UPDATES

ട്രെന്‍ഡിങ്ങ്

ഇതുവരെയും വാസ്തവം പുറത്തു വന്നു കണ്ടില്ല; മംഗളം ചാനലില്‍ വീണ്ടും രാജി

തൃശൂര്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ നിതിന്‍ അംബുജനാണ് ഇന്ന് രാജി പ്രഖ്യാപിച്ചത്

മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയ്ക്ക് കാരണമായ വിവാദ വാര്‍ത്തയെ തുടര്‍ന്ന് മംഗളം ചാനലില്‍ വീണ്ടും രാജി. തൃശൂര്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ നിതിന്‍ അംബുജന്‍ ആണ് ഇന്ന് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നപ്പോള്‍ അതിന്റെ വാസ്തവം തെളിയിക്കുന്ന രേഖകളും ഉടന്‍ പുറത്തുവരുമെന്ന് മറ്റുള്ളവരെ പോലെ താനും കരുതിയിരുന്നെന്നും എന്നാല്‍ ഇതുവരെയും അത്തരത്തില്‍ ഒരു വിശദീകരണം ചാനലിന്റെ ഭാഗത്തു നിന്നുമില്ലാത്തതിനാലാണ് രാജിലവയ്ക്കുന്നതെന്നും നിതിന്‍ അഴിമുഖത്തോട് വിശദീകരിച്ചു. ആരാണ് വിളിച്ചത്? എന്തിനാണ് വിളിച്ചത്? എന്ന് എല്ലാവരെയും പോലെ തനിക്കും അറിയണം. തൃശൂരിലെ മംഗളം ചാനലിന്റെ പ്രതിനിധിയെന്ന നിലയില്‍ താന്‍ പലരില്‍ നിന്നും ഈ ചോദ്യം നേരിടുന്നുണ്ടെന്നും അവരോട് മറുപടി പറയാന്‍ തനിക്ക് സാധിക്കുന്നില്ലെന്നും നിതിന്‍ വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ജോലിയായതിനാലും സാധാരണക്കാര്‍ ഇപ്പോഴും മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത് കൊണ്ടും ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഏല്‍പ്പിച്ച ചുമതല ഏറ്റെടുത്തത്. ചാനലിന്റെ ഉദ്ഘാടന വേളയില്‍ ഒരു ബ്രേക്കിംഗ് ന്യൂസ് പുറത്തുവിടുന്നതായി ചാനലിന്റെ ഭാഗമായി നില്‍ക്കുന്ന വ്യക്തിയെന്ന നിലയില്‍ താനും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 26ന് 11 മണിക്ക് പുറത്തുവിട്ട ആ വാര്‍ത്തയോട് തനിക്ക് വിയോജിപ്പുണ്ട്.

ആ സംഭാഷണം കേട്ടപ്പോള്‍ തന്നെ പരസ്പര സമ്മതത്തോടെയുള്ള സംഭാഷണമാണെന്ന് മനസിലായി. ഇതില്‍ ആ സ്ത്രീക്ക് പരാതിയുണ്ടോ ഇല്ലയോ എന്ന് മംഗളത്തിനല്ലാതെ ആര്‍ക്കും അറിയില്ല. ഇത്തരം മാധ്യമപ്രവര്‍ത്തനമല്ല താന്‍ പഠിച്ചതും ചെയ്യാന്‍ ആഗ്രഹിക്കുന്നതും. അതുകൊണ്ട് തന്നെ ആ പ്രവര്‍ത്തന രീതി മനസാക്ഷിക്ക് നിരക്കാത്തതാണെന്ന ഉറച്ച വിശ്വാസത്തോടെ ആ സ്ഥാപനുവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിതിന്‍ രാജി വിവരം അറിയിച്ചത്. മംഗളം വാര്‍ത്ത വന്നതിന് ശേഷം വക്തിപരമായും അല്ലാതെയും അത്തരം മാധ്യമസംസ്‌കാരത്തോട് യോജിക്കുന്നുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇതെന്ന് ഫേസ്ബുക്ക് പോസ്റ്റിന് താഴെ വ്യക്തമാക്കിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍