UPDATES

സയന്‍സ്/ടെക്നോളജി

പത്താം വാര്‍ഷികത്തില്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ പേറ്റന്റ് സ്വന്തമാക്കി ആപ്പിള്‍

Avatar

വി. ഉണ്ണികൃഷ്ണന്‍

പുതിയ പതിപ്പുകള്‍ ഇറക്കുമ്പോഴെല്ലാം ഐഫോണ്‍ പ്രേമികളെ ആപ്പിള്‍ ഞെട്ടിക്കാറുണ്ട്. 2007ല്‍ റിലീസ് ചെയ്തത് മുതല്‍ ഇന്നുവരെ ഇറങ്ങിയിട്ടുള്ള ഓരോ ഐഫോണ്‍ പതിപ്പുകളും മറ്റുള്ള ഫോണ്‍ നിര്‍മാതാക്കളെ വെല്ലുവിളിച്ചു കൊണ്ടുള്ളവയായിരുന്നു. മറ്റുള്ളവര്‍ മരത്തില്‍ കാണുമ്പോള്‍ അത് മാനത്ത് കാണുന്നതു പോലെയായിരുന്നു അവരുടെ ഓരോ പ്രോഡക്റ്റുകളും.

വെറുതേ ആപ്പിളിനെ പുകഴ്ത്തുകയാണ് എന്ന് കരുതേണ്ട. ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ആശയം സംബന്ധിച്ചുള്ള ഒരു പേറ്റന്റിനായി അവര്‍ അപേക്ഷിച്ചത് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അതായത് മറ്റു നിര്‍മ്മാതാക്കള്‍ വെറും ചര്‍ച്ച മാത്രം നടത്തുന്ന സമയം. അടുത്ത ദിവസങ്ങളിലാണ് പേറ്റന്റ് അംഗീകരിച്ചതായി യുഎസ് പേറ്റന്റ്‌സ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് വ്യക്തമാക്കിയത്.

ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട മറ്റൊന്നുണ്ട്. 2017ല്‍ ആപ്പിള്‍ ഫോണ്‍ വിപണിയില്‍ 10 വര്‍ഷം തികയ്ക്കുകയാണ്. 10ാം വാര്‍ഷികം ഗ്രാന്‍ഡ് ആക്കാന്‍ തന്നെയാണ് ഈ വിവരം പുറത്തെത്തിയതോടെ വ്യക്തമാവുന്നത്. അതിനായുള്ള ഒരുക്കങ്ങള്‍ അവര്‍ കാലേകൂട്ടി തുടങ്ങിയിരുന്നു എന്നുള്ളതും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

ഇനി ആപ്പിളിന്റെ ഏറ്റവും പുതിയ പേറ്റന്റിനെക്കുറിച്ച് ലഭിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാം.

9,485,862 എന്ന നമ്പറിലുള്ള പേറ്റന്റ് ആണ് ആപ്പിളിന് അനുവദിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക് ഡിവൈസസ് വിത്ത് കാര്‍ബണ്‍ നാനോട്യൂബ് പ്രിന്റഡ് സര്‍ക്യൂട്ട്‌സ് എന്ന തലക്കെട്ടിലുള്ള രേഖയിലുള്ളത് ഫോള്‍ഡബിള്‍ അല്ലെങ്കില്‍ ബെന്‍ഡബിള്‍ ഡിവൈസ് എന്ന ഭാവി താരത്തെക്കുറിച്ചാണ്. പേറ്റന്റിനൊപ്പം ഡിവൈസിന്റെ റഫ് ഡയഗ്രവും യുഎസ് പേറ്റന്റ്‌സ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് പുറത്തു വിട്ടിട്ടുണ്ട്. ഫ്‌ളിപ്പ് ഫോണുകളില്‍ കണ്ടുവന്നിരുന്ന ക്ലാംഷെല്‍ ഫോം ഫാക്ടര്‍ ആണ് പുതിയ ഡിവൈസിന് ആപ്പിള്‍ നല്‍കിയിരിക്കുന്നത് എന്ന് അതില്‍നിന്നും മനസിലാക്കാം.

കണ്ടക്റ്റീവ് കാര്‍ബണ്‍ നാനോട്യൂബ് സ്ട്രക്ചര്‍ ആണ് ഈ ഉപകരണത്തിനെ ഫോള്‍ഡബിള്‍ ആക്കുന്നത്. ഇതുവരെ കണ്ടിട്ടുള്ള സര്‍ക്യൂട്ട് ബോര്‍ഡുകളെപ്പോലെയല്ല. സിഗ്‌നല്‍ കേബിളുകളില്‍ നാനോ പാര്‍ട്ടിക്കിള്‍സ് ഇന്റഗ്രേറ്റ് ചെയ്തതിനാല്‍ വളച്ചാലോ ഒടിച്ചാലോ ഫോണിന് ഒരു ചുക്കും സംഭവിക്കില്ല. റിജിഡ് ഫ്‌ലെക്‌സ് എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്. പ്ലാസ്റ്റിക്, സെറാമിക്, ഗ്ലാസ്, മെറ്റല്‍, ഫൈബര്‍ എന്നിവ ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മ്മിക്കുക എന്നു പേറ്റന്റില്‍ പറയുന്നുണ്ട്.

ഡയഗ്രത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്ന മറ്റൊന്ന് ഫോണിനെ രണ്ടാക്കി സ്പ്‌ളിറ്റ് ചെയ്യാന്‍ ഉതകുന്ന വിജാഗിരി പോലെ ഒരു മെക്കാനിസം ഡിവൈസില്‍ ഉണ്ടാകും എന്നാണ്.

മിക്ക ഫോണ്‍ കമ്പനികളും ഇടയ്ക്കിടെ പേറ്റന്റുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇതിനെ അത്തരത്തില്‍ കാണേണ്ട എന്നുതന്നെയാണ് വിദഗ്ധര്‍ പറയുന്നത്. പുതിയ ഫോണുകള്‍ക്കായി വയര്‍ലെസ് ചാര്‍ജിംഗ് മോഡ്യൂളുകള്‍ നിര്‍മ്മിക്കുന്നതായി ആപ്പിളിന്റെ മാനുഫാക്ചറിംഗ് പാര്‍ട്ട്ണര്‍ ആയ ഫോക്‌സ്‌കോണ്‍ അറിയിച്ചിരുന്നു. ഐപാഡ് മിനി ആയി മാറ്റാവുന്ന 4.7 ഇഞ്ച് ഡിസ്‌പ്ലേ സൈസ് ഉള്ള ഐഫോണും ഫുള്‍ സൈസ്ഡ് ഉള്ള ഐപാഡ് ആക്കി മാറ്റാവുന്ന ഒരു 5.5 ഇഞ്ച് സൈസിലെ ഐഫോണും ഉടന്‍ പുറത്തിറങ്ങും എന്നാണ് കേള്‍ക്കുന്നത്.

(സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനാണ് ഉണ്ണികൃഷ്ണന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍