UPDATES

സയന്‍സ്/ടെക്നോളജി

ഫോണ്‍ താഴെ വീണാല്‍ പേടിക്കേണ്ടാത്ത കാലം വരുന്നു, ഫോള്‍ഡബിള്‍ ഗ്ലാസ് ഉപയോഗത്തിന് ആപ്പിളും

അടുത്ത വര്‍ഷം പുതിയ ഫോണ്‍ പുറത്തിറക്കുമെന്ന് സൂചന

എളുപ്പത്തില്‍ മടക്കിവയ്ക്കാവുന്ന ഫോണുകളും മറ്റു ഉപകരണങ്ങളും-കേള്‍ക്കുമ്പോള്‍ അസാധ്യമെന്നു തോന്നുന്ന ഈ ആശയം യാഥാര്‍ഥ്യമാക്കുന്നതിനു പിറകെയാണ് ഇന്ന് സാങ്കേതിക ലോകം. കൂടുതല്‍ ഫോണ്‍ നിര്‍മാതാക്കള്‍ ഫോള്‍ഡബിള്‍ ഗ്ലാസ് അഥവാ മടക്കാവുന്ന ഗ്ലാസ് വികസിപ്പിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയതോടെ ഈ രംഗത്ത് കൂടുതല്‍ ഗവേഷണത്തിനുള്ള വഴി തെളിയുകയാണ്. പ്രമുഖ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ആപ്പിള്‍ തങ്ങളുടെ ഐഫോണിനാവശ്യമായ ഗ്ലാസ് ഉല്പാദിപ്പിക്കുന്ന കോര്‍ണിങ് എന്ന സ്ഥാപനത്തിന് 250 മില്യണ്‍ ഡോളര്‍ ഗ്രാന്റ് ആയി നല്കാന്‍ തീരുമാനിച്ചത് ഫോള്‍ഡബിള്‍ ഗ്ലാസ് എന്ന ആശയത്തിന്റെ സാധ്യതകളുടെ സൂചനയാണ്.

ഒരു ചെറിയ വീഴ്ച പോലും ഫോണില്‍ പോറല്‍ വീഴുന്നതിനോ അല്ലെങ്കില്‍ തീര്‍ത്തും ഉപയോഗശൂന്യമാവുന്നതിനോ കാരണമാകും എന്നതായിരുന്നു കുറച്ചു കാലം മുന്‍പ് വരെയുള്ള അവസ്ഥ. എന്നാല്‍ ഗ്ലാസ് നിര്‍മാതാക്കള്‍ ശക്തമായ ഗ്ലാസ് ഡിസ്പ്ലേകള്‍ വികസിപ്പിച്ചതോടെ ഈ സ്ഥിതിയില്‍ മാറ്റം വന്നു തുടങ്ങി. ഇന്ന് ഒട്ടുമിക്ക സ്മാര്‍ട്ട് ഫോണുകളിലും ഉപയോഗിക്കുന്ന, ഉറപ്പുള്ള ഗ്ലാസ് ഡിസ്പ്ലേ ആയ ഗൊറില്ല ഗ്ലാസ് കോര്‍ണിംഗിന്റെ തന്നെ ഉത്പന്നമാണ്. ഇതിനു കടുത്ത ആഘാതങ്ങള്‍ പോലും താങ്ങാനുള്ള കഴിവുണ്ട്.

ഇപ്പോള്‍ ലഭിച്ചിട്ടുള്ള 250 മില്യണ്‍ ഡോളര്‍ ഗ്രാന്റ് ഫോള്‍ഡബിള്‍ ഗ്ലാസ് നിര്‍മ്മിക്കാനുള്ള കോര്‍ണിംഗിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. കാലിഫോര്‍ണിയയിലെ കൂപ്പര്‍ട്ടീനോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ തങ്ങളുടെ അഡ്വാന്‍സ്ഡ് മാനുഫാക്ച്ചറിംഗ് ഫണ്ടില്‍ നിന്നാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്. 2017 ല്‍ ഇതേ ഫണ്ടില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ ഹാര്‍ഡ്വെയര്‍ മെച്ചപ്പെടുത്തുന്നതിനായി ആപ്പിള്‍ കോര്‍ണിംഗിന് നല്‍കിയിരുന്നു. ഐഫോണുകള്‍ക് പുറമെ ആപ്പിളിന്റെ ഐപാഡിനും വാച്ചുകള്‍ക്കും വേണ്ട ഗ്ലാസ് നിര്‍മ്മിക്കുന്നതും കോര്‍ണിങ് തന്നെയാണ്.

പുത്തന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഒരു ഉത്പാാദന സംസ്‌കാരം മാതൃരാജ്യമായ അമേരിക്കയില്‍ വളര്‍ത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലേക്കായി ഗ്രാന്റില്‍ നിന്നുള്ള 5 മില്യണ്‍ ഡോളര്‍ നീക്കിവയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്കു അനുസൃതമായ നടപടിയാണ് ആപ്പിളിന്റേത്. ഒട്ടുമിക്ക ആപ്പിള്‍ ഉത്പന്നങ്ങളുടെയും അസ്സെംബ്‌ളിങ് താരതമ്യേന പ്രവര്‍ത്തന ചെലവ് കുറഞ്ഞ രാജ്യമായ ചൈനയില്‍ നടക്കുന്നതിനാല്‍ യു എസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ആപ്പിളിനു സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. അതിനാല്‍ത്തന്നെ ചൈനയ്ക്കുമേല്‍ അമേരിക്കയുടെ സാങ്കേതിക അധീശത്വം സ്ഥാപിക്കുന്ന നടപടികളിലൂടെ ട്രംപ് ഭരണകൂടത്തിന്റെ താല്പര്യങ്ങളുമായി ചേര്‍ന്നു പോകാനാണ് കമ്പനിയുടെ ശ്രമം. കോര്‍ണിംഗിന് നല്‍കുന്ന സഹായവും ഈ ദിശയിലുള്ളതാണ്.

ആഗോളതലത്തില്‍, വര്‍ഷംതോറും, നിരവധി മില്യണ്‍ ഡോളറുകളാണ് പൊട്ടിയതോ പോറല്‍ വീണതോ ആയ ഫോണ്‍ സ്‌ക്രീനുകള്‍ നേരെയാക്കുന്നതിനായി ചിലവഴിക്കപ്പെടുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലാകട്ടെ, ഫോണ്‍ നേരെയാക്കുന്നതിനുള്ള ചിലവ് താങ്ങാനാകാതെ, ആളുകള്‍ പൊട്ടിയ സ്‌ക്രീനുകള്‍ വച്ച് തന്നെ ഫോണ്‍ ഉപയോഗിക്കുന്നു. ഇതെല്ലാം കൊണ്ട് തന്നെ, കൂടുതല്‍ ഈടു നില്‍ക്കുന്ന ഗ്ലാസ്സുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യയ്ക്ക് ആവശ്യക്കാരേറെയാണ്.

അനവധി താപ, രാസ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ബലമേറിയ ഗ്ലാസ് രൂപപ്പെടുന്നത്. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചാല്‍ എല്ലാ ഗ്ലാസ് പ്രതലങ്ങളിലും നിരവധി ചെറിയ പോറലുകള്‍ കാണാനാകും. ഫോണ്‍ താഴെ വീഴുമ്പോള്‍ ഇവ വലുതാവുകയും ഗ്ലാസ് തകരുന്നതിനു കാരണമാവുകയും ചെയുന്നു. ഫോണ്‍ സ്‌ക്രീനിന്റെ അരികുകളിലാണ് ഇത്തരം പോറലുകള്‍ അധികം രൂപപ്പെടുക എന്നതിനാല്‍ അരികുകള്‍ പരമാവധി വൃത്താകൃതിയിലാക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിക്കാറുണ്ട്. വിമാനങ്ങളില്‍ വൃത്താകൃതിയിലുള്ള അരികുകളുള്ള ഗ്ലാസ് ജനാലകള്‍ ഉപയോഗിക്കുന്നതും ഇതേ കാരണത്താലാണ്.

കോര്‍ണിംഗിന്റെ ഗൊറില്ല ഗ്ലാസ് 6 ഒട്ടേറെ രാസപ്രവര്‍ത്തനങ്ങളാല്‍ ബലപ്പെടുത്തിയതും, ഗൊറില്ല ഗ്ലാസ് 5 നെ അപേക്ഷിച്ചു രണ്ടു മടങ്ങു ഈടുറ്റതുമായ കംപ്രസ്ഡ് ഗ്ലാസ്സാണ്. ഇതുവരെ ഇറങ്ങിയ ഗ്ലാസ് ഡിസ്‌പ്ലേകളില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഗൊറില്ല ഗ്ലാസ് 6, ആപ്പിളിനു പുറമെ സാംസങും എച്.ടി.സി യും തങ്ങളുടെ ഫോണുകളില്‍ ഉപയോഗിക്കുന്നുണ്ട്.

അതിലോല വസ്തുവായ ഗ്ലാസ്സിനെ ഒട്ടേറെ താപപ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കിയാണ് ബലപ്പെടുത്തിയെടുക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഗ്ലാസ്സിന്റെ പുറത്തേയ്ക്കുള്ള പ്രതലത്തില്‍ ഒരു കംപ്രഷന്‍ ഫോഴ്‌സ് രൂപപ്പെടുകയും, പ്രതലത്തിലുള്ള ചെറിയ പോറലുകള്‍ അടഞ്ഞു പോകുകയും, ഗ്ലാസ് ബലപ്പെടുകയും ചെയുന്നു. സോഡിയം, പൊട്ടാസിയം അയോണുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു രാസപ്രവര്‍ത്തനം കൂടിയാകുമ്പോള്‍ ഏതു കടുത്ത വീഴ്ചയുടെ ആഘാതത്തെയും പ്രതിരോധിക്കാന്‍ കഴിവുള്ള ഈടുറ്റ ഗ്ലാസ് രൂപപ്പെടുന്നു.

കോര്‍ണിംഗിന് നല്‍കുന്ന 250 മില്യണ്‍ ഡോളര്‍ എന്തിനാകും വിനിയോഗിക്കുക എന്ന് ആപ്പിള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മടക്കാവുന്ന ഗ്ലാസ് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാന്റ് തുകയില്‍ നിന്ന് ഗണ്യമായ നീക്കിയിരിപ്പുണ്ടാകുമെന്നു നിരീക്ഷകര്‍ കരുതുന്നു. ചെറിയ ഇടങ്ങളില്‍ ഒതുങ്ങുന്ന ഫോണ്‍ നിര്‍മ്മിക്കാനാവശ്യമായ ഫോള്‍ഡബിള്‍ ഗ്ലാസിന് സാധ്യതകള്‍ ഏറെയാണ്. സാംസങ് തങ്ങളുടെ ഗാലക്‌സിഫോള്‍ഡ് ശ്രേണിയിലുള്ള പുതിയ ഫോണിന് വേണ്ടി തീരെ കട്ടി കുറഞ്ഞ, വളയ്ക്കാവുന്ന ഗ്ലാസ് പരീക്ഷിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആപ്പിളും വരുന്ന വര്‍ഷം ഒരു ഫോള്‍ഡബിള്‍ ഡിവൈസ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഏറ്റവും മികച്ച ഫോള്‍ഡബിള്‍ ഗ്ലാസ് പുറത്തിറക്കാനായിരിക്കും ഇനി ആപ്പിളും സാംസങും തമ്മിലുള്ള മത്സരം. ഗ്ലാസ് ഉത്പന്നങ്ങളില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തുമെന്ന് കോര്‍ണിങ് അവകാശപ്പെടുമ്പോള്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും ബലമേറിയ ഗ്ലാസ് ഡിസ്‌പ്ലേ ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ നിരവധി പ്രത്യേകതകള്‍ തങ്ങളുടെ പുതിയ ഐഫോണിനുണ്ടാകുമെന്നു ആപ്പിളും പ്രഖ്യാപിച്ചു കഴിഞ്ഞു.

അടുത്ത തവണ ഫോണ്‍ കയ്യില്‍ നിന്നു താഴെ വീണാല്‍ ഒട്ടും പേടിയ്‌ക്കേണ്ടതില്ല. ഏതു കനത്ത ആഘാതത്തെയും താങ്ങാന്‍ പോന്ന ഗ്ലാസ് ഡിസ്‌പ്ലേ നിങ്ങളുടെ ഫോണിനെ സംരക്ഷിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍