UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്‌കൃത സര്‍വകലാശാല: ശങ്കര പ്രതിമയ്ക്ക് പിന്നിലെ സംഘപരിവാര്‍ അജണ്ട

Avatar

ഡോ. ബിജു വിന്‍സെന്റ്

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ മതവത്കരണത്തിന് പാകമായ മണ്ണാണുള്ളത്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതിനെ ഒരു മതത്തിന്റെ ചട്ടക്കൂടില്‍ തളച്ചിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതാണ്. ഇന്ത്യയൊട്ടാകെയുള്ള സംഘപരിവാര്‍ ശക്തികള്‍ കേരളത്തിലേക്ക് ആധിപത്യം ഉറപ്പിക്കാനുള്ള ഒരു ചവിട്ടുപടിയായിട്ടാണ് ശങ്കരാചാര്യന്റെ പേരിലുള്ള കാലടിയിലെ സര്‍വകലാശാലയെ നോക്കിക്കാണുന്നത്. ഇത്രയും സൗകര്യപ്രദമായ ഒരു സ്ഥലം ദക്ഷിണേന്ത്യയില്‍ തന്നെ വളരെ അപൂര്‍വമാണെന്ന് തന്നെ പറയാം.

ഹിന്ദുത്വ അജണ്ടയിന്മേലുള്ള കാര്യപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനു വേണ്ടുന്ന ആള്‍ക്കാര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് ഇത്തരം ശക്തികള്‍ക്ക് കഴിയുന്നു എന്നതിന്റെ തെളിവാണ് സര്‍വകലാശാലയിലെ ഇന്നത്തെ പ്രതിസന്ധിയ്ക്ക് പ്രധാന കാരണം. എം.സി റോഡിനോട് അഭിമുഖമായി ഒരു ഗേറ്റ് എന്നത് എക്കാലത്തേയും ഒരാവശ്യമായിരുന്നു. എന്നാല്‍ ഈ ആവശ്യം സഫലീകരിക്കാനെന്ന വ്യാജേന ശങ്കരാചാര്യരുടെ ഒരു പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രബുദ്ധരായ അക്കാദമിക സമൂഹം. 70 ലക്ഷം രൂപയാണ് ഒരു കവാടം നിര്‍മ്മിക്കുന്നതിലേക്കായി സിന്‍ഡിക്കേറ്റ് വകയിരുത്തിയത്. അതില്‍ 8 ലക്ഷത്തോളം രൂപ ശങ്കരപ്രതിമ സ്ഥാപിക്കുന്നതിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വേണ്ടി വകയിരുത്തിയിട്ടുണ്ട്. പ്രതിമ ഉള്‍പ്പെടെയുള്ള കവാടത്തിന്റെ മാതൃക ഫ്‌ളക്‌സ്‌ബോര്‍ഡില്‍ സര്‍വകലാശാല തന്നെ സ്ഥാപിച്ചു (ഫ്‌ളക്‌സ് കാമ്പസില്‍ നിരോധിച്ചതും സര്‍വകലാശാല തന്നെയാണ്). അന്നു മുതല്‍ സര്‍വകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടന (ASSUT) എതിര്‍പ്പു രേഖപ്പെടുത്തി പലപ്രാവശ്യം പ്രമേയങ്ങള്‍ പാസാക്കുകയും വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ നിന്ന് അണുവിട വ്യതിചലിക്കില്ല എന്ന് വൈസ് ചാന്‍സിലറും രജിസ്ട്രാറും വ്യക്തമാക്കുകയാണുണ്ടായത്. അതുപ്രകാരം ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്ലാ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും കത്ത് നല്‍കിയിരുന്നു. പക്ഷേ കോണ്‍ഗ്രസ് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തവരില്‍ ഭൂരിഭാഗവും സംഘപരിവാര്‍ ആശയങ്ങളില്‍ ആകൃഷ്ടരായവരായതിനാല്‍ കത്തിനേയും അതില്‍ ഉന്നയിച്ച ആശങ്കകളെയും നിര്‍ദ്ദയം തളളുകയാണുണ്ടായത്.

പ്രക്ഷോഭം ശക്തമാക്കിയതോടെ പ്രതിമയുടെ നിര്‍മാണം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. സര്‍വകലാശാലയിലെ തന്നെ ചിത്രകല വിഭാഗത്തിനാണ് നിര്‍മാണ ചുമതല. എന്നാല്‍ പുറത്ത് നിന്ന് ഒരു ശില്പിയെ വാടകയ്‌ക്കെടുത്താണ് പ്രതിമയുടെ നിര്‍മാണം പുരോഗമിക്കുന്നത്. 2016 മെയ് മാസത്തില്‍ ഗേറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും കവാടം തുറന്ന് നല്‍കണമെന്ന സര്‍വകലാശാല സമൂഹത്തിന്റെ ആവശ്യത്തെ വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ അവഗണിക്കുകയായിരുന്നു. ഒടുവില്‍ ആഗസ്റ്റ് ഒന്നിനും ഗേറ്റ് തുറന്നു തന്നില്ലെങ്കില്‍ സര്‍വകലാശാലയിലെ അദ്ധ്യാപക – അനദ്ധ്യാപക- വിദ്യാര്‍ത്ഥികള്‍ സംയുക്തമായി തന്നെ ഗേറ്റ് തുറക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 29 ന് (ഒരുമുഴം നീട്ടി) ഗേറ്റ് തുറന്നു തന്നു. 70 ലക്ഷം രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പണിപൂര്‍ത്തിയായ ഗേറ്റ് ഉദ്ഘാടനം ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വരില്ല എന്നറിയിച്ചിട്ടും അധികാരികള്‍ പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാലാണ് കവാടം തുറക്കാന്‍ തയ്യാറാകാത്തത്.

ഗേറ്റ് തുറന്നതിന് പിന്നാലെ ശങ്കരന്റെ പ്രതിമ സ്ഥാപിക്കാതെ ഗേറ്റ് തുറന്നതില്‍ പ്രതിഷേധിച്ച ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പഠിപ്പ് മുടക്കുകയും എവിടുന്നോ സംഘടിപ്പിച്ച ഒരു ശങ്കരപ്രതിമ നിര്‍ദ്ദിഷ്ട സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ തങ്ങളുടെ പ്രത്യയശാസ്ത്രപരമായി വിയോജിപ്പുകള്‍ മറന്നുകൊണ്ട് ഒരുമിച്ച് അതിശക്തമായി പ്രതിക്ഷേധിച്ചതിന്റെ ഫലമായി പോലീസ് ഇടപെട്ട് പ്രതിമ നീക്കം ചെയ്തു. പ്രതിമ സ്ഥാപിക്കുന്ന സമയത്ത് സ്ഥലത്ത് തടിച്ച്കൂടിയ ആര്‍ എസ് എസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ 10-ഓളം മാത്രം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടുന്ന പിന്തുണ നല്‍കിയത് തന്നെ ഇതിന്റെ ഗൂഢാലോചനയുടെ വ്യാപ്തി കാണിക്കുന്നു. സര്‍വകലാശാലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും പ്രതിമ സ്ഥാപിച്ച് കിട്ടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നു.

എന്തുകൊണ്ട് ഇടതുപക്ഷ സംഘടനകള്‍ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നു? ശങ്കരാചാര്യരുടെ പേരിലുള്ള ഒരു സര്‍വകലാശാലയില്‍ ശങ്കരപ്രതിമ അത്രയ്ക്ക് കുറ്റകരമാണോ? ശങ്കരാചാര്യരെ ഒരു ചരിത്രപുരുഷനായിട്ടല്ല കാലടി നിവാസികളും ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുമത വിശ്വാസികളും കാണുന്നത്. അതിനാല്‍ തന്നെ ശങ്കരപ്രതിമയ്ക്ക് ഒരു ദൈവിക പരിവേഷം ഒട്ടും താമസമില്ലാതെ തന്നെ ചാര്‍ത്തിക്കിട്ടും എന്നതില്‍ തര്‍ക്കമില്ല. സംസ്‌കൃത സര്‍വകലാശാലയിലെ ആദ്യത്തെ ശങ്കരപ്രതിമയല്ല ഗേറ്റില്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നത്. സര്‍വകലാശാലയിലെ ഭരണവിഭാഗം കെട്ടിടം നിര്‍മ്മിക്കപ്പെട്ടതു മുതല്‍ ഒരു ശങ്കരപ്രതിമ അവിടെ സ്ഥാപിച്ചിട്ടുണ്ട്. ആ പ്രതിമ ഇന്നൊരു പൂജാബിംബമായി മാറിയിട്ടുണ്ട്. ദിവസേന പുഷ്പങ്ങള്‍ മാറ്റി തുടച്ചുവൃത്തിയാക്കി വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍ ഉള്‍പ്പെടെ വലിയൊരു ‘ഭക്തസംഘങ്ങള്‍’ തൊഴുത് പ്രാര്‍ത്ഥിച്ചിട്ടാണ് എല്ലാ ദിവസവും ജോലിയില്‍ പ്രവേശിക്കുന്നത്. ശങ്കരജയന്തി ഉള്‍പ്പെടെ പ്രധാന ദിവസങ്ങളില്‍ വിളക്ക് കത്തിക്കലും പുഷ്പാര്‍ച്ചനയൊക്കെ പതിവാണ്. 2014 ഡിസംബറില്‍ നാക്ക് ടീം സര്‍വകലാശാല സന്ദര്‍ശിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശൃംഗേരി മഠത്തില്‍ നിന്ന് ഒരു ദണ്ഡ് പൂജിച്ച് കൊണ്ടുവന്ന് ശങ്കരപ്രതിമയില്‍ സ്ഥാപിച്ചു. സര്‍വകലാശാലയിലെ അക്കാദമിക പ്രവര്‍ത്തനമികവിന് നാക്ക് ടീം എ ഗ്രേഡ് നല്‍കിയപ്പോള്‍ അധികാരികള്‍ ഒന്നടങ്കം പറഞ്ഞു ഇതിനൊക്കെ കാരണം ‘ശങ്കരന്റെ അനുഗ്രഹമാണ്’ എന്ന്. നാക്ക് ടീം വരുന്നതുവരെ അവിടെ ഉണ്ടായിരുന്നത് യഥാര്‍ത്ഥ ശങ്കരാനായിരുന്നില്ല എന്നും ദണ്ഡ് പൂജിച്ച് വച്ചപ്പോളാണ് അത് യഥാര്‍ത്ഥ ശ്രീശങ്കരനായത് എന്നുമാണ് അധികൃതരുടെ അഭിപ്രായം. സാമാന്യം നല്ല വിദ്യാഭ്യാസവും വിവേകവുമുള്ള ഒരു സമൂഹം ശങ്കരപ്രതിമയെ ഇങ്ങനെയാണ് നോക്കിക്കാണുന്നത് എങ്കില്‍ സാധാരണ ജനങ്ങളുടെ മുന്നില്‍ ഒരു ശങ്കരപ്രതിമ സ്ഥാപിച്ചാല്‍ എന്തായിരിക്കും അവസ്ഥ?കാലടിയില്‍തന്നെ ഒരു വീടിന്റെ മുറ്റത്ത് കൗതുകത്തിന് സ്ഥാപിച്ചിരുന്ന തബല കൊട്ടുന്ന ഗണപതിയുടെ മുന്നില്‍ ഇന്ന് കെടാവിളക്ക് സ്ഥാപിച്ച സംഭവം ഓര്‍ക്കുക. 

ഗേറ്റിന് മുന്നില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഒരു പ്രതിമ വന്നാല്‍ കാലവിളംബരമില്ലാതെ തന്നെ അതില്‍ ഭക്തിപ്രകടനങ്ങളുടെ ഘോഷയാത്രതന്നെയാവും സംഭവിക്കുക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കാലടി സന്ദര്‍ശിക്കാന്‍ വരുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നു എന്നാണ് തീര്‍ത്ഥാടനമൊരുക്കുന്നവരുടെ അഭിപ്രായം. ഭൂരിഭാഗം തീര്‍ത്ഥാടകരും സന്ദര്‍ശിക്കുന്ന ശങ്കരസ്തൂപം നിര്‍ദ്ദിഷ്ട പ്രതിമയില്‍നിന്നും 50 മീറ്റര്‍ മാത്രം അകലെയാണ്. സ്തൂപത്തില്‍ കയറിയിറങ്ങുന്ന ഒരു ഭക്തന്‍ തൊട്ടടുത്തിരിക്കുന്ന ശങ്കരപ്രതിമയെ ഭക്ത്യാദരങ്ങളോടെ പ്രാര്‍ത്ഥിക്കുകയായിരിക്കും സ്വാഭാവികമായും ചെയ്യുക. കൂടാതെ ശബരിമലയിലേക്കുളള ഇതര സംസ്ഥാന അയ്യപ്പഭക്തന്മാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് വിശ്രമകേന്ദ്രം സര്‍വകലാശാല കവാടത്തിന് എതിര്‍വശത്തായിട്ടാണ്. തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നുമുളള തീര്‍ത്ഥാടകരുടെ ഭക്തിപ്രകടനങ്ങള്‍ നമുക്കേവര്‍ക്കും അറിയാവുന്നതാണ്. ശ്രീശങ്കരനെ ദൈവമായി കരുതുന്ന അവര്‍ക്കും ഈ പ്രതിമ ദൈവതുല്യമായി മാറും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൊതുജനങ്ങള്‍ക്ക് പെരുമാറാന്‍ സഹായകമാകുന്ന തരത്തില്‍ ഒരു പ്രതിമ സ്ഥാപിക്കപ്പെട്ടാല്‍ നിലവിലെ സര്‍വകലാശാലയ്ക്കുളളിലെ പ്രതിമയ്ക്ക് സംഭവിച്ചത് തന്നെ സംഭവിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

സംസ്ഥാന സര്‍ക്കാര്‍ നിയമംകൊണ്ട് സ്ഥാപിച്ച സര്‍വകലാശാലയാണ് കാലടിയിലുളളത്. സംസ്‌കൃതഭാഷയുടെ വളര്‍ച്ചയ്ക്ക് സഹായകമായ രീതിയില്‍ ഒരു സര്‍വകലാശാലയ്ക്ക് രൂപം നല്‍കിയ സര്‍ക്കാര്‍ ഒരിക്കലും ശ്രീശങ്കരാചാര്യരെ ഒരു ദിവ്യപുരുഷനായിട്ടല്ല കണ്ടിരുന്നത്. കാലടിയില്‍ ജന്മംകൊണ്ട (ജന്മസ്ഥലത്തിന്റെ കാര്യത്തിലെ തര്‍ക്കം ഇനിയും തീര്‍ന്നിട്ടില്ല) ഒരു സംസ്‌കൃതപണ്ഡിതന്‍, വേദഗ്രന്ഥങ്ങള്‍ പഠിച്ച് ജനങ്ങളുമായി സംവദിച്ച ഒരു ചരിത്രപുരുഷന്‍ എന്നീ നിലകളിലാണ് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ ശ്രീശങ്കരാചാര്യരെ കരുതിയിരുന്നത്. അല്ലെങ്കില്‍ത്തന്നെ ഒരു സര്‍വകലാശാല അവിടെ സ്ഥാപിക്കപ്പെട്ടിട്ടുളള ഒരു പ്രതിമയുടെ പേരിലാണോ അതോ അവിടെ നടക്കുന്ന അക്കാദമിക പ്രവര്‍ത്തനങ്ങളുടെ പേരിലാണോ അറിയപ്പെടേണ്ടത്?

വിജ്ഞാനോത്പാദനം, വിജ്ഞാനവിതരണം സാമൂഹികവിമര്‍ശം, വ്യക്തിസ്വാതന്ത്ര്യം എന്നിവ പരിപോഷിപ്പിക്കപ്പെടേണ്ട ഒരിടമാണ് സര്‍വകലാശാല. ചര്‍ച്ചകളും സംവാദങ്ങളുമാണ് അതിന്റെ ജീവവായു. ഫാസിസത്തിനെതിരെയുളള ഒരു ചര്‍ച്ചയ്ക്ക് അനുവാദം നിഷേധിച്ചതിലൂടെ സര്‍വകലാശാലയുടെ തലപ്പത്തിരിക്കുന്നവരുടെ രാഷ്ട്രീയചായ്‌വ് നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ്. ഒരു വിദ്യാഭ്യാസസ്ഥാപനവും മതത്തിന്റെ ചട്ടക്കൂടിലേക്ക് ചുരുങ്ങുകയോ ഒരു മതം അനുശാസിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ ആത്മവിമര്‍ശനമില്ലാതെ ഉള്‍ക്കൊളളുകയോ ചെയ്യാന്‍ പാടില്ല. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ശങ്കരാചാര്യരെക്കുറിച്ച് മാത്രമോ സംസ്‌കൃതം മാത്രമോ അല്ല പാഠ്യവിഷയങ്ങള്‍. ഇവിടെ മഹാത്മ അയ്യങ്കാളിയും ശ്രീനാരായണഗുരുവും അവരുടെ ചിന്തകളും വിമര്‍ശനാത്മകമായ പഠനങ്ങള്‍ക്ക് വിധേയമാകാറുണ്ട്.

‘നാം ഭാരതത്തിലെ ജനങ്ങള്‍, പരമാധികാരം, സോഷ്യലിസം, മതനിരപേക്ഷത…’ എന്നിവ ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. അതുകൊണ്ട് സംസ്‌കൃതഭാഷയെ ഹിന്ദുത്വത്തിന്റെ കുത്തകയായി പതിച്ച് നല്‍കുന്ന പണ്ഡിതപ്രമാണിമാരുടെ രാഷ്ട്രീയത്തെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് ആവശ്യമാണ്. രാജ്യത്തെ വിദ്യാഭ്യാസമേഖലയിലേക്കുളള കടന്നുകയറ്റം ലക്ഷ്യമാക്കി ആര്‍‌ എസ്‌ എസ് അജണ്ടയുടെ മാത്രം അടിസ്ഥാനത്തില്‍ പുതിയ വിദ്യാഭ്യാസനയങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പി  നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ തയ്യാറായി നില്‍ക്കുന്നു എന്ന വസ്തുത ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

അധികൃതരുടെ ഒത്താശയോടെ നടത്തിയ പ്രതിമ സ്ഥാപിക്കല്‍ പരീക്ഷണത്തിന് വലിയ രാഷ്ട്രീയമാനങ്ങളുണ്ട്. അതുകൊണ്ട് തന്നെ സര്‍വകലാശാലയിലെ മതവത്കരണശ്രമങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് കേരളീയരുടെ കടമയായി മാറിയിരിക്കുകയാണ്. സേവയും ഭക്തിയുമായി സര്‍വകലാശാല ഭരണതലപ്പത്ത് കയറിപ്പറ്റിയവര്‍ക്ക് അവിടെ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയില്ല. ബ്രാഹ്മണ്യദാസ്യ മാനസിക അവസ്ഥയിലേക്ക് തരംതാഴാനുളള വിമുഖതയില്ലായ്മ അവരുടെ മുഖമുദ്രയായിത്തീരും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കാലടി സര്‍വകലാശാല. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് വേണ്ടുന്ന ഹോസ്റ്റലുകളോ, അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ ക്വാര്‍ട്ടേഴ്‌സുകളോ ഇല്ലെങ്കില്‍പ്പോലും ദൈവത്തിന്റെ പ്രതമിയ്ക്ക് ഇരിപ്പിടം ഒരുക്കിയാല്‍ മോക്ഷം കിട്ടും എന്ന് വിചാരിക്കുന്ന ഇക്കൂട്ടരോട് ആര്‍ക്കാണ് ക്ഷമിക്കാന്‍ കഴിയുക? 

(സോഷ്യോളജി അധ്യാപകനും ഇടതുപക്ഷ അധ്യാപക സംഘടനയുടെ (ASSUT) ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍