UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാതി ഉച്ചാരണം അല്ല; വേണ്ടത് ജാതി ഉച്ചാടനം

Avatar

ഡി ധനസുമോദ്

ആയുധവിദ്യ പൂർത്തിയാക്കിയ കൗരവരും പാണ്ഡവരും പഠിച്ച കഴിവുകളെല്ലാം കാഴ്ചക്കാരുടെ മുന്നിൽ പ്രദർശിപ്പിക്കുകയാണ്. വില്ലാളി വീരനായി പേരെടുത്ത അർജ്ജുനൻ ആയിരുന്നു താരം. ജയിംസ്ബോണ്ടും രജനികാന്തും ഒരുമിച്ചു ചേർന്ന ആളെ പോലെ നിറഞ്ഞു നിന്ന അര്‍ജ്ജുന പ്രൌഢിയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് കർണൻ എത്തുന്നത്‌. ആഗ്നേയാസ്ത്രത്തെ വരുണാസ്ത്രം കൊണ്ടും ആസുരാസ്ത്രത്തെ ഭാസുരാസ്ത്രം കൊണ്ടും നാഗാസ്ത്രത്തെ ഗരുഡാസ്ത്രം കൊണ്ടും നേരിട്ട വില്ലാളി വീരൻ. അര്‍ജ്ജുനനും കർണനും മുഖാമുഖം എത്തിയപ്പോൾ കൃപാചാര്യർ അവർക്കിടയിലേക്ക് വന്നിട്ട് പറഞ്ഞു, കുലത്തിൽ സമന്മാർ തമ്മിലായിരിക്കണം പോരാട്ടം. അര്‍ജ്ജുനനെ പരിചയപ്പെടുത്തി പറഞ്ഞു `ഇവൻ അര്‍ജ്ജുനൻ പാണ്ഡു പുത്രൻ.’ കര്‍ണ്ണന്‍റെ നേരെ തിരിഞ്ഞു ഇങ്ങനെ പറഞ്ഞു, ‘നീ നിന്‍റെ കുലം പറയൂ..’ ആയിരം കുന്തങ്ങൾക്ക് മുന്നിലും പതറാത്ത കർണൻ, ജാതിപറയൂ എന്ന മുറി ചുരികയ്ക്കു  മുന്നിൽ  നിലംപതിച്ചു. അസ്ത്രങ്ങൾ ആയുധമാക്കുന്നവരെ  തോൽപ്പിക്കാൻ ഇതിഹാസ കാലം മുതൽക്കേ ജാതിച്ചുരിക ഉപയോഗിക്കുക പതിവാണ്. ഈ ആയുധം  ഒടുവിൽ എത്തി നിൽക്കുന്നത് ബൈജു എന്ന സി ഇ ടിയിലെ എഞ്ചിനിയറിംഗ് വിദ്യാർഥിയിലാണ്. മഹാഭാരത കാലത്തും ഇന്നും ജാതി പറഞ്ഞു ആക്ഷേപിക്കുന്നതില്‍ ആചാര്യന്മാർ തന്നെയാണ് മുന്നിൽ.

ഡല്‍ഹിയില്‍ നിന്ന് നാട്ടിലേയ്ക്കുള്ള യാത്രക്കിടയിൽ വായിച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഈ ലേഖനം എഴുതാൻ പ്രേരിപ്പിച്ചത്. പത്രപ്രവർത്തകയായ സുഹൃത്ത് എഴുതിയ പോസ്റ്റ്‌ വളരെ അസ്വസ്ഥത ഉണ്ടാക്കി. “ജാതിയുടെ പേരിൽ സൗജന്യം അനുഭവിച്ചിട്ടുണ്ടെങ്കിൽ ആ പേര് വിളിക്കുമ്പോഴും അസ്വസ്ഥരാകേണ്ടതില്ല“ എന്നതായിരുന്നു ആ പോസ്റ്റ്‌. എഞ്ചിനിയറിംഗ് വിദ്യാർഥി ബൈജു ഒന്നാം പ്രതി ആയതും ബൈജു ദളിത്‌ വിദ്യാർഥി ആണെന്ന് ആരോപിച്ചു സജീവ്‌ മോഹൻ എന്ന അധ്യാപകൻ എത്തിയതും ഇതിനെതിരെ രാഹുൽ പശുപാലിന്റെ നേതൃത്വത്തിൽ കാമ്പൈൻ തുടരുകയും ചെയ്ത സാഹചര്യത്തിലാണ് പത്രപ്രവർത്തകയുടെ പോസ്റ്റ്‌ വരുന്നത്. ഏതെങ്കിലും വർഗീയ കക്ഷികളുടെ  അനുഭാവിയോ പ്രവർത്തകയോ ആയിരുന്നെങ്കിൽ `പഠിച്ചതേ പാടൂ` എന്ന് പറഞ്ഞു വിട്ടുകളയാമായിരുന്നു. പക്ഷെ എന്റെ സുഹൃത്ത്‌ ജാതിയെ തലോലിക്കാത്ത ആളും മലയാളം വാരിക ശക്തയായ നൂറു സ്ത്രീകളെ കണ്ടു പിടിച്ചപ്പോൾ അതിൽ ഇടം നേടിയ വ്യക്തിയുമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഏറെ വേദനിപ്പിച്ചത്.

സംവരണം എന്നത് പോലീസ് സ്റ്റേഷനും  കോടതികളും  സ്ഥാപിക്കുന്നത് പോലെ സാമൂഹ്യ നീതി നടപ്പിലാക്കാൻ  വേണ്ടി ചെയ്യുന്ന കാര്യമാണ്. അത് കൈപ്പറ്റുന്ന ദളിതന് അധികാര കേന്ദ്രങ്ങൾ  വച്ച് നീട്ടുന്ന സൗജന്യമൊ ഔദാര്യമോ ഒന്നുമല്ല. മിടുക്കന്മാരല്ല എന്ന പേരിൽ ഐ ഐ ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നും പുറം തള്ളുന്നവരിൽ  ഭൂരിപക്ഷവും ദളിതരും ഒബിസി വിഭാഗക്കാരുമൊക്കെയാണ്. ഡോക്ടർ മാരുടെ മക്കൾ ഡോക്ടറും അഭിഭാഷകരുടെ മക്കൾ അഭിഭാഷകരും ആകുന്ന ജീവിത രീതി ആല്ല ഈ ഡ്രോപ്പ്ഔട്ടുമാരുടെ കാര്യത്തിൽ സംഭവിക്കുന്നത്‌. ഒപ്പം ഓടുന്നവർ ഒരുമിച്ചു സ്റ്റാര്‍ട്ട് ചെയ്യണം എന്ന് പറയുന്നവർ ഒന്നോർക്കണം ഈ സോ കാള്‍ഡ് മാതാപിതാക്കളുടെ മക്കളും റിക്ഷാക്കാരുടെ മക്കളും തമ്മിൽ നൂറ്റാണ്ടിന്റെ അകലം ഉണ്ട്.

നാലാം ക്ലാസിനു അപ്പുറത്തേക്ക് പാഠപുസ്തകം പറഞ്ഞു കൊടുക്കാൻ ഇവരുടെ മാതാപിതാക്കൾക്ക് അറിയില്ല. ഐ ഐ ടി പ്രവേശന പരീക്ഷയിൽ പ്രവേശനം നേടിയ `കുറ്റത്തിന് `കുടിലിലേയ്ക്ക്‌ കല്ലേറ് സമ്പാദിച്ച  യു പി സഹോദരങ്ങളും ഐ ഐ ടി വിദ്യാർഥികളാണ്. 75 ശതമാനം സംവരണം നൽകിയാൽ പോലും അക്കാദമിക് ആയും പ്രൊഫഷണൽ ആയും ദളിതർ ഇന്നത്തെ സവർണ്ണരുടെ ഒപ്പം എത്തില്ല. അതുകൊണ്ട് സൌജന്യം നേടിയതിന്റെ പേരിൽ ജാതി വിളി കേൾക്കണം എന്നത് അംഗീകരിക്കാൻ കഴിയില്ല സുഹൃത്തേ.

`പുലർത്തുന്നവൻ` എന്ന അർത്ഥത്തിൽ അല്ല ഒരു പുലയനെ ജാതി വിളിക്കുന്നത്‌ , ജാതി പറയണം എന്ന എം പി നാരായണ പിള്ള യുടെ വാദത്തിന്റെ അടിസ്ഥാനത്തിലും അല്ല. കർണനെ ആക്ഷേപിച്ച, അയ്യങ്കാളിയെ ആക്ഷേപിച്ച , അംബേദ്‌ക്കറെ ആക്ഷേപിച്ച സ്വരം തന്നെ ആണ് ജാതി വിളിയിൽ മുഴങ്ങികേൾക്കുന്നത്. വടക്കേ ഇന്ത്യയിലെ സർവകലാശാലയിൽ പഠിക്കാൻ എത്തുന്ന സെക്കുലർ മലയാളി പരിചയപ്പെടുമ്പോൾ `ആകേ  പീച്ചേ ക്യാ ഹൈ` എന്ന ചോദ്യം പതിവാണ്. നായർ, നമ്പൂതിരി എന്ന കേരളീയ ജാതികളെ വടക്കേ ഇന്ത്യയിലെ അതതു ജാതികളുമായി ഒപ്പം ചേർത്താണ് ഇവർ വായിക്കുനത്. ജാതിപ്പേര് കേൾക്കുമ്പോൾ തന്നെ അവഗണിക്കപ്പെടേണ്ട, കൂട്ടുകൂടാൻ യോഗ്യത ഇല്ലാത്തവരുടെ പട്ടികയിലേക്ക് പലരും മാറ്റിനിർത്തപ്പെടുന്നു. ഇതാണ് നമ്മുടെ നാടിന്റെ ഒരു വശം. ഇവിടെ ആണ് എന്റെ സുഹൃത്ത് പറയുന്നത് ജാതി വിളി കേൾക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന്. മിസ്റ്റർ നമ്പൂതിരി, മിസ്സിസ് ഭട്ടതിരി  സുഖം ഒന്നും മിസ്റ്റർ പറയനും മിസ്സിസ് ഉള്ളാടനും കിട്ടില്ല. ആദ്യകൂട്ടര്‍ക്ക് ജാതി വിളി അഭിമാനമാണെങ്കിൽ രണ്ടാമത്തെ മഹാഭൂരിപക്ഷത്തിന്  വേദന ആണ്. 

കോളേജിൽ പഠിക്കുന്ന കാലത്ത് എന്റെ ആത്മാർത്ഥ സുഹൃത്ത് (ഇന്നും ) കെപിഎം എസിറെ സെക്രടറി ആയിരുന്നു. അവന്റെ കുടുംബത്തിലെ ആദ്യ ഡിഗ്രിക്കാരൻ മാത്രമല്ല ആദ്യത്തെ പ്രീഡിഗ്രി ക്കാരനും അവൻ തന്നെ ആയിരുന്നു. എം എയും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടിയ സുഹൃത്തിന് ജില്ല ലേഖകനായി ഒരു പത്രത്തിലും ജോലി കിട്ടിയില്ല. കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചു നടത്തിയ കൈഎഴുത്തു മാസികയിൽ അവന്റെ എഴുത്തും വരയും എന്നെഅത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പഠനം കഴിഞ്ഞപ്പോൾ അവന്റെ സ്വപ്നങ്ങളിൽ നിന്നും സമൂഹം അവനെ പുറത്താക്കി. ഇന്ന് ആ സ്നേഹിതൻ മാതൃഭൂമി പത്രത്തിലെ പ്രാദേശിക ലേഖകനാണ്. ആ കൊച്ചു ലോകത്തിൽ ഒതുങ്ങി സന്തോഷമായി ജീവിക്കാൻ അവൻ പഠിച്ചു കഴിഞ്ഞു. എന്നെ അസ്വസ്ഥപ്പെടുത്തിയ പോസ്റ്റ്‌ എഴുതുന്നതിനു മുൻപ് വനിതാ പത്രപ്രവർത്തക താൻ ജോലി ചെയ്യുന്ന ഡെസ്കിൽ ഒന്ന് നോക്കണമായിരുന്നു.  ദളിത്‌ വിഭാഗത്തിൽ എത്ര പത്രപ്രവർത്തകർ ഉണ്ട് എന്ന് ശ്രദ്ധിക്കുക. മിക്കവാറും പൂജ്യം ആയിരിക്കും.പേരിലെ അക്ഷരങ്ങളുടെ നിമിത്തം പോലും നോക്കി ജോലിക്കെടുക്കുന്ന ഇംഗ്ലീഷ് പത്രസ്ഥാപനങ്ങൾ ഉള്ള നാട്ടിൽ ദളിതുകളുടെ ജോലി പ്രവേശനം ബാലികേറാമലയായി തീർന്നതിൽ അദ്ഭുതമില്ല. സ്വകാര്യ കമ്പനികളെ പോലെ  മുൻനിര പത്രങ്ങളും ദളിതരെ ജോലിക്ക് എടുക്കുക എന്ന `റിസ്ക്‌ `എടുക്കാറില്ല.സമൂഹം അദൃശ്യമായ ഒരു അരിപ്പ ഉപയോഗിച്ച് മിടുക്കരായ ദളിതുകളെ അരിച്ചു പുറം തള്ളുന്നു. സഞ്ചരിക്കാനും ഒരുമിച്ചു ഉണ്ണാനും ഉറങ്ങാനും ഇഷ്ട വേഷവും മാത്രമല്ല ഇഷ്ട ദൈവത്തെ പോലും നിഷേധിച്ചു നൂറ്റാണ്ടുകളായി  അകറ്റി നിർത്തി വലിയ പാപമാണ് നൂറ്റാണ്ടുകളായി മഹാഭൂരിപക്ഷത്തോട് ചെയ്തത്. ഈ മഹാപാതകങ്ങൾ നേരിട്ട, നേരിടേണ്ടി വരുന്ന കോടിക്കണക്കിനു ആളുകളുടെ പിന്മുറക്കാരുടെ മുന്നിൽ രണ്ടു കൈകളും ഗുണന ചിഹ്നമാക്കി ചെവിയിൽ പിടിച്ചു മുട്ടിലിരുന്നു ഇന്ത്യ ചെയ്യുന്ന ഏത്തമിടലാണ് സംവരണം. ഈ പിഴയൊടുക്കി കൊണ്ടിരിക്കുമ്പോഴും ജാതി വിളികേട്ടാൽ എന്ത് എന്ന് ചോദിക്കുന്നത്, സാമൂഹ്യതിമിരത്തിന്റെ പിടിയിൽ നിന്നും മാറിയിട്ടില്ല എന്നത് കൊണ്ടാണ്. ഈ ലേഖനം വായിച്ചു കഴിയുമ്പോൾ മാധ്യമ പ്രവർത്തകയായ എന്റെ സുഹൃത്ത്‌ ആരാണ് എന്ന് പോലും പറയാത്തത് എന്താണ് എന്ന് വായനക്കാര്‍ക്ക് തോന്നാം.  ഇഷ്ടമല്ലാത്ത അഭിപ്രായം പറയുന്നവരെ കൂട്ടം ചേർന്ന് ആക്രമിച്ചു ഇല്ലാതാക്കാൻ ശ്രമിക്കുന്ന കാലത്തും സുഹൃത്തിനെ പറയാത്തത് സൗഹൃദം നഷ്ടപ്പെടും എന്ന ഭയം കൊണ്ടല്ല. മറിച്ചു അവരുടെ നിലപാടിനെ ഒരു തിമിരമായി കാണുന്നത് കൊണ്ടാണ്.

അനുകൂലിക്കുന്നവരെക്കാൾ എതിർക്കുന്നവരാണ് സുഹൃത്തിന്റെ ഫേസ്ബുക്ക് ഫ്രണ്ട്സ് എന്നത് ആശ്വാസം നൽകുന്നുണ്ട്. പോസ്റ്റിനെ ന്യായീകരിക്കുന്നതിനായി താൻ പിന്നോക്കക്കാരി ആണെന്നും തന്റെ പൂർവ നിലപാടുകൾ പരിശോധിക്കണം എന്നും പറയുന്നുണ്ട്. കൈരളി ടിവി യിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ രാജേന്ദ്രൻ എടുത്ത ഭ്രാന്താലയങ്ങൾ എന്ന ഡോക്യുമെന്‍ററിയിൽ രാജസ്ഥാനിലെ ആയിത്തം ന്യായീകരിക്കുന്ന വിദ്യാസമ്പന്നർ ആയ ദളിതരുണ്ട്. അതുപോലെ മാത്രമേ പരിഗണിക്കാൻ കഴിയൂ. ഇനി അതല്ല സ്വത്വ ബോധം ഉയർത്താനുള്ള ശ്രമമാണെങ്കിൽ പ്രിയ സുഹൃത്തേ അതിനായി നിങ്ങൾ തെരഞ്ഞെടുത്ത സമയം തെറ്റിപ്പോയി. സ്വത്വ ബോധത്തിന്റെ പൂക്കളം ഇടാനല്ല മറിച്ചു ജാതി രഹിത സമൂഹം പടുത്തുയർത്താൻ ആണ് ശ്രമിക്കേണ്ടത്. സ്വാതന്ത്ര്യം ലഭിച്ചു 69 വർഷം കഴിഞ്ഞെങ്കിലും, സംവരണം ലഭിച്ചു നാളുകൾ ഏറെ ആയെങ്കിലും മഹാഭൂരിപക്ഷം വരുന്ന ദളിതുകൾ ഇപ്പോഴും പുറംപോക്കിലാണ്. ജാതി പറഞ്ഞല്ല ജാതി എന്ന ദുർഭൂതത്തെ പൂർണമായും ഒഴിവാക്കിയാണ് സമത്വം സൃഷ്ടിക്കേണ്ടത്.

(ടി വി ന്യൂ വാർത്താ ചാനലിൽ ന്യൂസ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമാണ് ലേഖകൻ )

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍