UPDATES

സാംബ- 2014

അര്‍ജന്‍റീനയില്‍ പന്തുകളി പ്രക്ഷുബ്ധമാണ്; രാഷ്ട്രീയത്തോളം

Avatar

ഡാനിയല്‍ ആള്‍ട്മാന്‍
(ഫോറിന്‍ പോളിസി)

അര്‍ജന്‍റീനയുടെ പന്തുകളിയുടെ ചരിത്രം അത്രത്തോളം രക്തരൂഷിതമല്ലെങ്കിലും അവിടത്തെ രാഷ്ട്രീയത്തോളം പ്രക്ഷുബ്ധമാണ്. പന്തുകളിയില്‍ മൂന്നു ചിന്താശൈലികള്‍ കഴിഞ്ഞ 40 വര്‍ഷത്തില്‍ അവിടെ ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ അത് രണ്ടാണ്. പക്ഷേ, പന്തുകളിയുടെ ശൈലീഭേദങ്ങളെ എളുപ്പം തിരിച്ചറിയാമെങ്കില്‍ അര്‍ജന്‍റീനയുടെ രാഷ്ട്രീയ ചിന്താധാരകള്‍ പിടിതരാതെ വഴുതിപ്പോകുന്ന ഒന്നാണ്.

എന്തുതരം പന്തുകളിയാണ് ദേശീയ ടീം കളിക്കേണ്ടതെന്ന് ഏതെങ്കിലും അര്‍ജന്‍റീനക്കാരനോടു ചോദിച്ചുനോക്കു. നിങ്ങള്‍ക്ക് മൂന്ന്‍ ഉത്തരങ്ങള്‍ കിട്ടും: മെനോട്ടിസം, ബിലാര്‍ഡിസം,ബിയെല്‍സിസം. ഓരോന്നും ഓരോ മുന്‍പരിശീലകനെ പ്രതിനിധാനം ചെയ്യുന്നു. ഓരോന്നും രാഷ്ട്രീയവും സംസ്കാരവും കൂടിക്കുഴഞ്ഞ കെട്ടാണ്;പന്തുകളിതന്ത്രങ്ങളിലെ പ്രത്യാഘാതങ്ങളിലും.

1978-ല്‍  അര്‍ജന്‍റീന ആദ്യലോകകപ്പ് വിജയം നേടുമ്പോള്‍ സെസര്‍ ലൂയിസ് മെനോട്ടിയാണ് പരിശീലകന്‍. അത് ഡീഗോ മറഡോണക്ക് മുമ്പുള്ള കാലം. മെനോട്ടി, അരിസ്റ്റോട്ടിലിനെ ഓര്‍മ്മിപ്പിക്കുന്ന പരിശീലകനായിരുന്നു. കളിക്കാരുടെ പരമാവധി കഴിവുകള്‍ പുറത്തെടുക്കുന്നതിലാണ് ശ്രദ്ധ. അത് കളിയുടെ ഫലത്തേയും സമൂഹത്തെയും സ്വാധീനിക്കണം. “ജീവിച്ചിരിക്കുന്നതിന്റെ ആനന്ദം പകരുന്നതിനാല്‍ , അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍ , മനുഷ്യര്‍ പങ്കെടുക്കേണ്ട ഒരു ആഘോഷമാണ് പന്തുകളി,” എന്നാണ് മെനോട്ടിയുടെ മതം. അയാള്‍ ജയിക്കാനാഗ്രഹിക്കുന്നത്,“എന്റെ ടീം നന്നായി കളിച്ചതുകൊണ്ടാണ്, അല്ലാതെ എതിര്‍ ടീമിനെ കളിയ്ക്കാന്‍ സമ്മതിക്കാത്തതുകൊണ്ടല്ല.” മെനോട്ടിക്ക് പന്തുകളി നന്‍മയുടെ ശക്തിയാണ്, അത് നന്നായി മാത്രമേ കളിക്കാവൂ.

പക്ഷേ കാര്‍ലോസ് ബിലാര്‍ഡോയുടെ പന്തുകളി അങ്ങനെയല്ല. 1986-ല്‍ അര്‍ജന്‍റീന ലോകകിരീടം ചൂടിയപ്പോള്‍ അയാളായിരുന്നു പരിശീലകന്‍. മേനോട്ടിയുടെതില്‍ നിന്നും തീര്‍ത്തും വിഭിന്നമായ ശൈലി. യാഥാസ്ഥിതികം എന്നുവിളിക്കാം. എന്തുവിലകൊടുത്തും ജയിക്കണം, അത് എതിര്‍ ടീമിനെ ശ്വാസം മുട്ടിച്ചായാലും, ചന്തംകെട്ട് കളിച്ചിട്ടായാലും ശരി. കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയില്‍ ഡീഗോ മറഡോണ പരിശീലകനായപ്പോള്‍ തന്റെ ടീം ജാവിയര്‍ മാഷെറാനോയും- മധ്യനിരയിലെ അന്തകന്‍- പിന്നെ പത്തുപേരുമാണെന്ന് പ്രഖ്യാപിച്ചു. “ബിലാര്‍ഡിസം എന്നെ ആവേശിച്ചിരിക്കുന്നു.” മാന്ത്രികന്‍ മറഡോണയുടെ പരാജയപ്പെട്ട ലോകകപ്പ് പരിശീലന ദൌത്യത്തിന്റെ പ്രധാന ഉപദേശകരിലൊരാള്‍ ബിലാര്‍ഡോ ആയിരുന്നു.

ഏറ്റവും അടുത്തകാലത്തെ പരിശീലക ശൈലി മാര്‍സെലോ ബിയെല്‍സയുടേതാണ്. കോപ അമേരിക്ക കലാശക്കളിക്കും 2004-ലെ ഒളിമ്പിക് സുവര്‍ണപതക്കത്തിനും അര്‍ജന്‍റീനയെ കൊണ്ടുപോയ പരിശീലകന്‍. ‘എല്‍ ലോകോ’ എന്നറിയപ്പെട്ട ബിയെല്‍സ അത്ര പിടികിട്ടാത്ത സാങ്കേതികതന്ത്രങ്ങള്‍ മെനയുന്നതിനുമുമ്പ് തന്റെ തന്ത്രങ്ങള്‍ മിനുക്കാനായി ഒരു ഗണിതശാസ്ത്രജ്ഞനെപ്പോലെ രേഖാചിത്രങ്ങളിലും കളികളുടെ വീഡിയോകളിലും സമവാക്യങ്ങള്‍ തേടി ഉഴറിനടന്നു. ഗവേഷണത്തിലും അത്യധ്വാനത്തിലും അയാള്‍ പ്രചോദനം തേടി. നനുത്തുമിനുത്ത ആശയങ്ങളേക്കാള്‍ എതിരാളിയുടെ പ്രതിരോധ നിരയിലെ വിള്ളലുകള്‍ ഭൂതക്കണ്ണാടിയില്‍ ചികഞ്ഞെടുത്തു. നിഗൂഢമെന്ന് വിളിക്കാവുന്ന വിട്ടുവീഴ്ച്ചയില്ലാത്ത ആ ബൌദ്ധികസമീപനത്തിനും അനുയായികള്‍ കുറവായിരുന്നില്ല.

ഈ മൂന്നു ചിന്താധാരകളും അവയുടെ സ്രഷ്ടാക്കളുടെ പേരില്‍ അറിയപ്പെടുന്നുണ്ടെങ്കിലും അവയോരോന്നും നിശ്ചിതമായ ചില കാഴ്ച്ചപ്പാടുകളെയും പ്രതിനിധീകരിക്കുന്നു. മെനോട്ടീസവും ബിലാര്‍ഡിസവും തമ്മിലുള്ള ഒരു ചര്‍ച്ചയില്‍ ഒരു രാഷ്ട്രീയ സംവാദത്തെക്കാള്‍ എരിവും പുളിയുമുണ്ട്. കാരണം വളരെ ലളിതമാണ്: അര്‍ജന്റീനയിലെ പ്രധാന രാഷ്ട്രീയ ചിന്തകളും അവയുടെ ഉപജ്ഞാതാക്കളുടെ പേരില്‍ അറിയപ്പെടുന്നെങ്കിലും, അതിനപ്പുറം ഏറെയൊന്നുമില്ല. 

ഉദാഹരണത്തിന് എന്താണ് പെറോണിസം? പെറോണിസ്റ്റ് രാഷ്ട്രീയക്കാര്‍, സാക്ഷാല്‍ ജുവാന്‍ ഡോമിംഗൊ പെറോണ്‍ മുതല്‍,കാര്‍ലോസ് സോള്‍ മേനം, നെസ്റ്റര്‍ കീര്‍ച്നര്‍ ,ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡേ കിര്‍ച്നര്‍ വരെ എല്ലാവരും തികച്ചും വ്യത്യസ്തമായ നയങ്ങളാണ് പിന്തുടര്‍ന്നത്. പെറോണ്‍ ഒരു തികഞ്ഞ ആഭ്യന്തരവിപണി സംരക്ഷണവാദിയായിരുന്നു.  മെനെം ലോക വ്യാപാര സംഘടനയില്‍ ചേര്‍ന്നു, വ്യവസായങ്ങളെ സ്വകാര്യവത്കരിച്ചു. ഫെര്‍ണാണ്ടസ് ഡെ കിര്‍ച്നര്‍ അവയെ നിയന്ത്രിക്കാന്‍ ഇപ്പൊഴും പാടുപെടുന്നു.

കീര്‍ച്നെറിസത്തിനും,ഭാര്യ-ഭര്‍തൃ ദ്വയത്തിന്റെ ഭരണകാലത്തിന് നല്കിയ പേര്, തങ്ങളുടെ വിഭാഗത്തിന്റെ അധികാരം നിലനിര്‍ത്തുക എന്നതില്‍ക്കവിഞ്ഞു വലിയ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അവര്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് ഭൂരിപക്ഷം നിലനിര്‍ത്താന്‍ വിലകളും, അവര്‍ക്ക് യോജിച്ച രീതിയില്‍ സബ്സിഡികളും വിനിമയമൂല്യവും കൂട്ടുകയും കുറക്കുകയും ചെയ്തു. (ഒരുതരത്തില്‍ വാഷിംഗ്ടണിലെ ഡെമോക്രാറ്റുകളെയും റിപ്പബ്ലിക്കന്‍മാരെയും പോലെ)

അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിന് കിര്‍ച്നര്‍ വാദികള്‍ മിക്കവാറും ഒരു പുതിയ സ്ഥാനാര്‍ത്ഥിയെ, ബ്യൂണോസ് അയേഴ്സ് പ്രവിശ്യാ ഗവര്‍ണര്‍ ഡാനിയല്‍ സിയോളിയെ നാമനിര്‍ദ്ദേശം ചെയ്യും. രണ്ടു തവണ പദവിപരിധി കഴിഞ്ഞതിനാല്‍ ഒഴിയുന്ന ഫെര്‍ണാണ്ടസ് ഡെ കിര്‍ച്നറില്‍  നിന്നും വ്യത്യസ്തമായ നയങ്ങളായിരിക്കും അയാളുടേതെന്ന് ഉറപ്പാണ്. എന്നാലും കിര്‍ച്നര്‍ വാദികളുടെ എല്ലാ പിന്തുണയോടുംകൂടെ അവരുടെ സ്ഥാനാര്‍ത്ഥി അയാളായിരിക്കും.

എന്നാല്‍ കൃത്യമായ കക്ഷിയില്ലാത്ത സിയോളി അര്‍ജന്‍റീനക്കാര്‍ക്കൊരു ബാധ്യതയായിരിക്കും. അയാള്‍ പ്രതിനിധീകരിക്കുന്ന ആശയങ്ങളില്‍ അയാള്‍ ഉറച്ചുനില്ക്കും എന്നതിനു ഒരുറപ്പുമില്ല. അതുകൊണ്ടുതന്നെ അതില്‍നിന്നും വ്യതിചലിച്ചാല്‍ ഒന്നും ചെയ്യാനുമാവില്ല. ചര്‍ച്ചകളില്‍ ഏതെങ്കിലും ബുദ്ധിമാന്‍, നിങ്ങള്‍ മെനോട്ടിസ്റ്റാണോ, ബിലാര്‍ഡിസ്റ്റാണോ, ബിയെല്‍സിസ്റ്റാണോ, എന്നു സിയോളിയോട് ചോദിക്കും. അപ്പോള്‍ ചുരുങ്ങിയത് അയാള്‍ എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന കാര്യത്തില്‍ സമ്മതിദായകര്‍ക്ക് ഒരു ധാരണ ലഭിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍