UPDATES

സയന്‍സ്/ടെക്നോളജി

ഞങ്ങള്‍ നിങ്ങളെ വേട്ടയാടും; ‘നെഹ്റു കോളേജുകള്‍’ ഇനി വേണ്ട; ‘അനോണിമസ്’ ഹാക്കേഴ്സിന്റെ വീഡിയോ

‘ഞങ്ങള്‍ ഹാക്കര്‍മാരാണ്, ക്രാക്കര്‍മാരാണ്, ആക്ടിവിസ്റ്റുകളാണ്, ഏജന്റുകളാണ്, ചാരന്മാരാണ്, വിദ്യാര്‍ത്ഥികളാണ്, അധികൃതരാണ്, അടുത്ത വീട്ടിലെ കുട്ടിയാണ്’

നെഹ്റു കോളേജ് ശൃഖലയെയും, വിദ്യാര്‍ത്ഥികളെ പീഢിപ്പിക്കുന്ന സമാന സ്ഥാപനങ്ങളെയും വേട്ടയാടുമെന്നും അവരുടെ ചെയ്തികള്‍ ഇല്ലാതാക്കുമെന്നും മുന്നറിയിപ്പുമായി ‘അനോണിമസ്’ ഹാക്കേഴ്സിന്റെ വീഡിയോ എത്തി. വിദേശ രാജ്യങ്ങളില്‍ മാത്രം കാണുന്ന തരത്തിലുള്ള ഹാക്കേഴ്‌സിന്റെ വീഡിയോയാണ് കേരളത്തിലും എത്തിയിരിക്കുന്നത്. ‘ഞങ്ങള്‍ ഹാക്കര്‍മാരാണ്, ക്രാക്കര്‍മാരാണ്, ആക്ടിവിസ്റ്റുകളാണ്, ഏജന്റുകളാണ്, ചാരന്മാരാണ്, വിദ്യാര്‍ത്ഥികളാണ്, അധികൃതരാണ്, അടുത്ത വീട്ടിലെ കുട്ടിയാണ്’ എന്ന് അറിയിച്ച് കൊണ്ടാണ് അനോണിമസ് ഹാക്കേഴ്‌സിന്റെ യൂട്യൂബ് വീഡിയോ ആരംഭിക്കുന്നത്.

പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റിന്റെ പീഡനം കാരണം ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ജിഷ്ണുവിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

‘നെഹ്റു കോളേജുകള്‍ക്കുള്ള പരസ്യ സന്ദേശമാണ്. വിദ്യാര്‍ത്ഥികളെ മാനസികമായി പീഢിപ്പിക്കുന്ന നെഹ്റു കോളേജ് ശൃഖലയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിങ്ങളെ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ വേട്ട തുടങ്ങുകയാണ്. നെഹ്റു കോളേജിലെ ജീവനക്കാര്‍ എത്രയും പെട്ടന്ന് രാജിവെയ്ക്കണം, ഇല്ലെങ്കില്‍ നിങ്ങളെയും ഞങ്ങള്‍ ലക്ഷ്യവയ്ക്കും.’

‘നെഹ്റു ഗ്രൂപ്പിന്റെ എല്ലാ രഹസ്യ വിവരങ്ങളും ഞങ്ങള്‍ പുറത്ത് വിടും. ഈ രാജ്യത്ത് നെഹ്റു കോളേജുകള്‍ പോലെയുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ആവശ്യമില്ല. ഇതുപോലെത്തെ അതിക്രമങ്ങള്‍ക്കെതിരെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കണം. എന്തിനാണ് നിങ്ങള്‍ ഭയക്കുന്നത്. മാറ്റത്തിനുള്ള സമയമായി. ഞങ്ങള്‍ ഒന്നും മറക്കില്ല. ഞങ്ങളുടെ സഹോദരീ-സഹോദരന്മാരോട് ചെയ്തതിന് പ്രതികാരം ചോദിക്കും.’

കഴിഞ്ഞ ദിവസം നെഹ്റു ഗ്രൂപ്പിന്റെ മുഴുവന്‍ കോളേജുകളിലേയും അധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളം, അവരുടെ യോഗ്യത, വിലാസം, പാന്‍ നമ്പര്‍ ഇതെല്ലാം ഉള്‍പ്പെടുത്തി കോളേജിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും അറിയിച്ചുകൊണ്ടുള്ള മൊബൈല്‍ ടെക്സ്റ്റ് മെസേജുകള്‍ ഹാക്കര്‍മാര്‍ അയച്ചിരുന്നു. കൂടാതെ നെഹ്‌റു ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തിരുന്നു. ഇപ്പോള്‍ പല ഹാക്കേഴ്‌സ് ഗ്രൂപ്പുകളും നെഹ്റു കോളേജ് ഉള്‍പ്പടെയുള്ള പല സ്വാശ്രയ കോളേജുകളെയും വേട്ടയാടി തുടങ്ങിയിട്ടുണ്ട്.


മുമ്പ് നെഹ്റു കോളേജിനെതിരെയുണ്ടായ സൈബര്‍ ആക്രമത്തിന് പിന്നില്‍ ‘അനോണിമസ്’ ഹാക്കേഴ്‌സ് തന്നെയാണോ എന്ന കാര്യം അറിവായിട്ടില്ല. 2005-ലെ വിഖ്യാത ചിത്രം ‘വി ഫോര്‍ വെണ്ടറ്റ’-യിലെ മുഖം മൂടി വച്ച നായകന്‍ ഹാക്ക് ചെയ്ത സംസാരിക്കുന്ന വീഡിയോ-യിലെ ഓഡിയോ മാത്രം മാറ്റി ചേര്‍ത്താണ് ‘അനോണിമസ്’ ഹാക്കഴേസിന്റെ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. ഇന്നലെയാണ് വീഡിയോ യൂട്യൂബില്‍ എത്തിയിരിക്കുന്നത്.

യൂട്യൂബില്‍ അവര്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്- ‘ഞങ്ങള്‍ കേരളത്തില്‍ അജ്ഞാതരാണ്… ജിഷ്ണുവിന്റെ നീതിക്കു വേണ്ടി… ഞങ്ങള്‍ നിങ്ങളുടെ നാറിയ വിദ്യാഭ്യാസ കച്ചവടത്തെ തകര്‍ക്കാന്‍ എത്തിയതാണ്. ഞങ്ങളെ എപ്പോഴും പ്രതീക്ഷിക്കുക.’

കൂടാതെ തങ്ങള്‍ ചോര്‍ത്തിയ വിവരങ്ങളുടെ സാമ്പിള്‍ കാണാനുള്ള ലിങ്കും തങ്ങളെ ബന്ധപ്പെടാനുള്ള മെയില്‍ഐഡിയും നല്‍കിയിട്ടുണ്ട്. ഇതുപോലെയുള്ള സ്ഥാപനങ്ങളെ വേരോടെ നശിപ്പിക്കണമെന്ന തരത്തിലുള്ള കമന്റുകളുമായി പലരും’അനോണിമസ്’ ഹാക്കേഴ്‌സിന്‌ പിന്തുണയുമായി സാമൂഹിക മാധ്യമങ്ങളില്‍ എത്തിതുടങ്ങിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍