UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്നയുടെ വീട്ടില്‍ വാഹനങ്ങള്‍ മധുരിക്കും

Avatar

ജെ. ബിന്ദുരാജ്

മെർസിഡസ് ബെൻസ് സി ക്ലാസും ഫെരാരിയും റേസിങ് കാറുകളുമെല്ലാം മധുരിക്കാൻ തുടങ്ങിയിരിക്കുന്നു ഇപ്പോൾ. അവ മധുരിക്കാനുള്ള കാരണം കാഞ്ഞിരപ്പിള്ളിക്കാരിയായ ഒരു യുവതിയാണ്. ഇപ്പോൾ കൊച്ചിയിൽ സ്ഥിരതാമസമായ അന്ന മാത്യു വടയാട്ടാണ് വാഹനങ്ങളെയൊക്കെ കേക്കിലേക്ക് ആവാഹിച്ച് വാഹനപ്രേമികളുടെ മനം കവർന്നുകൊണ്ടിരിക്കുന്നത്. ആവശ്യക്കാർക്കായി അവർ നിർമ്മിച്ചു നൽകുന്ന ആർട്ട് കേക്കുകളിൽ വാഹനങ്ങളുടെ രൂപങ്ങൾ ഇടം പിടിച്ചതോടെ വാഹനസംബന്ധിയായ പരിപാടികൾക്കും വാഹനപ്രേമികളുടെ ഓരോ ആഘോഷങ്ങൾക്കും അന്നയുടെ കേക്കുകളില്ലാതെ എന്താഘോഷം എന്ന നിലയായി. ”ചിലർ അവരുടെ സ്വപ്ന വാഹനങ്ങൾ നിർമ്മിക്കാൻ ആവശ്യപ്പെടുമ്പോൾ മറ്റു ചിലർ സ്വന്തം വാഹനങ്ങൾക്കൊപ്പമുള്ള കേക്കുകൾ നിർമ്മിക്കാൻ ആവശ്യപ്പെടും. ചിലർ വെഡ്ഡിങ് കേക്കുകളിലാണ് വാഹനങ്ങൾ ആവശ്യപ്പെടാറുള്ളത്,” അന്ന മാത്യു പറയുന്നു. 

കലയോടുള്ള പ്രണയം മൂത്ത് ചെന്നൈയിലെ സ്‌റ്റൈല്ലാ മേരീസ് കോളെജിൽ ഫൈൻ ആർട്‌സിൽ ബിരുദവും ബിരുദാനന്തര ബിരുദവും സ്വർണമെഡൽ തിളക്കത്തോടെ നേടിക്കഴിഞ്ഞപ്പോഴും തന്റെ സർഗാത്മകത പലയിടത്തും തപ്പിത്തടഞ്ഞു കിടക്കുന്നതല്ലാതെ സ്വതന്ത്രമായി ഒഴുകിയിറങ്ങുന്നില്ലെന്ന് അന്നയ്ക്ക് ബോധ്യപ്പെട്ടു. കാൻവാസിൽ തെളിയുന്ന നിറച്ചാർത്തിലോ ശിൽപസുഭഗതയിലോ ഒന്നും തന്നെ അവർ തൃപ്തിപ്പെട്ടില്ല. വല്ലാത്തൊരു അസ്വസ്ഥത അവരെ വലയം ചെയ്തു. തന്റെ കല ഉണരേണ്ടത് ഇതിലുമല്ലെന്ന മട്ടിലൊരു ചിന്ത അവരെ എപ്പോഴും പിന്തുടർന്നു. വർഷങ്ങൾക്കുശേഷമാണ് സംതൃപ്തി നൽകുന്ന, ”മധുരതരമായ” ഒരു കലാലോകമാണ് തന്റെ കലാമികവ് പ്രകടിപ്പിക്കാനുള്ള വേദിയെന്ന് അവർ തിരിച്ചറിഞ്ഞത്.

കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയായ ഈ 35-കാരി ഇന്ന് കേരളത്തിലെ കേക്ക് പ്രേമികൾക്ക് പ്രിയപ്പെട്ടവളായി മാറിയിരിക്കുന്നു. കലാപരമായ കേക്കുകൾ നിർമ്മിക്കുന്നതിൽ അഗ്രഗണ്യയായാണ് ഇന്ന് അന്ന അറിയപ്പെടുന്നത്.  2011-ൽ അവർ തുടക്കമിട്ട കലയും രുചിയും സമന്വയിപ്പിക്കുന്ന കേക്കുകൾ വാങ്ങാൻ നാട്ടിലെത്തുന്ന പ്രവാസി മലയാളികൾ തിക്കിത്തിരക്കുകയാണ്. കൊച്ചിയിലെ രവിപുരത്തെ വീട്ടിൽ ഭർത്താവ് ഓസ്റ്റിൻ ബേബി വടയാട്ടിനും രണ്ട് മക്കൾക്കുമൊപ്പം കഴിയുന്ന ഈ കലാകാരി പക്ഷേ മാസത്തിൽ നാലേ നാല് കേക്കുകൾ മാത്രമേ രൂപകൽപന ചെയ്യാറുള്ളു. ”ഇത് എനിക്ക് വെറുമൊരു കേക്ക് നിർമ്മാണമല്ല. കലാപ്രവർത്തനം കൂടിയാണ്. യാതൊരു ഉപകരണങ്ങളും ഉപയോഗിക്കാതെ വെറുംകൈ ഉപയോഗിച്ചാണ് ഞാൻ കേക്കിലെ കലാരൂപങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്,” അന്ന പറയുന്നു. അന്നയുടെ കേക്കുകളിൽ റേസിങ് കാറുകൾ മുതൽ സൂപ്പർ ബൈക്കുകൾ വരെ ഇടം പിടിക്കുന്നുണ്ട് ഇപ്പോൾ. 

കലയും കലാചരിത്രവുമൊക്കെ പഠിച്ച ഒരാൾ ഒരു കേക്ക് ബേക്കറായി മാത്രം ഒതുങ്ങിപ്പോകുന്നതിൽ നാട്ടുകാർ ഖേദേം പ്രകടിപ്പിച്ചാലും അന്നയ്ക്ക് തെല്ലും കുലുക്കമില്ല. തനിക്ക് സംതൃപ്തി നൽകുന്നത് ചെയ്യുന്നില്ലെങ്കിൽ പിന്നെയെന്ത് ജീവിതം എന്താണ് അവരുടെ ചോദ്യം. ഫെയ്‌സ്ബുക്കിൽ അവരുടെ പേജായ കേക്ക് കാൻവാസ് – ഹാപ്പിനെസ് ഇൻ എ ബോക്‌സിന് ഇന്ന് 30,000 ലൈക്കുകളാണുള്ളത്. പേജിൽ കൊടുത്തിട്ടുള്ള അവരുടെ ഫോണിലൂടേയും (9387081003, 0484 4047094) ഇ-മെയിലൂടെയുമാണ് കേക്കിനുള്ള ഓർഡറുകൾ സ്വീകരിക്കുന്നത്. ഫെരാരിയ്ക്കുള്ളിലെ ദമ്പതിമാരും സൂപ്പർബൈക്കിൽ യാത്രയ്‌ക്കൊരുങ്ങുന്ന ബൈക്ക് റൈഡറും ഡിസ്‌നി രാജകുമാരിയുടെ കൊട്ടാരവും തൊട്ടിലിൽ ഉറങ്ങുന്ന കുഞ്ഞും സ്‌പെഡർമാനും നോഹയുടെ പെട്ടകവും ലോകസഞ്ചാരിയുമൊക്കെ ഈ കേക്കുകളിൽ തെളിയുന്നു. വാഹനങ്ങളുടെ രൂപങ്ങളിലുള്ള കേക്കുകൾ നിർമ്മിക്കുമ്പോൾ കഴിവതും ആ വാഹനങ്ങളെ നേരിട്ടും ചിത്രങ്ങളിലൂടേയും പരിചയപ്പെടാൻ അന്ന ശ്രമിക്കാറുണ്ട്. ”വാഹന കമ്പനികളുടെ സൈറ്റുകളിൽ നിന്നും വാഹനത്തിന്റെ 360 ഡിഗ്രി ചിത്രങ്ങൾ കണ്ടെത്തിയശേഷം അതിന്റെ ഓരോ സവിശേഷതയും മനസ്സിലാക്കിയശേഷമാണ് ഞാൻ അത് നിർമ്മിക്കാറുള്ളത്,” അന്ന പറയുന്നു. അന്നയ്ക്ക് ഒരു സ്‌കോഡ ഫാബിയയും ഭർത്താവ് ഓസ്റ്റിന് ബജാജ് പൾസർ 200 എൻ എസുമാണുള്ളത്.

”കലാനിർമ്മിതിക്ക് ഏറ്റവും നല്ല മാധ്യമമായി എനിക്ക് അനുഭവപ്പെട്ടത് കേക്കുകളാണ്. കേക്ക് നിർമ്മിക്കുന്നതിനു മുമ്പ് ഞാൻ അതിന്റെ സ്‌കെച്ച് രൂപപ്പെടുത്താറില്ല. എന്റെ മനസ്സിലാണ് ഞാൻ ആ ചിത്രം വരയ്ക്കുന്നത്. കൈകൾ അത് കേക്കിൽ സ്വയം നിർമ്മിച്ചുകൊള്ളും,” അന്ന പറയുന്നു. തന്റെ കലാസൃഷ്ടി ഏതു മട്ടിൽ ഉണരണമെന്ന് ഒരു അനിശ്ചിതത്വം നിലനിന്നിരുന്ന സമയത്താണ് ഭക്ഷണത്തിൽ അതീവ തൽപരരായിരുന്ന ഒരു കുടുംബം കേക്കിന്റെ ലോകത്തേക്ക് തന്നെ കൂട്ടിക്കൊണ്ടു പോയതെന്നും താൻ അതിൽ കല കണ്ടെത്തിയതെന്നും അന്ന പറയുന്നു. കുടുംബസദസ്സുകളിലായിരുന്നു ആദ്യ പരീക്ഷണങ്ങൾ. പക്ഷേ അന്നയുടെ കേക്കിലെ കലാവിരുതിന് വാക്കാൽ ലഭിച്ച പ്രചാരം മൂലം പരിചയമില്ലാത്തവർക്കു പോലും കേക്ക് നിർമ്മിച്ചു നൽകാൻ നിർബന്ധിതയായതോടെയാണ് എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കി വിപുലപ്പെടുത്തിക്കൂടാ എന്ന് അവർക്ക് തോന്നിയത്. അങ്ങനെയാണ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചതും അതിലൂടെ ബുക്കിങ് തുടങ്ങിയതും.

”കലയായിട്ടാണ് കേക്കുണ്ടാക്കലിനെ കാണുന്നതെന്നതിനാൽ അതിൽ പരിപൂർണമായി ശ്രദ്ധ പതിപ്പിക്കുന്നതിനായിട്ടാണ്‌ കേക്കുകളുടെ എണ്ണം മാസത്തിൽ നാലായി പരിമിതപ്പെടുത്തിയിട്ടുള്ളത്. ചോക്കലേറ്റും ഐസിങ്ങും മാത്രമാണ് കേക്കിന്റെ ചേരുവകൾ. ആർട്ട് വർക്കിനനുസരിച്ചാണ് ഇന്ന് കേക്കിന്റെ വില. 10,000-15,000 രൂപയിലാണ് കേക്കിന്റെ വില ആരംഭിക്കുന്നത്,” അന്ന പറയുന്നു. തന്റെ സ്ഥാപനം ഒരു ബേക്കറിയല്ലെന്നും കേക്കുകളുടെ ഡിസൈനിങ് സ്റ്റുഡിയോ ആണെന്നുമാണ് പൊട്ടിച്ചിരിയോടെ അന്ന പറയുന്നത്.  

ഇതുവരെ 200 വ്യത്യസ്തങ്ങളായ കേക്കുകൾ മാത്രമേ അന്ന നിർമ്മിച്ചിട്ടുള്ളു. ഈ കേക്കുകളുടെയൊക്കെ ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ അവർ അപ്‌ലോഡ് ചെയ്യുന്നുമുണ്ട്. കേക്ക് ഡെക്കറേറ്റർമാർക്കായുള്ള അന്താരാഷ്ട്ര വെബ്‌സൈറ്റായ കേക്ക്‌സ്‌ഡെക്കറിൽ ഡെയ്‌ലി ടോപ്പ് ത്രീയിൽ പലപ്പോഴും അന്നയുടെ കേക്കുകൾ ഇടം പിടിച്ചിട്ടുണ്ട്. തന്റെ മകന്റെ ജന്മദിനത്തിന് അവർ നിർമ്മിച്ച സ്‌പെഡർമാൻ ത്രീ ഡി കേക്ക് അതേ സൈറ്റിൽ എഡിറ്റേഴ്‌സ് ചോയിസ് ആയും തെരഞ്ഞെടുക്കപ്പെട്ടു. 

ലോകത്തെ ഏറ്റവും സർഗാത്മകമായ രണ്ട് പ്രക്രിയകളെ -കലയും കേക്കുനിർമ്മാണവും-ഒരുമിച്ച് കൊണ്ടുവന്നതിന്റെ ആനന്ദമാണ് തനിക്കേറ്റവും വലുതെന്നാണ് അന്നയുടെ പക്ഷം. ഈ എം എ ഫൈൻ ആർട്‌സുകാരി കേക്ക് ആർട്ടിസ്റ്റ് എന്നുവിളിക്കാൻ ഇഷ്ടപ്പെടുന്നതും അതുകൊണ്ടു തന്നെ. ഇപ്പോഴാകട്ടെ അവർ വാഹനപ്രേമികളുടേയും പ്രിയപ്പെട്ടവരായി മാറിയിരിക്കുന്നു. 

(സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ എഡിറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍