UPDATES

ആറന്‍മുളയില്‍ വിമാനത്താവളം വരില്ലെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ആറന്‍മുളയില്‍ വിമാനത്താവളം വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ജി എസ് ഗ്രൂപ്പ് പ്രതിനിധികള്‍ തന്നെ വന്നു കണ്ടിരുന്നെന്നും അവരുടെ ന്യായം കേട്ടു സര്‍ക്കാര്‍ നിലപാടില്‍ മാറ്റം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ജി എസ് ഗ്രൂപ്പിന് അനുകൂലമായ നിലപാടുകളൊന്നും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നു ഉണ്ടാവില്ലെന്ന് അവരോടു വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാരണവശാലും ആറന്മുളയില്‍ വിമാനത്താവളം അനുവദിക്കില്ല.

പദ്ധതിക്കായി നടത്തിയ വ്യവസായ മേഖലാ പ്രഖ്യാപനം റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്തെ മണ്ണിട്ട് നികത്തിയ കോഴിത്തോട് പുനഃസ്ഥാപിക്കും. ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത പ്രദേശത്ത് വിത്തു വിതച്ചുകൊണ്ട് പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുന്നതിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആദ്യഘട്ടത്തില്‍ 40 ഹെക്ടര്‍ പ്രദേശത്താണ് കൃഷി നടത്തുക. ഒരുകോടി 53 ലക്ഷം രൂപ ഇതിനായി ചിലവഴിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയിരം ഏക്കര്‍ വരുന്നതാണ് ആറന്മുള പുഞ്ച. വിമാനത്താവളം, പാലം നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ കാരണം പ്രദേശത്ത് കൃഷി ഇറക്കുന്നത് വര്‍ഷങ്ങളായി നിലച്ചിരിക്കുകയായിരുന്നു. 

കോടതിയില്‍ കെ ജി എസിന്‍റെ വാദം നടക്കുന്നുണ്ട്. കെ ജി എസിന് പറയാനുള്ളത് ഈ മാസം 31ന് കേള്‍ക്കും. സ്വാഭാവിക നീതി ആര്‍ക്കും നിഷേധിക്കില്ല. എന്നാല്‍ കെ ജി എസിനെതിരായ സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തില്ല. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിമാനത്താവളം വരുന്നതിന് എല്‍ ഡി എഫ് എതിരല്ല. എന്നാല്‍ ആറന്മുളയില്‍ വരുന്നതിനെയാണ് എതിര്‍ത്തത്. 

കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്, റാന്നി എം.എല്‍.എ രാജു എബ്രഹാം എന്നിവര്‍ വിത്ത് വിതയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍