UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ ഭാവി ഇനി അപ്പുണ്ണിയുടെ നാവിന്‍ തുമ്പില്‍

ദിലീപും പള്‍സര്‍ സുനിയുമായി അടുത്തബന്ധമുണ്ടായിരുന്നുവെന്നതിന് പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സഹായി എ എസ് സുനില്‍ രാജ്(അപ്പുണ്ണി) ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകും. ഇത് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് അപ്പുണ്ണിക്ക് പോലീസ് കൈമാറിയിരുന്നു. മുമ്പും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും അപ്പുണ്ണി ഇതിനോട് പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞദിവസം ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ഇയാള്‍ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം വടക്കന്‍ ഗോവയിലെ ഒരു റിസോര്‍ട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചു. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതി ഇയാളുടെ ജാമ്യഹര്‍ജി തള്ളിയത്. പോലീസ് തന്നെ മര്‍ദ്ദിക്കുമെന്നും ഭീഷണിപ്പെടുത്തുമെന്നും ഇയാള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിയമപ്രകാരം മാത്രമേ ചോദ്യം ചെയ്യാനാകൂവെന്ന് ഉറപ്പാക്കണമെന്ന് കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്നേ അറിയാന്‍ സാധിക്കൂവെന്നാണ് പ്രോസിക്യൂഷന്‍ മുഖേന പോലീസ് കോടതിയെ അറിയിച്ചത്.

അപ്പുണ്ണി നിലവില്‍ കേസിലെ പ്രതിയല്ലെങ്കിലും ചോദ്യം ചെയ്യലിന് ശേഷം നിയമനടപടിയുണ്ടായേക്കും. മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ ജയിലില്‍ നിന്നും അപ്പുണ്ണിയുടെ ഫോണിലേക്ക് വിളിച്ചതിന് പോലീസിന്റെ പക്കല്‍ തെളിവുണ്ട്. ഈ സമയം അപ്പുണ്ണിയും ദിലീപും ഒരേ ടവറിന് കീഴിലായിരുന്നു. അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ച് ദിലീപുമായി സംസാരിക്കാറുണ്ടെന്ന് സിനിമ ലോകത്തെ ചിലര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കണക്കാക്കുമ്പോള്‍ പള്‍സര്‍ സുനി ദിലീപിനോടാണ് സംസാരിച്ചതെന്നാണ് പോലീസിന് അറിയേണ്ടത്.

പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്ത് ദിലീപിന് കൈമാറാന്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ഫോണ്‍ വിളിച്ചതും അപ്പുണ്ണിയെയാണ്. കത്ത് കൈപ്പറ്റാന്‍ അപ്പുണ്ണി തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് അതിന്റെ ചിത്രം വാട്‌സ്ആപ്പ് ചെയ്ത് നല്‍കിയത് അപ്പുണ്ണിക്കാണ്. ഇതും സംബന്ധിച്ചും പോലീസ് അപ്പുണ്ണിയോട് ചോദ്യങ്ങള്‍ ചോദിക്കും. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യങ്ങളുണ്ടാകും.

അതേസമയം ദിലീപും പള്‍സര്‍ സുനിയുമായി അടുത്തബന്ധമുണ്ടായിരുന്നുവെന്നതിന് പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതോടുകൂടി ഇത് സംബന്ധിച്ച് ഇനിയും തെളിവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍