UPDATES

വിപണി/സാമ്പത്തികം

‘ചേട്ടന് നന്ദി’; അവസാന നിമിഷം അനിൽ അംബാനിക്ക് താങ്ങായി മുകേഷ് അംബാനി

സുപ്രീകോടതിയുടെ വിധി അനുസരിച്ച് എറിക്‌സണ് 550 കോടി രൂപയും അതിന്റെ പലിശയും നല്‍കിയതായി ആര്‍കോം വക്താവ് അറിയിച്ചു.

സ്വീഡിഷ് കമ്പനിയായ എറിക്‌സണ് അനിൽ അംബാനി പിഴയായി നല്‍കാനുള്ള 458.77 കോടി രൂപ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി നൽ‌കിയതിന് പിറകെ സഹോദരനും കുടുംബത്തിനും നന്ദി അറിയിച്ച് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്(ആര്‍കോം) ചെയര്‍മാന്‍ അനില്‍ അംബാനി. തിങ്കളാഴ്ചയാണ് അനിൽ അംബാനി ഒടുക്കാനുള്ള 458.77 കോടി മുകേഷ് അംബാനി എറിക്സണ് കൈമാറിയത്. ഇതിന് പിറകെയായിരുന്നു സഹോദനന് നന്ദി അറിയിച്ചുകൊണ്ട് അനിൽ അംബാനിയുടെ പ്രസ്താവന പുറത്തിറങ്ങിയത്. വാർത്താ കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്നിന്ന എന്റെ മൂത്ത ജേഷ്ഠന്‍ മുകേഷ് അംബാനിക്കും പത്നി നിതയ്ക്കും ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു. അവരുടെ ഇടപെടലിലൂടെ അവര്‍ കാത്തുസൂക്ഷിക്കുന്ന കുടുംബമൂല്യങ്ങളിലെ സത്യസന്ധതയാണ് വെളിവായിരിക്കുന്നത്. ഞാനും എന്റെ കുടുംബവും എന്നും അവരോട് കടപ്പെട്ടിരിക്കും.’ അദ്ദേഹം പറയുന്നു. ഇതിനിടെ സുപ്രീകോടതിയുടെ വിധി അനുസരിച്ച് എറിക്‌സണ് 550 കോടി രൂപയും അതിന്റെ പലിശയും നല്‍കിയതായി ആര്‍കോം വക്താവ് അറിയിച്ചു.

അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് 2005 ൽ രണ്ടായി വിഭജിക്കപ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് പ്രതിസന്ധിയിലായ അനിൽ അംബാനിയെ മുകേഷ് അംബാനി സാമ്പത്തികമായി സഹായിക്കുന്നത്. കഴിഞ്ഞ വർഷം റിലയന്‍സ് ജിയോയുമായി ഇന്ത്യയിലെ ടെലകോം രംഗത്തേക്ക് മുകേഷ് അംബാനി കടന്നുവന്നതോടെ വിലക്കുറവിനെ അതിജീവിക്കാന്‍ ആര്‍കോം കഷ്ടപ്പെട്ടതോടെ ആര്‍കോമിന്റെ വയര്‍ലെസ് ആസ്തി 3,000 കോടി രൂപയ്ക്ക് ജേഷ്ഠൻ വാങ്ങിയിരുന്നു. ഇതിന് പിറകെയാണ് എറിക്സണ് അനിൽ അംബാനി നൽ‌കാനുള്ള 458.77 കോടി രൂപ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കൈമാറുന്നത്.

പണം നല്‍കുന്നതില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് എറിക്‌സണ്‍ കോടതിയെ സമീപിച്ചത്. ഇതോടെ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയില്‍ തുക നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് മൂന്ന് മാസം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അനില്‍ അംബാനിയുടെ അഭിഭാഷകന്‍ പണമടച്ച കാര്യം സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അനില്‍ അംബാനിക്കും രണ്ട് ഡയറക്ടര്‍മാര്‍ക്കും ഒരു കോടി രൂപ പിഴയുമിട്ടിരുന്നു. അഹന്ത നിറഞ്ഞ സമീപനമാണ് അനില്‍ അംബാനിയുടേത് എന്ന് എറിക്‌സണ്‍ പറഞ്ഞിരുന്നു.

ഏഴ് വര്‍ഷത്തെ നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍ കരാറിലാണ് എറിക്‌സണ്‍ 2014ല്‍ ആര്‍ കോമുമായി ഒപ്പ് വച്ചിരുന്നത്. കളിഞ്ഞ വര്‍ഷം ആര്‍ കോമിനെതിരെ എറിക്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചു. 576.77 കോടി രൂപ നല്‍കാനുണ്ട് എന്ന് ചൂണ്ടിക്കാട്ടി. 180 കോടി രൂപ സുപ്രീം കോടതി രജിസ്ട്രറയില്‍ ആര്‍ കോം കെട്ടി വച്ചതായി കോടതി അറിയിച്ചു. സഹോദരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായുള്ള സ്‌പെക്ട്രം കരാര്‍ സാധ്യമാകാത്തതിനെ തുടര്‍ന്നന് മതിയായ പണം സ്വരൂപിക്കാനായില്ലെന്ന അംബാനി ഗ്രൂപ്പിന്റെ വാദം കോടതി തള്ളിക്കളഞ്ഞിരുന്നു. റാഫേല്‍ കരാറില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ അനില്‍ അംബാനിക്ക് പണമുണ്ട് എന്ന് എറിക്‌സണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍