UPDATES

സാംബ- 2014

അര്‍ജന്‍റീന കണ്ടു പഠിക്കേണ്ട പാഠങ്ങള്‍- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

1978ല്‍ തങ്ങളെ ‘ചതിച്ച്’ കിരീടം സ്വന്തമാക്കിയ അര്‍ജന്റീനയോട് ഹോളണ്ടിന് പകരം വീട്ടാന്‍ കിട്ടിയ സുവര്‍ണാവസരം. ഇന്നത്തെ സെമി ഫൈനല്‍ പോരാട്ടത്തിന് ഇങ്ങനെയൊരു മുഖം കൂടിയുണ്ട്. എന്നാല്‍ ഹോളണ്ടിന്റെ മോഹത്തിന് വല തുറന്നു കൊടുക്കാന്‍ നീലപ്പട തയ്യാറാകില്ല. 24 വര്‍ഷത്തിനുശേഷം ലോകകപ്പിന്റെ സെമിയില്‍ എത്തിയിരിക്കുകയാണവര്‍. ഇതുവരെയെത്തിയിട്ട് വെറും കൈയ്യോടെ മടങ്ങാന്‍ അര്‍ജന്റീന തയ്യാറാകില്ല. ഹോളണ്ടും അര്‍ജന്റീനയും ഇതുവരെ ഒരു കളിയും തോല്‍ക്കാതെയാണ് സെമിവരെ എത്തിയിരിക്കുന്നത്. ഇനിയും തോല്‍ക്കാതിരിക്കാന്‍ അവര്‍ക്ക് വാശിയുമുണ്ടാകും. ജയിക്കാന്‍ കാരണങ്ങള്‍ നിരവധിയുണ്ട് രണ്ടുപേര്‍ക്കും.  അതു തന്നെയാണ് ഇന്നത്തെ കളിയുടെ സൗന്ദര്യവും ആവേശവും.

ഒരു കളിയും തോറ്റിട്ടില്ലെങ്കിലും അര്‍ജന്റീനയുടെ വിജയങ്ങള്‍ക്കൊന്നും വലിയ തിളക്കമുണ്ടായിരുന്നില്ല. ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയ ബല്‍ജിയം ഒഴികെ മറ്റാരും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എതിരാളികളായിരുന്നില്ല അര്‍ജന്റീനയ്ക്ക്. ഒരു മെസിയില്‍ മാത്രം മനക്കോട്ട കെട്ടിയാണ് നീലക്കുപ്പായക്കാര്‍ ലോകകിരീടം എത്തിപ്പിടിക്കാന്‍ നോക്കിയത്. മെസി കഴിഞ്ഞാല്‍ എയ്ഞ്ചല്‍ ഡി മരിയയിലായിരുന്നു പ്രതീക്ഷ. പരുക്കേറ്റ് ഡി മരിയ പുറത്തു പോയതോടെ വീണ്ടും മെസിക്ക് ജോലി കൂടിയിരിക്കുകയാണ്. ക്വാര്‍ട്ടറില്‍ ഗോളടിച്ച് ഹിഗ്വയ്ന്‍ പ്രതീക്ഷകള്‍ നല്‍കി. ഹോളണ്ടിനെതിരേയും ഹിഗ്വയ്‌ന് അതിന് കഴിയണമേയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. ഇനി രണ്ടു കടമ്പകള്‍ കൂടി കടന്നാല്‍ ലോകകപ്പ് എന്ന തൂവലും തന്റെ തൊപ്പിയില്‍ വന്നു ചേരുമെന്ന് അറിയാവുന്ന മെസി തന്നെയാകും ഇന്ന് അര്‍ജന്റീനയുടെ പ്രധാന പോരാളി.  മെസി അപ്പുറത്തുണ്ട് എന്നതു തന്നെയായിരിക്കും ഹോളണ്ടിനും പേടി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിനെതിരെ ആ നാട്ടില്‍ കളിക്കുന്നതിന്റെ സമ്മര്‍ദ്ദവും ഹോളണ്ടിനുണ്ടാകും. സെര്‍ജിയോ ആഗ്യൂറ മടങ്ങി വരുമെന്ന ആശ്വാസവും അര്‍ജന്റീനയ്ക്ക് ഇന്നുണ്ടാകും.

ഡി മരിയ കളിക്കുന്നില്ല എനന്നതു തന്നെയാകും അര്‍ജന്റീനയ്ക്ക് ഇന്നത്തെ കളിയിലെ ഏറ്റവും വലിയ വെല്ലുവിളി. ഡി മരിയയുടെ അഭാവത്തോടെ, പന്ത് കൈകക്കലാക്കാനും അത് ഗോളാക്കി മാറ്റാനും മെസി തന്നെ പണിയെടുക്കണം. ഡി മരിയയുണ്ടായിരുന്നെങ്കില്‍ ഗോളടിക്കാന്‍ പാകത്തില്‍ പന്തൊരുക്കി കൈമാറിയാല്‍ മതിയായിരുന്നു മെസിക്ക്.

അര്‍ജന്‍റീനയുടെ പ്രതിരോധ നിരയും അത്ര ശക്തമല്ല. ആര്യന്‍ റോബനെയുംവാന്‍പേഴ്‌സിയെയും പോലുള്ള ചീറ്റപ്പുലികള്‍ കുതിച്ചുപാഞ്ഞെത്തുമ്പോള്‍ തടയാന്‍ പോന്ന കരുത്ത് അവര്‍ക്ക് ഉണ്ടാകുമോ എന്ന ശങ്ക ആരാധകര്‍ക്കുണ്ട്. അവസാന നിമിഷം ഗോളടിക്കാന്‍ കാത്തു നില്‍ക്കാതെ ബല്‍ജിയത്തിനെതിരേ നേടിയപോലെ ആദ്യ മിനിട്ടില്‍ തന്നെ ഗോളടിക്കാനാകും ഇന്നും അര്‍ജന്റീന ശ്രമിക്കുക. എന്നാല്‍ ഒരു ഗോളിന് വിജയം പ്രതിരോധിക്കാന്‍ അവര്‍ക്ക് കഴിയണമെന്നില്ല. ഹോളണ്ട് ആക്രമണകാരികളാണ്.തിരിച്ചടിക്കുമ്പോള്‍ അവര്‍ കൂടുതല്‍ ശക്തരാകും. കളിയുടെ എല്ലാ മേഖലകളിലും മെച്ചപ്പട്ടാലെ അര്‍ജന്റീനയക്ക് ഇന്ന് വിജയം സ്വന്തമാക്കാന്‍ കഴിയൂ. ഭാഗ്യത്തിന്റെ കടാക്ഷത്തിന് അവര്‍ കാത്തിരിക്കരുത്.

അര്‍ജന്റീന ഒരു മെസിയില്‍ ചുറ്റിക്കറങ്ങുമ്പോള്‍, ഹോളണ്ടിന് വാന്‍പേഴ്‌സിയും റോബനും സ്‌നൈഡറുംകുയ്റ്റും ഉണ്ട.അവരെല്ലാം മികച്ച ഫോമിലുമാണ്. ഏത് അര്‍ജന്റീനയേയും തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയും. തന്ത്രങ്ങള്‍ മെനയാന്‍ കോച്ച്  വാന്‍ ഗാള്‍ പുറത്തുണ്ടെന്നതും ഹോളണ്ടിന് കളത്തില്‍ ആത്മവിശ്വാസമുയര്‍ത്തും.ഗോളടിക്കാനും ഗോള്‍ പ്രതിരോധിക്കാനും ഹോളണ്ടിന് കഴിയുന്നു. ഇതുവരെയുള്ള കളികള്‍ താരതമ്യം ചെയ്താല്‍ ഒരുപടി മുന്നില്‍ ഹോളണ്ട് തന്നെ എന്നു പറയാന്‍ സംശയിക്കേണ്ടതില്ല.

എന്നാല്‍ കഴിഞ്ഞ ഫൈനലിന്‍റെ ഓര്‍മ്മകള്‍ ഹോളണ്ടിന് ചെറിയൊരു പേടി പകരും എന്ന കാര്യത്തില്‍ സംശയമില്ല. നിര്‍ണായക മത്സരങ്ങളില്‍ അവര്‍ക്ക് കാലിടറാറുണ്ട്. ഇല്ലായിരുന്നെങ്കില്‍ ഹോളണ്ടിന്റെ ക്രെഡിറ്റില്‍ ഒരു ലോകകിരീടമെങ്കിലും ഉണ്ടാകുമായിരുന്നു. നിജേല്‍ ഡി ജൂങ്, ടിം ക്രൂള്‍ എന്നിവര്‍ കളിക്കില്ലെന്നതും ഇന്നത്തെ സെമിയില്‍ ഹോളണ്ടിന് ക്ഷീണമേകും. ഫോമിലാണെന്ന് പറയാമെങ്കിലും പറന്നു നേടിയ ഗോളിനുശേഷം വാന്‍പേഴ്‌സി പിന്നെ ആ നിലവാരം പുലര്‍ത്തിയിട്ടില്ലെന്നതും സത്യമാണ്. എന്തായാലും ഇന്നത്തെ പോരാട്ടത്തില്‍ തീപാറുമെന്ന് ഉറപ്പ്. ലാറ്റിന്‍ അമേരിക്കന്‍ മണ്ണില്‍ ഓറഞ്ച് പൂക്കുമോ, കരിയുമോ എന്ന് ഇന്നറിയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍