UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനുജന്‍ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി തല്ലിച്ചതച്ചു: ആന്ധ്ര എംഎല്‍എ വിവാദത്തില്‍

റെഡ്ഡി ഒരു മാധ്യമപ്രവര്‍ത്തകനല്ലെന്നും നക്‌സല്‍ അനുകൂലിയാണെന്നുമാണ് എംഎല്‍എ പറയുന്നത്

അനുജനും കൂട്ടാളികളും പരസ്യമായി മാധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ചതോടെ ആന്ധ്ര എംഎല്‍എ അമഞ്ചി കൃഷ്ണ മോഹന്‍ വിവാദത്തില്‍. ടിഡിപി എംഎല്‍എയായ കൃഷ്ണ മോഹന്റെ സഹോദരന്‍ അമഞ്ചി സ്വാമലുവാണ് പ്രകാശം ജില്ലയിലെ ചിരല തെരുവില്‍ വച്ച് ഓടിച്ചിട്ട് തല്ലിയത്. ആന്ധ്രയിലെ ഒരു പ്രാദേശിക ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറും സ്വന്തമായി ഒരു മാസിക നടത്തുന്ന വ്യക്തിയുമായ എം നാഗാര്‍ജ്ജുന റെഡ്ഡിയാണ് ആക്രമണത്തിനിരയായത്.

സ്വാമലുവും സംഘവും ചേര്‍ന്ന് റെഡ്ഡിയെ ഇടിക്കുന്നതിന്റെയും ഒരു വടി ഉപയോഗിച്ച് അടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്രൂരമര്‍ദ്ദനം നടക്കുമ്പോള്‍ ധാരാളം പേര്‍ തെരുവില്‍ നിസഹായരായി അത് നോക്കി നില്‍ക്കുകയായിരുന്നു. ഒടുവില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടതോടെയാണ് മര്‍ദ്ദനം അവസാനിച്ചത്.

കൃഷ്ണ മോഹന്റെയും സ്വാമലുവിന്റെയും ചില സാമ്പത്തിക ഇടപാടുകള്‍ അടുത്തിടെ റെഡ്ഡി പുറത്തുകൊണ്ടുവന്നിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള വായ്പകള്‍ ക്രമക്കേടിലൂടെ ഇവര്‍ കൈക്കലാക്കിയെന്നായിരുന്നു വാര്‍ത്ത. ഇതില്‍ കുപിതരായ സ്വാമലുവും സഹായികളും ചേര്‍ന്ന് റെഡ്ഡിയെ ഓടിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനാല്‍ കൃഷ്ണ മോഹന്‍ സംഭവം നിഷേധിച്ചിട്ടില്ല.

തങ്ങള്‍ക്കെതിരായ അപകീര്‍ത്തിപരമായ വാര്‍ത്തയോടുള്ള വികാരപരമായ പെരുമാറ്റമായിരുന്നു അതെന്ന് എംഎല്‍എ പ്രതികരിച്ചു. അതേസമയം ഇത് ഗുണ്ടായിസം അല്ലെന്നും റെഡ്ഡി ഒരു മാധ്യമപ്രവര്‍ത്തകനല്ലെന്നും നക്‌സല്‍ അനുകൂലിയാണെന്നുമാണ് എംഎല്‍എ പറയുന്നത്. സംഭവത്തില്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് കാണിച്ച് ആന്ധ്രപ്രദേശ് വര്‍ക്കിംഗ് ജേണലിസ്റ്റ് ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും അവര്‍ കത്തെഴുതിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍