UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുനിയാന്‍ പി ടി ഐയെ കിട്ടില്ല; മോദി സര്‍ക്കാരിനോട് കൊമ്പുകോര്‍ത്ത് മാധ്യമ ഭീമന്‍മാര്‍

Avatar

ടീം അഴിമുഖം

പൊതുജനശ്രദ്ധ മുഴുവന്‍ ജെ എന്‍ യു വിവാദത്തിന് ചുറ്റുമായിരിക്കെ, നരേന്ദ്ര മോദി സര്‍ക്കാരും മാധ്യമ ഭീമന്‍മാരും തമ്മില്‍ ഒരു കൊമ്പുകോര്‍ക്കലിന് കളമൊരുങ്ങിയിരിക്കുന്നു.

വിവിധ സോഴ്സുകള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ഈ നാടകത്തിന്റെ പരിസരം ഇന്ത്യയിലെ ഏറ്റവും മുഖ്യ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ- പി ടി ഐ- ആണ്.

ഇന്ത്യയിലും പുറത്തുമൊക്കെ, ന്യൂസ് ഏജന്‍സികളെന്ന് പറഞ്ഞാല്‍ ഒരു നന്ദിവാക്കുപോലും കിട്ടാതെ ചത്തുപണിയെടുത്ത് കൃത്യമായ വാര്‍ത്തകള്‍ ഈ വാര്‍ത്താചക്രത്തിലേക്ക് തള്ളിയിടുന്ന മുഖമില്ലാത്ത മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു സമുദ്രമാണ്. അവരുടെ പേരുകള്‍ വാര്‍ത്തക്കൊപ്പം വരുന്നത് അപൂര്‍വമാണ്; അവരുടെ ന്യൂസ് റൂമുകളെ മുന്നോട്ട് കൊണ്ടുപോകുന്ന ബോര്‍ഡ് റൂമുകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ അതിലേറെ രഹസ്യമാണ്. പക്ഷേ തെറ്റിദ്ധരിക്കേണ്ട, പൊതുസംവാദങ്ങള്‍ സൃഷ്ടിക്കാന്‍ ന്യൂസ് ഏജന്‍സികള്‍ക്കുള്ള  ശേഷി അപാരമാണ്. അതുകൊണ്ടുതന്നെ അവയെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ത്വരയും അമ്പരപ്പിക്കുന്നില്ല.

ഫെബ്രുവരി 26 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് 67 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയുടെ ഡയറക്ടര്‍മാര്‍ ഡല്‍ഹിയിലെ കാര്യാലയത്തില്‍ ബോര്‍ഡ് യോഗത്തിന് ചേര്‍ന്നപ്പോള്‍ സുഭിക്ഷമായൊരു ഉച്ചഭക്ഷണത്തിനും തുടര്‍ന്നല്‍പം ഗോള്‍ഫ് കളിക്കും മുമ്പുള്ള പതിവ് ചിട്ടവട്ടം എന്നേ കണക്കാക്കിയുള്ളൂ. പക്ഷേ അതങ്ങനെയായില്ല. ഏജന്‍സിയുടെ പ്രവര്‍ത്തങ്ങളില്‍ കൈകടത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കങ്ങളെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ച നടന്നു. ഒടുവില്‍ അതിനെ ശക്തിയായി എതിര്‍ത്തുകൊണ്ട് ഏജന്‍സിയുടെ വാര്‍ത്താ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തു.

“(മുന്‍ ബി ജെ പി അധ്യക്ഷന്‍) എല്‍ കെ അദ്വാനി പണ്ട് പറഞ്ഞത് ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളോട് കുനിയാന്‍ പറഞ്ഞപ്പോള്‍ അവ മുട്ടിലിഴഞ്ഞു എന്നാണ്. ഇത്തവണ, പി ടി ഐയോട് കുനിയാന്‍ സൂചിപ്പിച്ചപ്പോള്‍, അത് ശക്തമായും കരുത്തോടെയും നിവര്‍ന്നുനിന്നു,” എന്നാണ് ചര്‍ച്ചയുടെ വാര്‍ത്തകള്‍ ചോര്‍ന്നപ്പോള്‍ ഒരു ബോര്‍ഡംഗം പറഞ്ഞത്.

ഈ നിഴല്‍യുദ്ധത്തിന്റെ കേന്ദ്രബിന്ദു പി ടി ഐയുടെ പത്രാധിപ പദവിയാണ്. അത് സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സിയല്ല, രാജ്യത്തെ 98 വര്‍ത്തമാനപത്രങ്ങള്‍ക്കാണ് അതിന്റെ ഉടമസ്ഥത. 1965-ല്‍ ഏജന്‍സിയില്‍ ചേര്‍ന്ന മഹാരാജ് കൃഷന്‍ റാസ്ദാന്‍ (എം കെ റാസ്ദാന്‍) ആണ് കഴിഞ്ഞ രണ്ടു ദശാബ്ദമായി അതിന്റെ മുഖ്യപത്രാധിപര്‍ അല്ലെങ്കില്‍ എഡിറ്റര്‍-ഇന്‍-ചീഫ്. അതിന്റെ സി ഇ ഒയും അദ്ദേഹം തന്നെ. പക്ഷേ ഇപ്പോള്‍ 71 വയസായ അദ്ദേഹം തന്റെ ജോലിഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ കുറച്ചുകാലത്തേക്ക് റാസ്ദാന് പകരം ഒരു സി ഇ ഒയെ അന്വേഷിക്കാന്‍ ധാരണയായി.

അതോടെ കാര്യങ്ങള്‍ ചൂടുപിടിച്ചു. ബി ജെ പി തൊട്ട് സമാജ്വാദി പാര്‍ട്ടി വരെ രാഷ്ട്രീയ ബന്ധങ്ങളുള്ള ഒരു ബോര്‍ഡംഗം PTI-യുടെ തലപ്പത്തേക്ക് ഡല്‍ഹിയിലെ മൂന്നു പത്രപ്രവര്‍ത്തകരുടെ പേരുകള്‍ പ്രചരിപ്പിച്ചു. “എഡിറ്റര്‍ പദവി ചര്‍ച്ചാ വിഷയമേ ആയിരുന്നില്ല,” ഒരു ബോര്‍ഡംഗം പറഞ്ഞു. “ദൈനിക് ജാഗരണിലെ മഹേന്ദ്ര മോഹന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നാമനിര്‍ദേശശുപാര്‍ശ സമിതിയോട് ഒരു സി ഇ ഒയെ അല്ലെങ്കില്‍ സി ഒ ഒയെ കണ്ടെത്താനാണ് ആവശ്യപ്പെട്ടത്. വാസ്തവത്തില്‍ ആ സമിതി (മലയാള മനോരമയുടെ റിയാദ് മാത്യു, ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടറായ ജിമ്മി എഫ്. പോച്ച്ഖാനവാല എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍) വിഷയം ചര്‍ച്ച ചെയ്യാനായി യോഗം ചേര്‍ന്നിട്ടേ ഉണ്ടായിരുന്നില്ല. പത്രങ്ങളിലോ പി ടി ഐ വെബ്സൈറ്റിലോ ഒന്നും ഇത് സംബന്ധിച്ച് പരസ്യം നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പേരുകള്‍ പൊടുന്നനെ ശൂന്യതയില്‍ നിന്നും വന്നപോലെയായി.”

രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള അടുപ്പം സകലര്‍ക്കുമറിയാം. പക്ഷേ പി‌ടി‌ഐ യോഗം മുന്നോട്ടുപോകവേ അംഗങ്ങള്‍ തങ്ങളുടെ സഹപ്രവര്‍ത്തകനെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സംഗതി വ്യക്തമായി- മോദി സര്‍ക്കാരിലെ ചില ശക്തികള്‍ റാസ്ദാന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള പി ടി ഐ ബോര്‍ഡിന്റെ തീരുമാനത്തെ തങ്ങള്‍ക്ക് താത്പര്യമുള്ള ചില പേരുകള്‍ ഉയര്‍ത്തിവിട്ട് മുന്‍കൂട്ടി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. “ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെ നേരിട്ടു സമീപിച്ചു എന്ന്‍ ആ ബോര്‍ഡംഗം പറഞ്ഞു. മറ്റ് പലരും ജെയ്റ്റ്ലിയുടെ ഇക്കാര്യത്തിലുള്ള താത്പര്യം വ്യക്തമാക്കി, പക്ഷേ സ്വകാര്യ സംഭാഷണങ്ങളില്‍ മാത്രം”- ആരാണ് മന്ത്രിയുടെ പേര് പറഞ്ഞതെന്ന് പറയാതെ, തന്റെ പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ബോര്‍ഡംഗം പറഞ്ഞു.

The Wire പത്രാധിപരായ സിദ്ധാര്‍ത്ഥ്  വരദരാജന്‍ ഇക്കാര്യത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്: ‘ഇപ്പോള്‍ പ്രചരിപ്പിക്കപ്പെട്ട മൂന്നുപേരുകളും- പംക്തിയെഴുത്തുകാരനും ടി വി അവതാരകനുമായ അശോക് മാലിക്, ഹിന്ദുസ്ഥാന്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ശിശിര്‍ ഗുപ്ത, ഫിനാന്‍ഷ്യല്‍ ക്രോണിക്കിള്‍ അസോസിയേറ്റ് എഡിറ്റര്‍ കെ.എ ബദരീനാഥ്- ‘മോദി സര്‍ക്കാരിനോടും ബി ജെ പിയോടും അനുഭാവമുള്ളവരാണ്.’

മാലികിന് ഈയടുത്ത് പദ്മശ്രീ നല്കിയിരുന്നു. (കുറച്ചു മാസം മുമ്പ് ബി ജെ പി വക്താവ് എം ജെ അക്ബര്‍ പത്രാധിപരായിരുന്ന The Sunday Guardian ബി.ജെ.പി സഹയാത്രികനായ സ്വപന്‍ദാസ് ഗുപ്തയുടെ പേര് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനും കിട്ടി പദ്മഭൂഷണ്‍)

പി ടി ഐ ബോര്‍ഡ് അദ്ധ്യക്ഷനായ ഹോര്‍മുസ്ജി എന്‍ കാമ, “ന്യായമായ രീതിയില്‍, അദ്ദേഹത്തിന് (ജെയ്റ്റ്ലിക്ക്) ഏതെങ്കിലും പേര് നിര്‍ദേശിക്കാനുണ്ടെങ്കില്‍ അതെന്നെ വിളിച്ച് പറയാം. പക്ഷേ അദ്ദേഹമെന്നെ വിളിച്ചിട്ടെയില്ല.” എന്ന്‍ പിന്നീട് ഔട്ട് ലുക്കിനോട് വ്യക്തമാക്കി. ജെയ്റ്റ്ലി ഇതുവരെ ഇതുസംബന്ധിച്ച് മറുപടിയൊന്നും പറഞ്ഞിട്ടില്ല.

ധനകാര്യവകുപ്പിന് പുറമെ വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന്റെയും ചുമതലയുള്ള ജെയ്റ്റ്ലി പി ടി ഐ എഡിറ്റര്‍ പദവിയിലേക്ക് തന്റെ നോമിനിയെ നിര്‍ദ്ദേശിക്കാന്‍ ശ്രമിച്ചു എന്നത് ബോര്‍ഡ് യോഗത്തില്‍ കോളിളക്കമുണ്ടാക്കുകയും ചെയ്തു. വെട്ടിത്തുറന്ന് കാര്യം പറയുന്ന കാമ ഇങ്ങനെ പറഞ്ഞതായാണ് അറിയുന്നത്; “ശുപാര്‍ശയും വെച്ച് എഡിറ്ററുടെ ജോലിക്കപേക്ഷിക്കുന്ന എല്ലാവരും സ്വാഭാവികമായും അയോഗ്യരാക്കപ്പെടും.” ഇതുകേട്ടപ്പോള്‍ എല്ലാ കൈകളും അതംഗീകരിച്ചുയര്‍ന്നു. (പി ടി ഐയുടെ 16 ഡയറക്ടര്‍മാരില്‍ മൂന്നു പേരാണ് ആ യോഗത്തില്‍ എത്താതിരുന്നത്: The Indian Express-ലെ വിവേക് ഗോയങ്ക, Anand Bazar Patrika-യിലെ അവീക് സര്‍കാര്‍, Hindustan Times-ലെ സഞ്ചോയ് നാരായണ്‍)

Times of India-യിലെ വിനീത് ജെയിന്‍ പി ടി ഐയുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനുള്ള ചെയര്‍മാന്‍റെ തീരുമാനത്തെ യോഗത്തില്‍ പിന്തുണച്ചുവെന്നറിഞ്ഞ് അദ്ദേഹത്തെ ട്വിറ്ററില്‍ അഭിനന്ദിച്ച ഒരു മാധ്യമപ്രവര്‍ത്തകനോടു ക്രൂദ്ധനായി അദ്ദേഹം തിരിച്ചടിച്ചു,“ഞാനൊരു നിലപാടും എടുത്തില്ല, തെറ്റായ വിവരം.”

നേരത്തെ പരാമര്‍ശിച്ച മൂന്നുപേരില്‍ രണ്ടുപേര്‍ കാമയെ കാണാനായി മുംബെയിലേക്ക്- ഏഷ്യയിലെതന്നെ ഏറ്റവും പഴക്കമുള്ള, ഗുജറാത്തി ദിനപത്രം ബോംബെ സമാചാര്‍  നടത്തുന്നതു കാമയുടെ കുടുംബമാണ്- പോയി എന്നത് വ്യക്തമാണ്. രാഷ്ട്രീയ ഇടപെടലിനോട് ഇത്രയും എതിര്‍പ്പുണ്ടെങ്കില്‍ പിന്നെന്തിന് അവരെ കണ്ടു എന്നു യോഗത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍, “ആരാണ് അവരെ അയച്ചതെന്ന് അറിയാന്‍,” എന്നായിരുന്നു കാമയുടെ മറുപടി.

പി ടി ഐ എഡിറ്ററാകാന്‍ തയ്യാറാണോ എന്നു ചോദിച്ച് രണ്ട് അംഗങ്ങള്‍ തന്നെ വിളിച്ചതായി ബദരീനാഥ് പറയുന്നു. “അത്തരമൊരു നിര്‍ദേശത്തോട് ആരെങ്കിലും ഇല്ല എന്നു പറയുമോ? ഞാന്‍ അപേക്ഷിച്ചിട്ടില്ല. പി ടി ഐ എന്നെ വിളിച്ചു. കാമയെ ഡല്‍ഹിയില്‍ വെച്ച് കാണാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. പിന്നെ ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട് മുംബൈയിലേക്ക് പോകേണ്ടിവന്നതിനാല്‍ അവിടെവെച്ചു കണ്ടു.” മാലികും ഇങ്ങനെയാണ് പറഞ്ഞത്, “ഞാന്‍ അപേക്ഷിച്ചിട്ടില്ല, അപേക്ഷിക്കാന്‍ പറഞ്ഞിട്ടുമില്ല. ഒരു പി ടി ഐ ബോര്‍ഡംഗം എന്നെ വിളിച്ച് താത്പര്യമുണ്ടോ എന്നു ചോദിച്ചു. എനിക്കു ജോലി വാഗ്ദാനം ചെയ്യുകയല്ലെന്നും താത്കാലികമായി കുറച്ചുപേരുടെ ഒരു പട്ടിക ഉണ്ടാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് എന്റെ CV-യും ചോദിച്ചു.”

അവസാനം രംഗത്തുവന്ന ഹിന്ദുസ്ഥാന്‍ ടൈംസിലെ ശിശിര്‍ ഗുപ്ത പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ ഇക്കൂട്ടത്തില്‍, പി ടി ഐ എഡിറ്ററാകും എന്നു സ്വയം ഉറപ്പിച്ച ഒരാളെങ്കിലും, വെള്ളിയാഴ്ച്ച ബോര്‍ഡ് കൂടുന്നതിന് മുമ്പുതന്നെ  ഒരു മുതിര്‍ന്ന എഡിറ്റര്‍ക്ക് ജോലി വാഗ്ദാനം ചെയ്തു എന്നാണറിയുന്നത്.

“റാസ്ദാന്റെ കാലാവധി തീരാന്‍ പോവുകയാണ്. അടുത്തയാളെ വളര്‍ത്തിക്കൊണ്ടുവരണം. പുതിയ ആള്‍ പി ടി ഐക്ക് ഉള്ളില്‍ത്തന്നെ ഉള്ള ആളാകാം. പക്ഷേ മികവ് മാത്രമാണു മാനദണ്ഡം. ഞങ്ങള്‍ പത്രാധിപ മികവിനേക്കാള്‍ മികച്ചൊരു ഭരണകര്‍ത്താവിനെയാണ് നോക്കുന്നത്. ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ഞങ്ങള്‍ എല്ലായ്പ്പോഴും വിലമതിച്ചിട്ടുണ്ട്. ഒരുതരത്തിലുമുള്ള രാഷ്ട്രീയ സ്വാധീനമോ, ഇടപെടലോ ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുതരുന്നു,” കാമ പറഞ്ഞു. കാമ, മഹേന്ദ്ര മോഹന്‍ ഗുപ്ത, റിയാദ് മാത്യു, കെ.എന്‍ ശാന്ത് കുമാര്‍ (ഡെക്കാന്‍ ഹെരാള്‍ഡ്) എന്നിവരടങ്ങുന്ന ഒരു പുതിയ സമിതിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

തങ്ങളുടെ സ്വന്തം ആളെ തലപ്പത്തിരുത്തി ഇന്ത്യയിലെ വര്‍ത്തമാനപത്രങ്ങളുടെ തലക്കെട്ടുകള്‍ നിയന്ത്രിക്കാമെന്ന് മോഹിക്കുന്ന മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തല്‍ കടുത്ത അമ്പരപ്പുണ്ടാക്കും. എന്തായാലും പി ടി ഐ ബോര്‍ഡിലെ 16-ല്‍ 12 അംഗങ്ങളും രാഷ്ട്രീയ ഇടപെടലിനെതിരെ കൂട്ടായ നിലപാടെടുത്ത സ്ഥിതിക്ക് പരസ്യമായി ഇത്തരമൊരു സാഹസത്തിന് ഇനി സര്‍ക്കാര്‍ മുതിരില്ല എന്നും പ്രതീക്ഷിക്കാം. എങ്കിലും, നരേന്ദ്ര മോദി സര്‍ക്കാരിന് ഇനിയും മൂന്നുകൊല്ലം ബാക്കിയുണ്ടെന്ന് ഓര്‍ക്കുമ്പോള്‍ എന്തൊക്കെയാണ് നടക്കുകയെന്ന് ആര്‍ക്കാണ് പറയാനാകുക?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍