UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രിയെ ചോദ്യം ചെയ്താണ് വളര്‍ന്നത്; പേടിക്കേണ്ടി വരുന്ന അവസ്ഥ കഷ്ടമെന്ന് അനുരാഗ് കശ്യപ്

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കെതിരെ നടന്ന ആക്രമണത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

പ്രധാനമന്ത്രിയെ പേടിക്കേണ്ട അവസ്ഥയാണ് ഈ രാജ്യത്തുള്ളതെങ്കില്‍ അത് ദുഖരമാണെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. പുതിയ ചിത്രമായ പദ്മാവതിയുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കെതിരെ നടന്ന ആക്രമണത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

ഭരണ നേതൃത്വത്തിലുള്ളവരോട് സംവദിക്കാനും അവരെ ചോദ്യം ചെയ്യാനുമാണ് ഞാന്‍ പഠിച്ചതും ശീലിച്ചിട്ടുള്ളതും. വിപി സിംഗ് പ്രധാനമന്ത്രിയും ഞാനൊരു വിദ്യാര്‍ത്ഥിയുമായിരുന്ന കാലം മുതല്‍ അങ്ങനെയാണ്. പിന്നീട് കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ വന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. രാജ്യത്തെ ഭരണത്തിന് നേതൃത്വം നല്‍കുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തെ ചോദ്യം ചെയ്യാം, ഉത്തരം പറയണമെന്ന് ആവശ്യപ്പെടാം. തര്‍ക്കിക്കാം, പക്ഷെ നിങ്ങള്‍ ഒരിക്കലും പ്രധാനമന്ത്രിയെ പേടിക്കേണ്ട ആവശ്യമില്ല. കാരണം അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത് നിങ്ങളാണ്. നിങ്ങള്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കേണ്ടത്. ആര്‍ക്കെങ്കിലും പ്രധാനമന്ത്രിയെ പേടിക്കേണ്ട അവസ്ഥയുണ്ടാവുകയാണെങ്കില്‍ അത് വളരെ ദുഖകരമാണ്. ബഹുമാനം പിടിച്ച് വാങ്ങാന്‍ കഴിയുന്ന ഒന്നല്ല, പ്രവൃത്തിയിലൂടെ നേടിയെടുക്കാവുന്നതാണ്. ബഹുമാനം ചോദ്യം ചെയ്യലിനോ സംവാദങ്ങള്‍ക്കോ തര്‍ക്കങ്ങള്‍ക്കോ തടസമല്ല.

എനിക്ക് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോട് ചായ്‌വില്ല. നിങ്ങള്‍ എന്നെ എന്ത് ചെയ്യാന്‍ പോകുന്നു അല്ലെങ്കില്‍ എന്നെക്കുറിച്ച് എന്ത് പറയുന്നു എന്നതൊന്നും എനിക്ക് പ്രശ്‌നമല്ല. എങ്ങനെ വേണമെങ്കില്‍ ആക്രമിച്ചോളൂ. പക്ഷെ എന്നെ ഭയപ്പെടുത്താമെന്ന് നിങ്ങള്‍ വിചാരിക്കണ്ട. എന്റെ ശബ്ദം ഉയര്‍ന്ന് തന്നെ നില്‍ക്കും. ഞാന്‍ ഈ രാജ്യത്തെ ഭരണഘടനയില്‍ വിശ്വസിക്കുന്നു. എന്റെ അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു – അനുരാഗ് കശ്യപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പദ്മാവതിയില്‍ ചരിത്രം വളച്ചൊടിച്ചെന്ന് ആരോപിച്ച് കര്‍ണി സേന എന്ന സംഘടനയാണ് ജയ്പൂരില്‍ ബന്‍സാലിക്കെതിരെ ആക്രമണം നടത്തിയത്. പദ്മാവതി എന്ന ഹിന്ദു രജപുത്ര രാജകുമാരിയുടേയും പദ്മാവതിയുമായി പ്രണയത്തിലാവുന്ന ഡല്‍ഹി ഭരണാധികാരി അലാവുദീന്‍ ഖില്‍ജിയുടെയും കഥയാണ് ചിത്രം പറയുന്നത്. ദീപിക പദുക്കോണാണ് കേന്ദ്ര കഥാപാത്രമായ പദ്മാവതിയാകുന്നത്. ബന്‍സാലിയെ മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധവുമായി ബോളിവുഡില്‍ നിന്ന് ആദ്യം രംഗത്തെത്തിയത് അനുരാഗ് കശ്യപാണ്. ഇതേ തുടര്‍ന്ന് ഹിന്ദുത്വ സംഘടനകളുടെ അനുഭാവികള്‍ കശ്യപിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമണവുമായി രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍