UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേണ്ട ആന്‍റണി മാസ്റ്റര്‍ക്ക് ഒരു വികലാംഗ സര്‍ട്ടിഫിക്കറ്റിന്റെയും പിന്‍ബലം

Avatar

കെ.പി.എസ്.കല്ലേരി

നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ആന്റണിമാസ്റ്റര്‍ക്ക് ഇടതുകൈ ഒരിക്കലും തടസ്സമായിരുന്നില്ല. അതുകൊണ്ടുതന്നെ ജീവിതത്തിലങ്ങോളം നിരവധി തിരിച്ചടികള്‍ ഉണ്ടായപ്പോഴും തളരാതെ പിടിച്ചു നില്‍ക്കാന്‍ ഒരു വികലാംഗ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലം പോലും അദ്ദേഹം സൂക്ഷിച്ചില്ല. 

ഇന്റര്‍ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിലെ ഗോള്‍ഡ്‌ മെഡല്‍ വിന്നര്‍, കാമ്പസ് വിട്ടപ്പോള്‍ മുപ്പതാം വയസ്സു മുതല്‍ തുടങ്ങിയ വെറ്ററന്‍സ് മീറ്റുകള്‍, അന്‍പത്തഞ്ചാം വയസില്‍ പൂനെയില്‍ നടന്ന ഇന്ത്യാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സിലെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം. ഇതിനിടെ കേരളത്തിന് അകത്തുംപുറത്തുമായി അത്‌ലറ്റിക്‌സിലെ ട്രാക്ക്മാര്‍ക്കര്‍. അവിടേയും ഏറ്റവും മികച്ച നേട്ടമെന്ന നിലയില്‍  ഇന്ത്യയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ട്രാക്ക് മാര്‍ക്കിംങ്, പൂനയിലെ ഏഷ്യന്‍ അത്‌ലറ്റിക്സ് മീറ്റ്… 

11-ആം വയസില്‍ നഷ്ടപ്പെട്ട ഇടതുകൈയ്യുടെ അഭാവത്തിലും നിശ്ചയദാര്‍ഢ്യത്തിന്‍റെ ചെറുപുഞ്ചിരിയുമായി  നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് നടന്നുകയറുകയാണ് ആന്റണി മാസ്റ്റര്‍.  ഒരു ചെറുവിരലില്‍ വൈകല്യമുണ്ടെങ്കില്‍ വികലാംഗ സര്‍ട്ടിഫിക്കറ്റും അതിനു പിന്നാലെയുള്ള ആനുകൂല്യങ്ങളുമായി ജീവിതം കെട്ടിയിടുന്നവര്‍ക്ക് ആന്റണിമാസ്റ്ററേക്കാളും നല്ലൊരു മാതൃക വേറെയുണ്ടാവില്ല. 

ഡോ.പി.എം.ആന്റണി, 
ഹിന്ദി വിഭാഗം തലവന്‍, 
കോഴിക്കോട് ദേവഗിരി കോളെജ്- ഇതാണ് താപാല്‍ വകുപ്പിന്റെ കൈവശം കഴിഞ്ഞ 23വര്‍ഷമായി ആന്റണിയുടെ മേല്‍വിലാസം. ഇപ്പോള്‍ രണ്ട് വര്‍ഷമായി ദേവഗിരിയില്‍ നിന്നും റിട്ടയര്‍ ചെയ്തിട്ട്. എന്നാലും സാന്നിദ്ധ്യം ദേവഗിരിയില്‍ തന്നെ. ചെറിയൊരു മാറ്റമുള്ളത് ഹിന്ദി വിഭാഗം തലവന്‍ എന്നത് ഗസ്റ്റ് ലക്ചറര്‍ എന്ന് മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ തലമുറയേയും അത്‌ലറ്റിക്‌സിലെ സ്ഥിരം കാഴ്ചക്കാരേയും മാറ്റിനിര്‍ത്തിയാല്‍ ആന്റണി മാസ്റ്ററിലെ കായികതാരത്തെ അറിയണമെങ്കില്‍ കോളെജ്‌ വിട്ടശേഷം ദേവഗിരിയുടെ ഗ്രൗണ്ടിലേക്കിറങ്ങണം. രാജ്യത്തിന്റെ അത്‌ലറ്റിക്‌സിലും ഗെയിംസിലുമെല്ലാം പുതിയ തുടിപ്പുകളാകന്‍ പെടാപ്പാടുപെടുന്ന കുട്ടികള്‍ക്കിടയില്‍ അതേ ചുറുചുറുക്കോടെ വിയര്‍പ്പൊഴുക്കി ട്രിപ്പിള്‍ജംപും ലോംങ്ജംപും പരിശീലിക്കുന്ന ആന്റണിമാസ്റ്ററെ കാണാം.ആ കാഴ്ച നവാഗതനായ ഒരു സാധാരണക്കാരനില്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്‍റെ ഫ്‌ളാഷ്ബാക്ക് അറിയാന്‍ കൗതുകം തോന്നിക്കുക സ്വാഭാവികം മാത്രം. രണ്ടു കൈയ്യുള്ളവര്‍ പോലും എത്തിപ്പെടാന്‍ ആഗ്രഹിക്കാത്തത് വെട്ടിപ്പിടിക്കാനിറങ്ങിയ ഒരു വലിയ മനുഷ്യന്റെ കഥയറിയുമ്പോള്‍ ആവേശപ്പെടാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക. 

കക്കയത്ത് പുല്ലംകുന്നേല്‍ മാത്യു-റോസ് ദമ്പതികളുടെ മകനായാണ്  ആന്റണിയുടെ ജനനം. കല്ലാനോട് സെന്റ് മേരീസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ കായിക മത്സരങ്ങളിലും സാഹസികതയിലും ഏറെ തല്‍പരനായിരുന്നു ആന്റണി. അത്തരമൊരു സാഹസികതയുടെ ഭാഗമായിരുന്നു പതിനൊന്നാം വയസിലെ തെങ്ങില്‍ കയറ്റം. പക്ഷെ തെങ്ങ് ചതിച്ചു. ഇടതു കൈ കുത്തിയുള്ള വീഴ്ചയില്‍ അതുവരെ കെട്ടിയെടുത്ത പ്രതീക്ഷകളെല്ലാം തകര്‍ന്നു. മാസങ്ങളോളം ആശുപത്രിയില്‍. തുടക്കത്തില്‍ ബന്ധുക്കള്‍ നിര്‍ദ്ദേശിച്ച നാട്ടിലെ പാരമ്പര്യ വൈദ്യരുടെ ചികിത്സ പാടെ പിഴച്ചു. ഒടുക്കം കൈ മുറിച്ചു മാറ്റേണ്ടിവരുമെന്നുവരെ നിര്‍ദ്ദേശിച്ചു. പക്ഷെ ആന്റണിയെന്ന 11കാരന്റെ  നിശ്ചയദാര്‍ഢ്യം കൈമുറിക്കാതെ  ജീവിതത്തെ തിരികെയെത്തിച്ചു. എഴുപതു  ശതമാനം  ചലനമറ്റുപോയ ഇടതു കൈ ഉപോയാഗിച്ച് ആന്റണി സ്‌കൂള്‍ അത്‌ലറ്റിക്‌സിലേക്കിറങ്ങി. 

ലോംങ് ജംപും ട്രിപ്പിള്‍ ജംപുമായിരുന്നു പ്രിയം. കൂടെ ഫുട്‌ബോളും വോളിബോളും പരിശീലിച്ചു. ചലനമറ്റ ഇടതുകൈ വലതുകൈക്കുള്ളില്‍ ഇറുക്കിപിടിച്ച് ആന്റണിയുടെ വോളിബോള്‍ പാസിംഗ് അന്ന് കാഴ്ചക്കാര്‍ക്കൊക്കെ അത്ഭുതമായിരുന്നു. നല്ല ജംപുള്ളതിനാല്‍ അത്‌ലറ്റിക്‌സിലും മികവു പുലര്‍ത്തി. വോളിബോളും ഫുട്‌ബോളും പരിശീലിക്കുമ്പോഴും ലോംങ് ജംപും  ട്രിപ്പിള്‍ ജംപുമായിരുന്നു ആന്‍റണിയുടെ ലക്ഷ്യം. 

സ്‌കൂള്‍ പഠനം കഴിഞ്ഞ് ദേവഗിരി കോളെജില്‍ പഠനത്തിനെത്തിയപ്പോഴേക്കും അത്‌ലറ്റിക്‌സില്‍ നിരവധി നേട്ടങ്ങള്‍ ആന്റണി സ്വന്തമാക്കി. കലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ പിജി പഠനത്തിനായി ചെന്നപ്പോള്‍ അവിടുത്തെ യൂനിവേഴ്‌സിറ്റി കോച്ച് എസ്.എസ്.കൈമള്‍ ആന്റണിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് രാവിലേയും വേകുന്നേരവും മുടങ്ങാതെ പരിശീലനം നല്‍കി. അങ്ങിനെ ആള്‍ ഇന്ത്യാ ഇന്‍റര്‍ യൂനിവേഴ്‌സിറ്റി മീറ്റില്‍ ലോംങ്ജംപിലും ട്രിപ്പിളിലും മെഡലുകള്‍ വാരിക്കൂട്ടി. മെഡല്‍ കൊയ്ത്ത് തുടങ്ങുന്നത് 1977ല്‍. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മീറ്റില്‍ ട്രിപ്പിള്‍ ജംപില്‍ ആദ്യ ഗോള്‍ഡ് മെഡല്‍. 78ല്‍ ആള്‍ ഇന്ത്യ ഇന്റര്‍ യൂനിവേഴ്‌സിറ്റി മീറ്റില്‍ വെങ്കലം, 79ല്‍ ലോങ്ജംപില്‍ കലിക്കറ്റില്‍ മീറ്റ് റെക്കോര്‍ഡോടെ ഗോള്‍ഡ് മെഡല്‍, 81ല്‍ സ്റ്റേറ്റ് അമച്വര്‍ മീറ്റില്‍ വെള്ളി, 82ല്‍ ആള്‍ ഇന്ത്യാ ഇന്റര്‍ യൂനിവേഴ്‌സിറ്റി മീറ്റില്‍ ലോങ്ജംപില്‍ വെള്ളി, 85ല്‍ കേരളാ സ്റ്റേറ്റ് ഓപ്പണ്‍മീറ്റില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം…പഠനകാലത്തെ സ്വര്‍ണത്തിന്റേയും വെള്ളിയുടേയും നേട്ടങ്ങള്‍ ഇങ്ങനെ നീളുന്നു. വെറ്ററന്‍സ് മീറ്റില്‍ 2006 മുതലാണ് നേട്ടങ്ങള്‍ കൊയ്തു തുടങ്ങിയത്. ബാംഗളൂരില്‍ നടന്ന എഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ വെള്ളി, 2007ല്‍ ജയ്പൂരില്‍ നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണം, 2008ല്‍ മുംബൈയിലും സ്വര്‍ണം, പിന്നീട് തുടര്‍ച്ചയായി 2012 വരെ ആ നേട്ടങ്ങള്‍ ആവര്‍ത്തിച്ചു. ബാംഗ്ലൂരില്‍ കഴിഞ്ഞ മാസംനടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണ്ണം നേടുമ്പോള്‍ മത്സരിക്കാന്‍ രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയത് 20 പേര്‍. 

ആന്‍റണി മാസ്റ്റര്‍ ലക്ഷ്യമിട്ടത് എന്‍ഐഎസ്. പക്ഷേ  ആയത് ഹിന്ദി പ്രൊഫസറാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ പിജി ഹിന്ദി പഠനത്തിനു ശേഷം എന്‍ഐഎസ് എടുത്ത് അത്‌ലറ്റിക്‌സില്‍ കോച്ചാവുകയായിരുന്നു ആന്റണിയുടെ ജീവിതാഭിലാഷം. താനെത്തിപ്പിടിച്ചതിനും മുകളിലേക്ക് ഒരു നൂറുകുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ നല്ലൊരു പരിചയസമ്പന്നനായ പരിശീലകന്‍. അതിനായി കോച്ചാവാനുള്ള അടിസ്ഥാന യോഗ്യതയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് നേടുക. ആള്‍ ഇന്ത്യ ഇന്റര്‍യൂനിവേഴ്‌സിറ്റി ചാംപ്യന്‍ എന്ന നിലയില്‍ എന്‍ഐസിന് അപേക്ഷിക്കാനുള്ള യോഗ്യത കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേന നേടിയെടുത്തു. പ്രവേശനപരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പും നടത്തി. എന്നാല്‍ പിജി ഹിന്ദിയുടെ മാറ്റിവെച്ച പരീക്ഷയും എന്‍ഐഎസ് പ്രവേശന പരീക്ഷയും ഒന്നിച്ചൊരു ദിവസം എത്തി. രണ്ടുവര്‍ഷം പഠിച്ച ഹിന്ദി പിജിയുടെ ഒരു പരീക്ഷ എഴുതാതിരുന്നാല്‍ കഴിഞ്ഞുപോയ രണ്ടു വര്‍ഷം നഷ്ടമാകും.എന്‍ഐഎസ് എടുത്തുവന്നശേഷം എഴുതാമെന്നുവെച്ചാല്‍ പിന്നീട് നടക്കണമെന്നില്ല.അതിലും പ്രശ്‌നം കലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഹിന്ദി പിജി കോഴ്‌സ് വന്നശേഷം ആരും തോറ്റിട്ടില്ല. താന്‍  പരീക്ഷ എഴുതാതിരുന്നാല്‍ അങ്ങനെയൊരു ചീത്തപ്പേര് യൂനിവേഴിസിറ്റിക്കും വരും. ഇതിനെല്ലാം പുറമേ അധ്യാപകരും ബന്ധുക്കളുമെല്ലാം ഹിന്ദി പൂര്‍ത്തിയാക്കാനായി വാശിപിടിച്ചു. അങ്ങനെ വര്‍ഷങ്ങളായി മനസില്‍ കൊണ്ടുനടന്നഎന്‍ഐഎസ് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് അക്കാദമിക രംഗത്ത്  ഉയര്‍ച്ചയുടെ ഒരുപാട് പടവുകള്‍ താണ്ടുകയും വെറ്ററന്‍സ് അലറ്റിക്‌സില്‍ ഇപ്പോഴും നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുമ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമേതാണെന്ന് ചോദിക്കുമ്പോള്‍ ആന്റണി പറയുന്നത് എന്‍ഐഎസ് എടുക്കാതിരുന്നത് ഒന്നുമാത്രം. 

ബെസ്റ്റ് ഓഫ് അഴിമുഖം 

സ്വന്തമായി സ്റ്റേഡിയമുള്ള ജോസഫ് ചേട്ടന്‍
പാടാതെ പറ്റില്ല ഈ കോഴിക്കോടിന്‍റെ പാട്ടുകാരിക്ക്
അടുത്ത ബെല്ലോട് കൂടി ജീവിതം ആരംഭിക്കുന്നതായിരിക്കും
ഞങ്ങളുടെ ചങ്ങാതി മാഷ്
കുഞ്ഞാലിയെ മറക്കാമോ കേരളം?

പിഎച്ഡി എടുത്ത ഉടനെ തൃശ്ശൂര്‍ സെന്റ് തോമസ് കോളജില്‍ ഹിന്ദിവിഭാഗം ലക്ചററായി ജോലിയില്‍ ചേര്‍ന്നു. അഞ്ചുവര്‍ഷത്തെ തൃശ്ശൂര്‍ ജീവിതത്തിനുശേഷം കോഴിക്കോട് ദേവഗിരിയിലേക്ക്. അത്‌ലറ്റിക്‌സില്‍ പരിശീലകനാവാത്ത ദുഖം ആന്റണി തീര്‍ത്തത് വെറ്ററന്‍സ് മീറ്റുകളില്‍ പങ്കെടുത്തും ട്രാക്ക് മാര്‍ക്കിംഗിലേക്കിറങ്ങിയുമാണ്. സ്‌കൂള്‍ തലത്തില്‍ ജില്ലാ-സംസ്ഥാന മീറ്റുകള്‍ക്കെല്ലാം ട്രാക്ക് മാര്‍ക്കിംഗില്‍ അവസാന വാക്ക് ആന്റണിയുടേതാണ്. പുതുതായി ആരെങ്കിലും ഒരു സ്റ്റേഡിയം പണിയാന്‍ പോകുന്നെങ്കില്‍ അവരും ട്രാക്ക് മാര്‍ക്ക് ചെയ്യാന്‍ ആന്റെണിയെതേടിയെത്തും. കേരളത്തിനു പുറത്ത് നിരവധി സംസ്ഥാന മീറ്റുകള്‍ക്കും ആന്റണി ട്രാക്ക് മാര്‍ക്കിംഗിന്റെ അവസാന വാക്കായി. ഈ പരിചയമാണ് ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കും പിന്നീട് പൂനയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലേക്കും ആന്റണിയെ സംഘാടകര്‍ ആനയിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അസി.ടെക്നിക്കല്‍ മാനേജര്‍ പദവിയാണ് ആന്റണിക്ക് നല്‍കിയത്. 

അത്‌ലറ്റിക്‌സിനോടുള്ള സ്‌നേഹം ഭാവിതലമുറക്കായുള്ള പുസ്തകമായും ആന്റണി സംഭാവന ചെയ്തു. ‘അത്‌ലറ്റിക്‌സിലെ തന്ത്രങ്ങള്‍’ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം ഈ രംഗത്തെ മികച്ച സംഭാവനയായി കായിക ലോകം വിലയിരുത്തുന്നു. രണ്ടാമത്തെ പുസ്തകം ‘ട്രാക്ക് മാര്‍ക്കിംഗ്’ ആണ്. എന്‍ഐഎസിന്‍റെ അഭാവം പരിഹരിക്കാന്‍ അത്‌ലറ്റിക്‌സിനെ ആഴത്തില്‍ പഠിച്ച് ഏറ്റവും മര്‍മപ്രധാനമായ ട്രാക്ക് മാര്‍ക്കിംഗില്‍ ആന്റണി എഴുതിയ പുസ്തകം ഈ രംഗത്തെ ഏക സംഭാവനയാണ്. ഇന്ത്യന്‍ കായിക രംഗം ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിറക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഇതിനിടെ ‘അത്‌ലറ്റിക്‌സ് നിയമങ്ങളിലൂടെ’യെന്ന പുസ്തകവും പുറത്തിറക്കി.

ദേവഗിരിയുടെ ഹിന്ദി വിഭാഗം തലവനെന്ന പെരുമ നിലിനിര്‍ത്താന്‍ ഹിന്ദി ഭാഷയിലും ധാരളം ഗവേഷണ പ്രബന്ധങ്ങള്‍ ആന്റണിയുടേതായിട്ടുണ്ട്. ഹിന്ദിയിലും അത്‌ലറ്റിക്‌സിലും ദേശീയതലത്തില്‍ നിരവധി സെമിനാറുകളിലും ചര്‍ച്ചകളിലും ഇപ്പോളും പങ്കെടുത്തുവരുന്നു. അക്കദമിക് രംഗം ആന്റണിയെ ഒരുപാടൊക്കെ ആദരിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിന്റെ വലിയൊരുഭാഗം അത്‌ലറ്റിക്‌സിനായി നീക്കിവെച്ചിട്ടും ഇന്ത്യന്‍ കായികരംഗമോ വിശേഷിച്ച് കേരളത്തിന്റെ കായികലോകമോ ആന്റണിയെന്ന മനുഷ്യനെ കണ്ടെന്ന ഭാവം പോലും നടിച്ചിട്ടില്ല. പക്ഷെ അത്തരം അംഗീകാരങ്ങളെക്കുറിച്ചുള്ള ആശങ്കയൊന്നും ആന്റണിയെ ഇക്കാലമത്രയും സ്പര്‍ശിച്ചിട്ടേയില്ല. വരും വര്‍ഷത്തെ വെറ്ററന്‍സ് മീറ്റിനായി കൂടുതല്‍ യുവത്വം സംഭരിക്കാനായി ദേവഗിരിയുടെ ഗ്രൗണ്ടില്‍ വിയര്‍പ്പൊഴുക്കുകയാണ് അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍