UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി അറബി പഠിക്കാതിരുന്നിട്ട് മുസ്ലീങ്ങള്‍ കഷ്ടപ്പെടണ്ട!

എ കെ ആന്റണിയും സീതാറാം യെച്ചൂരിയും പറഞ്ഞത് ഒരേ കാര്യം. കേരളത്തില്‍ ന്യൂനപക്ഷ പ്രീണനം കൂടിപ്പോയി; സാധാരണക്കാരിലെത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മതനേതാക്കളുടെ ഇടത്തട്ടു വേണ്ട.

എന്നാല്‍, കോണ്‍ഗ്രസിന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും കേരള നേതൃത്വം ചെയ്തത് അതിനു ഘടകവിരുദ്ധമായാണ്. കാന്തപുരത്തിനെ ഉമ്മന്‍ചാണ്ടി കണ്ടതിനു പുറമെ മാര്‍ക്‌സിസ്റ്റ് എം എല്‍ എ റഹീമും ജലീലും പോയിക്കണ്ടു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പാണ് ലക്ഷ്യം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ലീഗിന്റെ താല്‍പ്പര്യപ്രകാരം മതാടിസ്ഥാനത്തില്‍ പഞ്ചായത്തുകളും നഗരസഭകളും രൂപീകരിക്കാനുള്ള നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ശക്തമായ നിലപാടുകാരണമാണ് ലീഗിന്റെ മോഹത്തിന് കടിഞ്ഞാണ്‍ വീണത്. അനൂപ് ജേക്കബിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞയ്‌ക്കൊപ്പം മഞ്ഞളാംകുഴി അലിയെ  മാലിന്യനിര്‍മ്മാര്‍ജ്ജന മന്ത്രിയാക്കണമെന്ന തങ്ങളുടെ കല്‍പ്പന പോലെ ഇത് ഫലിച്ചില്ല. അപ്പോള്‍  ലീഗിന്റെ സെക്രട്ടറി മജീദിന്  തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാഷ്ട്രീയം കളിക്കുന്നവനായി. സ്വന്തം പാര്‍ട്ടിയില്‍ രാഷ്ട്രീയത്തിനപ്പുറം കള്ളപ്പണത്തിനും സ്വാധീനമുണ്ടെന്ന ആരോപണങ്ങള്‍ രാജ്യസഭാ തിരഞ്ഞെടുപ്പ്  സമയത്ത് ബോധ്യമായ മജീദാണ് കമ്മീഷണറുടെ മുന്‍കാല രാഷ്ട്രീയം വച്ചുകൊണ്ട് ഒരു ഭരണഘടനാ സ്ഥാപനത്തിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ചത്. അതും, തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള യു ഡി എഫിന്റെ കുതന്ത്രങ്ങള്‍ക്ക് തടയിട്ട സമയത്ത്.

മതന്യൂനപക്ഷങ്ങള്‍ അവകാശപ്പെട്ടതില്‍ കൂടുതല്‍ കാര്യങ്ങള്‍ നേടുന്നു എന്ന ആന്റണിയുടെ പരാമര്‍ശം (മുഖ്യമന്ത്രിയായിരിക്കെ) നടത്തിയതിന്റെ മൂന്നാംപക്കം ആന്റണിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നതിന്റെ ഓര്‍മ്മകൊണ്ടാണ് ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗവര്‍ണര്‍ക്കു കത്തയച്ചതുപോലും വിമര്‍ശിച്ചത്.

ഇതൊക്കെയാമെങ്കിലും മുസ്ലീസമുദായ പ്രീണനം നടത്തുന്നതില്‍ മറ്റാരേക്കാളും മുന്നിലാണ്  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പ്രീണനത്തിന്റെ ആശാന്‍ ഇ എം എസ് തന്നെ.

മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് പോലെ, ഒരു വര്‍ഗ്ഗീയ കക്ഷിയാണ്. ഒന്ന് മുസ്ലീങ്ങളുടേയും മറ്റേത് ക്രിസ്ത്യാനികളുടേയും. മതേതര പാര്‍ട്ടിയാണെന്ന് അവര്‍ വാദിക്കും. വാദമുഖത്തിനുവേണ്ടി മുസ്ലീംലീഗ് പണ്ട് രാമന്‍ എന്ന ഒരു ഹിന്ദു നേതാവിനെ ഉയര്‍ത്തിക്കാട്ടുമായിരുന്നു. കേരള കോണ്‍ഗ്രസ് ആകട്ടെ നാരായണക്കുറുപ്പിനെയും പിന്നെ കുറുപ്പിന്റെ മകന്‍ ജയരാജിനെയും. എല്ലാ വര്‍ഗ്ഗീയ പാര്‍ട്ടികളും ഇത്തരം കണ്ണില്‍ പൊടിയിടല്‍ പരിപാടി നടത്താറുണ്ട്. ഹിന്ദുക്കളുടെ (സവര്‍ണ്ണരുടെ എന്ന് വായിക്കുക) പാര്‍ട്ടിയായ ബി ജെ പിയില്‍ അരുണ ഇറാനിയും അല്‍ഫോണ്‍സ് കണ്ണന്താനവുമൊക്കെ ഉള്ളതുപോലെ. എല്ലാം നേര്‍ച്ചക്കോഴികളാണ്.

വര്‍ഗ്ഗീയ പാര്‍ട്ടിയായ മുസ്ലീം ലീഗിനെ രാഷ്ട്രീയ പൊതുധാരയിലെത്തിച്ച് മന്ത്രിസഭയില്‍ അംഗമാക്കിയത് ഇ എം എസ് ആയിരുന്നു;1967 ല്‍. രണ്ടുവര്‍ഷം മുമ്പു നടന്ന തിരഞ്ഞെടുപ്പില്‍ സി പി ഐയെ ഒതുക്കാന്‍ വേണ്ടിയായിരുന്നു ഇ എം എസിന്റെ ഈ നീക്കം.

1969-ല്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഒരു ജില്ല – മലപ്പുറം – രൂപീകരിച്ചതിന്റെ പിന്നിലും ഇ എം എസ് തന്നെ. (2015-ല്‍ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പായി വാര്‍ഡു വിഭജനം നടത്തി മുസ്ലീങ്ങള്‍ക്കു മാത്രമുള്ള പഞ്ചായത്തും കോര്‍പ്പറേഷനുമൊക്കെ രൂപീകരിക്കാനുള്ള നീക്കങ്ങളുടെ തുടക്കം മലപ്പുറം ജില്ലയുടെ രൂപീകരണമാണ്.) പാലക്കാടിന്റെ ഭാഗങ്ങളായിരുന്ന പെരിന്തല്‍മണ്ണയും പൊന്നാനിയും കോഴിക്കോടിന്റെ ഭാഗമായിരുന്ന ഏറനാടും തിരൂരും വെട്ടിമുറിച്ചാണ് മലപ്പുറമെന്ന മുസ്ലീം ഭൂരിപക്ഷ ജില്ലയ്ക്ക് രൂപം കൊടുത്തത്.

മുസ്ലീം ലീഗ് പിന്നീട് കോണ്‍ഗ്രസ് മുന്നണിയിലെ അവിഭാജ്യഘടകമായി മാറിയപ്പോള്‍ ഇ എം എസിന് മുസ്ലീം ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയായി മാറി. (പറഞ്ഞതിനെ ന്യായീകരിക്കാനും പിന്നീട് അത് തിരുത്താനും തിരുത്തിപ്പറഞ്ഞതിനെ വീണ്ടും ന്യായീകരിക്കാനും അങ്ങനെ ശ്രോതാവിനെ   ആശയക്കുഴപ്പത്തിലാക്കി സ്വന്തം അമ്പ് ലക്ഷ്യസ്ഥാനത്ത് കൊള്ളിക്കാനും ഒരു debate expert ആയ ഇ.എം.എസിന് എന്നും കഴിഞ്ഞിരുന്നു.) അങ്ങനെയാണ് മുസ്ലീംലീഗില്ലാത്തതും പള്ളിയേയും പട്ടക്കാരനേയും തള്ളിപ്പറഞ്ഞ പി ജെ ജോസഫിനെയും കൂട്ടി വര്‍ഗ്ഗീയത തീരെയില്ലാത്ത 1987- ലെ ഇടതുമുന്നണിക്ക് ഇ എം എസ് രൂപം കൊടുത്തത്.

എന്നാല്‍, അപ്പോഴും ഇ എം എസ് മുസ്ലീം പ്രീണനം തുടര്‍ന്നു. അങ്ങനെയാണ് രാവിലെ സദ്ദാം ഹുസ്സൈനെ പിന്താങ്ങിക്കൊണ്ട് പ്രസ്താവനയിറക്കി ആ പ്രാവശ്യത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളുടെ വോട്ട് ഇടതുമുന്നണിയ്ക്കനുകൂലമാക്കിയത്. ഇതിനു പുറകെയാണ് മുസ്ലീംതീവ്രവാദം തുപ്പിനടന്ന മദനിയെ ഗാന്ധിയുമായി താരതമ്യപ്പെടുത്തിക്കൊണ്ട് രണ്ടുപേരും ഒരുപോലെയാണെന്ന ഇ എം എസിന്റെ നമ്പൂതിരി ഫലിതം മുസ്ലീം രാഷ്ട്രീയത്തിന്റെ അടിത്തറ തന്നെ ഇളക്കിയത്. തീവ്രവാദിയായ മദനിയ്ക്ക് മുസ്ലീങ്ങളുടെ ഇടയില്‍ സ്വാധീനം കൂടുന്നുവെന്നു മനസ്സിലാക്കിയ എ.എം.എസ് കളിച്ച രാഷ്ട്രീയക്കളിയായിരുന്നു ആ പ്രസ്താവന. അതോടെ, വര്‍ഗ്ഗീയ കക്ഷിയായ മുസ്ലീംലീഗിനെ തള്ളിക്കൊണ്ടുതന്നെ മുസ്ലീം സമുദായത്തിലെ ഗണ്യമായ ഒരു വിഭാഗത്തെ ഇടതുപക്ഷത്തോടൊപ്പം നിര്‍ത്താമെന്നും ഇ എം എസ് കണക്കുകൂട്ടി. (ഇതിന്റെ തനിയാവര്‍ത്തനമാണ് പിണറായി വിജയന്‍ ജയില്‍മോചിതനായി വന്ന മദനിയുമായി നടത്തിയ ബാന്ധവം). 

ദേശീയതലത്തില്‍, കോണ്‍ഗ്രസിന്റെ മുസ്ലീം പ്രീണനത്തിനെതിരെ ബി ജെ പി ശക്തി പ്രാപിച്ചുവരുന്ന സമയമായിരുന്നു അത്. രാമന്റെ ജന്മസ്ഥലത്താണ് പിന്നീട് ബാബര്‍ എന്ന അത്യുഗ്രന്‍ മുസ്ലിം തീവ്രവാദി പള്ളി പണിയിച്ചതെന്നും ആ സ്ഥലം വീണ്ടെടുത്ത് രാമന്റെ ക്ഷേത്രം പണിതില്ലെങ്കില്‍  ഇന്ത്യ കടലില്‍ മുങ്ങിപ്പോകുമെന്നും സനാതന ധര്‍മ്മത്തിന്റെ കച്ചവടം പൂട്ടുമെന്നുമൊക്കെയുള്ള നുണകള്‍ പറഞ്ഞ് ആര്‍ എസ് എസിന്റെ ബ്രാഹ്ണനേതൃത്വം വിഷം തുപ്പി നടന്ന കാലം. ആ സമയത്താണ് ഇ എം എസ് ഈ മദനി പ്രേമം തുടങ്ങിയത്.

1992-ല്‍ നരസിംഹ റാവുവും ആര്‍ എസ് എസും ചേര്‍ന്ന് ബാബറി മസ്ജിദ് പൊളിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിന് എച്ച് ഐ വി ബാധിച്ച ദിവസമായിരുന്നു അന്ന്. അതിന്റെ അലയടികള്‍ രാജ്യമെങ്ങും വംശഹത്യയായും കൊള്ളിവയ്പ്പായും എത്തിയപ്പോള്‍ കേരളത്തില്‍ അതിന്റെ പ്രത്യാഘാതം തീരെ എത്താതിരുന്നതിനു കാരണം കേരളസര്‍ക്കാരിന്റെ കഴിവുകൊണ്ടായിരുന്നില്ല. കേരളത്തിലെ മുസ്ലീം ജനത, മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍, കാട്ടിയ അസാധാരണമായ രാഷ്ട്രീയ സമചിത്തതകൊണ്ടായിരുന്നു.

ബാബറി മസ്ജിദ് ഹിന്ദു തീവ്രവാദികള്‍ പൊളിച്ചിട്ടും മന്ത്രിസഭയില്‍ നിന്ന് രാജിവച്ച് പുറത്തുവന്ന് മുസ്ലീങ്ങളുടെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാത്തതിനെ ചൊല്ലി മുസ്ലീം ലീഗ് നേതൃത്വത്തില്‍ തന്നെ എതിര്‍പ്പുകളുണ്ടായി. എന്നാല്‍, അത്തരമൊരു പ്രതിഷേധം അരുത് എന്നാണ് തങ്ങള്‍ പറഞ്ഞത്. അതിനെതിരെയുള്ള ശബ്ദമായിരുന്നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കേരളത്തില്‍ വന്നിരുന്ന ഇബ്രാഹിം സുലൈമന്‍ സേട്ടിന്റേത്. അങ്ങനെയാണ് സേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ എന്‍ എല്‍) എന്ന രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകുന്നത്. അതായത് മുസ്ലീംലീഗിന് തീവ്രവാദമില്ല എന്ന ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയകക്ഷിയാണ് തീവ്ര മുസ്ലീം സംഘടയായ ഐ എന്‍ എല്‍.

മുസ്ലീം ലീഗ് വര്‍ഗ്ഗീയ സംഘടനയാണെന്ന് പറഞ്ഞ ഇ എം എസ് മുസ്ലീംലീഗിന്റെ വര്‍ഗ്ഗീയതയ്ക്ക് ഉശിരുപോര എന്നു പറഞ്ഞ് സേട്ട് ഉണ്ടാക്കിയ വീര്യം കൂടുതലുള്ള ഐ എന്‍ എല്ലിനെ ഇടതുപക്ഷത്തിന്റെ സഹയാത്രികരാക്കിയില്ല. പിന്നീട് പി ഡി പിയോടും ജമാഅത്ത് ഇസ്ലാമിനോടും എന്‍ ഡി എഫിനോടും  ഒക്കെ ചെയ്ത ചെയ്തമാതിരി. ഇവരെ ഒന്നും ഇടതുമുന്നണിയുടെ ഭാഗമാക്കിയില്ല. പുറത്തുനിര്‍ത്തി കാര്യം സാധിച്ചു. 

ഇല്ലത്തിനകത്ത് കയറ്റത്തില്ല എന്ന് മനസ്സിലാക്കിയതോടെ ഐ എന്‍ എല്‍, യു ഡി എഫിലേക്ക് ചേക്കേറി. വലതുമുന്നണിയില്‍ പിന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഒളിസേവ വേണ്ട. നേരിട്ടുള്ള ബാന്ധവം ആകാം. അത് ആരുമായും ആകാം. അത് എത്ര വേണമെങ്കിലും ആകാം.  മുസ്ലീംലീഗുമായുള്ള ദീര്‍ഘനാളത്തെ ബാന്ധവത്തെ തുടര്‍ന്നായിരിക്കണം യു ഡി എഫിന് ഇക്കാര്യത്തിലെങ്കിലും സുതാര്യത ഉണ്ടായത്.

സംശയമുണ്ടെങ്കില്‍ ക്രിസ്ത്യാനികളുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസിലെ ക്രിസ്ത്യന്‍ ഗ്രൂപ്പ് (ആന്റണി കോണ്‍ഗ്രസ് എന്ന് വായിക്കുക) നടത്തിവരുന്ന നീക്കങ്ങളെ  നോക്കുക. മാണി കോണ്‍ഗ്രസ് യു ഡി എഫ് വിട്ട് ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ നീക്കങ്ങള്‍ നടത്തിയപ്പോള്‍, അതു തടഞ്ഞത് ‘വെടക്കാക്കി തനിയ്‌ക്കൊപ്പം നിര്‍ത്തുക’ എന്ന ചിരപുരാതന തന്ത്രത്തിലൂടെയായിരുന്നു. ബിജു രമേശന്‍ വഴി, ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കുള്ള പങ്കിനെക്കുറിച്ച് ‘മലയാള മനോരമ’ ചാനലിലൂടെതന്നെ തട്ടുപൊളിപ്പന്‍ വാര്‍ത്ത പുറത്തുവിട്ടു. മാണിയെ മെരുക്കാനായി വിജിലന്‍സ് കേസെടുത്തു. മാണി ഒതുങ്ങി എന്നറിഞ്ഞപ്പോള്‍ വിജിലന്‍സ് കേസ് അട്ടിമറിച്ചു. മാണിയെ പുകഴ്ത്തി ഒപ്പം നിര്‍ത്തി. ഒളിസേവയ്ക്കു വന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇളിഭ്യരായി മടങ്ങി. ചട്ടുകമായിത്തീര്‍ന്ന ബിജു രമേശിനെ കുളംതോണ്ടാനുള്ള പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.

കേരളത്തിലെ സ്ത്രീപീഢന പരമ്പരകള്‍ക്ക്, അതില്‍ ബന്ധപ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക്,  ഒക്കെ സംരക്ഷണം നല്‍കുന്ന നടപടിയുടെ തുടക്കവും ഇത്തരമൊരു രാഷ്ട്രീയ ഒളിസേവ സ്വപ്നം കണ്ടുകൊണ്ടായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ചില പ്രാദേശിക മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്കെന്നപോലെ കുഞ്ഞാലിക്കുട്ടിക്കും പങ്കുണ്ട് എന്നായിരുന്നു അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയിരുന്ന കല്ലട സുകുമാരന്‍ നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാനും കുട്ടിക്കെതിരെയുള്ള തെളിവുകള്‍ മായ്ച്ചുകളയാനുമായിരുന്നു അന്നത്തെ നായനാര്‍ സര്‍ക്കാരിന്റെ തീരുമാനം. കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് നീളുന്ന നിയമത്തിന്റെ ചരട് തങ്ങള്‍ കുടുംബം വരെ എത്തിയേക്കാമെന്ന വിദഗ്ധ ഉപദേശത്തിന്റെ ചുവടുപിടിച്ചാണ് കുഞ്ഞാലിക്കുട്ടി വഴി, തങ്ങളിലൂടെ, മുസ്ലീം ലീഗിനെ യു ഡി എഫില്‍ നിന്ന് അടര്‍ത്തി ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാമെന്ന ആശയം തന്നെ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് ഉണ്ടായത്. അതിനുവേണ്ടി നിയോഗിക്കപ്പെട്ട നിയമവിദഗ്ധനായിരുന്നു അന്നത്തെ അഡ്വക്കേറ്റ് ജനറലായിരുന്ന എം കെ ദാമോദരന്‍. ദാമോദരന്‍ തെളിവുകളിലെല്ലാം വെള്ളം ചേര്‍ത്തു. തെളിവുകള്‍ അവയല്ലാതായി മാറി. കലാകൗമുദി അതിന്റെ ഒരു കവര്‍ സ്റ്റോറിയില്‍ എം കെ ദാമോദരനെ മായ്ച്ചു കളയുന്ന (എം.കെ.) ദാമോദരന്‍ എന്നാണ് വിശേഷിപ്പിച്ചത്.

നായനാരുടെയും കൂട്ടരുടേയും നീക്കത്തെ പക്ഷെ, വി എസ് നിയമയുദ്ധത്തിലൂടെയും അല്ലാതെയും തോല്‍പ്പിച്ചു. അപ്പോഴും മുസ്ലീം പ്രീണനം മാര്‍ക്‌സിസ്റ്റുകാര്‍ തുടര്‍ന്നു. അങ്ങനെയാണ്  ഇസ്ലാമിക് ബാങ്ക് എന്ന പലിശരഹിത വായ്പാ ബാങ്ക് എന്ന സങ്കല്‍പ്പത്തിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പച്ചക്കൊടി കാട്ടിയത്. നാളിതുവരെ തുടങ്ങാന്‍ കഴിയാത്ത ആ ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നതായി കാണിച്ചാണ് സാമ്പത്തിക വിദഗ്ധന്‍ തോമസ് ഐസക്ക് ഒരു ബജറ്റ് പ്രസംഗം നടത്തിയത് എന്നുകൂടി മനസ്സിലാക്കുക. 

അത്തരം പ്രീണനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉത്പ്പന്നമാണ് അറബിക് സര്‍വ്വകലാശാല എന്ന ആശയം. ജെ എന്‍ യു മാതൃകയിലാണത്രേ സംഗതി വാര്‍ത്തെടുക്കാന്‍ പോകുന്നത്. (ജെ എന്‍ യു എന്നൊക്കെ കേട്ടാല്‍ സാധാരണക്കാര്‍ അതോടെ വായ്മൂടും. കാരണം, ജെ എന്‍ യു സന്തതികള്‍ കേരളത്തിനകത്തും പുറത്തും കാട്ടുന്ന ബുദ്ധിപരമായ ഔന്നത്യം ശരാശരി മലയാളിക്ക് സ്വപ്നം കാണാവുന്നതിലും ഉയരെയാണ്!) അറബി ഭാഷയുമായി ബന്ധപ്പെട്ട ചരിത്രം, ദര്‍ശനം, സാഹിത്യം, സംസ്‌കാരം തുടങ്ങിയവയുടെ ഗവേഷണമാണത്രേ പ്രധാന ലക്ഷ്യം. അറബി രാഷ്ട്രങ്ങളുമായി ഉള്ള ബന്ധം മെച്ചപ്പെടുത്താനും ഈ സര്‍വ്വകലാശാലയ്ക്ക് കഴിയും. അറബ് രാജ്യങ്ങളില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് ആവശ്യം വേണ്ട അറബിഭാഷാ പരിജ്ഞാനവും സര്‍വ്വകലാശാല വഴി ലഭിക്കും. ഇതുവഴി അറബിരാജ്യങ്ങളില്‍ മലയാളിക്ക് തൊഴില്‍ സാധ്യത കൂടും. ഇങ്ങനെ പോകുന്നു വരാന്‍ പോകുന്ന നേട്ടങ്ങളുടെ പട്ടിക.

സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്.

1. അമേരിക്കയുമായാണ് അറബ് രാജ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വാണിജ്യ-വ്യവസായ ബന്ധം. അറബി ഭാഷ പഠിച്ചിട്ടാണോ അമേരിക്കക്കാര്‍ ഈ ബന്ധം ഉണ്ടാക്കിയത്?

2. കേരളത്തില്‍, നിലവില്‍ തന്നെ, എത്രയോ സ്‌കൂളുകളിലും കോളേജുകളിലും അറബി ഭാഷ പഠിപ്പിക്കുന്നുണ്ട്. അറബിഭാഷയിലുള്ള വര്‍ക്കിംഗ് നോളഡ്ജ് ഈ പഠനം വഴി തന്നെ ലഭ്യമാക്കാവുന്നതല്ലേയുള്ളു?

3. അറബിരാജ്യങ്ങളിലെ ജോലിസാധ്യതയും അറബിഭാഷയിലെ ഗവേഷണങ്ങളും തമ്മില്‍ എന്തു ബന്ധം? അറബിഭാഷാ ഗവേഷകര്‍ക്കാണോ അറബ്‌ രാജ്യങ്ങളില്‍ ഏറ്റവും ആവശ്യം? ഇനി ആവശ്യമുണ്ടെങ്കില്‍ തന്നെ, അതിനു പറ്റിയ ആള്‍ക്കാരെ അറബു രാജ്യങ്ങളിലൊന്നും കിട്ടില്ലേ?

4. അറബ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നും പോകുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് ആണ്. അവര്‍ക്ക് അറബിഭാഷ നല്ലതുപോലെ വശമാക്കാനാണോ മാസ്റ്റേഴ്‌സ് തലത്തില്‍ മുതല്‍ ഉള്ള കോഴ്‌സുകള്‍ അറബിക് സര്‍വ്വകലാശാല നല്‍കാന്‍ ഉദ്ദേശിക്കുന്നത്?

5. ഇപ്പോള്‍ തന്നെ ഏഴു സര്‍വ്വകലാശാലകള്‍ (പലതിലും ആളും പേരുമില്ല; ചില സര്‍വ്വകലാശാലയ്ക്കു കീഴില്‍ത്തന്നെ രണ്ടോ മൂന്നോ കോളേജുകളേ ഉള്ളൂ). ഉള്ള കേരളത്തില്‍ ഇനിയുമൊരു അത്യാഹിതം കൂടി വേണമോ? 

ഈ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മറ്റു ചില ചോദ്യങ്ങള്‍ കൂടി ചോദിക്കാതെ വയ്യ.

എന്തിനായിരുന്നു ഇവിടെ ഒരു സംസ്‌കൃത സര്‍വ്വകലാശാല?

എന്തിനായിരുന്നു ഒരു മലയാളം സര്‍വ്വകലാശാല?

സംസ്‌കൃതം മൃതഭാഷയാണ്. ടി വി ചാനലില്‍ ഗീതയും ഭാഗവതവും കഥാപ്രസംഗരൂപത്തില്‍  അവതരിപ്പിക്കുന്ന ആസാമിമാരല്ലാതെ വെളിവുള്ളവരാരും ആ ചത്ത കുതിരയെ പൊക്കിക്കൊണ്ടു നടക്കാറില്ല. മലയാളമാകട്ടെ, മലയാളിക്കുതന്നെ വേണ്ടാതായ ഭാഷയാണ്. നാലിലോ അഞ്ചിലോ പഠിക്കുന്ന എത്ര മലയാളി കുട്ടികള്‍ക്ക് മലയാള അക്ഷരങ്ങള്‍ തെറ്റു കൂടാതെ എഴുതാന്‍ കഴിയും? പറയാന്‍ കഴിയും? മലയാളം പറഞ്ഞതിന് കുട്ടികളെ ശിക്ഷിച്ച ചരിത്രമുള്ള, ആ സമ്പ്രദായം ഇന്നും തുടരുന്ന, നാടാണ് കേരളം. മലയാളിക്ക് മലയാളത്തോട് പരമപുച്ഛമാണെന്ന് മനസ്സിലാക്കാന്‍ ഒറ്റകാര്യം നോക്കിയാല്‍ മതി. സ്വന്തം ഭാഷ വികലമായി സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ സെലിബ്രിറ്റിയായി മാറിയ ഒരു രഞ്ജിനി ഹരിദാസ് മറ്റേതെങ്കിലും ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ ഉണ്ടാകുമോ?

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് മലപ്പുറം ഹാജിമാര്‍ക്ക് വൈസ് ചാന്‍സലര്‍മാരാകാന്‍ വേണ്ടി മാത്രം ഒരു സര്‍വ്വകലാശാല എന്ന ഉഡായിപ്പ്. അതിന് തിരികൊളുത്തിയതാകട്ടെ ആധുനികോത്തര കമ്മ്യൂണിസ്റ്റായ എം എ ബേബിയും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍