UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജീവന്‍വച്ചുള്ള ചില കൊള്ളകള്‍; വണ്ടാനം മെഡിക്കല്‍ കോളേജ് അനുഭവം

Avatar

അവശ്യമരുന്നുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും ലോകത്തിലെ ഏറ്റവും ലാഭമേറിയ വിപണിയാണ് ഇന്ത്യ. വലിയൊരു ശതമാനം ജനങ്ങളും ദരിദ്രരായ രാജ്യം തന്നെ വിപണിയുടെ കൊള്ളയടിക്ക് പാത്രമാകുന്നു എന്ന ദുരവസ്ഥയും ഇന്ത്യക്കുണ്ട്. മരുന്ന് കച്ചവടത്തിന്റെ ഇരകളാകുന്നവരുടെ എണ്ണം കേരളത്തിലും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ ഇടപെടലുകള്‍ വെള്ളത്തിലെ വരകളായി മാറുമ്പോള്‍ പലപ്പോഴും സര്‍ക്കാര്‍ ആശുപത്രികള്‍വരെ കൂട്ട് ചേര്‍ന്നുനിന്നു പാവപ്പെട്ട രോഗികളെ കൊള്ളയടിക്കുന്നു. ഇതിനെ ശരിവയ്ക്കുന്ന അനുഭവമാണ് കഴിഞ്ഞ ദിവസം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും രോഗിയുടെ കൂട്ടിരിപ്പുകാരിയായ നിഷ ശിവദാസ് എന്ന യുവതിക്കു പറയാനുള്ളത്. നിഷ അഴിമുഖവുമായി പങ്കുവച്ച കാര്യങ്ങള്‍…

ഈ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് എന്റെ അച്ഛനെ ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി ആലപ്പുഴയിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ സര്‍ജറി നിശ്ചയിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം മറ്റ് ആറുപേര്‍ക്കും അന്നേദിവസം സര്‍ജറി നടത്തുന്നുണ്ടായിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിനു പുറത്ത് ഈ ഏഴുപേരുടെയും ബൈസ്റ്റാന്‍ഡേഴ്‌സായി ഞങ്ങള്‍ കുറച്ചുപേര്‍ നില്‍ക്കുകയാണ്. ഈ സമയം തലേദിവസം ശസ്ത്രക്രിയ കഴിഞ്ഞ ഒരാളുടെ ഭാര്യ ഞങ്ങളെ സമീപിച്ച്, ആഞ്ജിയോ ചെയ്യാനുള്ള കിറ്റ് ഒരോരുത്തരായി പോയി വാങ്ങുന്നതിനേക്കാള്‍ ലാഭം ഒരുമിച്ചു വാങ്ങുന്നതാണെന്നു പറഞ്ഞു. ഒരാള്‍ക്ക് 1350 രൂപ ആയിടത്ത് കഴിഞ്ഞ ദിവസം ഒമ്പതുപേര്‍ ചേര്‍ന്നു വാങ്ങിയപ്പോള്‍ 1130 രൂപയേ ആയുള്ളൂ എന്നാണ് അവര്‍ കാരണമായി പറഞ്ഞത്. 200 രൂപയുടെ അടുത്ത് ഒരാള്‍ക്ക് ലാഭം കിട്ടുമെന്നുള്ളതുകൊണ്ട് ആ പറഞ്ഞതില്‍ കാര്യമുണ്ടെന്നു ഞങ്ങള്‍ക്കു തോന്നി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ തിയേറ്ററില്‍ നിന്നിറങ്ങി വന്ന ഒരു നഴ്‌സ് ആഞ്ജിയോ കിറ്റ് പുറത്തു നിന്ന് വാങ്ങേണ്ടതുണ്ടെന്ന് അറിയിച്ചു. നേരത്തെ ആ സ്ത്രീ പറഞ്ഞതുപോലെ തന്നെ, എല്ലാവരും കൂടി ഒരുമിച്ച് വാങ്ങിയാല്‍ മതിയെന്നും ഓരോരുത്തര്‍ക്കുമുള്ളത് ഇവിടെ കൊണ്ടുവന്നശേഷം ഞങ്ങള്‍ മാറ്റിയെടുത്തോളാമെന്നും ആ നഴ്‌സ് പറഞ്ഞു. പിന്നീടവര്‍ ഒരു പേപ്പര്‍ത്തുണ്ടില്‍ ആവശ്യമായ സാധനങ്ങള്‍ കുറിച്ചു; പേപ്പറിനു മറുവശത്ത് ഏഴുപേരുടെയും പേരുകളും രേഖപ്പെടുത്തി. ഈ സമയത്ത് തന്നെയാണ് മറ്റൊരു സ്ത്രീ ഞങ്ങളെ സമീപിപ്പിക്കുന്നത്. അവരുടെ ഭര്‍ത്താവിനെ തലേദിവസമാണ് സര്‍ജറി ചെയ്തതെന്നും കിറ്റ് വാങ്ങാനാണ് പോകുന്നതെങ്കില്‍ അവര്‍ക്ക് പരിചയമുള്ള ഒരു മെഡിക്കല്‍ സ്റ്റോര്‍ ഉണ്ട്, അവിടെ നിന്നും വാങ്ങാമെന്നും പറഞ്ഞു. മറ്റ് ആറുപേരുടെയും ബന്ധുക്കള്‍ കിറ്റ് വാങ്ങാനുള്ള ചുമതല എന്നെയാണ് ഏല്‍പ്പിച്ചത്. ഇത്രയുമധികം പേര്‍ക്ക് വാങ്ങുമ്പോള്‍ അവയെല്ലാം ഒറ്റയ്ക്ക് കൊണ്ടുവരാന്‍ എനിക്കു ബുദ്ധിമുട്ടായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങളെ സമീപിച്ച ആ സ്ത്രീ എനിക്കൊപ്പം വരാമേന്നേറ്റു. 1130 രൂപയെ ആകൂ എന്ന കണക്കില്‍ എല്ലാവരില്‍ നിന്നും കാശ് വീതിച്ചു വാങ്ങി ഞങ്ങള്‍ പുറത്തേക്കു പോയി.

വണ്ടാനം ആശുപത്രിക്കു സമീപം തന്നെയുള്ള (——) മെഡിക്കല്‍സിലേക്കാണ് ഇവര്‍ എന്നെ കൂട്ടിക്കൊണ്ടു പോയത്. എന്നാല്‍ ആ സമയത്ത് മെഡിക്കല്‍ സ്‌റ്റോര്‍ തുറന്നിട്ടുണ്ടായിരുന്നില്ല. രാവിലെ ഏഴു മണിക്ക് സര്‍ജറി ആരംഭിക്കും. അതിനു മുമ്പ് ആഞ്ജിയോകിറ്റ് വാങ്ങിക്കൊടുക്കേണ്ടതാണ്. ആ വെപ്രാളം എനിക്കുണ്ട്. അതുകൊണ്ട് മറ്റേതെങ്കിലും കട നോക്കാം എന്നായി ഞാന്‍. ഈ സമയം സമീപത്തുണ്ടായിരുന്ന ചായക്കടയിലുള്ള ഒരാളോട് ആ സ്ത്രീ മെഡിക്കല്‍ സ്‌റ്റോര്‍ എപ്പോള്‍ തുറക്കുമെന്ന് ആരാഞ്ഞു. ഞാന്‍ നിര്‍ബന്ധിച്ചതുകൊണ്ട് മറ്റൊരു കടയിലേക്ക് പോകാന്‍ തുടങ്ങിയ ഞങ്ങളെ തടഞ്ഞുകൊണ്ട് ചായക്കടയിലുണ്ടായിരുന്നയാള്‍ മെഡിക്കല്‍ സ്‌റ്റോര്‍ തുറക്കാന്‍ ഇപ്പോള്‍ ആളുവരുമെന്ന് അറിയിച്ചു. അയാളുടെ സഹോദരന്റെതാണത്രേ കട. റോഡിന് എതിര്‍വശത്താണ് വീടെന്നും താന്‍ ഫോണ്‍ ചെയ്തു വിവരം പറഞ്ഞിട്ടുണ്ടെന്നും അയാള്‍ ഞങ്ങളെ അറിയിച്ചു.

അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തന്നെ മെഡിക്കല്‍ സ്‌റ്റോര്‍ തുറക്കാനായി ആളു വന്നു. കൂടെയുണ്ടായിരുന്ന സ്ത്രീയാണ് ലിസ്റ്റ് കൊടുത്തതും അയാളോട് സംസാരിച്ചതും. ആവശ്യമായ സാധനങ്ങളെല്ലാം എടുത്തശേഷം അവിടെയുണ്ടായിരുന്ന പഴയൊരു ബില്ലിന്റെ മറുവശത്തായി അയാള്‍ സാധനങ്ങളുടെ വില കുറിച്ചു തന്നു. മൊത്തം 9915 രൂപ.

ഈ സ്ത്രീ തലേദിവസം ഇവിടെ നിന്നു വാങ്ങിയെന്നു പറയുന്നത് ഒരു കിറ്റിന് 1130 രൂപവച്ച്. ഇന്നിപ്പോള്‍ ഞങ്ങളില്‍ ഒരാളില്‍ നിന്നും ഈടാക്കുന്നത് 1416 രൂപ ചില്ലറവച്ച്!

ഈ സംശയം ഞാന്‍ അയാളോട് ചോദിച്ചപ്പോള്‍, അളവില്‍ കൂടുതല്‍ സാധനങ്ങള്‍ കുറിച്ചിട്ടുണ്ട്. അതാണ് വിലയില്‍ വ്യത്യാസം വന്നതെന്നായിരുന്നു മറുപടി.

നിഷയ്ക്ക് മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും കുറിച്ചു നല്‍കിയ വില. ഇവിടുത്തെ പഴയൊരു ബില്ലിന്റെ പുറകുവശത്താണ് വില എഴുതി നല്‍കിയിരിക്കുന്നത്

ആ സമയത്ത് കൂടുതലൊന്നും ചോദിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍. മറ്റൊരു കാര്യം അയാള്‍ ചെയ്തത്, ഏഴുപേര്‍ക്കുള്ള കിറ്റ് ഞങ്ങള്‍ക്ക് കൈയില്‍ കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നതുകൊണ്ട് അയാളുടേതെന്ന് തോന്നിപ്പിക്കുന്ന ഓട്ടോയില്‍ ഇവ ആശുപത്രിയില്‍ കൊണ്ടുവന്നു തന്നു. പോരാന്‍നേരം അയാള്‍ പറഞ്ഞത് എന്ത് ആവശ്യമുണ്ടെങ്കിലും അവിടെ ഷീബ (ശരിയായ പേരല്ല) എന്നുപേരുള്ള ഒരു നഴ്‌സ് ഉണ്ട്, തന്റെ സഹോദരി ആണ്. അവരോട് പറഞ്ഞാല്‍ മതിയെന്നാണ്.

പിന്നീട് ആശുപത്രിയില്‍ എത്തി എല്ലാവരുടെയും സാധനങ്ങള്‍ ഞങ്ങള്‍ നഴ്‌സിനെ ഏല്‍പ്പിച്ചു. അതിനുശേഷം കൂടുതലായ കാശ് എല്ലാവരിലും നിന്നും വീതിച്ചു വാങ്ങുകയും ചെയ്തു.

ഐസിയുവിനും ഓപ്പറേഷന്‍ തിയേറ്ററിനും ഇടയിലായി ചെറിയൊരു കോറിഡോര്‍ ഉണ്ട്. അവിടെയാണ് ഞങ്ങള്‍ കൂട്ടിരിപ്പുകാര്‍ നില്‍ക്കുന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അധികം പ്രായമില്ലാത്തൊരു നഴ്‌സ് വന്നു ഞങ്ങളോടു പറഞ്ഞു; ഞാനീ സാധനങ്ങളെല്ലാം എടുത്തുവയ്ക്കുന്നതുവരെ നിങ്ങളാരെങ്കിലും ഇവിടെ നില്‍ക്കണം. 

ഞങ്ങള്‍ വാങ്ങിക്കൊടുത്ത ആഞ്ജിയോകിറ്റിന്റെ കാര്യമാണ് അവര്‍ പറഞ്ഞത്.

തുടര്‍ന്നവര്‍ പറഞ്ഞതെന്താണെന്നോ! ഇല്ലെങ്കില്‍ ഇതില്‍ പലതും ഇപ്പോള്‍ തന്നെ മോഷണം പോകും!

ഇവിടെ നിന്നോ? ഞങ്ങള്‍ വിശ്വാസം വരാതെ ചോദിച്ചു.

ആളുണ്ടെങ്കില്‍ ഇവിടെ നിന്നും പോകാം; അവര്‍ പറഞ്ഞു.

ഇതൊക്കെ കേട്ടപ്പോള്‍ ചില സംശയങ്ങള്‍ എനിക്കു തോന്നി. ഞാന്‍ ഉടനെ തന്നെ അതേ ആശുപത്രിയിലെ ജീവനക്കാരനായ എന്റെയൊരു സുഹൃത്തിനെ പോയിക്കണ്ടു. രാവിലെ മുതല്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹം ഉടന്‍ തന്നെ ഫോണെടുത്ത് സമീപത്തു തന്നെയുള്ള മറ്റൊരു മെഡിക്കല്‍ സ്റ്റോറില്‍ വിളിച്ച് ആഞ്ജിയോകിറ്റിനുള്ള വില തിരക്കി. മറുതലയ്ക്കല്‍ നിന്നുള്ള സംഭാഷണം സ്പീക്കര്‍ മോഡിലിട്ടാണ് എന്നെ കേള്‍പ്പിച്ചത്. അവിടുത്തെ വില 725 രൂപ! രാവിലെ ഞങ്ങള്‍ 1416 രൂപ കൊടുത്തു വാങ്ങിയതിന് 725 രൂപയോ?

ഇന്ന കടയില്‍ നിന്നാകുമല്ലേ വാങ്ങിച്ചിട്ടുണ്ടാവുക എന്നുകൂടി മറുതലയ്ക്കല്‍ നിന്നും അന്വേഷണം വന്നതോടെ കാര്യങ്ങളുടെ കിടപ്പ് എങ്ങനെയാമെന്ന് ഏകദേശം ബോധ്യം വന്നു.

ആശുപത്രിക്കാരും മെഡിക്കല്‍ സ്റ്റോറുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചൊക്കെ കുറെ കേട്ടിട്ടുള്ളതാണ്. ഇതൊരു മെഡിക്കല്‍ കോളേജാണ്. സാധാരണക്കാരായ രോഗികളാണ് ഇവിടെ ചികിത്സ തേടി വരുന്നത്.

ഒരുമിച്ചു വാങ്ങിയാല്‍ വിലകുറച്ചു കിട്ടുമെന്നുള്ള വാഗ്ദാനം വരുന്നതുതന്നെ ആശുപത്രിയിലെ നഴ്‌സുമാരില്‍ നിന്നാണ്. എന്നിട്ടോ നൂറിന്റെയും ഇരുന്നൂറിന്റെയും വര്‍ദ്ധനവ്. ഇന്നലെ ഇതേ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും ഇതേ ആഞ്ജിയോഗ്രാം കിറ്റ് വാങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു തന്നതിനേക്കാള്‍ എണ്‍പതു രൂപയോളം വര്‍ദ്ധനവ് വീണ്ടും. ഓരോ ദിവസവുംവച്ച് മരുന്നിന്റെ വില കൂടിക്കൊണ്ടിരിക്കുമോ?

മറ്റൊരു സംശയം, ആ നഴ്‌സ് കുറിച്ചു തന്ന ലിസ്റ്റില്‍ ഗ്ലൗ മുതല്‍ സിറിഞ്ച് വരെയുണ്ട്. ഇതൊന്നും തന്നെ ഒരു മെഡിക്കല്‍ കോളേജില്‍ ഇല്ലെന്നാണോ? പാവപ്പെട്ട രോഗികള്‍ക്ക് കാരുണ്യം വാരിക്കോരി കൊടുക്കുന്നു എന്നാണ് സര്‍ക്കാര്‍വരെ പറയുന്നത്. കുത്തിവച്ചിടത്ത് തുടയ്ക്കാനുള്ള പഞ്ഞിപോലും രോഗി വാങ്ങിക്കൊണ്ടു വരേണ്ടതാണ് യഥാര്‍ത്ഥ സ്ഥിതിയെന്ന് പാവങ്ങള്‍ക്കല്ലേ അറിയൂ.

അളവില്‍ കൂടുതല്‍ സാധനങ്ങള്‍ കുറിച്ചെന്നായിരുന്നല്ലോ ആ മെഡിക്കല്‍ സ്‌റ്റോറുകാരന്‍ വിലകൂടിയതിന്റെ കാരണമായി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ പാവങ്ങളായ ഞങ്ങള്‍ക്ക് അളവില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരാന്‍ കുറിപ്പെഴുതി തന്നതിന്റെ ഉദ്ദേശമെന്താണ്?

ഏഴുപേരും അളവില്‍ കൂടുതല്‍ വാങ്ങിക്കോളാനായിരുന്നല്ലോ എഴുതിയത്. അപ്പോള്‍ മിച്ചം വരുന്നവ എന്തു ചെയ്യും? നേരത്തെ മറ്റൊരു നഴ്‌സ് പറഞ്ഞല്ലോ, ഇവിടെ നിന്നും സാധനങ്ങള്‍ മോഷണം പോകാമെന്ന്. ആ കാര്യം ചേര്‍ത്തുവച്ചൊന്നു ചിന്തിക്കൂ. ഏതായാലും രോഗികളോ അവരുടെ കൂട്ടിരിപ്പുകാരോ മോഷണം നടത്തില്ല. പിന്നെയാരാണ് മോഷ്ടാക്കള്‍? അളവില്‍ കൂടുതല്‍ കുറിക്കുന്നവരു തന്നെയാകാം.

ഞങ്ങളെ അതേ മെഡിക്കല്‍ സ്‌റ്റോറില്‍ തന്നെ എത്തിക്കുന്നത് വ്യക്തമായ പ്ലാനിംഗോടു കൂടിയായിരുന്നു. ഒരു നഴ്സ്  വന്ന്‍ ആദ്യം കുറിപ്പു തരിക, അതിനുശേഷം ഒരുമിച്ച് മരുന്ന് വാങ്ങിയാല്‍ മതിയെന്ന് ഉപദേശിക്കുക, ഈ സമയത്ത് മറ്റൊരാള്‍ വന്ന് തനിക്കു പരിചയമുള്ള കടയുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോവുക. പ്രതീക്ഷിച്ചതിനെക്കാള്‍ വില കൂടുതലാണെന്നു തിരക്കിയാല്‍ അളവ് കൂടുതലുണ്ടെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് മറുപടി ഉണ്ടാവുക.

ആശുപത്രിയില്‍ നിന്നു മരുന്ന് കുറിച്ചു തന്നത് ഔദ്യോഗിക ചീട്ടിലൊന്നുമല്ല. മെഡിക്കല്‍ സ്‌റ്റോറുകാരനാണെങ്കില്‍ ഞങ്ങള്‍ക്ക് ബില്ലും തന്നില്ല. ഏതൊക്കെ സാധനങ്ങള്‍ എത്രയൊക്കെ അളവില്‍ ഉണ്ടെന്ന് അവര്‍ ഇരുകൂട്ടര്‍ക്കുമല്ലാതെ മറ്റാര്‍ക്കുമറിയില്ല.

സാധാരണക്കാര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിച്ചു കിട്ടാന്‍ മാത്രം പ്രാര്‍ത്ഥിച്ചു നടക്കുമ്പോള്‍ ഇടയില്‍ നടക്കുന്ന കള്ളത്തരങ്ങളൊന്നും തന്നെ അറിയുന്നുമില്ല, തിരക്കുന്നുമില്ല…

പ്രൈവറ്റ് ആശുപത്രിയില്‍ പോകാന്‍ പാങ്ങില്ലാത്തവരാണ് സര്‍ക്കാര്‍ ആശുപത്രികളെ വിശ്വസിച്ച് ഇങ്ങോട്ട് വരുന്നത്. പക്ഷേ ഇവിടെ നടക്കുന്നത് അതിലും വലിയ കൊള്ളയാണെങ്കിലോ? വണ്ടാനം ആശുപത്രിയേയോ അവിടെയുളള എല്ലാ ജീവനക്കാരെയുമോ കുറ്റപ്പെടുത്തുകയല്ല. പക്ഷേ അതിനുള്ളിലും ചിലരൊക്കെ ഞങ്ങളെപ്പോലുള്ളവരെ വഞ്ചിച്ചു കാശുണ്ടാക്കുന്നുണ്ടെന്ന് ഉറപ്പ്. ഞാനീ പറയുന്നത് വളരെ ചെറിയൊരു കാര്യമായിട്ടായിരിക്കാം നിങ്ങള്‍ക്ക് തോന്നുന്നുക. പക്ഷേ നൂറുരൂപപോലും വളരെ വലിയ തുകയായ ഒരുപാട് പാവങ്ങളും ഈ നാട്ടിലുമുണ്ടെന്ന് ചിന്തിച്ചു നോക്കിയേ… അവരുടെ ജീവന്‍വച്ച് നടത്തുന്ന കച്ചവടം അവസാനിപ്പിക്കേണ്ടതല്ലേ….

(ആലപ്പുഴ സ്വദേശിയാണ് നിഷ)

[*മുകളില്‍ പറഞ്ഞിരിക്കുന്ന സ്റ്റോറിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ ഭാഗത്തു നിന്നുള്ള പ്രതികരണം ഉള്‍പ്പെടുത്താതെ സ്ഥാപനത്തിന്റെ പേര് സ്റ്റോറിയില്‍ നല്കിയിരുന്നു. അത് എഡിറ്റോറിയല്‍ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഈ സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ പേര് നീക്കം ചെയ്യുന്നതിനൊപ്പം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.]  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍