UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭൂമി വേണം, ചത്താല്‍ കുഴിച്ചിടാനെങ്കിലും; അരിപ്പയിലെ തെരഞ്ഞെടുപ്പ് വര്‍ത്തമാനങ്ങള്‍ ഇതാണ്

വി ഉണ്ണികൃഷ്ണന്‍

അരിപ്പ ഭൂസമരം നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. തികച്ചും നിര്‍മാണാത്മകവും അഹിംസാത്മകവുമായി നടക്കുന്ന ഈ സമരം നിശബ്ദമായി മുന്നോട്ടു പോവുകതന്നെയായിരുന്നു. അതൊന്നും ശ്രദ്ധിക്കാന്‍ സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സമയമില്ലായിരുന്നു എന്ന് മാത്രം. വീണ്ടും അരിപ്പയെന്ന പേര് മാധ്യമങ്ങളുടെ തലക്കെട്ടില്‍ സ്ഥാനം പിടിക്കുന്നത്‌ സമരഭൂമിയിലെ രണ്ടു ജീവനുകള്‍ പൊലിഞ്ഞതോടെയാണ്‌.

അഞ്ചല്‍ ചണ്ണപ്പേട്ട സ്വദേശി ജാനമ്മയും കോട്ടയം കറുകച്ചാല്‍ സ്വദേശി ചെല്ലപ്പനും വാര്‍ധക്യസഹജമായ കാരണത്താല്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരണപ്പെട്ടപ്പോള്‍ മണ്‍മറഞ്ഞത് സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന അവരുടെ സ്വപ്നവും കൂടിയാണ്. ആറടി മണ്ണുപോലും സ്വന്തമായി ഇല്ലാത്ത ജാനമ്മയെ അടക്കിയത് സമരഭൂമിയില്‍ത്തന്നെയാണ്. മരുമകന്റെ പുരയിടത്തില്‍ ചെല്ലപ്പനെയും. കേരളത്തിലെ 9 ജില്ലകളില്‍ നിന്നുള്ളവര്‍  അരിപ്പയിലുണ്ട്. മുന്നോട്ടു പോകാന്‍ അവര്‍ക്കു പ്രതീക്ഷ നല്‍കുന്നത് കിടപ്പാടം എന്നുള്ള ഒരേയൊരു മോഹമാണ്. അതിവേഗം ബഹുദൂരം എങ്ങോട്ടോ പോകുന്ന യു ഡി എഫും ഭരണം ലഭിച്ചാല്‍ എല്ലാം ശരിയാക്കാന്‍ പോകുന്ന എല്‍ഡിഎഫും ഇവര്‍ക്കായി ചെറുവിരല്‍ പോലും അനക്കിയിട്ടില്ല.

സമൂഹത്തിന്റെ നാനാതുറയില്‍നിന്നുമുള്ളവര്‍ മൂന്നര വര്‍ഷത്തിലേറെയായി ഇവിടെയുണ്ട്. ആദിവാസി ,ദളിത്, മുസ്ലിം തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഇവിടെ താമസിക്കുന്നു. പല പ്രമുഖരും വന്നുപോയി. ആരും ഇവരെ കരകയറ്റാന്‍ മുന്‍കൈ എടുത്തില്ല. അരിപ്പ ഭൂസമരനേതാവ് ശ്രീരാമന്‍ കൊയ്യോന്‍ മാത്രം വര്‍ഷങ്ങളായി ഇവരോടൊപ്പം നില്‍ക്കുന്നു. ആദിവാസി ദളിത്‌ മുന്നേറ്റ സമിതിയുടെ കീഴില്‍ ഇവര്‍ സമരം മുന്നോട്ടു കൊണ്ടു പോകുന്നു. 

ജാനമ്മയെയും ചെല്ലപ്പനെയും പോലെ ആയിരക്കണക്കിന് പേരാണ് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കുടിലുകളില്‍ ജീവിതം തള്ളിനീക്കുന്നത്. 

എരുമേലിയില്‍ നിന്നുള്ള എ കെ ദാസും ഭാര്യ ലക്ഷ്മിയും സമരത്തിന്റെ തുടക്കത്തില്‍ ഇവിടെയെത്തിയവരാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും കൊടിയ ദുരിതങ്ങളിലൂടെ കടന്നു പോയവരാണ് ഇവരും. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ ജോലിക്കു പോകാന്‍ കഴിയാത്തതിനാല്‍ ദാസിന്‍റെയും ലക്ഷ്മിയുടെയും ഒരു ദിവസം കടന്നുപോവുക ഏറെ പ്രയാസപ്പെട്ടാണ്. മിക്കപ്പോഴും അടുപ്പൊന്നു പുകയണമെങ്കില്‍ കപ്പയോ കടം വാങ്ങിയ അരിയോ കിട്ടണം. തീരെ പറ്റാത്ത ദിവസം തോളിലിടുന്ന തോര്‍ത്ത് എടുത്ത് ദാസ് വയറിനു കുറുകേ മുറുക്കിക്കെട്ടും.

‘ നേരത്തെ നിലക്കടലേടെ കൃഷി ഒണ്ടാരുന്നു. ഇപ്പൊ ഉണക്കല്ലേ, ചൂടു കാരണം നടാന്‍ പറ്റൂല്ല. നട്ടാല്‍ മുഴുവന്‍ ഒണങ്ങിപ്പോകും. പ്രായം കുറേ ആയില്ലേ, അതോണ്ട് കൂടുതല്‍ കിളയ്ക്കാനും മറിയ്ക്കാനും വയ്യ. വേറെ പണിയ്ക്കൊന്നും പോവാനും പറ്റൂല. ചൂടൊന്നു കുറഞ്ഞാല്‍ എന്തേലും ചെറിയ രീതീല്‍ ചെയ്യാരുന്നു’ -ദാസ് അവസ്ഥ വിവരിച്ചു.

ഇവരുടെ മക്കള്‍ മൂന്നും നാട്ടിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടത്തിലെ രണ്ടുപേര്‍ ഓര്‍മ്മയായതോടെ  പലരും നിരാശയിലാണ്. കണ്ണടയുന്നതിനു മുന്‍പ് സ്വപ്നം നിറവേറുമോ എന്ന ആശങ്ക സമരഭൂമിയിലുള്ളവരുടെ മുഖത്ത് നിഴലിക്കുന്നു. 

ഇത് ദാസിന്‍റെയും ലക്ഷ്മിയുടെയും മാത്രം അനുഭവമല്ല. ഓരോരുത്തരും വന്നെത്തിയത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന്. കഥകള്‍ പലതുണ്ടെങ്കിലും ഇവരെ ഒരുമിപ്പിച്ച കാരണം ഒന്നുതന്നെ… സ്വന്തമായി ഇത്തിരി ഭൂമി. അത് നല്‍കാതെ എല്ലാവരെയും ഇവിടെ എത്തിച്ചതും ഇവരെ കഷ്ടപ്പെടുത്തുന്നതും മാറിമാറി വരുന്ന സര്‍ക്കാരും ജനസേവകരും. സര്‍ക്കാരിന്റെ സീറോ ലാന്റ് പദ്ധതിയുടെ ചുവപ്പ് നാട ഇവര്‍ക്കൊരു കൊലക്കയര്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്.

തങ്ങളുടെ പ്രശ്നത്തിനു തീര്‍പ്പുണ്ടാണ്ടാക്കിയിട്ടേ വോട്ടെന്നും പറഞ്ഞുകൊണ്ട് ഇങ്ങോട്ടു വരാവൂ എന്നാണ് രാഷ്ട്രീയക്കാരോട് സമരഭൂമി നിവാസിയായ കല്ലറ പഞ്ചായത്ത് മിതൃമല മുളയക്കോണം സ്വദേശി  കുഞ്ഞുകുട്ടിയ്ക്ക് പറയാനുള്ളത്. അവര്‍ക്ക് വയസ്സ് 70ഉം  ഭര്‍ത്താവ് സുകുമാരന് 80ഉം. എങ്കിലും ആവേശത്തോടെ ഇന്നും രണ്ടുപേരും സമരമുഖത്തുണ്ട്.

കുഞ്ഞുക്കുട്ടിയുടെ കഥ അവര്‍ തന്നെ പറയെട്ടെ…

‘ന്‍റ്റെ അച്ഛനും അമ്മേം പണ്ടു പുരാണകാലത്തേ മേലാളന്മാരുടെ വീട്ടില്‍ താമസിച്ച് അവരുടെ പാടത്ത് പണിയെടുക്കുമായിരുന്നു. അന്ന് കഞ്ഞിക്കുള്ള വകേം ഒക്കെ അവരു തന്നെ തരും. പക്ഷേങ്കില് എല്ല് മുറിയെ പണിയെടുപ്പിക്കും. എന്നാല് കുറേക്കാലം കഴിഞ്ഞപ്പോ അമ്മയ്ക്ക് മൂന്നു സെന്റ്‌ ഭൂമി കിട്ടി. പാടത്തെ പണിയായിരുന്നു ഞങ്ങക്ക്, ഞാറു നടാനും കൊയ്യാനും ഒക്കെ പോകുമായിരുന്നു. അല്ലാതെ വേറെ പണിയൊന്നും അറിയൂലല്ലോ. നാലു മക്കളായിരുന്നു അമ്മയ്ക്ക്. ഞങ്ങടെയൊക്കെ കെട്ടു കഴിഞ്ഞപ്പോ പിന്നെ താമസിക്കാന്‍ മുട്ട് വന്ന്. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറി. അന്ന് മുതല്‍ ഭൂമിക്കു വേണ്ടി ഓട്ടത്തിലാ. ഇന്നുവരെ ഒരിടത്ത് സമാധാനമായി കിടന്നുറങ്ങാന്‍ പറ്റീട്ടില്ല.

എനിക്കും ഇങ്ങേര്‍ക്കും കൂടി മൂന്നു പെണ്ണും ഒരാണും സന്തതികളായിട്ടുണ്ട്. അവരെയൊക്കെ കെട്ടിച്ചു വിട്ടു. അതില് രണ്ടെണ്ണത്തിന്‍റ്റേം കെട്ടിയോന്മാര്‍ ഇപ്പൊ ജീവനോടില്ല. രണ്ടാള്‍ക്കും ഹാര്‍ട്ട് അറ്റാക്കിന്റെ അസുഖമായിരുന്നു. കിടപ്പാടം ഞങ്ങള്‍ക്കുമില്ല, വന്നു കേറിയവര്‍ക്കും വീട്ടില്‍ നിന്നും കെട്ടിച്ചു വിട്ടവര്‍ക്കും ഇല്ല. എല്ലാരും ഇവിടൊക്കെത്തന്നെ.

 ഇച്ചിരേ ഭൂമി വേണം. കിട്ട്വോന്നറിയൂല, ചത്താല്‍ കുഴിച്ചിടാന്‍ എങ്കിലും കിട്ടിയാ മതിയാരുന്നു. ഇന്നലെ രണ്ടെണ്ണം പോയി. മരിക്കുന്നതിന് മുന്പ് അഞ്ചു ദിവസമെങ്കിലും സ്വന്തം മണ്ണില്‍  താമസിക്കണം. അതും നടക്ക്വോന്നറിയൂല.

നാട്ടിലോട്ടും പോവാന്‍ പറ്റൂല. അവിടെച്ചെന്നാല്‍ നാട്ടുകാരുടെ വക ആക്ഷേപം കേക്കേണ്ടി വരും.

അവിടെ ചെല്ലുമ്പോ നിങ്ങക്ക് കിട്ടിയോ, കിട്ട്യില്ലിയോ, എന്ന് കിട്ടും, നിങ്ങള് വെട്ടിപ്പിട്ക്കാന്‍ പോയോരല്ലേ, ഏക്കര്‍ പിടിക്കാന്‍ പോയോരല്ലേ..ഇങ്ങനെ ചോദ്യം കുറേ കാണും. സഹിമൂക്കുമ്പോ പറയും കിട്ടിയെന്ന്.

എന്നാ ഞങ്ങള്‍ എങ്ങോട്ട് പോട്ട്?

മണ്ണിന്റെ കാര്യത്തില്‍ ഇതുവരെ ഒന്നുമായില്ല.

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും, അത് മാറ്റാന്‍ പറ്റൂല . പക്ഷേങ്കില്‍ അത് സ്വന്തം മണ്ണില്‍ കിടന്നു വേണം എന്നാണ് ആഗ്രഹം, ഞങ്ങളെ സാറ് കൈവിടൂല എന്നറിയാം. അദ്ദേഹത്തിന്റെ ഒരാളിന്റെ ബലത്തിലാണ് ഇത്രയും ആള്‍ക്കാര്‍  ഇവിടെ നിക്കുന്നത്’ –കുഞ്ഞുകുട്ടി പറഞ്ഞു നിര്‍ത്തി.

സമാനമായ ഭൂതകാലമുള്ള അനേകം പേരെ ഇവിടെ കണ്ടെത്താന്‍ സാധിക്കും. ഇന്നുവരെ ഇവര്‍ക്ക് സര്‍ക്കാര്‍ വക ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. പണിക്കു പോയിട്ട് വരുന്നവരുടെ സഹായത്താലാണ് ഇവിടെ പല വയറുകളും പട്ടിണി കിടക്കാതെ കഴിയുന്നത്‌.

പല തൊഴിലുകള്‍ ചെയ്യുന്നവര്‍ ഇവിടെയുണ്ട്. പുരുഷന്‍മാരെപ്പോലെ തന്നെ സ്ത്രീകളും കായികമായ അധ്വാനം വേണ്ടി വരുന്ന തൊഴിലുകളില്‍ പങ്കെടുക്കുന്നു.  ജലത്തിന്റെ ദൌര്‍ലഭ്യത കാരണം ഇന്നിവിടെ ചെറിയ തോതില്‍ മാത്രമാണ് കൃഷി ഉള്ളത്. ഉണക്ക് കഴിഞ്ഞാല്‍ ഒന്നുഴുത് റെഡിയാക്കി വീണ്ടും ഞാറു നടുന്ന കാര്യമാണ് അനിലിനും മോഹനനും പറയുന്നത്. അതൊന്നു ശരിയായാല്‍ എല്ലാവരുടെയും കുടിലില്‍ മുട്ടില്ലാതെ അരിയെത്തും.

സര്‍ക്കാരുകള്‍ അധഃകൃതരായി കണക്കാക്കുമ്പോഴും ശ്രീരാമന്‍ കൊയ്യോന്‍ എന്ന വ്യക്തിയുടെ ബലത്തിലാണ് ആയിരക്കണക്കിന് പേര്‍ ഇവിടെ കഴിയുന്നത്‌. വ്യക്തമായ സിസ്റ്റമുള്ള ഒരു സമരരീതി എന്ന് അരിപ്പ സമരത്തെ പറയാന്‍ സാധിക്കും. ഇതോടൊപ്പം ആരംഭിച്ച പല സമരങ്ങളും പകുതി വഴിയില്‍ അവസാനിച്ചപ്പോള്‍ വ്യക്തമായ കാഴ്ചപ്പാടുകളോടെ, കണക്കുകൂട്ടലുകളോടെ  മുന്‍പോട്ടു പോകാന്‍ കഴിയുന്നത്‌ ശ്രീരാമന്‍ കാരണമാണ് എന്ന് സമരഭൂമിക്കാര്‍ അഭിപ്രായപ്പെടുന്നു. ഇനി തോല്‍ക്കാന്‍ തങ്ങള്‍ക്കു മനസ്സില്ല എന്നുറപ്പിച്ചിരിക്കുകയാണ് ഇവര്‍. പ്രക്ഷോഭങ്ങള്‍ അവസാനിച്ചിട്ടില്ല. തങ്ങള്‍ക്ക് ഭൂമി ലഭിക്കുന്നത് വരെ അല്ലെങ്കില്‍ അവസാനത്തെ ആളും ഈ മണ്ണില്‍ മരിച്ചു വീണാല്‍ മാത്രമേ ഈ സമരം തീരുകയുള്ളൂ എന്നും ഇവര്‍ വ്യക്തമാക്കുന്നു.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍