അഴിമുഖം പ്രതിനിധി
ജമ്മുകശ്മീരിലെ ഹന്ദ്വാരയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മരണം മൂന്നായി. വെടിവയ്പ്പില്‍ പരിക്കേറ്റ ഒരു 50 വയസ്സുകാരി ഇന്ന് മരണത്തിന് കീഴടങ്ങി. അവരുടെ വീടിന് സമീപത്തെ പാടത്ത് ജോലി ചെയ്തു കൊണ്ട് നിന്നപ്പോള്‍ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഓള്‍ പാര്‍ട്ടീസ് ഹൂറിയത്ത് കോണ്‍ഫറന്‍സ് കശ്മീര്‍ താഴ് വരയില്‍ കടകളച്ചിട്ട് സമരം ചെയ്യാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വെടിവയ്പ്പിനുശേഷം ഹന്ദ്വാര, ശ്രീനഗര്‍, ഫുല്‍വാമ എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. ശ്രീനഗറിലെ ആറ് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച നടന്ന വെടിവയ്പ്പില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാശേഷം കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് വടക്കന്‍ കമാന്‍ഡ് തലവനായ ലെഫ്റ്റന്റ് ജനറല്‍ ഡിഎസ് ഹൂഡ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ് മുഫ്തിക്ക് ഉറപ്പുനല്‍കി.