UPDATES

ദേശീയ പാതയില്‍ സൈന്യത്തിന്റെ പരിശോധന; സെക്രട്ടേറിയേറ്റ് വിട്ടുപോകാതെ മമത ബാനര്‍ജിയുടെ പ്രതിഷേധം

അഴിമുഖം പ്രതിനിധി

പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റിനു മുന്നിലൂടെ പോകുന്ന ദേശീയ പാതയിലെ ടോള്‍ബൂത്തുകളില്‍ സൈന്യം വാഹന പരിശോധന നടത്തുന്നതിനെതിരേ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിഷേധം. സെക്രട്ടേറിയേറ്റിലെ തന്റെ ഓഫിസില്‍ നിന്നും പുറത്തുപോകാതെ ഇരിക്കുകയാണ് മമത. അതീവ സുരക്ഷ മേഖലയുടെ പരിധിയില്‍ വരുന്ന ടോള്‍ ബൂത്തുകളിലാണ് സൈന്യം പരിശോധന നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയുളള നടപടിയാണിതെന്നാണു മമത പറയുന്നത്. സൈന്യം പിന്‍വാങ്ങാതെ താന്‍ ഓഫീസ് വിട്ട് വീട്ടിലേക്കു പോകില്ലെന്നാണ് നിലപാട്. സെക്രട്ടേറിയേറ്റില്‍ നിന്നും അരകിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഹൂഗ്ലി ടോള്‍ ബൂത്തിലാണ് സൈന്യമുള്ളത്.

പൊലീസിന്റെ എതിര്‍പ്പ് മറികടന്നാണ് സെക്രട്ടേറിയേറ്റിനു മുന്നില്‍ ആതീവ സുരക്ഷ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ടോള്‍ബൂത്തില്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. തീര്‍ത്തും നിര്‍ഭാഗ്യകരമാണിത്. ഞാന്‍ ഇവിടെ തന്നെ ഇരിക്കാന്‍ പോവുകയാണ്. ജനാധിപത്യത്തിന്റെ കാവല്‍ക്കാരിയെ പോലെ ഞാനിവിടെയിരുന്ന എല്ലാം നിരീക്ഷിക്കുകയാണ്; മമത ട്വിറ്ററില്‍ കുറിച്ചു.

അതേസമയം സൈന്യം ഇതേ കുറിച്ച് പറയുന്നത്, ഇതൊരു പതിവ് പരിശോധന മാത്രമാണെന്നാണ്.

എന്നാല്‍, രഷ്ട്രീയ പകയാണു നടക്കുന്നതെന്നാണ് മമതയുടെ ആക്ഷേപം. ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും നേരെയുള്ള അക്രമമാണ് ഈ നടക്കുന്നത്. അടിയന്തരാവസ്ഥയാണോ സംഭവിക്കുന്നതെന്നും മമത തന്റെ ആശങ്ക അറിയിക്കുന്നത്. മോക് ഡ്രില്‍ നടത്തിയാല്‍ പോലും സൈന്യം അക്കാര്യം സംസ്ഥന സര്‍ക്കാരിനെ അറിയിക്കണം. ഇവിടെ അങ്ങനൊന്നും നടന്നിട്ടില്ല; മമത പറയുന്നു. കേന്ദ്രത്തിന് ഇതിനേതിരെ പരാതി നല്‍കാന്‍ ചീഫ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മമത അറിയിച്ചു.

ഇന്ന് ബംഗാള്‍, നാളെ ബിഹാര്‍, മറ്റന്നാള്‍ യുപി, വളരെ ഗൗരവമേറിയ സഹചര്യമാണ്. അടിയന്തരാവസ്ഥയെക്കാള്‍ മോശമാണ് കാര്യങ്ങള്‍. എല്ലാം കഴിഞ്ഞ് അവര്‍ ക്ഷമ പറഞ്ഞിട്ടു കാര്യമില്ല. രോഗി മരിച്ചതിനുശേഷം ഡോക്ടര്‍ വരുന്നതുപോലെയാണത്; മമത തന്റെ രോഷം പ്രകടിപ്പിക്കുന്നു.

രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ ഉണ്ടായ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ തുറന്ന യുദ്ധം പ്രഖ്യപിച്ചിരിക്കുന്ന നേതാവാണ് മമത ബാനര്‍ജി. പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടിളുമായി ചേര്‍ന്നു പാര്‍ലമെന്റിനകത്തും പുറത്തും സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മമതയാണ് മുന്‍കൈ എടുക്കുന്നത്. ഇതിന്റെ പ്രതികാരമെന്നോണം മമതയ്‌ക്കെതിരേ കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍