UPDATES

ട്രെന്‍ഡിങ്ങ്

കൂട്ടിന് ജന്മഭൂമിയും; പുരുഷാധിപത്യമെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കുകയാണ് ഡോ. ഗീതയും കുടുംബവുമെന്ന് അസോസിയേഷന്‍

25 വയസ്സായിട്ടും വിവാഹം നടത്തുന്നില്ല, ആണുങ്ങളെ ബഹുമാനിക്കാനറിയില്ല, അപര്‍ണയ്ക്കും കുടുംബത്തിനും ഭ്രാന്താണ് എന്നൊക്കെയാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

അധ്യാപികയും സാമൂഹികപ്രവര്‍ത്തകയുമായ ഡോ. പി. ഗീതയ്ക്കും എഴുത്തുകാരിയും ഗവേഷക വിദ്യാര്‍ഥിയുമായ മകള്‍ അപര്‍ണയ്ക്കും നേരേയുള്ള സംഘടിത സദാചാരാക്രമണം തുടരുന്നു. ഇവരുടെ വീട്ടില്‍ നില്‍ക്കുന്ന മരങ്ങള്‍ മുഴുവന്‍ മുറിച്ചാല്‍ മാത്രമേ ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ക്കുള്ളൂ എന്ന നിലപാടിലാണ് റസിഡന്റ്സ് അസോസിയേഷന്‍ ഇപ്പോള്‍. അതിനിടെ, അപര്‍ണയും കുടുംബവും എന്തു കാര്യവും പുരുഷാധിപത്യമെന്നു വ്യാഖ്യാനിച്ചു പ്രശ്നമുണ്ടാക്കുകയാണെന്ന വാദവുമായി ജന്മഭൂമി പത്രവും രംഗത്തെത്തി.

ഇവരുടെ വീടിനു കല്ലെറിഞ്ഞ പ്രതിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തതിന് ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് റസിഡന്റസ് അസോസിയേഷന്‍. ജന്മഭൂമിയിലൂടെയാണ് അസോസിയേഷന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇവര്‍ക്ക് അയല്‍ക്കാരുമായി സമ്പര്‍ക്കമില്ല, അയല്‍വാസികളുമായി തര്‍ക്കമുണ്ടായത്തിന്റെ പേരില്‍ രാഷ്ട്രീയ, പോലീസ് സ്വാധീനം ഉപയോഗിച്ച് ദ്രോഹിക്കുന്നു, നാട്ടുകാരെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുന്നു, വളര്‍ത്തുനായ്കളെ പിടിക്കാന്‍ ആളെ ഏര്‍പ്പാടാക്കി എന്ന ആരോപണം ശരിയല്ല തുടങ്ങിയവയാണ് അസോസിയേഷന്‍ ഭാരവാഹികളെ ഉദ്ധരിച്ച് ജന്മഭൂമിയുടെ റിപ്പോര്‍ട്ട്. ജനശ്രദ്ധ ലഭിക്കാന്‍ വേണ്ടിയുള്ള ഇത്തരം നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും ജന്മഭൂമി പറയുന്നുണ്ട്.

Also Read : എന്റെ പൊതുജീവിതത്തിനുള്ള വിലയാണിത്; എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ള താക്കീതും

അപര്‍ണയും ഇവരുടെ അമ്മ ഡോ.പി. ഗീതയും അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങളുടെ വാര്‍ത്ത പുറത്തു വന്നതോടെ നിരവധി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ ഇവര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയട്ടുണ്ട്. വി.ടി. ബല്‍റാം എം.എ.എ വിവരങ്ങള്‍ നേരിട്ടന്വേഷിക്കാനും പിന്തുണയറിയിക്കാനുമായി ഇവരുടെ അങ്ങാടിപ്പുറത്തുള്ള വീട്ടിലെത്തി. യുവജനക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ഫോണില്‍ വിളിച്ച് ഐകദാര്‍ഢ്യം അറിയിച്ചതായി അപര്‍ണ പറഞ്ഞു.

എന്നാല്‍ ഇവര്‍ നല്‍കിയ പരാതികളില്‍ പോലീസ് നടപടികള്‍ മുന്നോട്ട് പോവുമ്പോഴും പിന്തുണയറിയിച്ച് നിരവധി പേരെത്തുമ്പോഴും പ്രദേശവാസികളുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ അതിന് തയ്യാറാവണമെങ്കില്‍ വീട്ടിലെ മുഴുവന്‍ മരങ്ങളും വെട്ടിമാറ്റണമൊണ് അയല്‍ക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നതെന്ന് അപര്‍ണ പറഞ്ഞു. ഇത്തരം ഒരു ഒത്തുതീര്‍പ്പുകള്‍ക്ക് തങ്ങള്‍ തയാറല്ലെന്നും അപര്‍ണയും കുടുംബവും വ്യക്തമാക്കി.

25 വയസ്സായിട്ടും വിവാഹം നടത്തുന്നില്ല, ആണുങ്ങളെ ബഹുമാനിക്കാനറിയില്ല, അപര്‍ണയ്ക്കും കുടുംബത്തിനും ഭ്രാന്താണ് എന്നൊക്കെയാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍