UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരില്‍ നിന്നും തലശേരിയിലേക്ക്; അബ്ദുള്ളക്കുട്ടിക്ക് ഇതു രണ്ടാം നാടുകടത്തല്‍

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് പാരമ്പര്യം കാത്തപ്പോള്‍ നേരത്തെ സീറ്റ് ഉറപ്പിച്ച സിറ്റിങ് എംഎല്‍എയ്ക്കും  മണ്ഡലം നഷ്ടമായി. സിപിഐഎം വിട്ട് കോണ്‍ഗ്രസിലെത്തിയ എപി അബ്ദുള്ളക്കുട്ടിക്ക് ഒടുവില്‍ വാര്‍ത്ത ലഭിക്കുമ്പോള്‍ തലശേരി മണ്ഡലത്തിലേക്കാണ് സീറ്റ് നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. സരിത കേസ് ഒരു ഭാഗത്ത് വേട്ടയാടുമ്പോള്‍ കണ്ണൂരിലെ വീട് തന്നെ ഉപേക്ഷിച്ച് മംഗലാപുരത്തേക്ക് കൂടുമാറിയ അബ്ദുള്ളക്കുട്ടിക്ക് ഇത് രണ്ടാം നാടുകടത്തല്‍.

അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയായി മാറിയപ്പോള്‍ ഭ്രമം പിടിച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ച കെ സുധാകരനും കാസര്‍ഗോഡ് ജില്ലയിലെ ഉദുമയില്‍ മത്സരിക്കാനാണ് ഇക്കുറി യോഗം. ഇരിക്കൂറില്‍ കെ സി ജോസഫിനോടൊപ്പം ചേര്‍ക്കപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു സതീശന്‍ പാച്ചേനിയുടേത്. സതീശനെ കണ്ണൂരിലേക്ക് നിയോഗിക്കുക വഴി ഉമ്മന്‍ചാണ്ടി തന്റെ വിശ്വസ്തനായ കെ സി ജോസഫിനെ ഇരിക്കൂറില്‍ സംരക്ഷിച്ചുവെന്നു തന്നെ വേണം കരുതാന്‍.

മിനിട്ടിന് മിനിട്ടിന് സ്ഥാനാര്‍ത്ഥികള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അന്തിമചിത്രം വന്നാലേ യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥി പട്ടിക അറിയാന്‍ കഴിയൂ. എന്നിരിക്കിലും ധര്‍മ്മടത്ത് മത്സരിക്കുന്ന പിണറായി വിജയന് എതിരെ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ മമ്പറം ദിവാകരനെ ഇറക്കുക വഴി ഉമ്മന്‍ചാണ്ടിയും സംഘവും ഒരു പക്ഷേ സാധിപ്പിച്ചെടുത്തിട്ടുണ്ടാകുക ഇരിക്കൂറിലെ കെ സി ജോസഫിന്റെ സീറ്റ് തന്നെയാകണം. ഇക്കാര്യത്തില്‍ ഇനിയും ഒരു തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടിട്ടില്ല. അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍ നിന്നും മാറ്റണമെന്നത് കൈപിടിച്ച് കോണ്‍ഗ്രസിലേക്ക് ആനയിച്ച കെ സുധാകരന്റെ തന്നെ അജണ്ടയായിരുന്നു. സരിത ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ഉടന്‍ തന്നെ കുട്ടിയെ മാറ്റി ഉപതെരഞ്ഞെടുപ്പിലേക്ക് പോകാന്‍ തയ്യാറെടുത്ത ആള്‍കൂടിയായിരുന്നു സുധാകരന്‍.

എന്തുകൊണ്ടോ പാര്‍ട്ടി നേതൃത്വം അത്തരമൊരു നീക്കത്തെ തല്‍ക്കാലം ചെറുക്കുകയാണ് ഉണ്ടായത്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും മുമ്പു തന്നെ കണ്ണൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സുധാകരന്‍ നടത്തിയ ശ്രമങ്ങള്‍ പാളിയതിനെ തുടര്‍ന്നാണ് തന്റെ വിശ്വസ്തനായ കണ്ണൂര്‍ ഡിസിഡി പ്രസിഡന്റ് കെ സുരേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ച് അദ്ദേഹം ഉദുമയിലേക്ക് കാലെടുത്ത് കുത്താനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ ആരംഭിച്ചത്.

തുടക്കത്തില്‍ ചില്ലറ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഉദുമയിലെ കോണ്‍ഗ്രസുകാര്‍ക്ക് സുധാകരന്‍ അത്ര അപ്രിയന്‍ അല്ലെന്നാണ് പുതിയ വാര്‍ത്ത. കെ സുരേന്ദ്രന് സീറ്റ് കിട്ടിയില്ലെങ്കിലും അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍ നിന്ന് തലശേരിയിലേക്ക് നാടുകടത്താന്‍ കഴിഞ്ഞുവെന്ന് സുധാകര സംഘത്തിന് തല്‍ക്കാലം ആശ്വസിക്കാം.

മൊത്തത്തില്‍ പുറത്തു വരുന്ന സ്ഥാനാര്‍ത്ഥി പട്ടിക അനുസരിച്ച് അഴിമതി വിരുദ്ധ പ്രഖ്യാപനവുമായി നിന്ന വിഎം സുധീരന്‍ പാടെ തോറ്റ അവസ്ഥയാണുള്ളത്. ആകെ നേടി കൊടുക്കാന്‍ കഴിഞ്ഞത് തനിക്ക് പിന്തുണ നല്‍കിയ ടി എന്‍ പ്രതാപനെ കൊടുങ്ങല്ലൂരില്‍ നിന്നും കയ്പമംഗലത്തേക്ക് മാറ്റാന്‍ ആയിയെന്നതാണ്. സുധീരന്‍ ആഞ്ഞ് പിടിച്ച മറ്റു ചില മണ്ഡലങ്ങളിലും കനത്ത തിരിച്ചടി തന്നെയാണ് കിട്ടിയിരിക്കുന്നത്. നിലമ്പൂരിലേക്ക് വിവി പ്രകാശിന്റെ പേര് സുധീരന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുണ്ടാക്കിയ സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഒടുവില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെയാണ് അവിടെ സ്ഥാനാര്‍ത്ഥി.

കൊയിലാണ്ടിയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എപി അനില്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സുധീരന്റെ നീക്കവും പാളി. കൊയിലാണ്ടിയില്‍ ഐ ഗ്രൂപ്പുകാരനായ എം സുബ്രഹ്മണ്യനാണ് സ്ഥാനാര്‍ത്ഥി. സുബ്രഹ്മണ്യന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ വന്‍ പ്രതിഷേധ പ്രകടനം തന്നെയാണ് മണ്ഡലത്തിലുടനീളം നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍