UPDATES

ട്രെന്‍ഡിങ്ങ്

അവര്‍ കല്ലിനു പകരം ആയുധമെടുക്കട്ടെ, എന്തു ചെയ്യണമെന്ന് എനിക്കറിയാം; കരസേന മേധാവി

കല്ലേറു കൊള്ളുന്ന എന്റെ സൈനികരോട് മരിക്കാന്‍ പറയാന്‍ കഴിയില്ലല്ലോ

ജമ്മു കശ്മീരില്‍ നടക്കുന്നത് വൃത്തികെട്ട യുദ്ധമാണെന്നും ഇതിനെ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടി വരുമെന്നും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീരില്‍ സൈന്യം യുവാവിനെ ജീപ്പിനു മുന്നില്‍ മനുഷ്യകവചം ആക്കിയതിനെയും അതിന് ഉത്തരവു കൊടുത്ത മേജര്‍ക്ക് പ്രശംസ പത്രം നല്‍കിയതിനെയും കരസേന മേധാവി ന്യയീകരിക്കുകയും ചെയ്തു. പിടിഐയുമായി നടത്തിയ പ്രത്യേക സംഭാഷണത്തിലാണു ജനറല്‍ ബിപിന്‍ റാവത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മേജര്‍ ഗോഗോയി ചെയ്തതു വളരെ ദുര്‍ഘടം പിടിച്ചൊരു സാഹചര്യത്തില്‍ സേവനം ചെയ്യുന്ന യുവ സൈനികര്‍ക്ക് ഉത്തേജനം നല്‍കുന്ന പ്രവര്‍ത്തിയാണെന്നാണു കരസേന മേധാവി പറയുന്നത്.

ഇവിടെ നടക്കുന്നത് നിഴല്‍ യുദ്ധമാണ്. നിഴല്‍ യുദ്ധം വൃത്തികെട്ട യുദ്ധമാണ്. അതൊരു വൃത്തികെട്ട വഴിയില്‍ നടക്കുന്നു. മുഖാമുഖം നടക്കുന്ന യുദ്ധത്തിലാണു നിയമങ്ങള്‍ പാലിക്കേണ്ടതെന്നും ഇതൊരു വൃത്തികെട്ട യുദ്ധമായതുകൊണ്ടാണു പുതിയ മാര്‍ഗങ്ങള്‍ കൊണ്ടുവരുന്നതെന്നും ജനറല്‍ റാവത്ത് പറഞ്ഞു.

യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവച്ച നടപടിയെ കരസേന മേധാവി ന്യായീകരിക്കുന്നത് ഇങ്ങനെയാണ്; ആളുകള്‍ ഞങ്ങള്‍ക്കെതിരേ കല്ലുകളും പെട്രോള്‍ ബോംബുകളും വലിച്ചെറിയുകയാണ്. ഞങ്ങള്‍ എന്തു ചെയ്യണമെന്ന് എന്റെ സൈനികര്‍ എന്നോടു ചോദിക്കുമ്പോള്‍ നിങ്ങള്‍ കാത്തുനില്‍ക്കു, പിന്നെ മരിക്കൂ എന്നു ഞാനവരോട് പറയണോ? ഞാന്‍ മനോഹരമായൊരു ശവപ്പെട്ടിയുമായി ചെന്ന്, അവരുടെ മൃതദേഹങ്ങള്‍ ദേശീയപതാകയില്‍ പൊതിഞ്ഞ് എല്ലാ ബഹുമതികളോടെയും വീട്ടിലേക്ക് അയക്കാം. ഇതാണോ ഒരു തലവന്‍ എന്ന നിലയില്‍ ഞാനവരോട് പറയേണ്ടത്? കശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികരുടെ ആത്മവീര്യം നിലനിര്‍ത്തേണ്ടത് തന്റെ ആവശ്യമാണെന്നും കരസേന മേധാവി പറയുന്നു.

കശ്മീരിലെ സുരക്ഷവെല്ലുവിളികള്‍ എങ്ങനെ നേരിടുമെന്ന ചോദ്യത്തിനു റാവത്തിന്റെ മറുപടി ഇതായിരുന്നു. അവര്‍ കല്ലെറിയുന്നതിനു പകരം ആയുധം കൈയിലെടുത്താല്‍ ഞാന്‍ സന്തോഷവാനാണ്. പിന്നെ എനിക്കറിയാം എന്തു ചെയ്യണമെന്ന്; റാവത്ത് പറഞ്ഞു. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് അവിടുത്തെ സൈന്യത്തിന്റെ മേലുള്ള ഭയം നഷ്ടപ്പെട്ടാല്‍ പിന്നെ ആ രാജ്യത്തിനു നാശമാണ് ഉണ്ടാവുകയെന്നും റാവത്ത് ഓര്‍മ്മിപ്പിക്കുന്നു. ശത്രുക്കളും സൈന്യത്തെ ഭയപ്പെടണം, അതുപോലെ സ്വന്തം ആളുകള്‍ക്കും സൈന്യത്തിനുമേല്‍ ഒരുപേടി ഉണ്ടായിരിക്കണം. ഞങ്ങള്‍ സൗഹാര്‍ദ്ദപരമായാണു ജനങ്ങളോട് ഇടപെടുന്നതെന്നും എന്നാല്‍ ക്രസമാധാന നില സംരക്ഷിക്കാന്‍ ഞങ്ങള്‍ നിയോഗിക്കപ്പെടുമ്പോള്‍ ജനത്തിന് ഒരു ഭയം ഞങ്ങളില്‍ ഉണ്ടാവണമെന്നും ബിപിന്‍ റാവത്ത് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍