UPDATES

സിനിമ

‘അണ്‍ബ്രോക്കണ്‍’ ജപ്പാന്‍ വിരുദ്ധ സിനിമയല്ല- ആഞ്ജലീന ജോളി

Avatar

അഭിനേത്രി ആഞ്ജലീന ജോളി സംവിധാനം ചെയ്ത ‘അണ്‍ബ്രോക്കണ്‍’ എന്ന ചലച്ചിത്രം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് എഴുപത് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ തടവിലാക്കപ്പെടുകയും ജപ്പാനിലെ യുദ്ധത്തടവുകാര്‍ക്കായുള്ള ക്യാമ്പില്‍ രണ്ട് വര്‍ഷം കഴിയുകയും ചെയ്ത ലൂയി സാംപെറിനി എന്ന അമേരിക്കന്‍ കായികതാരത്തെക്കുറിച്ചുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. അമേരിക്കയില്‍ 2014ല്‍ പുറത്തിറങ്ങിയ ചിത്രം ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ചൈനയില്‍ ജപ്പാന്‍ വിരുദ്ധ വികാരം ശക്തിപ്പെടുത്താന്‍ ചിത്രം ഇടയാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇതൊരു ജപ്പാന്‍ വിരുദ്ധ സിനിമയല്ല മറിച്ച് മറക്കുന്നതിനെയും പൊറുക്കുന്നതിനെയും കുറിച്ചുള്ള സിനിമയാണെന്ന് ആഞ്ജലീന ജോളി പറയുന്നു. ദി യോമിയോരി ഷിംബുന് ഇ-മെയിലില്‍ ആഞ്ജലീന ജോളി നല്കിയ അഭിമുഖത്തില്‍ നിന്ന്…

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് എഴുപത് വര്‍ഷമാകുന്ന വേളയിലേക്ക് ചിത്രം റിലീസ് ചെയ്യാന്‍ കാത്തുനില്‍ക്കുകയായിരുന്നോ?
അങ്ങനെ സംഭവിച്ചത് തികച്ചും യാദൃശ്ചികമായാണ്. ഏതൊരു സിനിമയായാലും അതിന്റെ നിര്‍മാണത്തിന് വര്‍ഷങ്ങളെടുക്കും. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇത്തരം വാര്‍ഷികങ്ങളെ വ്യത്യസ്ത രാജ്യങ്ങളിലെ മനുഷ്യര്‍ക്ക് കൂടുതല്‍ അടുക്കാനുള്ള അവസരമാക്കി മാറ്റാന്‍ നമുക്ക് കഴിയണം. നമ്മുടെ രണ്ട് രാജ്യങ്ങളെയും സംബന്ധിച്ച് 70 വര്‍ഷത്തെ സമാധാനവും പുരോഗതിയുമാണ് ആഘോഷിക്കേണ്ടത്, രണ്ട് രാജ്യങ്ങളെയും കൂട്ടിയിണക്കുന്ന ദൃഢസൗഹൃദമാണ് ആഘോഷിക്കേണ്ടത്.

ജപ്പാനീസ് സൈനികരുടെ ക്രൂരതയെ ചിത്രീകരിക്കുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനത്തിലേക്ക് എത്തിയതെങ്ങനെയാണ്?
മുഖ്യ കഥാപാത്രത്തോട് മോശമായി പെരുമാറുന്ന കോര്‍പ്പൊറലിനെ ഞാനൊരു വ്യക്തിയായാണ് കണ്ടത്, ജപ്പാനീസ് ജനതയെ മുഴുവനായും പ്രതിനിധീകരിക്കുന്ന ആളായിട്ടല്ല. ലൂയി സാംപെറിനി തടവിലായിരുന്ന കാലത്ത് തന്നോട് ദയയോടെ പെരുമാറിയ ജപ്പാനീസ് സൈനികരെ കുറിച്ചുള്ള കഥകള്‍ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. സൈനികരിലൊരാള്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജപ്പാന്റെ ഭാഗത്തു നിന്നുകൂടി യുദ്ധത്തെ നോക്കികാണുന്നതും അതിനെ ബഹുമാനിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യമായി കാണുന്ന ആളാണ് ഞാന്‍.

ടോക്യോയില്‍ അമേരിക്കന്‍ വ്യോമസേന ബോംബ് വര്‍ഷിക്കുന്ന രംഗങ്ങളും അണ്‍ബ്രോക്കണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജപ്പാന്റെ ഭാഗം കൂടി പരിഗണിച്ചുവെന്ന തോന്നലുണ്ടാക്കുന്നുണ്ടല്ലോ?
അതെ. യുദ്ധത്തെക്കുറിച്ച് ഏകപക്ഷീയമായി കാര്യങ്ങള്‍ ഒരിക്കലും പറയാതിരിക്കാനായിരുന്നു എന്റെ ശ്രമം. ഏത് ഭാഗത്തായാലും ജനങ്ങളാണ് സഹിച്ചത്, ജപ്പാന്റെ കാര്യത്തില്‍ ടോക്യോവിലെ സ്‌ഫോടനമായാലും ഹിരോഷിമ, നാഗസാക്കി പട്ടണങ്ങളുടെ നാശമായാലും. പക്ഷെ, സിനിമയെന്നത് കലയാണ്. ഇതൊരു ഡോക്യുമെന്ററിയല്ല.

യഥാര്‍ഥ പുസ്തകത്തില്‍ നരഭോജനത്തെക്കുറിച്ച് പറയുന്ന ഒരു ഭാഗമുണ്ട്. എന്നാല്‍ ഫൈനല്‍ കട്ടില്‍ അത് ഒഴിവാക്കിയത് എന്തുകൊണ്ടാണ്? 
അത് ലൂയിസിന്റെ ജീവിതകഥയുമായി ബന്ധമുള്ള ഭാഗമല്ല. പിന്‍വാങ്ങലിന്റെയും ഒത്തുതീര്‍പ്പിന്റെയും കഥയായിരുന്നു എനിക്ക് പറയാനുള്ളത്.

‘അണ്‍ബ്രോക്കണ്‍’ചൈനയില്‍ പുറത്തിറങ്ങി. ചിത്രം ജപ്പാന്‍ വിരുദ്ധ വികാരം തീവ്രമാക്കുമെന്ന ഒരു ആശങ്ക ഉയര്‍ന്നിട്ടുണ്ടല്ലോ? 
ഏതെങ്കിലും രാജ്യത്തെ ആരെങ്കിലും ചിത്രത്തിനെ ജപ്പാന്‍ വിരുദ്ധ വികാരം ഉണര്‍ത്താന്‍ ഉപയോഗിച്ചാല്‍ അത് വളരെ നിര്‍ഭാഗ്യകരമാണ്. അതെന്തായാലും യുദ്ധം കഴിഞ്ഞതു മുതലുള്ള 70 വര്‍ഷങ്ങളില്‍ ജപ്പാന്‍ കൈവരിച്ച നേട്ടങ്ങള്‍ തന്നെ അവര്‍ക്ക് വേണ്ടി സംസാരിക്കും. നിങ്ങളൊരു സഖ്യകക്ഷിയാണ്, ഒരു സുഹൃത്താണ്, മുന്നേറുന്ന ജനാധിപത്യ രാജ്യമാണ്, ലോകത്തെ സാമ്പത്തിക ശക്തികളില്‍ ഒരാളാണ്, പിന്നെ അന്താരാഷ്ട്ര സമാധാനത്തിലും സുരക്ഷയിലും നിങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. ഞാനിപ്പോള്‍ മധ്യേഷയില്‍ നിന്ന് തിരിച്ചെത്തിയതേ ഉള്ളു, അവിടെ തീവ്രവാദത്തെ ചെറുക്കാനും സ്ഥിരത ഉറപ്പ് വരുത്താനും ജപ്പാന്‍ 2 ബില്ല്യണ്‍ ഡോളറാണ് ചെലവാക്കിയിരിക്കുന്നത്. അത് അഭിമാനാര്‍ഹമായ സംഭാവനയാണ്.

ജപ്പാനില്‍ റിലീസ് ഡേറ്റില്ലെന്നിരിക്കിലും ‘അണ്‍ബ്രോക്കണ്‍’ ജപ്പാന്‍ വിരുദ്ധ സിനിമയാണെന്ന ബോധം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനെക്കുറിച്ച്?
‘അണ്‍ബ്രോക്കണ്‍’ എന്നത് ജപ്പാനെക്കുറിച്ചുള്ള ചിത്രമല്ല, അതൊരു ജപ്പാന്‍ വിരുദ്ധ ചിത്രവുമല്ല. ലൂയി സാംപരെനി ജപ്പാനെ സ്‌നേഹിച്ചിരുന്നു. നഗാനോ വിന്റര്‍ ഒളിമ്പിക്‌സില്‍ ദീപശിഖയേന്തിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനാര്‍ഹമായി നിമിഷമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിനിമ കാണാന്‍ അവസരം കിട്ടുന്നവര്‍ക്കൊക്കെ ഇക്കാര്യം സ്വയം വിലയിരുത്താന്‍ കഴിയുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍