UPDATES

സിനിമ

എയ്ഞ്ചല്‍സ്: പുതുമയുണ്ട്, പക്ഷേ ഒടുക്കം ആറിത്തണുത്തത്

Avatar

എന്‍. രവിശങ്കര്‍

സാധാരണ കാണുന്ന ക്രൈം ത്രില്ലറുകളില്‍  നിന്നും എയ്ഞ്ചല്‍സ് വ്യത്യസ്തമാകുന്നത് ദൃശ്യമാധ്യമങ്ങളുടെ സാധ്യതകള്‍ ക്രൈം ഇന്‍വെസ്റ്റിഗേഷനില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്. ഇന്നു നമ്മുടെ ദൃശ്യമാധ്യമങ്ങളില്‍ രാത്രി 11 മണി കഴിഞ്ഞാല്‍ പിന്നെ കുറേ സമയത്തേക്ക് ക്രൈം സ്റ്റോറികളാണ് സ്‌ക്രീന്‍ അടക്കി വാഴുന്നത് എന്നത് ഇതിനോട് കൂട്ടി വായിക്കുക. എല്ലാ ചാനലുകളിലും ക്രൈം ആണ് അപ്പോഴത്തെ വിഷയം. ഈയൊരു ഘടകത്തെ തിരക്കഥയിലേക്ക് തുന്നിച്ചേര്‍ത്ത് കൊണ്ടാണ് തിരക്കഥാകൃത്തും സംവിധായകനുമായ ജീന്‍ മാര്‍ക്കോസ് ചിത്രത്തെ ഒരുക്കിയിട്ടുള്ളത്. ഇതൊരു നവീനരീതിയാണെന്ന് പറയാം. കാരണം, ഇവിടെ കുപ്രസിദ്ധമായ ഒരു കൊലപാതകപരമ്പരയുടെ ചുരുളഴിയുന്നത് സ്റ്റുഡിയോ ഫ്‌ളോറില്‍ വെച്ചാണ്.

മൂന്നു സ്ത്രീകളാണ് കൊല്ലപ്പെട്ടത്. അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് പള്ളി സെമിത്തേരിയിലായതുകൊണ്ട് സെമിത്തേരി കൊലപാതകങ്ങള്‍ എന്ന് അറിയപ്പെടുന്നു. വ്യൂസ് 24×7 എന്ന ചാനലിന്റെ തേര്‍ഡ് ഐ എന്ന ജനപ്രീതിയുള്ള പ്രോഗ്രാമിന്റെ പ്രൊഡ്യൂസര്‍ ആയ ഹരിതാ മേനോന്‍ ഈ കൊലപാതകങ്ങളെ കേന്ദ്രീകരിച്ച് ഒരു പരിപാടി സംഘടിപ്പിക്കുന്നു. ഈ ലൈവ്  പ്രോഗ്രാമില്‍ വെച്ച് ഭ്രാന്തന്‍ കത്തനാര്‍ എന്നറിയപ്പെടുന്ന പാതിരി ക്യാമറയുടെ മുന്നില്‍ വച്ച് ഒരു കുറ്റസമ്മതം നടത്തുന്നു. താനാണ് ആ മൂന്നുപേരെയും കൊന്നതെന്ന്.

വളരെ ഉദ്വോഗജനകമായിത്തന്നെയാണ് ചിത്രത്തില്‍ ഇത്രയും രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പുരോഹിതന്റെ നിഗൂഢത, കൊലപാതകങ്ങളുടെ മോട്ടീവ് ഇല്ലായ്മ, കേസന്വേഷിച്ചുകൊണ്ടിരിക്കുന്ന ഹമീം ഹൈദര്‍ എന്ന പൊലീസ് ഓഫീസര്‍ക്ക് നേരെയുണ്ടായ വധശ്രമം, ഹരിതാ മേനോന്റെ അവതരണത്തിന്റെ ചടുലത എന്നിവയെല്ലാം കോര്‍ത്തിണക്കിക്കൊണ്ട് ഒരു ഒന്നാന്തരം ത്രില്ലറിലേക്ക് നീങ്ങുകയായിരുന്നു ചിത്രം. പക്ഷെ, അതിനു ശേഷം ചിത്രത്തിന് ആ ശക്തി നഷ്ടപ്പെടുന്നതായാണ് കാണുന്നത്. എസ്.പി. ഹമീം ഹൈദറും ടി.വി. ഷോയില്‍ എത്തുന്നതോടെ വെറും കഥാകഥനമായി ടി.വവി.പ്രോഗ്രാം തന്നെ മാറുന്നതായി കാണാം. ഹരിതാമേനോന്‍ എന്ന ഊര്‍ജ്ജസ്വലയായ ആങ്കര്‍ പിന്നെ ഒരു വെറും കാഴ്ചക്കാരിയായി മാറുന്നു. ഒരു ഹമീം ഹൈദര്‍ ഷോ ആയി മാറുകയാണ് ചിത്രം. ഭ്രാന്തന്‍ കത്തനാര്‍ക്കു പോലും റോളില്ലാതാകുന്നു. അവസാനമാവുമ്പോള്‍, കുറ്റകൃത്യങ്ങളുടെ നിഗൂഢത വെളിച്ചത്തു വരുമ്പോഴാകട്ടെ ഒട്ടും ഏശാത്ത രീതിയിലാണ് കുറ്റവാളിയുടെ അവതരണം. വളരെ ലഘൂകരിക്കപ്പെടുകയാണ് കൊലകളുടെ മോട്ടീവ്. എങ്കിലും, കുറ്റവാളിയെ നേരിട്ടു പിന്തുടരുന്നതിനു പകരം  ഒരു ടി.വി.പ്രോഗ്രാമില്‍ കൂടി, ആങ്കറിനു പോലും  അറിയാത്ത വിധം അവരെ ഉപയോഗിച്ചുകൊണ്ട്, നടത്തിയ കുറ്റാന്വേഷണമെന്ന നിലയില്‍ ഒരു നൂതനരീതി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മോഹിപ്പിച്ച തലത്തിലേക്ക്  ഉയരാന്‍ ചിത്രത്തിന് കഴിയാതെ പോയി എന്നത് ഒരു ന്യൂനത തന്നെയാണ്.

ടി.വി.ആങ്കറായി വരുന്ന ആശാ ശരത്തും പുരോഹിതനായി വരുന്ന ജോയ് മാത്യുവുമാണ് ചിത്രത്തിലെ യഥാര്‍ത്ഥ താരങ്ങള്‍. എസ്.പി.ഹമീമായി വരുന്ന ഇന്ദ്രജിത്തിന് പരിമിതമായ കാര്യങ്ങളേ ചെയ്യാനുള്ളു. മികച്ച ഛായാഗ്രഹണമാണ് സുജിത് സാരംഗിന്റേത്. ജാക്‌സ് ബിജോയുടെ സംഗീതവും മികച്ചതാണ്. രണ്ടു മണിക്കൂറിനു താഴെയേ ദൈര്‍ഘ്യമുള്ളുവെന്നതിനാല്‍ കണ്ടിരിക്കാമെന്ന സൗകര്യമുണ്ട്. കൊലപാതകങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രമായിട്ടും കൊല ചെയ്യുന്ന രംഗങ്ങള്‍ക്ക് അത്ര ഉദ്വോഗം പോര എന്ന വലിയൊരു മൈനസ് പോയിന്റ് ചിത്രത്തിനുണ്ട്. ശക്തമായ ഒരു മോട്ടീവിന്റെ അഭാവവും തിരക്കഥയെ ബാധിച്ചിട്ടുണ്ട്.  വില്ലന്‍ കഥാപാത്രം തീരെ ദുര്‍ബലനായി പോയതാണ് മറ്റൊരു കുഴപ്പം.

ബെസ്റ്റ് ഓഫ് അഴിമുഖം 

കാവ്യതലൈവനില്‍ നിന്ന് ഇയ്യോബിന് ചിലത് പഠിക്കാനുണ്ട്
ഓര്‍ത്തോര്‍ത്ത് മതിയായേ!- മാറാരോഗങ്ങളുടെ മലയാള സിനിമ
അലിഫ് ഒരു ചോദ്യം ചെയ്യലാണ്
സീരിയല്‍ ചുവയില്‍ പെയ്തിറങ്ങുന്ന വര്‍ഷം
ഞങ്ങളുടെ വീട്ടിലെ കോമാളികളും മന:ശാസ്ത്രത്തിന്റെ അന്ത്യകൂദാശയും

ചിത്രത്തിന്റെ അവസാനം ബിഷപ്പും മറ്റും ഭ്രാന്തന്‍ കത്തനാരുടെ ദുഷ്‌ചെയ്തികളെ വിചാരണ ചെയ്യുന്ന രംഗമുണ്ട്. അപ്പോള്‍, ബിഷപ്പിനു പിറകില്‍ ചുവരില്‍ മുടിയും മീശയും താടിയും സമൃദ്ധമായുള്ള യേശുവിന്റെ രൂപം ചുവരില്‍ കാണാം. ഉടനേ, പുറകില്‍ നിന്ന് ഒരു യുവാവിന്റെ ശബ്ദമുയര്‍ന്നു. ”ഡാ… നോക്കഡാ… ബോബ് മാര്‍ലി!”  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍