UPDATES

വൈറല്‍

സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് സൈനിക ഫോട്ടോഗ്രാഫറുടെ അവസാനത്തെ ക്ലിക്ക്

സൈനിക പരിശീലനത്തിനിടെ ബോംബ് പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുമ്പാണ് ഹില്‍ദ ചിത്രം പകര്‍ത്തിയത്

ഹില്‍ദ ക്ലേറ്റണ്‍ എന്ന അമേരിക്കന്‍ സൈനിക ഫോട്ടോഗ്രാഫര്‍ നാല് വര്‍ഷം മുമ്പ് ആ ചിത്രമെടുക്കുമ്പോള്‍ അവര്‍ പോലും വിചാരിച്ചുകാണില്ല ഇത് തന്റെ അവസാന ചിത്രമാണെന്ന്. അഫ്ഗാന്‍ യുദ്ധഭൂമിയില്‍ ഒരു മോര്‍ട്ടാര്‍ ട്യൂബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുന്നതിന്റെ ചിത്രമാണ് അന്ന് ഹില്‍ദ പകര്‍ത്തിയത്. സ്‌ഫോടനത്തില്‍ അവരും കൊല്ലപ്പെട്ടു.

അന്നത്തെ സ്‌ഫോടനത്തില്‍ ഹില്‍ദയെ കൂടാതെ ഒരു അഫ്ഗാന്‍ ഫോട്ടോഗ്രാഫറും മൂന്ന് സൈനികരും മരിക്കുകയും പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനിക പരിശീലനത്തിനിടെ ബോംബ് പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുമ്പാണ് ഹില്‍ദ ചിത്രം പകര്‍ത്തിയത്. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പ്രസിദ്ധീകരണമായ മിലിട്ടറി റിവ്യൂവിലൂടെയാണ് നാല് വര്‍ഷം മുമ്പുള്ള ചിത്രം പുറത്തുവിട്ടത്.

സൈനികരുടെ അവസാന നിമിഷങ്ങളാണ് ചിത്രത്തിലുള്ളത്. സ്‌ഫോടകവസ്തുവിന് തീപിടിക്കുന്നതും പുകയും പൊടിപടലങ്ങളും പറക്കുന്നതും ചിത്രത്തില്‍ കാണാം. ഗുരുതരമായ ഒരു സംഭവം രേഖകളിലാക്കിയാണ് ഹില്‍ദ ജീവന്‍ വെടിഞ്ഞതെന്ന് പറയുന്ന മിലിട്ടറി റിവ്യു അവരുടെ സേവനത്തെ ചിത്രത്തോടൊപ്പം കൊടുത്തിരിക്കുന്ന ചെറിയ കുറിപ്പില്‍ പ്രശംസിക്കുന്നുമുണ്ട്.

ഹില്‍ദ ക്ലേറ്റണ്‍

ഇതൊരു പോരാട്ടത്തിന്റെയല്ല, പകരം അമേരിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പങ്കാളിത്തത്തിന്റെ രേഖയാണ്. രേഖകള്‍ പകര്‍ത്തുന്നതിനപ്പുറം ഈ പങ്കാളിത്തം വികസിപ്പിക്കാനും ഹില്‍ദ ഏറെ പരിശ്രമിച്ചിരുന്നു. ഹില്‍ദയാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ട ആദ്യ ഫോട്ടോഗ്രാഫറെന്നും സൈന്യം വ്യക്തമാക്കുന്നു. ഹില്‍ദയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന ഒരാളില്‍ നിന്നാണ് മിലിട്ടറി റിവ്യൂവിന് ഈ ചിത്രം ലഭിച്ചതെന്ന് മാസികയുടെ മാനേജിംഗ് എഡിറ്റര്‍ ബില്‍ ഡേര്‍ലി അറിയിച്ചു. ലിംഗ സമത്വത്തെക്കുറിച്ചാണ് ഈ ലക്കത്തെ മാസികയെന്നും അതിനാല്‍ ഹില്‍ദയ്ക്കുള്ള ആദരാഞ്ജലിയായാണ് ചിത്രം പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിനും പരിശീലനത്തിനുമിടയില്‍ സൈനികരായ പുരുഷന്മാരും സ്ത്രീകളും നേരിടുന്ന വെല്ലുവിളികള്‍ വ്യക്തമാകാന്‍ ഈ ചിത്രം സഹായിക്കുമെന്നും ഇദ്ദേഹം പറയുന്നു. ഹില്‍ദയുടെ കുടുംബാംഗങ്ങളുടെ അനുമതിയോടെ പുറത്തുവിട്ട ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

ജോര്‍ജ്ജിയയിലെ ഓഗസ്റ്റ സ്വദേശിയായ ഹില്‍ദ ഡിഫന്‍സ് ഇന്‍ഫൊര്‍മേഷന്‍ സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം 2012ലാണ് അഫ്ഗാനില്‍ എത്തിയത്. ഒരു വര്‍ഷമാണ് മരിക്കുമ്പോള്‍ 22 വയസ്സ് മാത്രമുണ്ടായിരുന്ന ഇവര്‍ ഇവിടെ ജോലി ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍