UPDATES

വിദേശം

ലോകത്തിനിപ്പോള്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ അണിയറ ഛായ

ആഗോളീകരണത്തിനെതിരായ തിരിച്ചടികള്‍ ലോകത്തെങ്ങും ശക്തി പ്രാപിക്കുകയാണ്

അന സ്വാന്‍സന്‍

ആഗോളീകരണത്തിനെതിരായ തിരിച്ചടികള്‍ ലോകത്തെങ്ങും ശക്തി പ്രാപിക്കുകയാണ്. ഇടത്തും വലത്തുമുള്ള . യു.എസ് രാഷ്ട്രീയക്കാര്‍ വിദേശികള്‍ക്കും ആഗോള ഉപരിവര്‍ഗത്തിനും ഗുണം ചെയ്യുന്നു എന്നവര്‍ കരുതുന്ന സ്വതന്ത്ര വാണിജ്യ കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുന്നു. നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതിക്കു തീരുവ ചുമത്താനും അന്താരാഷ്ട്ര സഖ്യങ്ങളില്‍ നിന്നും വാണിജ്യ കരാറുകളില്‍ നിന്നും പിന്‍മാറാനും വാദിക്കുന്നു. അതിനൊപ്പം യൂറോപ്പിലും ഏഷ്യയിലും ജനപ്രിയ-ദേശീയവാദ സര്‍ക്കാരുകള്‍ അധികാരത്തിലെത്തുകയും ശക്തമായി വേരുറപ്പിക്കുകയും ചെയ്യുന്നു. ബ്രിട്ടനിലെ സമ്മതിദായകര്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങാനും തീരുമാനിച്ചു.

ചിലര്‍ക്ക് അത് ചരിത്രത്തിലെ മറ്റൊരു നിമിഷത്തിന്റെ ശകുനമായി തോന്നാം-പതിറ്റാണ്ടുകള്‍ നീണ്ട ആഗോള ബന്ധങ്ങളുടെ വ്യാപനത്തിന്റെ അവസാനത്തിനും പലരും വിളിക്കുന്നപോലെ ആഗോളീകരണത്തിന്റെ ആദ്യ യുഗത്തിനും വഴിതെളിച്ച ഒന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച കാലം പോലെ.

വരുന്ന പതിറ്റാണ്ടുകളില്‍ ആഗോളീകരണത്തില്‍ ഗണ്യമായ പിറകോട്ടടി ഉണ്ടാകുമെന്ന് Deutsche Asset Management Bank മുഖ്യ ആഗോള ഉപദേഷ്ടാവ് ജോഷ് ഫെയിന്‍മാന്‍ അടുത്തിടെ ഇറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും, തകര്‍ച്ചയും ഒറ്റപ്പെട്ടുനില്‍ക്കലും പൊതിഞ്ഞുനിന്ന ഒന്നും രണ്ടും ലോകമാഹായുദ്ധങ്ങളുടെയും മഹാമാന്ദ്യത്തിന്റെയും വര്‍ഷങ്ങളില്‍ ഇത് മുമ്പ് സംഭവിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്.

“ആദ്യത്തെ വലിയ ആഗോളീകരണ തരംഗം, ഒന്നാം ലോകമഹായുദ്ധത്തിന് അരനൂറ്റാണ്ടോ മറ്റോ മുമ്പായി, ഒരു ജനകീയ തിരിച്ചടി കൂടി സൃഷ്ടിച്ചു. അതൊടുവില്‍ 1914 മുതല്‍ 1915 വരെയുള്ള മഹാദുരന്തങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു,” ഫെയിന്‍മാന്‍ പറയുന്നു.

മറ്റ് സാമ്പത്തിക വിദഗ്ദ്ധരും കഴിഞ്ഞ കാലങ്ങളില്‍ സമാനമായ സിദ്ധാന്തങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഗോള ഉദ്ഗ്രഥനം സ്വാഭാവികമായും തിരിച്ചടി നേരിടുന്ന, പതിറ്റാണ്ടുകളിലൂടെ മുന്നോട്ട് കുതിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഒരു ചാക്രിക പ്രക്രിയയാണ് ആഗോളീകരണം എന്നു ബ്രാങ്കോ മിലാനോവിക്, ഡാനി റോഡ്രിക്, നിയാല്‍ ഫെര്‍ഗൂസന്‍, ഫ്രെഡ് ബെര്‍ഗ്സ്റ്റന്‍, തുടങ്ങിയവര്‍ പറഞ്ഞിട്ടുണ്ട്. ഫെയിന്‍മാനെപ്പോലെ പലരും ഒന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ച കാലത്തെ ഇതിന്റെ ഉദാഹരണമായി കാണുന്നു.

19-ആം നൂറ്റാണ്ടിന്റെ പകുതി മുതല്‍ 1014 വരെ, ആവിക്കപ്പലുകള്‍, ടെലിഗ്രാഫ്, ടെലിഫോണ്‍, സൂയസ്, പനാമ കപ്പല്‍ച്ചാലുകള്‍ എന്നിവ നാടകീയമായി ദൂരങ്ങളെ ചുരുക്കുകയും വാര്‍ത്താവിനിമയത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ലോകം ദ്രുതഗതിയിലുള്ള ആഗോളീകരണത്തിലൂടെ കടന്നുപോയി.
ഈ മാറ്റങ്ങള്‍ വ്യാവസായിക വിപ്ലവത്തിന്റെ നേട്ടങ്ങള്‍ ലോകമാകെ വ്യാപിപ്പിച്ചു. പക്ഷേ ചിലയിടങ്ങളില്‍, പ്രത്യേകിച്ചും ധനിക രാഷ്ട്രങ്ങളില്‍ അത് അസമത്വത്തെ കൂടുതല്‍ രൂക്ഷമാക്കി. വാണിജ്യം ചിലരെ അതിധനികരാക്കിയപ്പോള്‍ മറ്റുള്ളവരെ ദരിദ്രരാക്കി. അസ്വസ്ഥതയും രാഷ്ട്രീയ തിരിച്ചടികളുമായിരുന്നു പിറകെ വന്നത്.

ഫെയിന്‍മാന്‍ എഴുതിയ പോലെ രാജ്യങ്ങള്‍ ക്രമേണ കൂടുതല്‍ വാണിജ്യ നിയന്ത്രണങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളും കൊണ്ടുവന്നു. അമേരിക്കന്‍ തൊഴിലാളികളുടെ പിന്തുണയോടെ യുനൈറ്റഡ് സ്റ്റേറ്റ്സ് 1921-ല്‍ കുടിയേറ്റക്കാരുടെ ക്വാട്ട കര്‍ശനമായി നിയന്ത്രിക്കുന്ന-പ്രത്യേകിച്ചും വടക്കന്‍ യൂറോപ്പിന് പുറത്തുള്ളവരുടെയും ദരിദ്രരുടെയും- ഒരു നിയമം അംഗീകരിച്ചു. ലോക മഹായുദ്ധങ്ങളും മഹാ മാന്ദ്യവും ആഗോളീകരണത്തിന്റെ തകര്‍ച്ചയും ആയതോടെ ദേശീയവാദ മുന്നേറ്റങ്ങളും ഒറ്റപ്പെട്ടുനില്‍ക്കുന്ന സാമ്പത്തികവ്യവസ്ഥയുമാണ് പതിറ്റാണ്ടുകളോളം ലോകം വാണത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള പതിറ്റാണ്ടുകളില്‍ പെന്‍ഡുലം മറ്റൊരു ദിശയിലേക്ക് ചലിക്കാന്‍ തുടങ്ങി. ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, ലോക വാണിജ്യ സംഘടനയ്ക്ക് മുന്നോടിയായ വാണിജ്യ, തീരുവകള്‍ സംബന്ധിച്ച പൊതു കരാര്‍ (GATT) തുടങ്ങിയ മറ്റൊരു ലോക മഹായുദ്ധം അസാധ്യമാക്കുമെന്ന് അതിന്റെ സൃഷ്ടാക്കള്‍ കരുതിയ സംഘടനകള്‍ ഉണ്ടാക്കാനും വിപുലീകരിക്കാനും യു.എസ് നേതൃത്വം നല്കി. അതിനുശേഷമാണ് ലോകം പലരും കരുതുന്ന പോലെ ആഗോളീകരണത്തിന്റെ രണ്ടാമത്തെ മഹാതരംഗം അനുഭവിച്ചത്.

ആഗോളീകരണത്തിന്റെയും പിറകോട്ടടിയുടെയും ഈ യുഗങ്ങള്‍ തമ്മില്‍ പല വ്യത്യാസങ്ങളുണ്ട് എന്നു പറയാന്‍ ഫെയിന്‍മാന്‍ മറക്കുന്നില്ല. ലോകമഹായുദ്ധങ്ങളും മഹാ മാന്ദ്യവും ആഗോളീകരണത്തിന്റെ നിഷേധം മാത്രമല്ലായിരുന്നു. അതിന്റെ കാരണങ്ങളായ സംഭവങ്ങളുടെ തന്നെ ഫലമായിരുന്നു ആഗോളീകരണത്തിന്റെ തള്ളിപ്പറച്ചിലും.
എന്നാലും ചില ശക്തമായ സമാനതകള്‍ ഫെയിന്‍മാന്‍ കാണുന്നു, “ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പുള്ള കാലത്തെ മുന്നോട്ടുതള്ളിയ അതേ ശക്തികള്‍ തന്നെയാണ് ആധുനിക ആഗോളീകരണത്തിനെ ഉത്തേജിപ്പിച്ചതും; പുതിയ സാങ്കേതിക വിദ്യകള്‍, തുറന്ന, സ്വതന്ത്ര വ്യാപാരം, നിലവിലെ മുന്‍നിര ശക്തിയുടെ പിന്തുണയുള്ള ചട്ടങ്ങള്‍ക്കനുസൃതമായ ലോക സാമ്പത്തിക വ്യവസ്ഥ, പ്രമുഖ രാജ്യങ്ങളിലെ പൊതു സമാധാനത്തിന്റെ കാലം.”
ഇന്ന്, മൂലധനത്തിന്റെയും വാണിജ്യത്തിന്റെയും സ്വതന്ത്രമമായ ഒഴുക്ക്, ഒന്നാം ലോക മഹായുദ്ധകാലത്തേക്കാള്‍ കവിഞ്ഞിരിക്കുന്നു. അസമത്വത്തിന്റെ ഒരു സൂചകമായ, വിദേശത്തു ജനിച്ച അമേരിക്കക്കാരുടെ സമ്പത്തിലെ പങ്കും ധനികരായ അമേരിക്കക്കാരുടെ പങ്കും ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് എത്തിയിരിക്കുന്നു. 1900-ത്തിന്റെ പകുതിയില്‍ ഇത് കുറയുകയായിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ്, ആഗോളീകരണത്തിന്റെ രണ്ടാമത്തെ മഹാ തരംഗം കുടിയേറ്റത്തില്‍ ഒരു വലിയ തള്ളലുണ്ടാക്കാനും ചില രാജ്യങ്ങളില്‍ അസമത്വം വര്‍ദ്ധിപ്പിക്കാനും ഇടയാക്കി. ഇത് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമാണ്.

യു.എസും ലോകത്താകെയും അനുഭവിക്കുന്ന സാമ്പത്തിക കുഴപ്പങ്ങള്‍ക്ക് ആഗോളീകരണം മാത്രമല്ല കാരണമെന്നും ഫെയിന്‍മാന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആഗോളീകരണത്തെ കൂടാതെ, സാങ്കേതികവിദ്യ, സാമൂഹ്യ മാറ്റങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയെല്ലാം കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ആഗോള സാമ്പത്തിക ഉദ്ഗ്രഥനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ആര്‍ക്കൊക്കെയാണ് കിട്ടുന്നത് എന്നു നിശ്ചയിച്ചു.

പക്ഷേ കടുത്ത മത്സരത്തിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കുറഞ്ഞ നൈപുണ്യമുള്ള കുറെ തൊഴിലാളികളെയും ആഗോളീകരണം തകര്‍ത്തു. ഫെയിന്‍മാന്‍ പറയുന്നു: കുഴപ്പങ്ങള്‍ക്ക് സാങ്കേതികവിദ്യയെ കുറ്റപ്പെടുന്നതിനെക്കാളും എളുപ്പം വിദേശരാജ്യങ്ങളെ പഴിക്കുന്നതാണ്. കാരണം സാങ്കേതികവിദ്യ എപ്പോഴും പുരോഗമനപരമായ ഒന്നായാണ് കാണപ്പെടുന്നത്.
സാമ്പത്തികമായി, ആഗോളീകരണം താഴ്ന്ന വേഗത്തിലേക്ക് പോകുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

സെപ്റ്റംബറില്‍ WTO പ്രവചിച്ചത് ആഗോള വാണിജ്യ വളര്‍ച്ച 2016-ല്‍ 1.7%-ത്തിലേക്ക് താഴും എന്നായിരുന്നു. 2009-ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും പതുക്കെയുള്ള വളര്‍ച്ചാനിരക്കായിരിക്കും ഇത്. കൂടുതല്‍ വാണിജ്യ തടസങ്ങള്‍ ഉയരുന്നതും പുതിയ വാണിജ്യ കരാറുകള്‍ ഉണ്ടാക്കുന്നതിലെ വൈമുഖ്യവും ലോകം കാണുന്നു.

ഈ അവസ്ഥയില്‍, ആഗോളീകരണത്തിനുള്ള ഭീഷണി ഒരു യാഥാര്‍ത്ഥ്യം എന്നതിനെക്കാളേറെ ഒരു അപായസാധ്യതയാണെന്ന് ഫെയിന്‍മാന്‍ പറയുന്നു; “സമചിത്തതയുള്ള സമീപനങ്ങള്‍ മേല്‍ക്കൈ നേടുമെന്നും.” ആഗോള സമ്പദ് രംഗം ഇപ്പൊഴും ഗണ്യമായ വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. പുതിയ സാങ്കേതിക വിദ്യ ലോകജനതയെ എന്നത്തേക്കാളും കൂടുതലായി പരസ്പരം ബന്ധിപ്പിക്കുന്നു. എങ്കിലും, ചരിത്രം ബോധ്യപ്പെടുത്തിയതുപോലെ ഈ പ്രക്രിയ വിപരീതദിശയിലും ആകാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍