UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശവമടക്കാന്‍ ഇനി അടുക്കളയും തിണ്ണയും പൊളിക്കാന്‍ ഞങ്ങളില്ല-ശ്രീരാമന്‍ കൊയ്യോന്‍

Avatar

അരിപ്പയിലെ സമരഭൂമിയിലേക്ക് ആദ്യമെത്തുന്നത് 1200 കുടുംബങ്ങളാണ്. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തിലെ ഒമ്പത് ജില്ലകളില്‍ നിന്നുള്ള ആദിവാസി-ദളിത് വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ രണ്ടായിരത്തിനടുത്ത് കുടുംബങ്ങള്‍ ഇവിടെ പാര്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ആദിവാസി ,ദളിത്, മുസ്ലിം തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരേയും നമുക്കിവിടെ കാണാന്‍ സാധിക്കും. ഇവിടുത്തെ കുട്ടികള്‍ പഠിക്കുന്നത് സമീപത്തെ സ്‌കൂളുകളിലാണ്. ചെറിയ കുട്ടികള്‍ക്കായുള്ള അംഗനവാടികള്‍ ഇതിനകത്തു തന്നെയുണ്ട്.  അയ്യങ്കാളിയും അംബേദ്കറെയും ആരാധിക്കുന്ന ക്ഷേത്രങ്ങള്‍, സമ്മേളനങ്ങള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള പ്രത്യേക വേദികള്‍, കാര്‍ഷികോത്പ്പന്നങ്ങളുടെ സംഭരണശാല, നെല്‍പ്പാടങ്ങള്‍, വാഴ, കപ്പ, പയര്‍, ചേമ്പ് തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്ന കാര്‍ഷിക ഭൂമി….. ഭൂമിയുടെ അവകാശത്തിനുവേണ്ടി കേരളത്തില്‍ നടത്തിവരുന്ന സമരങ്ങളുടെ പാതയില്‍ നിന്ന് വേറിട്ടു നിന്നുകൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് അരിപ്പ ഭൂസമരം. വേരുറപ്പിക്കാന്‍ നിലമില്ലാതെ വീണുപോകുന്ന ഒരു ജനതയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തെ അവഗണനയുടെ ഇരുള്‍കൊണ്ടു മൂടി അധികാരികള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും തോല്‍ക്കാന്‍ തയ്യാറല്ലെന്ന വാശി അവരിലുണ്ട്. രണ്ടുവര്‍ഷം പിന്നിടുന്ന ഭൂസമരം വ്യക്തമാക്കുന്നതും അതാണ്. അരിപ്പ ഭൂസമരനേതാവ് ശ്രീരാമന്‍ കൊയ്യോന്‍  അഴിമുഖത്തിനോട് സംസാരിക്കുന്നു. (തയ്യാറാക്കിയത് അജിത് ജി. നായര്‍)

കേരളത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി നടന്നുവരുന്ന ഭൂസമരങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ സമരമാണ് അരിപ്പയില്‍ നടക്കുന്നത്. പ്രത്യേകിച്ച് പലപ്പോഴും ആദിവാസി ദളിത് മേഖലയില്‍ നടക്കുന്ന സമരങ്ങളെ അക്രമസമരങ്ങളെന്നും നക്സലൈറ്റ് സമരങ്ങളെന്നും ആരോപിച്ച് അടിച്ചൊതുക്കുന്ന നിലപാടാണ് നാളിതു വരെ കണ്ടു വരുന്നത്. എന്നാല്‍ അരിപ്പ സമരം വളരെ നിര്‍മാണാത്മകവും അഹിംസാത്മകവുമായിട്ടാണ് നടക്കുന്നത്. ആദിവാസികളും ദളിതരുമുള്‍പ്പെടെയുള്ള പാവപ്പെട്ട മനുഷ്യര്‍ ആയുധമെടുത്ത് വയലില്‍ ഇറങ്ങി വേലചെയ്യുമ്പോള്‍ അതു വാര്‍ത്തയല്ലാതാവുകയും, എന്നാല്‍ ഇതേ ആളുകള്‍ ഇരുമ്പുമെടുത്ത് തലയിലൊരു റിബണ്‍ കെട്ടി റോഡില്‍ ഇറങ്ങിയാല്‍ അത് വാര്‍ത്തയും വിവാദവും അതോടൊപ്പം തീവ്രവാദവുമാകുന്ന ഒരു പ്രത്യേക സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ചെങ്ങറ സമരം പോലും മോഷ്ടാക്കളുടെ സമരമാണെന്നും അത് തൊഴിലാളി വിരുദ്ധമാണെന്നും പ്രചരിപ്പിച്ച് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരക്കാര്‍ക്കെതിരെ തിരിഞ്ഞു. എന്നാല്‍ അരിപ്പയില്‍ എത്തിയപ്പോള്‍ സ്ഥിതിഗതികള്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി.

അരിപ്പയില്‍ സര്‍ക്കാര്‍ 99 വര്‍ഷം പാട്ടത്തിനു കൊടുത്ത ഭൂമി തങ്ങള്‍ കുഞ്ഞ് മുസലിയാര്‍ എന്ന വ്യവസായിയുടെ കൈയില്‍ നിന്നും 102 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെടുക്കുകയായിരുന്നു. തിരിച്ചെടുത്ത ഭൂമിയില്‍ 2003ല്‍ ഏതാനും ഏക്കര്‍ ഭൂമി അംബേദ്കര്‍ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളിനും, 21 ഏക്കര്‍ ഭൂമി ഒരേക്കര്‍ വീതം ചെങ്ങറയില്‍ സമരം ചെയ്ത ആദിവാസി കുടുംബങ്ങള്‍ക്കും നല്‍കി .ശേഷിക്കുന്ന ഭൂമി അന്നു വിതരണം ചെയ്യാമായിരുന്നെങ്കിലും ഇത് മറ്റു പല ആവശ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്വകാര്യ മുതലാളിമാരെ സഹായിക്കാനാണ് മാറ്റിവച്ചത്. വിദേശ സര്‍വകലാശാല പണിയുക എന്ന ഉദ്ദേശ്യത്തോടെ സി പി എമ്മിന്റെ ഭരണകാലത്ത് ഈ സ്ഥലം മാറ്റിവച്ചിരുന്നു. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത കൊല്ലം ജില്ലയിലെ 535 കുടുബങ്ങള്‍ക്ക് പട്ടയം കിട്ടിയ ഭൂമി കാസര്‍ഗോഡ്, വയനാട്, ഇടുക്കി, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരുന്നു. അത് വാസയോഗ്യമോ കൃഷിയോഗ്യമോ അല്ലാത്ത ഭൂമി ആയിരുന്നു. ഈ പട്ടയവുമായി അലഞ്ഞ ആളുകള്‍ ഭൂമി മാറ്റി കിട്ടാനായി അന്നു ഭരണത്തിലുണ്ടായിരുന്ന ഇടതുപക്ഷ ഗവണ്‍മെന്റിനും പിന്നീടു വന്ന വലതുപക്ഷ ഗവണ്‍മെന്റിനും അപേക്ഷകള്‍ മാറി മാറി കൊടുത്തെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നാം തീയതി ഇടതുപക്ഷം സംസ്ഥാന വ്യാപകമായി മിച്ചഭൂമി കൈയേറുന്ന സമരം ആരംഭിച്ചു. ഭരണം കൈയിലുണ്ടായിരുന്നപ്പോള്‍ 65 ഏക്കര്‍ വരുന്ന വാസയോഗ്യമായ മിച്ചഭൂമി വിതരണം ചെയ്യാതെ മറ്റ് ആവശ്യങ്ങളള്‍ക്കായി മാറ്റിവച്ചരായിരുന്നു അവരെന്ന് ഓര്‍ക്കണം. ഭരണത്തില്‍ നിന്നും ഇറങ്ങിയ ശേഷം അതേ ഭൂമി ചൂണ്ടിക്കാണിച്ചു മിച്ചഭൂമിയാണെന്ന് പറഞ്ഞു സമരം ചെയ്യാന്‍ പറഞ്ഞു. ഇത് ജനവഞ്ചനയാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് പത്തനംതിട്ട ,കൊല്ലം,കോട്ടയം, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ആദിവാസി- ദളിത്  സമൂഹം  ഈ ഭൂമിയിലേക്ക് സമരവുമായി പ്രവേശിച്ചത്. തുടക്കത്തില്‍ വലിയ എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായില്ല . ഈ സമരഭൂമിയില്‍ ഏകദേശം 4000 റബര്‍ മരങ്ങള്‍ ഉണ്ട്. മുന്‍പിത് പാട്ടത്തിന് കൊടുത്തിരുന്നു. തോട്ടം ദുരുപയോഗം ചെയ്തതോടെ പാട്ടം റദ്ദാക്കി. അതേത്തുടര്‍ന്ന് മാഫിയ ബന്ധമുള്ള രാഷ്ട്രീയ പ്രമാണിമാര്‍ രാത്രികാലങ്ങളില്‍ റബര്‍ വെട്ടുകയും അവരുടെ സ്വകാര്യ-പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തു. വനാതിര്‍ത്തി ആയതിനാല്‍ കള്ളവാറ്റിന്റെയും മണല്‍ കള്ളക്കടത്തിന്റെയും കേന്ദ്രം കൂടിയായിരുന്നു ഇവിടം.

റബര്‍ മരങ്ങളില്‍ തൊടാതെ വെറുതെ കിടന്ന ഭൂമിയില്‍ ഞങ്ങള്‍ നെല്ല് ഉള്‍പ്പടെയുള്ളവ കൃഷി ചെയ്തു. അതിലൂടെ ദളിത്-ആദിവാസി വിഭാഗങ്ങളെ അവരുടെ പാരമ്പര്യത്തിലേക്ക് മടക്കി കൊണ്ടുപോകാനായി. സമരം 100 ദിവസം പിന്നിട്ടത് പ്രാദേശിക രാഷ്ട്രീയനേതൃത്വത്തെ അസ്വസ്ഥമാക്കി. അവര്‍ സമരഭൂമിയിലേക്ക് അക്രമം അഴിച്ചുവിടുകയും മദ്യപസംഘങ്ങളെ കയറ്റി വിടുകയും ചെയ്തു. ഒരു ദളിത് സ്ത്രീയെ പീഡിപ്പിക്കുന്ന ഘട്ടം വരെ അത് എത്തി. ഇതിനെ ചെറുത്തതിന്റെ ഫലമായാണ് നാട്ടുകാരുടെ പേരില്‍ പാര്‍ട്ടിക്കാര്‍ സമരത്തിന് 14 ദിവസം നീണ്ട ഉപരോധം ഏര്‍പ്പെടുത്തിയത്. ആയിരക്കണക്കിന് ആളുകള്‍ ചേര്‍ന്ന് വര്‍ഷങ്ങളായി തരിശായി കിടന്ന ഭൂമിയില്‍ കൃഷി ചെയ്തുകൊണ്ടായിരുന്നു ഞങ്ങള്‍ പ്രതിഷേധിച്ചത്. ജനങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും കൂട്ടായ കൃഷിയിലൂടെ സാധിച്ചു. ഈ സമരത്തെ എതിര്‍ത്തിരുന്നവര്‍ പോലും ഞങ്ങള്‍ നടത്തിയ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു . കേരള ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഒരു കാഴ്ചയാണിത് . പ്രത്യേകിച്ച് സി പി എം പോലുള്ള സംഘടനകള്‍ സമരത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍. സിപിഐയുടെ എം.എല്‍ .എ കെ.രാജു ഉള്‍പ്പടെയുള്ള ആളുകള്‍ സമരത്തെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്യുക പോലുമുണ്ടായി. അവരെക്കൊണ്ടു തെറ്റ് തിരുത്തിക്കാനും ഞാറ്റുവേല മുതലായ പരിപാടികളില്‍ പങ്കെടുപ്പിക്കാനും കഴിഞ്ഞു. 2013 ജനുവരി 1നു കേരളത്തിലുടനീളം സി.പി.എം നടത്തിയ സമരത്തില്‍ കൊല്ലം ജില്ലയില്‍ മിച്ചഭൂമിയെന്ന് അവര്‍ ചൂണ്ടിക്കാണിച്ച സ്ഥലം അരിപ്പ ആയിരുന്നു. സി.പി.എം അനുഭവികളായ ആദിവാസി-ദളിത് കര്‍ഷകര്‍ക്ക് യുഡിഎഫ് പ്രഖ്യാപിച്ച 3 സെന്റ് ഭൂമി പദ്ധതിയുടെ അപേക്ഷാ കാലാവധി ഒരു മാസത്തേക്ക് നീട്ടിയതോടെ അവര്‍ നടത്തിയ സമരവും അവസാനിച്ചു.

എന്നാല്‍ ഇതേ ഭൂമിയില്‍ യഥാര്‍ത്ഥ ആദിവാസികളും ദളിതരും നടത്തിയ നിര്‍മാണാത്മക പ്രവര്‍ത്തനത്തിന്റെ ഭാഗമായി വി.എസ് അച്യുതാനന്ദന്‍ വരികയും 2014 ജൂണ്‍ മാസം 29നു നടന്ന മൂന്നാം ഘട്ട ഞാറ്റുവേലയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹം അന്നു പറഞ്ഞത് ഇവിടെ സമരം ചെയ്യുന്ന ദളിതരെയും ആദിവാസികളെയും ഒരു കാരണവശാലും അവഗണിക്കാന്‍ പറ്റില്ലെന്നും അവര്‍ക്ക് രണ്ടര ഏക്കര്‍ ഭൂമി നല്‍കികൊണ്ട് സമരം ഒത്തു തീര്‍പ്പാക്കണമെന്നും എന്നുമാണ്. ഇവിടെയാണ് ഈ പാര്‍ട്ടിയുടെ വൈരുദ്ധ്യം നമ്മള്‍ തിരിച്ചറിയുന്നത്. സ്വന്തം പ്രസ്ഥാനം നടത്തിയ സമരം 3 സെന്റ് വെച്ച് ധാരണയാക്കിയപ്പോള്‍ ഈ പാര്‍ട്ടിയുമായി പുലബന്ധം പോലുമില്ലാത്ത വിവിധ രാഷ്ട്രീയ-മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒന്നായി നില്‍ക്കുന്ന ഒരു സമരത്തെ അവഗണിക്കാന്‍ പറ്റില്ല എന്നുള്ള സന്ദേശം വി.എസ് നല്‍കുന്ന രീതിയിലേക്ക് സമരത്തെ മാറ്റിയെടുക്കാന്‍ സാധിച്ചു. 

ഇവിടുത്തെ ഭരണകൂടം ചെയ്യുന്നതോ? ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള പ്രതിലോമകരമായ സമരങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ആക്രമിച്ചും, ഫയലുകള്‍ പിടിച്ചെടുത്തും, പോലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തും, ഹര്‍ത്താലുകള്‍ നടത്തിയും കേരളത്തിലെ മലയോരമേഖല മുഴുവന്‍ സംഘര്‍ഷപൂരിതമാക്കിയപ്പോള്‍ കേരളത്തിലെ ഇടതു, വലത് പക്ഷങ്ങള്‍ ഒരുപോലെ ക്രൈസ്തവ പുരോഹിതരുടെ സഹായത്തോടെ അതിനു പരിഹാരമുണ്ടാക്കി. നില്‍പ്പ് സമരം പോലെ മധ്യവര്‍ഗം ഏറ്റെടുക്കുകയും ആഘോഷമാക്കുകയും ചെയ്ത സമരങ്ങളും തീര്‍പ്പാകുന്നു. ചുംബന സമരത്തിന് മുഖം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു. എന്നാല്‍ നിര്‍മാണാത്മകവും തികച്ചും സമാധാനപരവുമായ ഒരു സമരത്തിനെതിരെ മുഖം തിരിഞ്ഞു നില്ക്കുന്ന സമീപനമാണ് ജനാധിപത്യം ഉണ്ട് എന്നു നാം വിശ്വസിക്കുന്ന ഗവണ്മെ്ന്റില്‍ നിന്നും പ്രകടമാവുന്നത്. ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള ഒരാളില്‍ നിന്നും പ്രതീക്ഷിച്ചതല്ല ഇപ്പോള്‍ സംഭവിക്കുന്നത്. അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുമ്പോഴാണ് ചെങ്ങറ സമരം നടക്കുന്നത്. ആ സമയത്ത് ഉമ്മന്‍ ചാണ്ടിയെയും സുധീരനെയും പോലുള്ളവര്‍ സമര ഭൂമി സന്ദര്‍ശിക്കുകയും ഒരേക്കര്‍ ഭൂമി വാങ്ങാതെ ഈ സമരം അവസാനിപ്പിക്കരുത് എന്നു പറയുകയും ചെയ്തവരാണ്. ഇപ്പോഴത്തെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഉള്‍പ്പടെയുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അവരുടെ കാലമായപ്പോള്‍ കൃഷിഭൂമിക്ക് പകരം 3 സെന്റ് സ്ഥലം കൊടുത്താല്‍ ഇതിനൊരു ഒറ്റമൂലി ആയെന്ന നിലപാടില്‍ എത്തുകയാണ് ചെയ്തത്. നമ്മള്‍ ഭൂമി ചോദിക്കുമ്പോള്‍ എവിടെയാണ് ഭൂമി എന്ന മറുചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്.

ഹാരിസ്സണ്‍ മലയാളം ഏകദേശം ഒരുലക്ഷത്തില്‍ പരം ഏക്കര്‍ സ്ഥലം വ്യാജരേഖ ചമച്ചു തട്ടിയെടുത്തതായ വാര്‍ത്ത നമ്മള്‍ സമീപകാലത്ത് വായിച്ചതാണ്. ഈ ഭൂമി മാത്രം ഏറ്റെടുത്താല്‍ ഇപ്പോള്‍ അരിപ്പയില്‍ സമരം ചെയ്യുന്ന 1400 കുടുംബങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമാവും. കൊല്ലം ജില്ലയില്‍ തന്നെ 10000 ഏക്കര്‍ ഭൂമി ഹാരിസ്സണ്‍ അന്യായമായി കൈവശം വച്ചിരിക്കുന്നു. ഇതില്‍ പലതും മിച്ചഭൂമിയാണെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് . ഈ ഭൂമി വിതരണം ചെയ്താല്‍ തന്നെ പ്രശ്‌നങ്ങള്‍ തീരും. കേരളത്തിലെ ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്ക് വേണ്ടിയുള്ള സമരമാണ് അരിപ്പ സമരം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ദേശീയ ഭൂപരിഷ്‌കരണ കരട് ബില്‍ മുന്നോട്ട് വയ്ക്കുന്നത് 10 സെന്റ് ഭൂമി വീട് വയ്ക്കാനും രണ്ടര ഏക്കര്‍ കാര്‍ഷികാവശ്യങ്ങള്‍ക്കും നല്‍കുക എന്നതാണ്. ഗ്രാമ വികസന മന്ത്രിയായിരുന്ന ജയറാം രമേശും യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയും കൂടിയാണ് കേരളത്തില്‍ വന്നു 3 സെന്റ് ഭൂമിയുടെ വിതരണം പ്രഖ്യാപിച്ചത് എന്ന വൈരുദ്ധ്യം കൂടി ശ്രദ്ധിക്കുക. ഇവര്‍ നിശ്ചയിച്ച പ്രകാരം ആയിരുന്നെങ്കില്‍ കേരളത്തിലെ ആദിവാസി-ദളിത് കുടുംബങ്ങള്‍ക്ക് ശവമടക്കാന്‍ വീടിന്റെ തിണ്ണ പൊളിക്കേണ്ടി വരുമായിരുന്നു. പണ്ട് നടത്തിയ ഭൂപരിഷ്‌കരണം ആഗോളതലത്തില്‍ തന്നെ കേരളത്തിന് അഭിമാനകരമായിത്തീര്‍ന്നതാണ്. ഈ മൂന്നു സെന്റ് വാങ്ങിച്ചു കൊണ്ട് ശവമടക്കാന്‍ ഇനി അടുക്കളയും തിണ്ണയും പൊളിക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് ഈ സമരത്തിന്റെ രാഷ്ട്രീയം. കോളനി വിട്ടു കൃഷിഭൂമിയിലേക്ക് എന്നതാണ് ഞങ്ങളുടെ അടിസ്ഥാനാശയം. അരാജകത്വം നടമാടുന്നത് എന്ന് മുദ്ര കുത്തപ്പെട്ട കോളനി ജീവിതം മടുത്ത ജനതയാണ് കൃഷി ഭൂമിയെന്ന ആശയം കഴിഞ്ഞ 10-15 വര്‍ഷക്കാലമായി മുന്‍പോട്ടു വയ്ക്കുന്നത്. ഇവിടുത്തെ മിച്ച ഭൂമിയും കൃഷിഭൂമിയും കൈയടക്കിയ ക്രിസ്തീയ സമുദായാംഗങ്ങള്‍ ഉള്‍പ്പടെയുള്ള വമ്പന്മാര്‍ക്ക് നാലേക്കര്‍ ഉപാധിരഹിത പട്ടയം നല്‍കുമ്പോള്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കും മൂന്നു സെന്റ് മാത്രമേ കൊടുക്കുകയുള്ളൂ എന്നു പറയുന്ന രാഷ്ട്രീയവൈരുദ്ധ്യം കേരളത്തില്‍ നിലനില്‍ക്കുന്നു. അതിനെയാണ് ഈ സമരം ചോദ്യം ചെയ്യുന്നത്.

രണ്ടു വര്‍ഷത്തിനിടയ്ക്ക് ഒരു ചര്‍ച്ചയ്ക്കുള്ള ശ്രമം പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. സമരത്തിന് പബ്ലിസിറ്റി നല്‍കാന്‍ ഏതെങ്കിലും സിനിമാതാരങ്ങളെ കൊണ്ടുവരാനും ഉദ്ദേശ്യമില്ല. അവസാനത്തെ ആളും ഈ മണ്ണില്‍ മരിച്ചു വീണതിന് ശേഷമേ ഈ സമരം തീരുകയുള്ളൂ. ഇപ്പോള്‍ നടക്കുന്ന പ്രചാരണം കൊല്ലം ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നതാണ്. ഇത് ഹാരിസ്സണെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. ആര്യങ്കാവ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ മിച്ചഭൂമിയിലേക്ക് സമരക്കാരുടെ കടന്നുകയറ്റം ഭയന്നാണിത്. ഈ കുപ്രചരണത്തിന് സഹായിക്കുന്നത് ഐ .ബി പോലുള്ള സുരക്ഷ ഏജന്‍സികളാണ്. ഭരണസിരാകേന്ദ്രങ്ങളിലേക്കുള്ള ശക്തമായ പ്രക്ഷോഭമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. 2015 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഹാരിസ്സണ്‍ കൂടുതല്‍ ഭൂമി കൈയേറിയിരിക്കുന്ന ഇടുക്കി മുതല്‍ തിരുവനന്തപുരം വരെ ഒരു പ്രക്ഷോഭയാത്ര സംഘടിപ്പിക്കുന്നുന്നുണ്ട്. അതിനായി കേരളത്തിലെ എല്ലാവിധ സമൂഹങ്ങളുടെയും പിന്തുണ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍