UPDATES

ട്രെന്‍ഡിങ്ങ്

ഹിറ്റ്‌ലര്‍ക്കെതിരായ കൊലപാതക ശ്രമത്തിന് 75 വര്‍ഷം; നേതൃത്വം നല്‍കിയ സൈനിക ഉദ്യോഗസ്ഥന്‍ സ്റ്റഫന്‍ബര്‍ഗിനോട് കടപ്പാട് വേണമെന്ന് എയ്ഞ്ചല മെര്‍ക്കല്‍

1944 ജൂലൈ 20 നായിരുന്നു സംഭവം

രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മ്മന്‍ നേതാവ് ഹിറ്റ്‌ലര്‍ക്ക് നേരെ വധശ്രമം നടന്നിട്ട് 75 വര്‍ഷം. ഹിറ്റ്‌ലറെ വകവരുത്താന്‍ ശ്രമിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജര്‍മ്മന്‍ ചാന്‍സിലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ ചരിത്ര പ്രസിദ്ധമായ ദിവസം ആചരിച്ചത്. തീവ്ര വലതുപക്ഷത്തിനെതിരായ ചെറുത്തുനില്‍പ്പ് ശക്തിപെടുത്തേണ്ട അവസരമാണ് ഇതെന്ന് ദിനത്തോടനുബന്ധിച്ച് നടത്തിയ പോഡ്കാസ്റ്റില്‍ അവര്‍ പറഞ്ഞു.

നാസി നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ജര്‍മ്മന്‍ സൈന്യത്തിലെ കേണല്‍ ആയിരുന്ന ക്ലോസ് വോണ്‍ സ്റ്റഫന്‍ബര്‍ഗിനും അദ്ദേഹത്തോടൊപ്പം നിന്നവര്‍ക്കും എയ്ഞ്ചല മെര്‍ക്കല്‍ നന്ദി പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞ പുതുക്കേണ്ട അവസരമാണിതെന്ന് അവര്‍ പറഞ്ഞു. തീവ്ര വലതുപക്ഷ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘ഈ ദിവസം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ജൂലൈ 20 ന് ഹിറ്റ്‌ലറെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെക്കുറിച്ച് മാത്രമല്ല, നാസി ഭരണകൂടത്തിന് എതിരെ പ്രവര്‍ത്തിച്ചവരെയെല്ലാമാണ്’ മെര്‍ക്കല്‍ പറഞ്ഞു. അന്നത്തെ കാലത്തെ പോലെ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ജര്‍മ്മന്‍ ചാന്‍സിലര്‍ പറഞ്ഞു. ‘വലതുപക്ഷ തീവ്രവാദത്തെ നേരിടേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.’

ജര്‍മ്മനിയില്‍ ശക്തിപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് മെര്‍ക്കലിന്റെ പ്രസ്താവന. ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി എന്ന വലതുപക്ഷ പാര്‍ട്ടി ഈയിടെയാണ് മുഖ്യ പ്രതിപക്ഷമായത്. അതിദേശീയതവാദവും കുടിയേറ്റ വിരുദ്ധ സമീപനവും സ്വീകരിച്ചാണ് ഇവര്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിച്ചത്.

വലതുപക്ഷ തീവ്രവാദികളുടെ ആക്രമണവും ജര്‍മ്മനിയില്‍ അടുത്ത കാലത്ത് വര്‍ധിച്ചുവരികയാണ്. 24,000 ത്തോളം വലതുപക്ഷ തീവ്രവാദികള്‍ ജര്‍മ്മനിയിലുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇതില്‍ പലരും ആക്രമോല്‍സുക രാഷ്ട്രീയത്തിന്റെ ആളുകളാണെന്നുമാണ് കണക്കാക്കുന്നത്. തീവ്ര വലതുപാര്‍ട്ടികളില്‍ ഹിറ്റ്‌ലറുടെ സമീപനങ്ങളെ ആരാധനയോടെ കാണുന്നവരുമുണ്ട്.

1944 ജൂലൈ 20 നാണ് 36 കാരനായ, കേണല്‍ ക്ലാവുസ് ഗ്രാഫ് സ്റ്റെഫന്‍ബര്‍ഗ് കിഴക്കന്‍ പ്രഷ്യയിലെ വനത്തിലെ രഹസ്യ സൈനിക കേന്ദ്രത്തില്‍വെച്ച് ഹിറ്റ്‌ലറെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബ്രീഫ്‌കേസില്‍ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ അത് വിജയിച്ചില്ല. തുടര്‍ന്ന് ഇദ്ദേഹത്തെയും 200 ഓളം പേരെയും വധിക്കുകയായിരുന്നു.
സൈനിക ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ ഒരു കൈ യുദ്ധത്തില്‍ നഷ്ടപ്പെട്ടിരുന്നു. കണ്ണിനും തകരാറുണ്ടായിരുന്നു. ആദ്യകാലത്ത് ഒരു ദേശീയ വാദിയായിരുന്ന സ്റ്റെഫന്‍ബര്‍ഗ് ഹിറ്റ്‌ലര്‍ നടത്തിയ ക്രൂരതകള്‍ കണ്ടാണ് അയാളെ വകവരുത്താന്‍ ശ്രമിച്ചതെന്നാണ് സൂചന. യുദ്ധത്തില്‍ ജര്‍മ്മനി തോറ്റുകൊണ്ടിരിക്കുകയാണെന്ന് യാഥാര്‍ത്ഥ്യവും അദ്ദേഹത്തെ ഹിറ്റ്‌ലറുടെ ശത്രുവാക്കി. യുദ്ധത്തില്‍ പരിക്കറ്റ സമയത്താണ് ഹിറ്റ്ലറെ കൊലപ്പെടുത്താന്‍ വേണ്ടി ശ്രമിച്ചുകൊണ്ടിരുന്ന ഒരു സംഘം ജനറല്‍ ഹെന്നിംങിന്റെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലാണ് ഹിറ്റ്‌ലറെ കൊലപ്പെടുത്താനുള്ള സംഘത്തിന്റെ നേതൃസ്ഥാനം സ്റ്റെഫന്‍ബര്‍ഗ് ഏറ്റെടുത്തത്. 1944 ല്‍ ജര്‍മ്മന്‍ റീപ്ലേസ്‌മെന്റ് ആര്‍മിയുടെ ജനറലായി നിയമിതനായതോടെ ഇദ്ദേഹത്തിന് ഹിറ്റ്‌ലറുമായി നേരിട്ട് ഇടപഴകാനുള്ള അവസരം ലഭിച്ചു.

ഹിറ്റ്ലറുമായുള്ള ചര്‍ച്ചയ്ക്ക് വേണ്ടി പോകുമ്പോള്‍ ബോംബ് നിറച്ച് പെട്ടിയുമായി പോയി അത് അവിടെ വെച്ചതിന് ശേഷം പുറത്തുവരികയെന്നതായിരുന്നു ഇവരുടെ പദ്ധതി. ഹിറ്റ്ലറെ കൊലപ്പെടുത്തിയതിന് ശേഷം റീപ്ലേസ്‌മെന്റ് ആര്‍മിയെ ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.

‘വിജയിക്കുമെന്ന് ഉറപ്പിലാത്ത ഒരു പദ്ധതിയായിരുന്നു അവര്‍ ആസുത്രണം ചെയ്തത്. പക്ഷെ വധശ്രമവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ജര്‍മ്മന്‍കാരും ഹിറ്റ്‌ലറുടെ അനുയായികളെല്ലെന്ന് അയാളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു’ സ്റ്റെഫന്‍ബര്‍ഗിന്റെ മകന്‍ ബെര്‍തോള്‍ഡ് ഗ്രാഫ് സ്റ്റെഫെന്‍ബര്‍ഗ് പറഞ്ഞു. പിടിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ചും അവര്‍ക്ക് അറിയാമായിരുന്നു, ബെര്‍തോള്‍ഡ് തുടര്‍ന്നു. ‘എന്നാല്‍ യുദ്ധകാലത്ത് സമാധാനകാലത്തെ പോലെ വ്യക്തിജീവിതം അത്ര പ്രധാനമല്ല, ജനങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണത്.’ അദ്ദേഹം പറഞ്ഞു.

ഉച്ചയ്ക്ക് 12.30 ഓടുകൂടിയാണ് സ്‌റ്റെഫന്‍ബര്‍ഗ് ഹിറ്റ്‌ലര്‍ പങ്കെടുത്ത യോഗത്തിലേക്ക് എത്തിയതെന്ന് അന്ന് അവിടെയുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥന്‍ വാര്‍ലിമോന്റ് പിന്നീട് ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘അദ്ദേഹത്തിന്റെ കൈയില്‍ ഒരു കറുത്ത പെട്ടി ഉണ്ടായിരുന്നു. പെട്ടി അവിടെവെച്ച് അദ്ദേഹം പതുക്കെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ സ്‌ഫോടനത്തിന് മുമ്പ് ഹിറ്റ്‌ലറുടെ സമീപത്ത് നിന്ന് ആരോ പെട്ടി അല്‍പം അകലേക്ക് മാറ്റുകയായിരുന്നു’ അദ്ദേഹം പറഞ്ഞു. . അതുകൊണ്ട് ചെറിയ പരുക്കുകളോടെ അയാള്‍ രക്ഷപ്പെട്ടു. സ്‌ഫോടനത്തില്‍ കരിഞ്ഞുപോയ ഹിറ്റ്‌ലര്‍ അന്ന് ധരിച്ച പാന്റ് ഇപ്പോഴും ജര്‍മ്മന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കൊലപാതകം നടത്താന്‍ ശ്രമിച്ച സംഘത്തെ കണ്ടെത്തിയതും അവരെ കൊലപ്പെടുത്തിയതും.

എന്തിനാണ് അച്ഛന്‍ അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ ജര്‍മ്മനിക്ക് വേണ്ടി അദ്ദേഹത്തിന് അത് ചെയ്യേണ്ടതുണ്ടെന്നായിരുന്നു അമ്മയുടെ മറുപടിയെന്ന് മകന്‍ ബെര്‍തോള്‍ഡ് ഓര്‍ക്കുന്നു.

ഓപ്പറേഷന്‍ വാല്‍കൈറി എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. 2008 ല്‍ ഈ കൊലപാതക ശ്രമത്തെ അധികരിച്ച് ഇതേ പേരില്‍ ഒരു ചിത്രം ഇറങ്ങി. ടോം ക്രൂയിസാണ് ഇതില്‍ സ്റ്റഫന്‍ബര്‍ഗിന്റെ റോള്‍ ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍