UPDATES

സിനിമ

പ്രണയവിവാഹം, ഒരു ബലാരിഷ്ടത

Avatar

എന്‍ രവിശങ്കര്‍

എന്തെല്ലാം പ്രശ്‌നങ്ങള്‍ മറികടന്നാണ് ഒരാള്‍ക്ക് (ഒരു പുരുഷന്) ഒരു സിനിമ കാണാന്‍ കഴിയുക. ആദ്യം വീട്ടിലെ ലിംഗ സമത്വമില്ലായ്മയുടെ ഭര്‍തൃഭാവത്തെ ഊട്ടിയുറപ്പിക്കണം. പിന്നെ, വഴിയില്‍ കാണുന്ന പ്രദേശിക സ്വത്വങ്ങളെയൊക്കെ പ്രീതിപ്പെടുത്തും വണ്ണം കുശലം പറയണം. ബസ്സില്‍ കയറുമ്പോള്‍ തൊട്ടുതുടങ്ങുന്നു അതിലിരിക്കുന്ന സ്ത്രീകളുടെ മേലുള്ള സ്വന്തം പുരുഷാധിപത്യ വീക്ഷണത്തെ മറികടക്കാനുള്ള വൃഥാ ശ്രമങ്ങള്‍. സ്റ്റാന്‍ഡിലിറങ്ങി ഓട്ടോയില്‍ കയറിയാല്‍ കാവി-ചുവപ്പ് രാഷ്ട്രീയ സ്വത്വങ്ങളായ ഡ്രൈവര്‍മാരോട് ചക്രസ്തംഭന സമരത്തെ ചൊല്ലിയുള്ള വാഗ്വാദങ്ങളും തൊഴിലാളി-വിരുദ്ധ കാഴ്ചപ്പാടിന്റെ ഭാഗമായ വാടക പേശലുകളും. തിയറ്ററില്‍ ബാല്‍ക്കണിക്ക് ടിക്കറ്റെടുക്കുമ്പോള്‍ മാത്രം യാതൊരു ‌സ്വത്വാവകാശ വാദങ്ങളുമില്ല. ലേയ്‌സ് എന്ന പൊട്ടെറ്റോ വേഫേര്‍സ് വെറും അഞ്ചു രൂപയ്ക്ക് വാങ്ങുമ്പോള്‍ ഉരുളക്കിഴങ്ങ് കൃഷിക്കാര്‍ക്ക് കിട്ടുന്ന വിലയെക്കുറിച്ച് യാതൊരു ചിന്തയുമില്ല. മാമ്പഴ ജൂസിലെ എന്‍ഡോസള്‍ഫാന്‍ അളവിനെ കുറിച്ചും യാതൊരു അറിവുമില്ല. അങ്ങനെ ‘ആംഗ്രി ബേബീസ് ഇന്‍ ലവ്’ എന്ന് പൂര്‍ണ നാമധേയമുള്ള പടം കാണുന്നു. ട്രെയ്‌ലര്‍ കണ്ടിട്ടും ഈ പടം കാണാന്‍ പോകുന്നത് തീര്‍ച്ചയായും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഏതോ സ്വത്വബാധത്തിന്റെ പ്രവര്‍ത്തനമായിരിക്കണം.

പ്രമേയത്തില്‍ പ്രശ്‌നമൊന്നുമില്ല. അച്ചിട്ട പോലെ കൃത്യം. എന്താണത്? സ്ത്രീ പുരുഷ സമത്വം തന്നെ കാര്യം. സാമ്പത്തിക അസമത്വത്തിനെതിരായ പ്രണയകലാപം, പണക്കാരിയായ സാറയേയും (കാഞ്ഞിരപ്പള്ളി അച്ചായത്തി) താരതമ്യേന ദരിദ്രനായ (ഏതാനും കോടി രൂപ താഴെ) ജീവനേയും സ്ഥിതി സമത്വത്തിന് പേരുകേട്ട ബോംബെ നഗരജീവിതത്തില്‍ ആണ്ടുപോവാന്‍ പ്രേരിപ്പിക്കുന്നു. ചില തെറ്റിദ്ധാരണകള്‍ മൂലം അകലുന്ന അവരെയാണ് പിന്നീട് നമ്മള്‍ കാണുന്നത്. കുടുംബ കോടതി അവരെ വിവാഹം വേര്‍പ്പെടുന്നതിന് മുന്നോടിയായ ആറുമാസത്തെ പുനര്‍വിചിന്തന ശിക്ഷയ്ക്ക് വിധേയരാക്കുന്നു. ഇതിനിടയില്‍ അവര്‍ ഒന്നിക്കുന്നു. സാറാസ് കോഫി ഷോപ്പ് ലിംഗ സമത്വം പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് പോകുന്നു. പ്രണയം വിവാഹത്തില്‍ ഒരു ബാലാരിഷ്ടത മാത്രമാണെന്നും പരസ്പര വിശ്വാസമാണ് സന്തുഷ്ട കുടുംബത്തിന്റെ ആധാരശിലയെന്നും അവര്‍ നിഗമിക്കുന്നു.

ഇതിനിടയില്‍ മിമിക്‌സ് പരേഡ് പോലെ പല നമ്പറുകളും വന്നുപോകുന്നുണ്ട്. അനൂപ് മേനോന്റെ ഊതിവിര്‍പ്പിച്ച തിരക്കഥയിലൂടെയും കൃഷ്ണ പൂജപ്പുരയുടെ സരസ സംഭാഷണങ്ങളിലൂടെയുമാണ് നമ്പറുകള്‍ പുരോഗമിക്കുന്നത്. ഒരു സാമ്പിള്‍ ഇതാ: തമിഴത്തി വേലക്കാരി സെല്‍വി, ‘ഭാര്യയെ തല്ലുന്ന പുരുഷന്മാരെ എനിക്ക് വളരെ ഇഷ്ടമാണ്.’

പെണ്ണിനെ തല്ലുന്നവനാണ് ജീവന്‍ എന്ന ചിന്തയില്‍ അവള്‍ക്ക് അയാളോട് അനുരാഗം പോലും തോന്നുന്നു. ഈ സെല്‍വി ഒരു പ്രധാന കഥാപാത്രമാണ്, കേട്ടോ? ആറു മാസത്തെ പുനര്‍വിചിന്തന ശിക്ഷാക്കാലയളവില്‍ അവര്‍ക്കിടയ്ക്ക് വന്ന് അവരെ തിരുത്തുന്നവളാണ് തേനി സ്വദേശിയായ ഈ തമിഴ് സുന്ദരി. ദേ, കിടക്കുന്നു സ്ത്രീപുരുഷ സമത്വം! അല്ലെങ്കിലും, സമത്വമൊക്കെ ഒരേ സംസ്‌കാരത്തില്‍ ഉള്ളവര്‍ തമ്മില്‍ മതിയെന്നല്ലേ നാട്ടുനടപ്പ്. ഈ വേലക്കാരികളൊക്കെ എന്തിനാണ് തമിഴ്‌നാട്ടില്‍ നിന്ന് വരുന്നത് കര്‍ത്താവേ? ഇതുങ്ങള് വന്ന് കേരള സമൂഹം ഉണ്ടാക്കിവെച്ച സമത്വമൊക്കെ കുട്ടിച്ചോറാക്കുകയാണല്ലൊ!

ബെസ്റ്റ് ഓഫ് അഴിമുഖം

ന്യൂ ജനറേഷന്‍കാര്‍ ആളെ പറ്റിക്കരുത് – ജീത്തു ജോസഫ്
1983 എന്ന നൊസ്റ്റാള്‍ജിയ
എവിടെ മജീദിന്‍റെ (ബഷീറിന്‍റെയും) പൂന്തോട്ടങ്ങള്‍?
ചായില്യം: ചില ആര്‍ത്തവേതര കാഴ്ചകള്‍
സുരാജിന്റെ മേല്‍ വീണ ഇടിത്തീ!

നമ്പറുകളുടെ കാര്യം മറന്നു. തലയില്‍ ഗോതമ്പുപൊടി വീഴുക എന്ന നമ്പര്‍ നിങ്ങള്‍ ആദ്യമായിട്ടായിരിക്കും കണ്ടിരിക്കുക. ഞാന്‍ മുമ്പ് കണ്ടിട്ടില്ല, കേട്ടോ. അത് ഈ പടത്തില്‍ കാണാം. പിന്നെ വേറെന്തൊക്കെയോ പൊടികള്‍, മുട്ടയേറ്, മുട്ട മുഖത്ത് പൊട്ടിത്തെറിക്കല്‍, ഇതൊന്നും നിങ്ങള്‍ കണ്ടിട്ടില്ലായിരിക്കും. അതൊക്കെ കാണാനുള്ള ഒരു സുവര്‍ണാവസരമാണ് ഈ പടം. ഭാര്യയെ തോല്‍പ്പിക്കാന്‍ ഭര്‍ത്താവ് കക്കൂസില്‍ കയറി ഇരിക്കല്‍, വഴുക്കി വീഴാന്‍ നിലത്ത് എണ്ണയൊഴിക്കല്‍ (അയ്യോ, ആ പഴത്തൊലി കണ്ടില്ല!), അങ്ങനെ പലതും ഈ പടത്തില്‍ കാണാം. ലിസ്റ്റ് സാമാന്യം നീണ്ടതാണ്. അനൂപ് മേനോനില്‍ നിന്നും മോചനമില്ലാത്ത അനൂപ് മേനോനേയും ഈ പടത്തില്‍ കാണാം. എന്തൊരു ഗമ, ഗരിമ! താന്‍ ഐപിഎസിലാണെന്നാണ് ഇപ്പോഴും വിചാരം. റിപ്പബ്ലിക് പരേഡിന് വലിച്ചു മുറുക്കിയ ശ്വാസം ഇനിയും അയച്ചുവിട്ടിട്ടില്ല. പാവം ഭാവനയെ പറഞ്ഞിട്ടു കാര്യമില്ല. വഴക്കിടുന്ന ഒരു ഭാര്യയ്ക്ക് എത്ര സ്‌കോപ്പുണ്ട് ഈ ജീവിതത്തില്‍? വെറുതെയല്ല, തമിഴ് പടം തേടിപ്പോവുന്നത്. ഇത്തരം സിനിമകളില്‍ സൈഡ് കഥാപാത്രങ്ങള്‍ സ്‌കോറ് ചെയ്യുന്നതും ഒരു പതിവാണ്. പ്രധാന കഥാപാത്രങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് സൈഡുകാര്‍ ഷൈന്‍ ചെയ്യുന്നത്. അതുകൊണ്ട് റെഡ്‌സ്ട്രീറ്റില്‍ പോകാന്‍ വഴി ചോദിക്കുന്നയാള്‍ കൈയ്യടി നേടുന്നു. കുടുംബ മൂല്യങ്ങളെ തിയേറ്ററിലെ ഇരിപ്പട സംവിധാനങ്ങളിലേക്ക് പറിച്ചുനട്ടവര്‍ പോലും അത് ആസ്വദിക്കുന്നു.

പടം ഞാന്‍ ആസ്വദിച്ചില്ലെന്ന് പറയാന്‍ വയ്യ. തൊട്ടപ്പുറത്തിരുന്ന് ഉറക്കെ നിരന്തരം ഛര്‍ദ്ദിച്ചുകൊണ്ടിരുന്ന ഒരു പാവം മദ്യപാനി മാത്രമായിരുന്നു അലോസരമുണ്ടാക്കിയത്. അതുപോലെ ഒരു പഴമയുടെ ഗന്ധം പടത്തിനുമുണ്ട്. തിരോന്തരത്തേയ്ക്ക് പോകാന്‍ തീവണ്ടിയില്‍ കയറിയിട്ട് അത് തിരോന്തരത്തു നിന്ന് വരുന്ന വണ്ടിയാണെന്ന് തിരിച്ചറിയുന്ന തരം ജാള്യത. 

തിയറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഫോണില്‍ ഭാര്യയുടെ സ്വത്വാവകാശ പ്രഖ്യാപനം വന്നു, ‘വരുമ്പോള്‍ വല്ലതും മേടിച്ചു വരണം. ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല.’ റംസാന്‍ ആയതുകൊണ്ട് മൃദു മുസ്ലിം സമീപനത്തിന് സാധ്യതയില്ലാത്തതുകൊണ്ട് (നൂര്‍ജഹാന്‍ തുറക്കില്ല) സവര്‍ണ (ബ്രാഹ്മണ) ഭോജനശാലയിലേക്ക് നടക്കുമ്പോള്‍ മനസില്‍ പറഞ്ഞു, ‘സജി സുരേന്ദ്രാ, ഞാനായതുകൊണ്ട് നീ രക്ഷപ്പെട്ടു. ചില സിനിമാ നിരൂപകരുടെ കൈയിലെങ്ങാനും ചെന്നുപെട്ടിരുന്നെങ്കില്‍ സിനിമയെടുക്കാന്‍ നിനക്ക് കൊറിയയിലേക്കോ മറ്റോ ഓടേണ്ടി വന്നേനേ!’

അഴിമുഖം പ്രസിദ്ധീകരിച്ച രവിശങ്കറിന്‍റെ മുന്‍ ലേഖനം

‘കൂതറ’യും കോട്ടുവായിടുന്ന കൂതറകളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍