UPDATES

വിദേശം

ബ്രെഡ് സമരം പഴങ്കഥ; ഇത് മാറുന്ന അംഗോള

Avatar

കോളിന്‍ മക്സ്ലെല്ലാന്‍ഡ് 
(ബ്ലൂംബര്‍ഗ്)

ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ലുബാംഗോ പട്ടണത്തിലെ പൌരന്‍മാര്‍ പുതിയ ബ്രെഡിനായി സമരം ചെയ്തു. ഇപ്പോള്‍ അംഗോളയിലെ മൂന്നാമത്തെ വലിയ നഗരം വൈദ്യുതി നിലയങ്ങള്‍ക്കും ഖനനത്തിനും പിന്നെ സ്വിസ് പാല്‍കട്ടികള്‍ക്കുമായി നിക്ഷേപകരെ ആകര്‍ഷിക്കുകയാണ്. 

വളരെ പ്രാകൃതമായിരുന്നു അക്കാലമെന്ന് 64-കാരനായ ജോക്യൂം സില്‍വ പറയുന്നു. പോര്‍ച്ചുഗീസ് കൊളോണിയലിസവും, മാര്‍ക്സിസ്റ്റ് ഭരണവും, ആഭ്യന്തരയുദ്ധവും അയാള്‍ കണ്ടിട്ടുണ്ട്. “സ്ഥിതി വിവര കണക്കുകള്‍ സൂക്ഷിക്കാന്‍ ബാധ്യസ്ഥരായ അംഗോള ദേശീയ ബാങ്കിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. കടകളില്‍ അന്ന് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോളാകട്ടെ കാടന്‍  മുതലാളിത്തമാണ്.”

ഒരു വര്‍ഷം ഏതാണ്ട് 3 ദശലക്ഷം ഡോളര്‍ വരുമാനമുള്ള നിര്‍മ്മാണ കമ്പനി കിംവെസ്റ്റ് കണ്‍സ്ട്രക്ടേഴ്സിന്‍റെ ഉടമസ്ഥനാണിപ്പോള്‍ സില്‍വ. 2002-ല്‍ അവസാനിച്ച 27 വര്‍ഷം നീണ്ട സംഘര്‍ഷം തകര്‍ത്ത ഒരു നഗരത്തിന്റെ പുതുപ്പിറവിയുടെ ഗുണഫലം അനുഭവിക്കുന്ന നൂറുകണക്കിനു പ്രാദേശിക, വിദേശ സംരംഭകരില്‍ ഒരാള്‍.  


തലസ്ഥാനമായ ലുവാണ്ടയുടെ രാത്രി ദൃശ്യം

തലസ്ഥാനമായ ലുവാണ്ടയില്‍ നിന്നും തെക്കോട്ട് ഏതാണ്ട് 1000 കിലോമീറ്റര്‍ മാറിയുള്ള, ഉയര്‍ന്ന പീഠഭൂമിയിലുള്ള  ലൂബാംഗോയില്‍ പാതകളും, ആശുപത്രികളും, അണക്കെട്ടുകളുമെല്ലാം തിരക്കുപ്പിടിച്ചു അറ്റകുറ്റപ്പണി നടത്തുകയാണ്. പ്രസിഡണ്ട് ജോസ് എഡ്വാര്‍ഡോ ഡോസ് സാന്‍റോസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, നഗരത്തിലെ കുന്നുകളുടെ പ്രകൃതിഭംഗിയും, വ്യവസായശാലകളും, ഖനികളുമെല്ലാം, വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ്. ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ എണ്ണയുത്പാദന രാഷ്ട്രമായ അംഗോളയുടെ എണ്ണയെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്ക്കരിക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്.

പോര്‍ച്ചുഗലില്‍ നിന്നും 1975-ല്‍ സ്വാതന്ത്ര്യം നേടി അധികം കഴിയുംമുമ്പ് ഇവിടെ താമസം തുടങ്ങിയ കാനഡക്കാരനായ ഡോക്ടര്‍ സ്റ്റീഫന്‍ ഫോസ്റ്റര്‍ പറയുന്നത് മാറ്റം സമൂലമാണെന്നാണ്.  ആഫ്രിക്കയിലേക്ക് വന്ന ഒരു ക്രിസ്ത്യന്‍ മതപ്രചാരകന്റെ മകനായ ഫോസ്റ്റര്‍ ഇപ്പോള്‍ 42 കിടക്കകളുള്ള ആശുപത്രി നടത്തുന്നു. ഒരു ദശലക്ഷം ഡോളറിന്റെ വാര്‍ഷിക ബജറ്റില്‍ 10,000 രോഗികള്‍ക്ക് ചികിത്സയും നല്കുന്നുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

എന്റെ ആഫ്രിക്ക: എത്ര സുന്ദരമായ ആചാരങ്ങള്‍
നിറങ്ങളുടെ ആഫ്രിക്കന്‍ കാഴ്ചകള്‍
ആഫ്രിക്കന്‍ നഗരക്കാഴ്ചകള്‍
ആഫ്രിക്കയുടെ കൊക്കാ-കോളനിവത്ക്കരണം
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ എന്തുചെയ്യും?

പുതിയ നിക്ഷേപങ്ങളില്‍ മിക്കതും പോകുന്നത് നഗരത്തിലെ 1.4 ദശലക്ഷം വരുന്ന ജനങ്ങള്‍ക്കും, തപ്പിത്തടയുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കും വൈദ്യുതി നല്‍കാനാണ്. മോണ്‍ട്രിയല്‍ ആസ്ഥാനമായ എസ് എന്‍ സി ലാവ്ലിന്‍ കമ്പനി ലുബാംഗോയിലെ മറ്റാല ജലവൈദ്യുത പദ്ധതി നവീകരിക്കാനുള്ള 248 ദശലക്ഷം ഡോളറിന്റെ പദ്ധതി ഏറ്റെടുത്തു കഴിഞ്ഞു. കുനേന്‍ നദിയില്‍ 5 കൊല്ലംകൊണ്ട് 305 മെഗാവാട്ടുണ്ടാക്കാവുന്ന രണ്ടു അണക്കെട്ടുകള്‍ പണിയുമ്പോള്‍ 40 മെഗാവാട്ടിന്റെ രണ്ടു ഡീസല്‍ വൈദ്യുത നിലയങ്ങള്‍ കഴിഞ്ഞ  വര്‍ഷം സ്ഥാപിച്ചു. ജമാ യ ഓമൊ, ജമാ യ മീന എന്നീ ജലവൈദ്യുത പദ്ധതികള്‍ ഏതാണ്ട് 1.3 ബില്ല്യണ്‍ ഡോളറിന്റെതാണ്. 2015-ലെ ബജറ്റില്‍ ഇതിന്  തുക അനുവദിക്കുമെന്നും 4 വര്‍ഷം കൊണ്ട് പണിതീരുമെന്നുമാണ് കരുതുന്നത്.

വ്യാപാരം നടത്താന്‍ ലോകത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് അംഗോള. ലോകബാങ്കിന്റെ 2014-ലെ ലളിത വ്യാപാര സൂചികയനുസരിച്ച് 189 രാഷ്ട്രങ്ങളില്‍ 179-ആണ് അംഗോളയുടെ സ്ഥാനം. ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണലിന്റെ അഴിമതി സൂചികയില്‍ 177-ല്‍ 153-ആയാണ് രാജ്യം ഇടംപിടിച്ചത്. ലൂബാംഗോയിലെ നിര്‍മ്മാണപ്രദേശങ്ങളില്‍ ഈ പോരായ്മകള്‍ പ്രകടമാണെന്ന് ജോക്വീം സില്‍വ പറയുന്നു. “നന്നായി ജീവിക്കുന്ന ഒരു ചെറുവിഭാഗമുണ്ട്. ഭൂരിഭാഗം ആളുകളും ദരിദ്രരാണ്.”

ഒരു പ്രാദേശിക ഇലക്ട്രോണിക്സ് കമ്പനിയുടെ സ്ഥാപകനായ എറ്റീന്‍ ബ്രെഹറ്റ് അയാളുടെ ജന്മനാടായ സ്വിറ്റ്സ്ലര്‍ലാന്റില്‍ നിന്നും ലുബാംഗോയിലേക്ക് പാല്‍ക്കട്ടികള്‍ കൊണ്ടുവരുന്നു. ഇന്ന് അയാളുടെ 400 ഹെക്ടര്‍ കൃഷിയിടത്തിലുള്ള പശുക്കളില്‍നിന്നും 700 കിലോഗ്രാം പാല്‍ക്കട്ടി ഉത്പ്പന്നങ്ങളാണ് പ്രതിമാസം ഉണ്ടാക്കുന്നത്. ഇത് അങ്ങകലെയുള്ള ലുവാണ്ടയിലടക്കം വില്‍ക്കുന്നു.

ബ്രെഡ് ദുര്‍ല്ലഭമായിരുന്ന, പാചക എണ്ണ സര്‍ക്കാര്‍ അനുവദിച്ചിരുന്ന ആ കാലത്തുനിന്നും ലുബാംഗോ ഏറെ മാറി. ഫോസ്റ്ററുടെ ആശുപത്രിയില്‍ എത്തുന്ന രോഗികളില്‍ പലര്‍ക്കും സമ്പന്നലോകത്തിന്റെ ജീവിതശൈലി രോഗങ്ങളാണ്.

“വിലകുറഞ്ഞ ചൈനീസ് ഇറക്കുമതിയോടെ മോട്ടോര്‍ബൈക് അപകടങ്ങളും കൂടിയിരിക്കുന്നു,” ഫോസ്റ്റര്‍ പറഞ്ഞു. “ഒരുപാട് ഭക്ഷണം കഴിക്കുന്നതുകൊണ്ടുള്ള ടൈപ് രണ്ടു പ്രമേഹവും, അര്‍ബുദവും വര്‍ധിച്ചിരിക്കുന്നു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍