയും ആയയുടെയും ജോലി നഷ്ടമാകും. ജോലി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുകയോ പെന്‍ഷന്‍ നല്‍കുകയോ ചെയ്യുമോ എന്നതുകൂടി സംശയത്തിലാണ്.

മുഖ്യമന്ത്രിയും സാമൂഹ്യനീതി വകുപ്പ് മന്ത്രിയും അറിയാന്‍ ഞങ്ങള്‍ സമരം നടത്തിയത് നിങ്ങളുടെ മന്ത്രിസഭയെ പുറത്താക്കാനോ അധികാരം പിടിച്ചെടുക്കാനോ അല്ല. മറിച്ച് മറ്റുള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക് പോഷകക്കുറവ് വരുത്താതെ നോക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങള്‍ വിശന്നു കരയാതിരിക്കാന്‍ വേണ്ടിയാണ്….

(കിളിമാനൂര്‍ സ്വദേശിയായ ലേഖിക അംഗനവാടി അധ്യാപികയാണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍