UPDATES

ഇന്ന് എല്ലാ ഇന്ത്യാക്കാരും മുഖ്യമന്ത്രിയായ ദിനം; അരവിന്ദ് കെജരിവാള്‍

അഴിമുഖം പ്രതിനിധി

ഞാന്‍ മാത്രമല്ല, എല്ലാ ഇന്ത്യാക്കാരും മുഖ്യമന്ത്രിയായ ദിവസമാണിന്ന്; സത്യപ്രതിജ്ഞയ്ക്കുശേഷം ജനങ്ങളോടായുള്ള പ്രസംഗത്തില്‍ അരവിന്ദ് കെജരിവാളിന് പറഞ്ഞതിങ്ങനെയാണ്. മതം നേക്കിയല്ലാതെ തന്നെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുമെന്നും കെജരിവാള്‍ ജനങ്ങള്‍ക്ക്് ഉറപ്പ് നല്‍കി. ഡല്‍ഹിയെ പൂര്‍ണ സംസ്ഥാനമാക്കുമെന്നും അഞ്ചുവര്‍ഷം കൊണ്ടു ഡല്‍ഹിയെ ഇന്ത്യയിലെ ആദ്യത്തെ അഴിമതിമുക്ത സംസ്ഥാനമാക്കി മാറ്റുമെന്നും ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഡല്‍ഹിയിലെ വി ഐ പി സംസ്‌കാരം ഉടന്‍ ഇല്ലതാക്കുമെന്നും ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കുമെന്നും കെജരിവാള്‍ പറഞ്ഞു.

അഹങ്കാരം ഒഴിവാക്കി പ്രവര്‍ത്തിക്കണം എന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരോടു കെജരിവാളിന് പറയാനുണ്ടായിരുന്നത്. സ്വന്തം അഹങ്കാരം കൊണ്ട് പരാജയം വരുത്തിവച്ച ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കാര്യം ഓര്‍ക്കണമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിക്കാരെ പിടികൂടി തന്നെ അറിയിക്കണമെന്നും അദ്ദേഹം ജനങ്ങളോടു ആഹ്വാനം ചെയ്തു. അഴിമതിയെ സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഉടന്‍ നിലവില്‍ വരുത്തും. നികുതി കൃത്യമായി അടയ്ക്കാന്‍ എല്ലാവരും തയ്യാറാവണം. നിങ്ങളുടെ പണം പാഴാകില്ലെന്നും കെജരിവാള്‍ ജനങ്ങളോടു അഭ്യര്‍ത്ഥിച്ചു.

മോദി രാജ്യം ഭരിക്കണം. അദ്ദേഹത്തിന് ഡല്‍ഹിയെ സ്വതന്ത്രമാക്കാനും കഴിയണം. കിരണ്‍ ബേദി എനിക്ക് സഹോദരിയാണ്. എനിക്ക് ആവശ്യമുള്ള സഹായം ഞാന്‍ അവരോട് ആവശ്യപ്പെടുമെന്നും കെജരിവാള്‍ പറഞ്ഞു. 

രാം ലീല മൈതാനത്തില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.. ഉച്ചയ്ക്ക് 12 മണിയോടൊണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്. ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു.

മനീഷ് സിസോദിയ, ഗോപാല്‍ റായി, ജിതേന്ദ്ര തോമര്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്‍, അസിം അഹമ്മദ് ഖാന്‍ എന്നിവരാണ് കെജരിവാളിനോപ്പം അധികാരമേറ്റ മറ്റു മന്ത്രിമാര്‍.ആഭ്യന്തരം, ധനം, വൈദ്യുതി വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി വഹിക്കും .കെജരിവാളിന്റെ അടുത്ത അനുയായിയായ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയായാണ് അധികാരമേറ്റത്. നഗരവികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളായിരിക്കും സിസോദിയയുടെ ചുമതലയിലുള്ളത്. അസിം അഹമ്മദ് ഖാന് ഭക്ഷ്യ പൊതുവിതരണവും , സന്ദീപ് കുമാറിന് വനിത ശിശുക്ഷേമ വകുപ്പിന്റെ ചുമതലയുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ചുമതല സത്യേന്ദ്ര ജെയിനാണ്. ഗതാഗതം, തൊഴില്‍ എന്നീ വകുപ്പുകളുടെ ചുമതല ഗോപാല്‍ റായിക്കാണ്. ജിതേന്ദ്ര സിങ് തോമര്‍ നിയമ വകുപ്പ് കൈകാര്യം ചെയും. 

കഴിഞ്ഞ കേജ്‌രിവാള്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരില്‍ മനീഷ് സിസോദിയയും സത്യന്ദ്ര ജെയിനും മാത്രമാണ് പുതിയ സര്‍ക്കാരില്‍ ഉള്ളത്. കഴിഞ്ഞ തവണ മന്ത്രിമാരായിരുന രാഖി ബിദ്‌ലന്‍, സോമനാഥ് ഭര്‍തി, ഗിരിഷ് സോണി, സൗരഭ് ഭരദ്വാജ് എന്നിവരെ ഈ മന്ത്രിസഭയില്‍ ഉള്‍പെടുത്തിയിട്ടില്ല.

കേന്ദ്ര മന്ത്രിമാരടക്കം ഒട്ടേറെ വിശിഷ്ടാതിഥികള്‍ സത്യപ്രതിജ്ഞ ചടങ്ങിനു എത്തിയിരുന്നു. ഏകദേശം 50,000 ഓളം വരുന്ന ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങുകള്‍ കാണാനായി മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ സ്‌ക്രീനുകളും സുരക്ഷ ശക്തമാക്കാനായി നാല്‍പതോളം സി.സി.ടി.വികളും സ്ഥാപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍