UPDATES

ട്രെന്‍ഡിങ്ങ്

എത്ര സിംപിളാണ് എ ആര്‍ റഹ്മാന്‍

ജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളെക്കുറിച്ച് ഇസൈ പുയല്‍

എ ആര്‍ റഹ്മാന്‍; വിശേഷണങ്ങളൊന്നും ചേര്‍ക്കാതെ ആ പേര് എഴുതിയത്, എത്രയെഴുതിയാലും ഏതെങ്കിലുമൊന്നു വിട്ടുപോകും എന്നതിനാലാണ്. സി തമിള്‍ ചാനലില്‍ സുഹാസിനി അവതാരകയായി എത്തുന്ന വീക്കെന്‍ഡ് വിത്ത് സ്റ്റാറില്‍ കഴിഞ്ഞ തവണത്തെ അഥിതി റഹ്മാന്‍ ആയിരുന്നു. ഒരിക്കല്‍ കൂടി റഹ്മാനെക്കുറിച്ച് പറയാന്‍ ആ പ്രോഗ്രാം കാരണമാകുന്നു. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില സന്ദര്‍ഭങ്ങളിലൂടെ റഹ്മാനെയും കൊണ്ട് സുഹാസിനി കടന്നുപോകുന്നുണ്ട് ആ പ്രോഗ്രാമില്‍. ഓസ്‌കര്‍ വേദിയും കടന്നുപോയ ആ സംഗീത ജീവത്തിന്റെ മുന്‍കാലങ്ങളെ കുറിച്ച് ആരാധകര്‍ക്ക് കൗതുകത്തോടെയും വൈകാരികതയോടെയും പലതും അറിയാന്‍ കഴിഞ്ഞതില്‍ ആദ്യം നന്ദി സുഹാസിനിയോട് പറയാം.

അപ്പ
മലയാളിക്ക് മറക്കാനാവാത്ത സംഗീതസംവിധായകനാണ് ആര്‍ കെ ശേഖര്‍. 23 മലയാള സിനിമകളിലായി 127 ഓളം പാട്ടുകള്‍ അദ്ദേഹം മലയാളത്തില്‍ ചിട്ടപ്പെടുത്തി. സംഗീത സംവിധായകന്‍ എന്നതിനേക്കാള്‍ മ്യൂസിക് കണ്ടക്ടര്‍ എന്ന നിലയിലായിരുന്നു ശേഖറിനു മലയാളത്തില്‍ തിരക്ക്. നൂറിലധികം ചിത്രങ്ങള്‍ക്ക് മ്യൂസിക് കണ്ടക്ടറായി ശേഖര്‍ പ്രവര്‍ത്തിച്ചു. പഴശി രാജയിലെ ചുട്ടമുതല്‍ ചുടലവരെ, ചോറ്റാനിക്കര അമ്മയിലെ മനസ് മനസിന്റെ കാതില്‍ എന്നീ ഗാനങ്ങളിലൂടെ ശേഖര്‍ ഇന്നും ചലച്ചിത്രാസ്വാദകരുടെ മനസില്‍ ജീവിക്കുന്നു.
ശേഖര്‍ തന്റെ 43 മത്തെ വയസില്‍ മരണമടയുമ്പോള്‍ റഹ്മാന് ആറ് വയസ് പ്രായം. അപ്പായെക്കുറിച്ചുള്ള ഓര്‍മകളിലേക്ക് സുഹസാനി കൂട്ടിക്കൊണ്ടുപോയപ്പോള്‍ റഹ്മാന്റെ ശബ്ദം ഹൃദയത്തില്‍ നിന്നെന്നപോലെയാണു പുറത്തേക്ക് വന്നത്. തന്റെ ആദ്യത്തെ സംഗീത ഗുരു എന്നാണ് പിതാവിനെക്കുറിച്ച് റഹ്മാന്‍ പറയുന്നത്. ആ പൈതൃകമാണ് എന്റെ അനുഗ്രഹം. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം എപ്പോഴും നല്ലതുമാത്രമാണ് അപ്പായെ കുറിച്ച് കേട്ടിരുന്നത്. അപ്പ ചെയ്തതിനെക്കാള്‍ നന്നായി ചെയ്യണം എന്നാണ് എപ്പോഴും തോന്നുന്നത്; റഹ്മാന്‍ പറയുന്നു.

"</p

അപ്പയെക്കുറിച്ച് ശരിയായി ഓര്‍മയുള്ളത് നാലഞ്ചു നാളുകള്‍ മാത്രമാണ്. ഒന്ന് അപ്പായെ ആശുപത്രിയില്‍ പോയി കണ്ടത്, പിന്നെയൊരിക്കല്‍ സിംഗപൂരില്‍ പോയ വന്നശേഷമുള്ള ഓര്‍മയും നല്ല തെളിച്ചത്തോടെയുണ്ട്. സുഗന്ധദ്രവ്യങ്ങളും തുണികളുമൊക്കെയായി ഒരു മുറി നിറയെ അവിടെ നിന്നു വാങ്ങിയ സാധനങ്ങള്‍. പിറ്റേദിവസം രാവിലെ വരെ വാങ്ങിക്കൊണ്ടുവന്ന സാധനങ്ങള്‍ ഓരോരുത്തര്‍ക്കായി പ്രത്യേകം പ്രത്യേകം മാറ്റിവയ്ക്കുന്ന അപ്പാ ഇന്നും മനസിലുണ്ട്. സിംഗപൂരില്‍ നിന്നും അപ്പയൊരു സിന്തസൈസര്‍ വാങ്ങിയിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിന്തസൈസര്‍ എന്നു വേണമെങ്കില്‍ അതിനെപ്പറയാം. അപ്പ പോയശേഷം അതായിരുന്നു എന്റെ അടിസ്ഥാനം.

അപ്പ ഇല്ലെന്ന നഷ്ടം ഏറ്റവും അധികം അലട്ടിയ അവസരം മൂത്തസഹോദരിയുടെ വിവാഹസമയത്തായിരുന്നു. അമ്മയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയില്‍ കാണുന്നതും അപ്പോഴായിരുന്നു. ഇപ്പോള്‍ ഈ വളര്‍ച്ചയില്‍ അപ്പ ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം സന്തോഷിക്കുമായിരുന്നു എന്ന ചോദ്യത്തിനു ഉത്തരം ഇത്രമാത്രം; അദ്ദേഹത്തിന്റെ വിജയമാണ് എന്റെ വിജയം.

ആ ചെറിയ ഹാര്‍മോണിയം
അപ്രതീക്ഷിതമായൊരു സമ്മാനമായിരുന്നു സുഹാസിനി റഹ്മാനു നല്‍കിയത്. ചെറിയൊരു ഹാര്‍മോണിയം. ശേഖര്‍ മകനു വേണ്ടി നല്‍കിയ ഹാര്‍മോണിയം. എപ്പോഴോ എവിടെയോ നഷ്ടപ്പെട്ടു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ എവിടെയുണ്ടെന്നറിയില്ല എന്നതായിരുന്നു മറുപടി. എന്നാല്‍ റഹ്മാനെ അത്ഭുതപ്പെടുത്തി ആ ഹാര്‍മോണിയം മുന്നില്‍ വന്നപ്പോള്‍ പഴയ ആ കുട്ടിയുടെ മുഖഭാവം. അപ്പ തനിക്കുവേണ്ടി ഉണ്ടാക്കി തന്ന ചെറിയ ഹാര്‍മോണിയത്തില്‍ റഹ്മാന്‍ വീണ്ടും വിരലോടിച്ചത് മുപ്പതുവര്‍ഷത്തിനപ്പുറം. ഒരുപക്ഷേ ആ ഹാര്‍മോണിയം കട്ടകളിലൂടെ വിരലോടിക്കുമ്പോള്‍ അപ്പയുടെ സാമിപ്യം റഹ്മാന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. എത്ര വയസിലായിരുന്നു തനിക്കിത് അപ്പ തന്നതെന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല.

ഹാര്‍മോണിയം കട്ടകളിലൂടെ വിരലോടിച്ചുകൊണ്ടിരിക്കെയാണ് സുഹാസിനി അച്ഛന്റെ പാട്ടുകളെക്കുറിച്ച് ചോദിച്ചത്. ഓര്‍മയില്‍ വരുന്ന പിതാവിന്റെ ഏതെങ്കിലുമൊരു പാട്ടുണ്ടോയെന്നു ചോദിച്ചപ്പോള്‍ റഹ്മാന്‍ ഹാര്‍മോണിയത്തിലൂടെ മലയാളിയുടെ ആ പ്രിയപ്പെട്ട പാട്ട് വായിച്ചു; മനസ് മനസിന്റെ കാതില്‍…ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തില്‍ ഭരണിക്കാവ് ശിവകുമാര്‍ എഴുതി ആര്‍ കെ ശേഖര്‍ ചിട്ടപ്പെട്ടുത്തിയ മനോഹര ഗാനം. ഏതു ചിത്രത്തിലേതാണു പാട്ടെന്നു റഹ്മാന്‍ സുഹാസിക്ക് പറഞ്ഞു കൊടുക്കയും ചെയ്തു.

അമ്മ
എ ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗത്തെക്കുറിച്ച്(കസ്തൂരി) സുഹാസിനി പറഞ്ഞു തുടങ്ങിയത് ഇങ്ങനെയായിരുന്നു. ചെന്നൈയിലെ മൂന്ന് അമ്മമാര്‍ ലോകപ്രശ്‌സതരാണ്. വിജയ് അമൃത് രാജിന്റെ അമ്മ മാര്‍ഗരറ്റ് അമൃത്‌രാജ്, വിശ്വനാഥന്‍ ആനന്ദിന്റെ അമ്മ സുശീല, എ ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം. ഈ മൂന്നു മക്കളെയും ലോകം അറിഞ്ഞതിനൊപ്പം അവരുടെ അമ്മമാരെയും അറിഞ്ഞിരുന്നു എന്നു സുഹാസിനയുടെ വാക്കുകള്‍. എന്നാല്‍ മറ്റു രണ്ട് അമ്മമാരെക്കാള്‍ കരീമ ബീഗത്തിന്റെ കാര്യത്തില്‍ ഒരു വ്യത്യാസം ഉണ്ടായിരുന്നു. മാര്‍ഗരറ്റിനും സുശീലയ്ക്കും അവരുടെ ഭര്‍ത്താവിന്റെ തണലുണ്ടായിരുന്നു. എന്നാല്‍ 16 വയസില്‍ കല്യാണം കഴിഞ്ഞ് 26 വയസില്‍ വിധവയാകേണ്ടി വന്ന സ്ത്രീയാണ് കരീമ. പത്തുവര്‍ഷത്തെ മാത്രം ദാമ്പത്യം. മൂന്നു പെണ്‍മക്കള്‍ ഉള്‍പ്പെടെ നാലു മക്കളുടെ ചുമതല ആ അമ്മയില്‍മാത്രമായിരുന്നു.

"</p

ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ നേരിട്ട സ്ത്രീയാണ് എന്റെ അമ്മ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അമ്മ എടുത്ത തീരുമാനങ്ങള്‍ അസാമാന്യമായവയായിരുന്നു. ആ കാര്യത്തില്‍ എന്നും ഞാന്‍ അമ്മയെ ബഹുമാനിക്കുന്നു. അച്ഛന്റെ ഒരു സംഗീതോപകരണങ്ങളും വില്‍ക്കാന്‍ അമ്മ തയ്യാറായില്ല. അവ വിറ്റ് കിട്ടുന്ന പണം ബാങ്കില്‍ ഇട്ട് പലിശ വാങ്ങിക്കാമെന്നു ഒരിക്കല്‍പോലും അമ്മ ചിന്തിച്ചില്ല. ഞാന്‍ സംഗീതരംഗത്തേക്കു വരുന്നതുപോലെ അമ്മയുടെ തീരുമാനമായിരുന്നു. ബന്ധുക്കളില്‍ നിന്നുണ്ടായ എതിര്‍പ്പുകള്‍ പോലും അമ്മ അതിജീവിച്ചു. വേറെയാരെങ്കിലുമായിരുന്നു ആ സ്ഥാനത്തെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നു. അമ്മ എന്നതിനപ്പുറം ശക്തയായ ഒരു സ്ത്രീ എന്ന നിലയില്‍ ഞാനെന്നും അമ്മയെ ബഹുമാനിക്കുന്നു. ഒരു ചെറിയ പ്രശ്‌നം വന്നാല്‍ പോലും തളര്‍ന്നുപോകുന്നവരെ കാണുമ്പോള്‍ ഞാന്‍ അമ്മയെ ഓര്‍ക്കാറുണ്ട്.

അമ്മ എനിക്ക് നല്‍കിയതിനെല്ലാം നന്ദി പറയാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ ചെയ്യുന്നതൊന്നും അമ്മയ്ക്ക് ഇഷ്ടമല്ല. വളരെ വൈകാരികമായി മകനേ എന്നു വിളിച്ച് കെട്ടിപ്പിടിക്കാനൊന്നും ഒരിക്കലും അമ്മ തയ്യാറാകില്ല. അമ്മയുടെ മനസ് ഒരിക്കലും വേദനിപ്പിക്കാതിരിക്കുക എന്നതാണ് ഞാനമ്മയോടു കാണിക്കുന്ന നന്ദി. ഇപ്പോള്‍ തമാശയോടെ ഓര്‍ക്കുന്നൊരു സംഭവമുണ്ട്. അമ്മ വാങ്ങി തന്ന നാല്‍പ്പതിനായിരം രൂപ വില വരുന്ന കീ ബോര്‍ഡിന്റെ കാര്യം. അമ്മ പുറത്തു പോയി വരുന്ന സമയത്തിനുള്ളില്‍ ആ കീ ബോര്‍ഡ് കഷ്ണങ്ങളാക്കി. ആ കാഴ്ച അമ്മയെ നടുക്കി കളഞ്ഞു. നീ എന്നെ തെരുവില്‍ നിര്‍ത്താനാണോ തയ്യാറെടുക്കുന്നത്? കരീമ അങ്ങനെ ചോദിക്കാന്‍ കാരണുമുണ്ട്. മൂത്തമകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടി വച്ചിരുന്ന സ്വര്‍ണത്തില്‍ നിന്നും ഒന്നെടുത്തു വിറ്റായിരുന്നു ആ കീബോര്‍ഡ് അമ്മ മകനു വാങ്ങിക്കൊടുത്തത്.

ആദ്യപ്രതിഫലം 50 രൂപ
ഇന്ന് റഹ്മാന്‍ വാങ്ങുന്ന പ്രതിഫലം കോടികളാണ്. ആദ്യമായി വാങ്ങിയതോ? അമ്പതു രൂപ! പന്ത്രാണ്ടാം വയസില്‍. സംഗീതത്തില്‍ നിന്നു തന്നെയായിരുന്നു അതും. ഒരു പരിപാടിക്ക് റെക്കോര്‍ഡ് പ്ലയര്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലി ചെയ്തതിനായിരുന്നു ആ പ്രതിഫലം. കിട്ടയ കാശ് അമ്മയുടെ കൈയില്‍ കണ്ടുപോയി കൊടുത്തു. ഇന്നും നഷ്ടമാക്കി കളയാത്ത മറ്റൊരു സമ്മാനം കൂടി അമ്മ റഹ്മാന് നല്‍കിയിരുന്നു. റോജ സിനിമ ചെയ്തശേഷമായിരുന്നു അത്. ഒരു അംബാസിഡര്‍ കാര്‍. ഇന്ന് ഉപയോഗിക്കുന്നില്ലെന്നും തന്റെ ഫാമില്‍ ആ കാറ് ഇപ്പോഴുമുണ്ടെന്നു റഹ്മാന്‍ പറയുന്നു.

"</p

ഓര്‍മകളുടെ പിന്നണിയില്‍ എന്നും സ്‌കൂളില്‍ താമസിച്ചു ചെന്നിരുന്ന ഒരു കുട്ടിയേക്കുറിച്ചും അതിന്റെ പേരില്‍ ടീച്ചര്‍മാരുടെ വഴക്കു കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ചും റഹ്മാന്‍ പറയുന്നുണ്ട്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ ജോലി നോക്കിയിട്ടാണ് സ്‌കൂളിലേക്ക് വരുന്നതെന്നു തിരിച്ചറിഞ്ഞതോടെ വഴക്കു പറഞ്ഞവര്‍ തന്നെ തന്നെ പ്രോത്സാഹിപ്പിച്ച കാര്യവും അദ്ദേഹം ഓര്‍ക്കുന്നു. കുടംബത്തിനുവേണ്ടി ചെറുപ്രായത്തില്‍ തന്നെ പ്രയത്‌നിച്ച റഹ്മാനെ മനസിലാക്കാന്‍ സഹോദരിയുടെ ഒരു പരാമര്‍ശം മാത്രം മതി; റഹ്മാന്‍ ഞങ്ങള്‍ക്ക് അപ്പ കൂടിയായിരുന്നു. ഞങ്ങള്‍ക്കു വേണ്ടതെല്ലാം തരാനായിരുന്നു ശ്രമിച്ചത്. ഇപ്പോഴും അതു ചെയ്തുകൊണ്ടിരിക്കുന്നു…

എന്നാല്‍ ആ സ്‌നേഹവാക്കുകളെ ഒരു ചെറു തലയിളക്കംകൊണ്ട് നിഷേധിച്ചുകൊണ്ട് റഹ്മാന്‍ പറയുന്നു; ആവശ്യമുള്ള സമയത്ത് അവര്‍ക്ക് വേണ്ടി പലതും ചെയ്തു കൊടുക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല…

എത്ര സിംപിളാണ് എ ആര്‍…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍