UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഘോഷവും സ്തുതിഗീതങ്ങളും കൊണ്ട് കലാമിനെയും മേമനെയും ഇന്ത്യ ആഘോഷിച്ചവിധം

Avatar

അഴിമുഖം/എഡിറ്റോറിയല്‍

മോശം അഭിരുചികളില്‍ അഭിരമിക്കുന്ന ഒരു മൂഢ സമൂഹമായി നമുക്ക് മാറാന്‍ സാധിക്കുമെന്ന് കഴിഞ്ഞ ആഴ്ചയിലെ സംഭവവികാസങ്ങള്‍ തെളിയിച്ചു. ഒരു മനുഷ്യന്റെ വധശിക്ഷ നടപ്പാക്കിയതില്‍ ഇന്ത്യന്‍ സമൂഹത്തിലെ ഒരു വലിയ വിഭാഗം ഉന്മത്തരായതാണ് ഇതില്‍ ഒരു സംഭവം. യാക്കൂബ് മേമന്‍ വധശിക്ഷ അര്‍ഹിച്ചിരുന്നോ ഇല്ലയോ എന്നതിനെ കുറിച്ചല്ല ഈ കുറിപ്പ്. വധശിക്ഷയുടെ ധാര്‍മ്മികതയെയും നൈതികതയെയും കുറിച്ചുമല്ല ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കുറച്ചുകൂടി ലളിതവും അടിസ്ഥാനപരവുമായ കാര്യങ്ങളാണ് ഉന്നയിക്കുന്നത്. മറ്റുള്ളവരുടെ ജീവനെടുത്ത ആക്രമണങ്ങളിലുടെ ഒരു പരമ്പരയ്ക്ക തന്നെ ഉത്തരവാദിയായ ആളാണെങ്കില്‍ പോലും, ഒരു മനുഷ്യനെ തൂക്കിക്കൊല ആഘോഷിക്കുന്നത് അഭിലഷണീയമാണോ? മനുഷ്യജീവനുകളെ തട്ടിയെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആഘോഷിക്കുന്നത് ഭീകരവാദികളും അവരെ പോലെയുള്ളവരുമാണ്. ഒരു മനുഷ്യന്‍ വധിക്കപ്പെടണമെന്ന് സമൂഹത്തിന്റെ സ്ഥാപനങ്ങളും നിയമവും ഉത്തരവിട്ടാല്‍ പോലും, നേരിട്ടോ അല്ലാതെയോ തങ്ങള്‍ക്ക് ആ തീരുമാനത്തില്‍ പങ്കാളികളാകേണ്ടി വരുന്നതിന്റെ അസ്വാസ്ഥ്യമാവും ഒരു പരിഷ്‌കൃത മാനവിക സമൂഹത്തില്‍ മുന്നിട്ട് നില്‍ക്കുക. ഭീതി വിറ്റ് ജീവിക്കുന്നവരില്‍ നിന്നും ഒരു പരിഷ്‌കൃത സമൂഹത്തെ വ്യതിരിക്തമാക്കുന്നതും ഈ ഘടകമാവും. എന്നാല്‍ വധശിക്ഷ നടപ്പാക്കിയതില്‍ ആഹ്ലാദചിത്തരായ നിരവധി ഇന്ത്യക്കാര്‍, വളരെ ബുദ്ധിഹീനമായ രീതിയില്‍ തീരെ വിവേകപൂര്‍ണമല്ലാത്ത നിരവധി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയുണ്ടായി. ഇന്ത്യക്കാര്‍ക്ക് ചിന്താരഹിതര്‍ മാത്രമല്ല ഹൃദയശൂന്യരും ആകാന്‍ കഴിയുമെന്ന പൊതുധാരണയ്ക്കാണ് ഇത് കരുത്ത് പകര്‍ന്നത്. അധമവികാരങ്ങളുടെ ഒരു സൗജന്യപ്രദര്‍ശനമായി ഈ അഭിപ്രായപ്രകടനങ്ങള്‍ മാറി. 

ഈ പ്രകടനവുമായി ബന്ധപ്പെട്ട മറ്റൊരു അജ്ഞതാപ്രദര്‍ശനം അതിലോലമായതിനാല്‍ അത് കൂടുതല്‍ ലജ്ജിപ്പിക്കുന്നതായിരുന്നു. സ്വാഭാവിക കാരണങ്ങളാല്‍ മരണത്തെ പുല്‍കിയ ഒരു മനുഷ്യനുമായി ബന്ധപ്പെട്ടതായിരുന്നു അത്. മരിച്ചവരെ കുറിച്ച് എതിരഭിപ്രായങ്ങള്‍ ഒന്നും പാടില്ല എന്നൊരു അനുശാസനം ചില പഴയ ആപ്തവാക്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ അനുശാസനത്തെ ലംഘിക്കുന്നത് എന്ന് വ്യാഖ്യാനം ചെയ്യപ്പെട്ട ഒന്നാണ് പിന്നീട് സംഭവിച്ചത്. എപിജെ അബ്ദുള്‍ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. ആ മഹനീയ പദവി അലങ്കരിച്ചിരുന്ന ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ മരണവും ശവമടക്കും അടയാളപ്പെടുത്തുന്നതിനായി നല്‍കപ്പെട്ട ആദരവും ചടങ്ങുകളും അദ്ദേഹം പൂര്‍ണമായി അര്‍ഹിക്കുകയും ചെയ്യുന്നു. എന്നാല്‍ അദ്ദേഹം തുടര്‍ന്ന് വിലയിരുത്തപ്പെട്ടതും അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി പറയുകയും എഴുതുകയും ചെയ്യപ്പെട്ട കാര്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ രാഷ്ട്രപതി സ്ഥാനവുമായി വലിയ ബന്ധമൊന്നുമില്ല എന്നതാണ് അസ്വസ്ഥതയ്ക്ക് കാരണമാകുന്നത്. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ അദ്ദേഹം കൈവരിച്ച ‘നേട്ടങ്ങളുമായാണ്’ അത് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. യോഗ്യത കൊണ്ടും പരിശീലനം കൊണ്ടും കലാം ഒരു എഞ്ചിനീയര്‍ ആയിരുന്നു. ശാസ്ത്ര സിദ്ധാന്തങ്ങളുടെയും കണ്ടെത്തലുകളുടെയും മേഖലകളില്‍ അദ്ദേഹം ഒരു സംഭാവനയും നല്‍കിയിട്ടില്ല. സാങ്കേതികവിദഗ്ധനായ കഴിവുറ്റ ഭരണാധികാരി എന്ന നിലയിലാണ് ശാസ്ത്രജ്ഞന്മാര്‍ അദ്ദേഹത്തെ വീക്ഷിക്കുന്നത്: ഒരു ശാസ്ത്രജ്ഞനായി അവര്‍ അദ്ദേഹത്തെ കണക്കാക്കുന്നതേയില്ല. ഇന്ത്യന്‍ രാഷ്ട്രപതിയാവുകയും അതുവഴി സ്വയം പ്രോത്സാഹിപ്പിക്കാനുള്ള (അതില്‍ അദ്ദേഹം വളരെ നിപുണനുമായിരുന്നു) അവസരം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍, മരണശേഷം ഇത്രവലിയ സ്തുതിവചനങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുമായിരുന്നോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇത്തരത്തിലുള്ള സ്തുതിവചനങ്ങള്‍ അദ്ദേഹത്തിന്റെ മുകളില്‍ ചൊരിഞ്ഞതിലൂടെ, അളവുകളെ കുറിച്ചുള്ള തങ്ങളുടെ ധാരണക്കുറവും കൃത്യമായ ധാരണയോ അറിവോ ഇല്ലാതെ വിധിന്യായം പ്രകടിപ്പിക്കാനുള്ള പ്രവണതയും അരക്കിട്ടുറപ്പിക്കുകയാണ് ‘വിജ്ഞാനികളായ’ ഇന്ത്യക്കാര്‍ ചെയ്തിരിക്കുന്നത്. അജ്ഞത കാര്യങ്ങളെ എല്ലായിപ്പോഴും വളച്ചൊടിക്കും. 

വ്യത്യസ്ഥ കാരണങ്ങളാല്‍ കഴിഞ്ഞ ആഴ്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ഒന്നായിരുന്നു. അതിന്റെ മുന്‍ രാഷ്ട്രപതിയെ രാജ്യത്തിന് നഷ്ടപ്പെട്ടു. രാജ്യം ഒരു വധശിക്ഷ നടപ്പിലാക്കി. ഈ രണ്ട് സംഭവങ്ങളെയും സംബന്ധിച്ച പ്രതികരണങ്ങളില്‍ അതിന്റേതായ തരത്തിലുള്ള അപക്വത നിറഞ്ഞ നിന്നിരുന്നു. വിവേകശൂന്യത വര്‍ദ്ധിത രൂപത്തില്‍ പ്രതിഫലിക്കുന്ന ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍