UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എനിക്കൊരു വീടു വേണമെന്ന് അനൂഷ; നമുക്ക് ശരിയാക്കാമെന്നു മുഖ്യമന്ത്രി

കട്ടപ്പനയില്‍ നടന്ന പട്ടയമേളയ്ക്കിടയിലാണ് ഈ സംഭവം നടന്നത്

കട്ടപ്പനയില്‍ നടന്ന പട്ടയമേളയില്‍ വേദിയിലിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലേക്ക് 11 വയസുകാരി അനൂഷ അല്‍പം സങ്കോചത്തോടെയാണ് കടന്നുവന്നത്. അവള്‍ക്ക് നല്ലൊരു വീട് വേണം. മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ മാര്‍ഗമുണ്ടാകുമെന്ന് അവളുടെ കൊച്ചു മനസ് മന്ത്രിച്ചിരുന്നു. അതുകൊണ്ടാണ് പൊലീസ് തടയുമോ എന്ന സംശയം ഉണ്ടായിട്ടും ധൈര്യം സംഭരിച്ച് അവള്‍ വേദിയിലേക്ക് കയറിയത്. നേരെ മുഖ്യമന്ത്രിയുടെ മുന്നിലെത്തി കാര്യം പറഞ്ഞു. പറയുമ്പോള്‍ അവളുടെ വാക്കുകള്‍ ഇടറുകയും കണ്ണു നിറയുകയും ചെയ്തിരുന്നു. പക്ഷേ പുഞ്ചിരിയോടെ അവളുടെ തോളത്തു തട്ടി മുഖ്യമന്ത്രി അശ്വസിപ്പിച്ചു; നിന്റെ വീടിന്റെ കാര്യമല്ലേ…നമുക്ക് ശരിയാക്കാം. പിണറായി വിജയന്റെ വാക്കുകള്‍ കേട്ടതോടെ അനൂഷയുടെ മുഖത്തും പുഞ്ചിരി.

കൊച്ചുതോവാള കുന്നേല്‍ ഷാജി-ബീന ദമ്പതികളുടെ മകള്‍ അനൂഷ തങ്ങള്‍ക്കു നല്ലൊരു വീടില്ലാത്തതിന്റെ ദുഃഖം മുഖ്യമന്ത്രിയോടു പങ്കുവച്ചതിന്റെ വാര്‍ത്ത ദേശാഭിമാനിയാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമ്മയ്ക്കും ചേച്ചി അമലയ്ക്കും ഒപ്പമാണ് അനൂഷ ഇവിടെയെത്തിയത്. അനൂഷയാണ് മുഖ്യമന്ത്രിക്ക് നിവേദനം വേദിയിലെത്തി കൈമാറിയത്. എന്നാല്‍ തിരക്കായിരുന്നതിനാല്‍ മുഖ്യമന്ത്രിയോട് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. അനൂഷയുടെ അച്ഛന്‍ ഷാജി കൂലിപ്പണിക്കാരനാണ്. അമ്മ ആശ വര്‍ക്കറാണ്. ഇഷ്ടിക ഉപയോഗിച്ച് നിര്‍മിച്ച ഷീറ്റ്‌മേഞ്ഞ ചോര്‍ന്നൊലിക്കുന്ന പുരയിലാണ് ഇവര്‍ താമസിക്കുന്നത്. കട്ടപ്പന നഗരസഭ 11ാം വാര്‍ഡിലാണ് ഇവര്‍ താമസിക്കുന്നത്. ഒരു വീടിനു വേണ്ടി പല പ്രാവശ്യം നഗരസഭയില്‍ അപേക്ഷ നല്‍കിയെങ്കിലും രാഷ്ട്രീയ വിരോധം മൂലം വാര്‍ഡ് കൌണ്‍സിലര്‍ ഇടപെട്ട് തടയുകയായിരുന്നു. സഹികെട്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചതെന്ന് ബീന പറഞ്ഞു. എന്നാല്‍, വീടില്ലാത്തതിന് മകള്‍ക്ക് ഇത്രയും സങ്കടമുണ്ടെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍