UPDATES

എസ്. മുഹമ്മദ് ഇര്‍ഷാദ്

കാഴ്ചപ്പാട്

ഇടവും കാലവും

എസ്. മുഹമ്മദ് ഇര്‍ഷാദ്

ട്രെന്‍ഡിങ്ങ്

ഫാസിസത്തെ എങ്ങനെ പ്രതിരോധിക്കാം?

ഫാസിസ്റ്റ് വിരുദ്ധത എന്ന ആശയത്തിന് വിപുലമായ മാനങ്ങൾ ഉണ്ട്; അത് കേവലം ബി ജെ പി-ആർ എസ് എസ് വിരുദ്ധതയല്ല

ഫാസിസത്തെ എങ്ങനെ പ്രതിരോധിക്കാം എന്നകാര്യത്തിൽ ഏകീകൃതമായ ഒരു കാഴ്ചപ്പാട് പാർലിമെന്ററി ജനാധിപത്യത്തിൽ രൂപപ്പെടുക എന്നത്  ജനാധിപത്യത്തിന്‍റെ വിജയമാണ്. എന്നാൽ ഫാസിസ്റ്റ് സാമൂഹിക വീക്ഷണമുള്ള പാർട്ടികൾക്ക്  ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിൽ വരാൻ കഴിയുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലത്തിൽ ഫാസിസ്റ്റ് രാഷ്ട്രീയത്തെ എതിര്‍ക്കുക എന്നത് തികച്ചും പ്രയാസമുള്ള ഒന്നാണ്. പലപ്പോഴും ഇത് അപ്രായോഗികവും. അത്തരം ജനാധിപത്യത്തിന്‍റെ നിലനിൽപ്പ് തന്നെയാണ് ഏറ്റവും അപകടം.  അതുകൊണ്ട് തന്നെ പ്രതിരോധം എന്നതിന് പലരൂപങ്ങൾ ഉണ്ടാകും. ഇന്ന് നമ്മുടെ പ്രശ്നം ഭുരിപക്ഷത്തിന്റെ രാഷ്ട്രീയമാണ്. വളര്‍ന്നു വരുന്ന സാമൂഹിക അസഹിഷ്ണുതയും അതിനെ ന്യയീകരിക്കുന്നവർക്കും അവരുടെ പ്രത്യയശാസ്ത്രത്തിനും മുഖ്യധാരയിൽ ലഭിക്കുന്ന സ്വീകാര്യത  ജനാധിപത്യാവകാശമായി പരിഗണിക്കുന്ന അവസ്ഥ അംഗീകരിക്കേണ്ട ഒന്നല്ല. ഇത് കേവല ജനാധിപത്യത്തിന്റെ പരാജമായി കാണുന്ന ഒരു കാഴ്ചപ്പാട് ഉണ്ടാകേണ്ടിയിരിക്കുന്നു.

അത്തരം ഒരു രാഷ്ട്രീയ കാഴ്ചപ്പാട് രൂപപെടുത്തിയെടുക്കാൻ വേണ്ട പ്രത്യയശാസ്ത്രം ഇന്ന് കൃത്യമായി രൂപപ്പെടുന്നില്ല. ഇത്തരം രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട വക്താക്കളായി പൊതുവിൽ ഇടതുപക്ഷം സ്വയം അവരോധിക്കാറാണ് പതിവ്. മാത്രമല്ല ഇടതുപക്ഷ രാഷ്ട്രീയത്തിന് ഫാസിസ്റ്റ് വിരുദ്ധ സമീപനം ഉണ്ട് എന്ന പൊതു രാഷ്ട്രീയ ബോധത്തിന്റെ പിന്തുണ പലപ്പോഴും കാര്യമായ യാതൊരുവിധ പ്രക്ഷോഭവും നടത്താതെ തന്നെ ഇടതുപാർട്ടികൾക്ക് കിട്ടുന്നുണ്ട്. എന്നാൽ ബൂർഷ്വാ ജാനാധിപത്യത്തിന്‍റെ ഭാഗമായ പാർലമെന്ററി സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന പാർലമെന്ററി ഇടതുപക്ഷത്തിന്റെ ഫാസിസ്റ്റ് വിരുദ്ധത പലപ്പോഴും പ്രായോഗിക രൂപം പ്രാപിക്കാതെ പോകുന്നുണ്ട്.  കാരണം ഉത്പാദന വ്യവസ്ഥിതി തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപെടേണ്ടതായി വരുന്നത്. അതുകൊണ്ട് തന്നെ ഫാസിസ്റ്റ് വിരുദ്ധത ഒരു സമരരൂപമായി രൂപപ്പെടുത്താൻ ഇടതു പക്ഷത്തിന് കഴിയാതെ പോകുന്നു എന്ന് പറയാം.

ഫാസിസത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താൻ കഴിയാത്തതിന്റെ കാരണം നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ തന്നെയാണ്. അധികാരത്തെ നിലനിര്‍ത്തുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യം ഇന്നത്തെ ഇന്ത്യൻ ജനാധിപത്യത്തിനില്ല. അധികാരം മതമാകാം, ജാതി ആകാം, മുതലാളിത്തമാകാം, അതോടൊപ്പം അതിന്റെ തന്നെ രൂപമായ വിപണിയും ആകാം. ഇന്ത്യൻ രാഷ്ട്രീയത്തിന്  ഇന്ന്  ജനങ്ങളോട് സംവേദിക്കേണ്ട കാര്യമില്ല. പകരം ജനാധിപത്യസ്ഥാപനങ്ങൾ നിലനിര്‍ത്തുക എന്നത് മാത്രമാണ് മുന്നിലുള്ള പോംവഴി. അത്തരമൊരു അവസ്ഥയിൽ ജനകീയ ആവശ്യങ്ങള്‍ എന്നത്  വിപണി പങ്കാളിത്തമായി പരിമിതപ്പെടുന്നു. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ വിപണിക്ക് പുറത്താണ്; അതുകൊണ്ട് തന്നെ ഫാസിസ്റ്റ് വിരുദ്ധത എന്ന ആശയത്തിന് വിപുലമായ മാനങ്ങൾ ഉണ്ട്. അത് കേവലം ബി ജെ പി-ആർഎസ്എസ് വിരുദ്ധതയല്ല. പകരം ജാതി-മത-വംശീയബോധത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന അധികാരബോധവും അതിന് കിട്ടുന്ന പരോക്ഷ സാമൂഹിക പിന്തുണയുമാണ്. ഐ ഡബ്ലു ചര്‍ണി യുടെ  ‘ഫാസിസവും ജാനാധിപത്യവും; മനുഷ്യ മനസുകളിൽ’ എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നത് പോലെ ഫാസിസം എന്നത് അധികാരത്തിന്റെ പൂർണതയും, ഭയം, മാനുഷികമൂല്യം തുടങ്ങിയവയിൽ നിന്നുള്ള മോചനവും അതോടൊപ്പം കർശനമായ ചിട്ടയോടും കുടിയതാണ്. അതുകൊണ്ട് കൂടിയാണ് യാതൊരുവിധ സംഘടന സംവിധാനവും ഇല്ലാതെ ‘പശു രക്ഷകർ’ എന്നപേരിൽ ആൾക്കൂട്ടം ഉണ്ടാകുന്നതും അവർക്ക്  നിയമത്തെയും ഭരണകൂടത്തെയും തള്ളിക്കളയാൻ കഴിയുന്നതും. ഇവിടെ മതവും ദേശീയതും ജാതിയും ഒക്കെത്തന്നെ അധികാരത്തോട് ചേരുമ്പോൾ ഫാസിസ്റ്റ് സ്വഭാവം കൈവരിക്കുന്നു. ഈ അധികാര ബോധമാണ് ഇന്നത്തെ ഫാസിസം.  അതുകൊണ്ട് തന്നെ അതിനെതിരായ രാഷ്ട്രീയ പ്രതിരോധം എന്നത് സൂക്ഷ്മതലത്തിൽ കൂടി രൂപംകൊള്ളേണ്ടതാണ്.

karat

എന്താണ് ഫാസിസ്റ്റു വിരുദ്ധ രാഷ്‌ടീയ പ്രതിരോധം? 
ദേശരാഷ്ട്ര കാഴ്ചപ്പാടിൽ രൂപം കൊള്ളുന്ന ഇന്ത്യൻ മുതലാളിത്ത വികസനത്തില്‍ ഊന്നിയാണ് ഇന്നത്തെ രാഷ്ട്രീയം നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ പാർലമെന്ററി രാഷ്ട്രീയത്തിന് ഫാസിസത്തെ പ്രതിരോധിക്കാൻ കഴിയാതായിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ വേണം സിപിഎമ്മിന്റെ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ബിജെപി ഫാസിസ്റ്റ് പ്രവണതയുള്ള പാർട്ടി അല്ല എന്നും പകരം സമഗ്രാധിപത്യം പുലർത്തുന്ന പാർട്ടി ആണ് എന്നുമുള്ള നിരീക്ഷണം ഗൗരവമായി വിലയിരുത്തേണ്ടത്. പാർലമെന്ററി സംവിധാനത്തിലൂടെയുള്ള പ്രതിരോധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുന്നു എന്ന വെളിപ്പെടുത്തൽ ആയിക്കൂടി വേണം ഈ നിലപാടിനെ വിലയിരുത്തേണ്ടത്.  പൌരസമുഹത്തിൽ പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അത്തരം മുന്നേറ്റങ്ങളുടെ രാഷ്ട്രീയം വിപണി ദേശീയതയും തീവ്ര ഉത്പാദന കാഴ്ചപ്പാടും നിഷേധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഫാസിസം വിപണി രാഷ്ട്രീയത്തിന്റെ ഭാഗമാകും. പ്രകാശ് കാരാട്ടിന് ബിജെപിയുടെ സംഘടനാ സംവിധാനത്തിലുടെ അല്ലാതെ ഫാസിസത്തെ കാണാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റ ലേഖനത്തിൽ പറയുന്നത്, “the open terrorist dictatorship of the most reactionary, most chauvinistic and most imperialist elements of finance capital.” In India today, neither has fascism been established, nor are the conditions present — in political, economic and class terms — for a fascist regime to be established’. അദ്ദേഹത്തിന്റെ തന്ന അഭിപ്രായത്തിൽ രണ്ട് ലോകമഹായുദ്ധങ്ങൾക്കിടയിൽ ജർമ്മനിയിലും ഇറ്റലിയിലും ഉണ്ടായ ഫാസിസത്തിന്റെ പിന്തുടർച്ച ഭാരതത്തിൽ ഉണ്ടായിട്ടില്ല എന്നും, അതുകൊണ്ട് തന്നെ രാഷ്ട്രിയമായും സാമ്പത്തികമായും ഫാസിസം രാജ്യത്ത് നിലനിൽക്കുന്നില്ല എന്നുമാണ്. ഫാസിസത്തെ അതിന്റെ സംഘടന രൂപത്തിൽ മാത്രം വായിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു നിരീക്ഷണം കൂടിയാണിത്. സമകാലീന രാഷ്ട്രീയത്തെ വിമർശനാത്മകമായി സമീപിക്കുന്നില്ല എന്നതാണ് ഇത്തരം വായനയുടെ ന്യൂനത. ഇത്തരം കേവല ധാരണകളെ മറികടക്കുന്ന സൂക്ഷ്മരാഷ്ട്രീയ ബോധമാണ് ഫാസിസത്തെ പ്രതിരോധിക്കാൻ വേണ്ടതും.

നമ്മുടെ നാട്ടിൽ ഇപ്പോൾ വലിയ തോതിൽ തീവ്ര ദേശീയത അടിച്ചേൽപ്പിക്കുന്നതിന്റെ, അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയത്തിന്റെ പിന്നിൽ കേവലം ദേശസ്നേഹം അല്ല. മറിച്ച് ഫാസിസ്റ്റ് രാഷ്ട്രീയത്തെ സാമാന്യയുക്തിക്ക് മുകളിൽ പ്രതിഷ്ഠിക്കുക എന്നതും കുടിയുണ്ട്. അത്തരം സൂക്ഷ്മ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കാൻ പാർലിമെന്ററി ഇടതപക്ഷത്തിനോ അതോടൊപ്പം തന്നെ ഉദാര രാഷ്ട്രീയ വീക്ഷണം പുലർത്തുന്ന ഇതര രാഷ്ട്രീയ പാർട്ടികൾക്കോ ഇനിയും കഴിഞ്ഞിട്ടില്ല എന്നതും ഗൗരവമായി കാണേണ്ട വിഷയം കൂടിയാണ്. അതുകൊണ്ട് തന്നെ നിലനിൽക്കുന്ന സാമ്പത്തിക-അധികാര ബന്ധത്തിന് ബദലായിരിക്കണം ഫാസിസ്റ്റു വിരുദ്ധ രാഷ്ട്രീയം. മത, സാമൂഹിക, ലിംഗ, ജാതീയ സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ പ്രതിരോധവും അധികാരത്തിനെതിരായ പ്രതിഷേധത്തിൽ കൂടിയും ഒക്കെ ഇത്തരം രാഷ്ട്രീയം രൂപപ്പെടാം. അത്തരം പ്രതിരോധങ്ങളാണ് ഫാസിസ്റ്റു വിരുദ്ധ രാഷ്‌ടീയം അവശ്യപ്പെടുന്നതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍